പ്രസവം വരെ ഉള്ളെ അജി ഇവളെ ഇവിടെ നിർത്താൻ പറ്റുന്നത്. അത് കഴിഞ്ഞു ഞാൻ കൊണ്ട് പോകും. പ്രസവരക്ഷ ഒക്കെ…..

പെൺപക

Story written by Ammu Santhosh

“ഇതെന്താ മോളെ കയ്യിലും കാലിലുമൊക്കെ എന്തൊ കടിച്ച പോലെ നീലിച്ചു കിടക്കുന്നത്?”

അമ്മ സീതയുടെ കയ്യിലും കാലിലുമൊക്കെ തൊട്ട് നോക്കി. അവൾ ഒന്ന് പതറി. വിമ്മിഷ്ടത്തോടെ മിണ്ടാതിരുന്നു.

“ഗർഭിണിയാ എന്നുള്ള ഓർമ വേണം. അവൻ നിന്നേ പിരിഞ്ഞിരിക്കാൻ വയ്യ എന്ന് പറഞ്ഞു ഇവിടെ നിർത്തിയിരിക്കുന്നത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. ഇവിടെ ആരുണ്ട്?” അതിനുത്തരം പറഞ്ഞത് അവളുടെ ഭർത്താവ് അജിയായിരുന്നു

“അയ്യോ അമ്മേ അത് അമ്മ പേടിക്കണ്ട. സഹായത്തിനു ഒരു സ്ത്രീ വരും.. ഇവൾക്കിവിടെ ഒരു ജോലിയുമില്ല.”

അവൻ എപ്പോഴും അവളെ ചുറ്റിപ്പറ്റി തന്നെ നിൽപ്പാണല്ലോ എന്നവർ ഓർത്തു.

“പ്രസവം വരെ ഉള്ളെ അജി ഇവളെ ഇവിടെ നിർത്താൻ പറ്റുന്നത്. അത് കഴിഞ്ഞു ഞാൻ കൊണ്ട് പോകും. പ്രസവരക്ഷ ഒക്കെ ജോലിക്കാർ ചെയ്ത ശരിയാവില്ല “

അവർ തീർത്തു പറഞ്ഞു. സീതക്ക് തന്നോട് എന്തൊ പറയാനുണ്ടെന്ന് അവർക്ക് തോന്നുന്നുണ്ടായിരുന്നു. പക്ഷെ അവൻ അവിടെ തന്നെ നിന്ന കൊണ്ടാകും അവൾ ഒന്നും പറഞ്ഞുമില്ല.

പ്രസവിച്ചു കഴിഞ്ഞപ്പോൾ ഒരു യുദ്ധം തന്നെ വേണ്ടി വന്നു അവളെ സ്വന്തം വീട്ടിൽ കൊണ്ട് പോകാൻ. ഒടുവിൽ അവന്റെ വീട്ടുകാർ കൂടി പറഞ്ഞപ്പോൾ അവന് സമ്മതിക്കേണ്ടി വന്നു.

പ്രസവിച്ചു കിടക്കുന്ന പെണ്ണിനെ കാണാൻ ഭർത്താവ് വരുന്നത് അത്ര നല്ലതല്ല എന്ന് പ്രസവരക്ഷക്ക് വന്ന ജാനകി പറഞ്ഞപ്പോൾ അമ്മ അത്ര കാര്യമാക്കിയില്ല.
പുതിയ തലമുറ ഇങ്ങനെ ഒക്കെ ആണ്. നമ്മൾ വല്ലോം പറഞ്ഞാൽ പഴഞ്ചൻ ആവുമെന്ന് പറഞ്ഞു അവരുടെ വാ അടപ്പിച്ചു അവർ.

പക്ഷെ അവൻ പോയിക്കഴിഞ്ഞു രാത്രി മകൾ ദീനദീനമായി കരയുന്നത് കണ്ടപ്പോ കാര്യം ചോദിച്ചു

മാ റിടങ്ങളിലെ മു റിവും തുട യിടുക്കിലെ രക്‌ തസ്രാവവും കണ്ടവർ ഞെട്ടി പോയി.

“സ്വസ്ഥത തരില്ല അമ്മേ.. വയ്യെങ്കിൽ പോലും ഇങ്ങനെ ഉപദ്രവിച്ചു കൊണ്ടിരിക്കും “അവൾ പൊട്ടിക്കരഞ്ഞു പറഞ്ഞു

” ഇത് നിന്നേ കൊണ്ട് കൊള്ളാഞ്ഞിട്ടാ. ഞാൻ പറഞ്ഞു തന്നിട്ടുണ്ടോ ഭർത്താവ് എപ്പോ എന്ത് ചോദിച്ചാലും അനുവദിച്ചു കൊടുത്തേക്കണം എന്ന്. ഭർത്താവ് ആണെങ്കിലും നിന്റെ ഇഷ്ടമില്ലാതെ, സമ്മതമില്ലാതെ നിന്റെ ദേഹത്ത് തൊടാൻ സമ്മതിക്കണ്ട. നിന്റെ അച്ഛൻ ജീവിച്ചിരുന്ന കാലമത്രയും എന്നോട് കൂടി സമ്മതം ചോദിക്കാതെ എന്നെ തൊടുമായിരുന്നില്ല. ശരീരം അവശത ആയിട്ട് ഇരിക്കുമ്പോൾ അതിൽ നിന്നും സന്തോഷം അനുഭവിക്കാൻ വരുന്നവനെ ഭർത്താവ് എന്ന് വിളിക്കാൻ പറ്റുമോ?.അവനെ നിലയ്ക്ക് നിർത്തിക്കോ. അല്ലെങ്കിൽ ഇനി കൂടുതൽ അനുഭവിക്കും മോള് “

അവർ കത്തുന്ന മിഴികളോടെ പറഞ്ഞു.

