പൂർണ്ണ സന്തോഷത്തോടെ ഇരിക്കുന്ന ചേച്ചിയുടെ ഭർത്താവ്. അല്ല എന്റെ വരൻ…..

രണ്ടാംകെട്ട്

എഴുത്ത്:-ഗീതു അല്ലു

പെണ്ണിനെ വിളിക്കാം … ആരോ വീട്ടു മുറ്റത്തു ഉയർന്ന കല്യാണ പന്തലിൽ നിന്നും വിളിച്ചു പറഞ്ഞു… കേൾക്കേണ്ട താമസം അമ്മായിമാർ എല്ലാവരും കൂടി താലപ്പൊലിയും അഷ്ടമംഗല്യവും ആയി എന്നെ അങ്ങോട്ട് കൂട്ടി… സന്തോഷിക്കേണ്ടുന്ന മുഹൂർത്തം… എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാൻ മറ്റൊരാൾക്ക്‌ സ്വന്തമാക്കാൻ പോകുന്നു…

പക്ഷെ അതിനു ആരും എന്റെ സമ്മതം ചോദിച്ചിരുന്നില്ലല്ലോ… അതെന്താ അങ്ങനെ… സഹോദരന്റെ സ്ഥാനത്തുള്ളവനെ വിവാഹം ചെയ്യാൻ എല്ലാവരും കൂടി കൽപ്പിക്കുകയായിരുന്നില്ലേ.. ഞാൻ നിർവികാരതയോടെ ചേച്ചിയേ നോക്കി… അവൾ സമർത്ഥമായി എന്നിൽ നിന്നും അവളുടെ കണ്ണുകൾ ഒളിപ്പിച്ചു…മ്മ്.. എനിക്കറിയാം എന്നെക്കാൾ നൂറിരട്ടി അവൾക്ക് നോവുന്നുണ്ട് …. ചെറുതിലേ മുതൽ എന്തും എനിക്ക് പകുത്തു തന്ന് സന്തോഷം കണ്ടെത്തിയവൾ… അമ്മയെ പോലെ എന്നെ സ്നേഹിച്ചവൾ… ഇന്നും അവൾ എനിക്ക് പകുത്തു തരാൻ പോകുവല്ലേ… അവളുടെ പ്രാണനെ…

എനിക്കതു ആവശ്യമില്ല എന്ന് ഒരുപാട് തവണ ഉള്ളിൽ ആർത്തലച്ചു കരഞ്ഞിട്ടുണ്ട്.. പക്ഷെ ആരും കേട്ടില്ല … എങ്ങനെ കേൾക്കും. ഞാൻ ഉറക്കെ കരഞ്ഞില്ലല്ലോ…. ഉറക്കെ കരയാൻ പേടിയായിരുന്നു ….. ജീവിതത്തിൽ ഇന്നേ വരെയും ഒറ്റയ്ക്ക് തീരുമാനം എടുത്തിട്ടില്ല ഞാൻ.. പിന്നെങ്ങനെ ഇതിൽ മാത്രം… ആകെക്കൂടെ ഒരു നിസഹായാവസ്ഥ…നിറഞ്ഞ കണ്ണുകളിൽ കൂടി ഒരിക്കൽ കൂടി ചേച്ചിയേ നോക്കി… ചിരിക്കാൻ ശ്രമിക്കുന്നുണ്ട്…

പന്തലിൽ നോക്കിയപ്പോൾ പൂർണ്ണ സന്തോഷത്തോടെ ഇരിക്കുന്ന ചേച്ചിയുടെ ഭർത്താവ്. അല്ല എന്റെ വരൻ.. അങ്ങനെ അല്ലെ ഇനി പറയേണ്ടുന്നത്… ചലിക്കുന്ന ഒരു പാവ കണക്കെ അയ്യാളുടെ അടുത്ത് ഇരുന്നു… ഇനി നിമിഷങ്ങൾ മാത്രം. ഞാനും അയ്യാൾക്ക് സ്വന്തമാകും… ചേച്ചിയേ പോലെ ഇനി ഞാനും അയ്യാളുടെ ഭാര്യ…

സമനില തെറ്റുന്നത് പോലെ തോന്നി… അലറി വിളിച്ചു എഴുന്നേറ്റ് എങ്ങോട്ടെങ്കിലും ഓടി പോയാലോ …. വീണ്ടും ചേച്ചിയേ നോക്കി … എന്റെ മനസ്സ് വായിച്ചതു പോലെ അരുതെന്ന് അവൾ തലയാട്ടി….അവളുടെ കണ്ണുകളിൽ അപേക്ഷയുടെ ഭാവം…