പിന്നെ അയാൾ വരുമ്പോൾ അവൾ അമ്മയുടെ കൂടെ വന്നു കിടക്കാൻ തുടങ്ങി.

“നീ അങ്ങ് വരുമല്ലോ കാണിച്ചു തരാം “അയാൾ മുറുമുറുത്തു

“നിനക്ക് പോകണമെങ്കിൽ പോയ മതി. നിനക്ക് എപ്പോ വേണെങ്കിൽ ഇങ്ങോട്ട് തിരിച്ചു പോരുകയും ചെയ്യാം ” മൂന്ന് മാസം കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അമ്മ പറഞ്ഞു

കുഞ്ഞിന്റെ മുഖത്തോട്ട് നോക്കിയപ്പോ അവൾ തളർന്നു.

“നീ ഇപ്പൊ ഒരു അമ്മയാണ്. നല്ല തന്റേടം വേണം കേട്ടല്ലോ. നിന്നേ കൊണ്ട് പറ്റുന്നില്ലെങ്കിൽ ഉപേക്ഷിച്ചു പോരുക. അമ്മ ഉണ്ട്.” അവൾ തലയാട്ടി

പക്ഷെ ആ വാക്കുകൾ വെറുതെ ആയി. ഒരു വണ്ടി അപകടത്തിൽ അമ്മ അങ്ങ് പോയി.

അവൾ ഒറ്റയായി അയാളുടെ പരാക്രമങ്ങൾ അവളെ ഇഞ്ചിഞ്ചായി കൊന്ന് തുടങ്ങി.

തീരെ സഹിക്കാൻ വയ്യാതെ ആയപ്പോൾ അവൾ പോലീസ് സ്റ്റേഷനിൽ ചെന്നു. അവൾക്ക് അനുഭവിച്ചതൊക്കെ പറയാൻ തെല്ലും നാണം തോന്നിയില്ല.
അവളെല്ലാം പറഞ്ഞു.ഇനി മടിച്ചു നിന്നാൽ താൻ മരിച്ചു പോകുമെന്ന വൾക്കറിയാമായിരുന്നു.

പോലീസ്കാർ അത് ചിരിച്ചു തള്ളി

“ഭർത്താവ് അല്ലെ കുട്ടി? അന്യ ഒരാളല്ലല്ലോ. ഭാര്യയ്ക്ക് കഴിവില്ല എങ്കിലയാൾ വേറെ പെണ്ണിനെ തേടി പോകും കേട്ടോ. പിന്നെ അതും പറഞ്ഞു കരഞ്ഞു കൊണ്ട് വരരുത് “

കുറച്ചു പ്രായമുള്ള ഒരു വനിത പോലീസ് അവളെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞു

“സ്വന്തം കുഞ്ഞിന്റെ മുന്നിൽ വെച്ച് പോലും.. “എന്ന് പറഞ്ഞവൾ പൊട്ടി കരഞ്ഞപ്പോൾ അതൊക്കെ നോക്കീം കണ്ടുമങ്ങ് ചെയ്യ്. എന്ന് പറഞ്ഞു തിരിച്ചു വിട്ടു.

രണ്ടു ദിവസം കഴിഞ്ഞു ഒരു രാത്രി വൈകിയയാൾ വന്നപ്പോൾ അനിയൻ മഹേഷുമുണ്ടായിരുന്നു. മഹേഷ്‌ അയാളെ താങ്ങിയെടുത്തു മുറിയിൽ കൊണ്ട് കിടത്തി.

“ചേച്ചി.. ചേട്ടന്റെ ബൈക്കും ഒരു കാറുമായി കൂട്ടിയിടിച്ചു.ചേച്ചിയെ വിളിച്ചു പറയാൻ എന്റെ കയ്യിൽ നമ്പർ ഇല്ലായിരുന്നു.ഭാഗ്യത്തിന് ജീവൻ കിട്ടി. കയ്യും കാലും ഒന്ന് ചതഞ്ഞിട്ടുണ്ട്. അഡ്മിറ്റ് ചെയ്യാൻ പറഞ്ഞിട്ട് കേട്ടില്ല. ഒടിവുക ളൊന്നുമില്ല.എന്നാലും തല്ലിയലച്ചു വീണതല്ലേ? ദേഹത്ത് ഭയങ്കര വേദന..നടു ഉളുക്കിയിട്ടുണ്ട്.ഒരു മാസമെങ്കിലും റസ്റ്റ്‌ വേണ്ടി വരുമായിരിക്കും .നല്ലോണം നോക്കിക്കോണേ “

അവൾ തലയാട്ടി

അന്നവൾ നേരെത്തെ . കുഞ്ഞിനെ ഉറക്കി. കണ്ണെഴുതി പൊട്ട് തൊട്ട് ഒരുങ്ങി.

അയാൾക്കരികിൽ ചെന്നു

അയാൾ വേദന കൊണ്ട് ഞരങ്ങുന്നത് നോക്കി നിന്നിട്ട് അയാളിലേക്ക് അമർന്നു.

അയാൾ ദുർബലമായി പ്രതിരോധിച്ചപ്പോൾ ഒരു ഷീറ്റ് കൊണ്ട് കൈകാലുകൾ കട്ടിലിൽ അമർത്തി കെട്ടി വെച്ചു. അയാൾ അവളോട് പലപ്പോഴും ചെയ്യുമായിരുന്നത് പോലെ.

പിന്നെയുള്ള രാത്രികളിലും അതാവർത്തിച്ചപ്പോ അയാൾ അനിയനെ വിളിച്ചു. തന്നെ ഒന്ന് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ അയാൾ പറഞ്ഞു.

മടിച്ചു മടിച്ചെങ്കിലും അയാൾ കാര്യം പറഞ്ഞു

അവളോട് തോന്നാത്ത സഹതാപം ആ നിമിഷം അയാളോട് പോലീസ്കാർക്ക് തോന്നി.

“കയ്യും കാലും വയ്യാതെ കിടക്കുന്ന ഒരാളോട് ആണോ നിന്റെ പരാക്രമം?”

വനിത പോലീസ് ആക്രോശിച്ചു

” ഇതെന്റെ ഭർത്താവ് അല്ലെ? അന്യ ഒരാൾ അല്ലല്ലോ?. ഭർത്താവിനോട് എങ്ങനെ വേണമെന്ന് അന്ന് മാഡം ക്ലാസ്സ്‌ എടുത്തതല്ലേ?” അവൾ ക്രൂരമായ ചിരിയോടെ പറഞ്ഞു

“എനിക്ക് നിന്നേ വേണ്ട.. ഇവൾ എന്നെ കൊല്ലും സാറെ ഇവൾക്ക് ഭ്രാന്ത് ആണ് “
അയാൾ അലറി

പോലീസ്‌കാർക്ക് അവളെ ഓർമയുണ്ടായിരുന്നു. ഇങ്ങനെ ഒരു കേസ് അവർക്ക് മുന്നിൽ ഇതിനു മുൻപ് വന്നിട്ടുമുണ്ടായിരുന്നില്ല.

“ഒരു കാര്യം ചെയ്യ്. നല്ല ഒരു വക്കീലിനെ കണ്ട് ഡിവോഴ്സ് നുള്ള വഴി നോക്ക്. പോലീസിന് ഇതിൽ ചെയ്യാനൊന്നുമില്ല “

പോലീസ് കയ്യൊഴിഞ്ഞു അവൾക്കൊപ്പം വീട്ടിലേക്ക് പോകുന്നത് അയാൾക്ക് ചിന്തിക്കുക വയ്യായിരുന്നു.

“നീ ഒന്ന് പോയി തന്ന മതി “

അയാൾ ദയനീയമായി കൈ കൂപ്പി

“അത് ഒന്ന് രേഖ ആക്കി താ. പിന്നീട് എന്നെ തേടി വരാതിരിക്കാൻ.. ഒന്ന് പറ സാറെ..”

അവൾ പോലീസ് കാരെ നോക്കി ചിരിച്ചു. ഇതിലെ നിയമം എന്താ എന്നൊന്നും അറിയില്ലെങ്കിൽ കൂടി അയാൾ ഇനി ഒരിക്കലും അവളെ തേടി ചെല്ലില്ല എന്നവൾക്ക് അയാൾ അവിടെ വെച്ച് എഴുതി കൊടുത്തു.

താലി പൊട്ടിച്ച് അയാളുടെ കയ്യിൽ കൊടുത്തിട്ട് കുഞ്ഞിനേയും എടുത്തവൾ സ്വന്തം വീട്ടിലേക്ക് പോരുന്നു.

അപ്പൊ അവളുടെ ഉള്ളിൽ ഒരു പക വീട്ടിയ സംതൃപ്തി ഉണ്ടായിരുന്നു

താൻ അനുഭവിച്ചതൊക്കെ പലിശ സഹിതം തിരിച്ചു കൊടുത്തതിന്റെ സംതൃപ്തി.

എന്നേ ആകാമായിരുന്നു എന്ന് തോന്നുമെങ്കിലും ചിലതിനൊക്കെ ചില സമയം വേണം.ചിലപ്പോൾ അത് കാലം കൊണ്ട് തരുന്ന വരെ കാത്തിരിക്കേണ്ടിയും വരും.. എന്നാലും അതുണ്ടാവുക തന്നെ ചെയ്യും

Related Posts

Leave a Reply

Your email address will not be published. Required fields are marked *