കണ്ണുകൾ അടച്ചു ഒന്ന് ദീർഘമായി ശ്വസിച്ചു… പെട്ടെന്ന് കെട്ടിമേളം മുഴങ്ങി… നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നു…ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും ഒരു മഞ്ഞ ചരട് കഴുത്തിൽ മുറുകി കഴിഞ്ഞിരുന്നു… കൈ പിടിച്ചു കൊടുക്കാൻ മുന്നോട്ട് വന്ന അച്ഛയെ ഞാൻ ഒന്ന് രൂക്ഷമായി നോക്കി … അവിടെ പക്ഷെ കടമകൾ തീർത്ത ഭാവം മാത്രം..ഒരുവേള ആലോചിച്ചു… അമ്മ ഉണ്ടായിരുന്നെങ്കിൽ…

കടമകൾ തീർത്ത് ഭാരം ഒഴിവാക്കാൻ അച്ഛയെ സമ്മതിക്കുമായിരുന്നോ… അറിയില്ല .. ചിലപ്പോൾ അമ്മയും നിശബ്ദമായി അച്ഛയെ അനുസരിച്ചേനെ… അയാളോടൊപ്പം കാറിൽ ഇരിക്കുമ്പോൾ കണ്ണുകൾ അനുസരണ ഇല്ലാതെ പെയ്യുന്നുണ്ടായിരുന്നു ..എന്നോടൊപ്പം കയറാൻ വന്ന ചേച്ചിയേ ആരൊക്കെയോ തടഞ്ഞു …. പഴയ ആ അംബാസിഡർ കാറിന്റെ ഇരമ്പലിൽ എന്റെ ഏങ്ങൽ ശബ്ദം എവിടെയോ പോയി മറഞ്ഞു…

ചിന്തകൾ പിന്നിലേക്ക് പോകുന്നു …. ജനിച്ചപ്പോഴേ അമ്മ മരിച്ചതുകൊണ്ട് അച്ചയ്ക്ക് എന്നെ അത്ര ഇഷ്ട്ടം ഉണ്ടായിരുന്നില്ല…. ചില ബന്ധുക്കൾക്കും… പക്ഷെ ചേച്ചി പൊന്ന് പോലെയാണ് നോക്കിയത്. അവൾ വിവാഹം കഴിഞ്ഞു പോയപ്പോൾ ഒറ്റപ്പെട്ടു പോയത് പോലെ ആയിരുന്നു… എന്നാൽ ചേട്ടൻ.. എനിക്ക് ചേച്ചിയുടെ ഭർത്താവ് ആയിരുന്നില്ല.. എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്ന സഹോദരൻ കൂടി ആയിരുന്നു … എപ്പോഴാണ് ഒക്കെ മാറി മറിഞ്ഞത്… ഓർമയില്ല…

എപ്പോഴൊക്കെയോ അയ്യാളുടെ പെരുമാറ്റത്തിൽ മാറ്റം വന്നതുപോലെ.. ചേച്ചിയോട് പറഞ്ഞപ്പോൾ നിർജീവമായൊരു പുഞ്ചിരി മാത്രം പകരം നൽകി… അതിൽ നിന്നും മനസ്സിലായി അവൾക്ക് അയ്യാളുടെ ജീവിതത്തിലെ സ്ഥാനം… എന്നോടുള്ള സമീപനം… തകർന്നു പോയി… രണ്ടും കല്പിച്ചാണ് അച്ഛയോട് പറഞ്ഞത്…

പക്ഷെ ഞെട്ടിക്കുന്ന മറുപടി ആയിരുന്നു അവിടുന്നും കിട്ടിയത് … അവൻ നിന്നെ വിവാഹം ചെയ്യാൻ തീരുമാനിച്ചു എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞ അച്ഛയുടെ മുഖത്തെ ഭാവം ഇന്നും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല… ഒരു വട്ടം എതിർത്തു… മുഖമടിച്ചു ഒരടി ആയിരുന്നു അതിന്റെ ഫലം… പിന്നീടൊന്നും മിണ്ടാൻ സാധിച്ചില്ല…

ജീവനൊടുക്കാൻ തീരുമാനിച്ചു … അവിടെയും ചേച്ചിയുടെ കണ്ണുനീർ പിന്നോട്ട് വലിച്ചു… അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് ചേച്ചിയുടെ കുഴപ്പം കൊണ്ടാണെന്നു വരുത്തി തീർത്താണത്രേ എന്നെ വിവാഹം ചെയ്യുന്നത്… പക്ഷെ സത്യം അതല്ല… അച്ഛയുടെ മുഴുവൻ സ്വത്തുക്കളും അയ്യാൾക്ക് തന്നെ കിട്ടാൻ അയ്യാളും വീട്ടുകാരും കണ്ടെത്തിയ മാർഗം… സ്വയം പുച്ഛം തോന്നി…. എന്നെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചില്ലെങ്കിൽ ചേച്ചിയേ കൊന്നുകളയും പോലും…കണ്ണിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീർ ആരും കാണാതെ തുടച്ചു കളഞ്ഞു…ചേച്ചിക്ക് വേണ്ടിയാണ് സമ്മതിച്ചത്… മനസ്സിൽ പല കണക്കു കൂട്ടലുകളുമായി…

അയ്യാളുടെ വീട്ടിൽ എത്തിയപ്പോൾ തന്നെ ചിന്തകൾക്ക് വിരാമം ഇട്ടിരുന്നു…. നിലവിളക്കും കൊണ്ട് അകത്തേക്ക് കയറി…. ഇങ്ങനെ ഒരു വിവാഹം ആയിട്ട് കൂടി ചടങ്ങുകൾക്കൊന്നും കുറവില്ലായിരുന്നു… അടുത്ത ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് മാത്രം…

ചേച്ചി എവിടുന്നൊക്കെയോ ഓടി പിടിച്ചു അരികിൽ വന്നു… റൂമിൽ അവളുടെ നെഞ്ചിൽ വീണു കരഞ്ഞു തീർക്കുകയായിരുന്നു സങ്കടങ്ങൾ ഒക്കെ…പെട്ടന്നാണ് കയ്യിലേക്ക് എന്തോ വച്ചു തന്നത്… പറമ്പിൽ നിന്ന് എവിടുന്നോ പൊട്ടിച്ച ഒരു വിഷക്കായ… പകപ്പോടെ ഒന്ന് നോക്കി.. എങ്ങനെ വേണമെങ്കിലും ഉപയോഗിക്ക് എന്ന് മാത്രം പറഞ്ഞു അവൾ എണീറ്റു… എല്ലാത്തിനും ഒടുവിൽ കണ്ണ് തുടച്ചു എഴുന്നേൽക്കുമ്പോൾ ഒന്ന് മാത്രം ഉറപ്പിച്ചു.. അയ്യാളുടെ കളിപ്പാവ ആയി ജീവിക്കില്ല എന്ന്….

രാത്രി മണിയറയിലേക്ക് കാലെടുത്തു വച്ചതും അതെ ചിന്തയോടെയാണ്… പുതുമണവാളൻറെ എല്ലാ ചേഷ്‌ടയോടെയും നിൽക്കുന്ന അയാളെ കണ്ടപ്പോൾ തികഞ്ഞ പുച്ഛം തോന്നി… അകത്തേക്ക് കടന്നപ്പോൾ തന്നെ അരികിലേക്ക് എത്തിയിരുന്നു…

എന്റെ കണ്ണുകളിൽ നോക്കി സംസാരിക്കുന്ന അയ്യാളുടെ ആ ഭാവം എനിക്ക് അന്യം ആയിരുന്നു… വന്നു കയറിയ നാള് മുതൽ എന്റെ ശരീരത്തോട് തോന്നിയ അർത്തി… സ്വത്തിനോടു തോന്നിയ ആർത്തി ഒക്കെ കേട്ടറിയുകയായിരുന്നു ഞാൻ… അപ്പോഴും എന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു… എല്ലാത്തിനുമൊടുവിൽ നീ വിജയിച്ചു എന്ന് മാത്രം പറഞ്ഞു കയ്യിൽ ഇരുന്ന പാൽ ഗ്ലാസ്‌ നീട്ടി… വശ്യമായ പുഞ്ചിരിയോടെ അവൻ അത് കുടിക്കുമ്പോൾ നിർവികരതയോടെ നോക്കി നിൽക്കുകയായിരുന്നു ഞാൻ…കണ്ണിൽ നിറഞ്ഞ വന്യതയോടെ എന്നെ സ്പർശിച്ചവൻ കണ്ണ് തുറിച്ചു ചോ ര തുപ്പി വീഴുന്നത് ആസ്വദിച്ചു നിന്ന് പോയി ഞാൻ… അപ്പോൾ എന്നിൽ വിരിഞ്ഞ ചിരിക്ക് ഇനി തോറ്റു കൊടുക്കാൻ മനസ്സില്ലാത്തവളുടെ നിറമായിരുന്നു..

Nb: പണ്ട് കാലത്ത് ഇത് ഒരു സാദാരണ കാര്യം ആയിരുന്നു… സഹോദരിമാർ ഒരു പുരുഷനെ തന്നെ വിവാഹം ചെയ്യുന്നത് … അതുകൊണ്ടാണ് ഇങ്ങനെ ഒരു തീം എടുത്തത് … ആരും പൊങ്കാല അർപ്പിക്കരുത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *