ഫേസ്ബുക്കിൽ നിന്ന് തന്നെ തപ്പിയെടുത്ത ഒരു ഫാമിലി ഫോട്ടോ. അതിൽ എട്ട് സ്ത്രീകളുണ്ട്. ഒരു ഫങ്ഷന് എല്ലാവരും ചിരിച്ചു സന്തോഷമായി നിൽക്കുന്ന….

ഫേക്ക് ഐഡി.

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

ഗൗരി അതായിരുന്നു ഞാൻ എനിക്ക് പുതുതായി ഇട്ട പേര്. പുതിയ പേരിൽ പുതിയ രൂപത്തിൽ പുതിയ വേഷത്തിൽ ഞാൻ ഒളിച്ചിരുന്നു. പ്രജിത്ത് എന്ന എന്റെ ഒറിജിനൽ ഐഡിയും ഞാൻ വല്ലപ്പോഴും ഉപയോഗിച്ചിരുന്നു.

ഫേസ്ബുക്കിൽ നിന്ന് തന്നെ തപ്പിയെടുത്ത ഒരു ഫാമിലി ഫോട്ടോ. അതിൽ എട്ട് സ്ത്രീകളുണ്ട്. ഒരു ഫങ്ഷന് എല്ലാവരും ചിരിച്ചു സന്തോഷമായി നിൽക്കുന്ന ആ ഫോട്ടോ ഞാൻ എന്റെ പുതിയ പ്രൊഫൈൽ പിക്ചറാക്കി.

ഒരുപാട് പേർക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ അയച്ചു. ധാരാളംപേർ എന്റെ റിക്വസ്റ്റുകൾ സ്വീകരിച്ച് സുഹൃത്തുക്കളായി. അവരൊക്കെ ഞാൻ ആരാണെന്ന് മനസ്സിലാക്കാതെയാണല്ലോ എന്നോട് ഇൻബോക്സിൽ ഒരോ കുശലങ്ങൾ ചോദിക്കുന്നത് എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ഈ എട്ടുപേരിൽ ആരാണ് നീ എന്ന് ഒരിക്കൽപ്പോലും ഒരാളും ചോദിച്ചില്ല എന്നത് എനിക്ക് അത്ഭുതവുമായി. പതുക്കെ സൗഹൃദവലയം ഞാൻ കൂട്ടിക്കൊണ്ടുവന്നു.

അങ്ങനെ സുഹൃത്തുക്കളുടെ എണ്ണം നാലായിരവും കടന്നപ്പോൾ എന്റെ ചില കുസൃതികൾ പുറത്തുവരാൻ തുടങ്ങി. ഞാൻ ചിലരോട് ചോദിച്ചു:

എന്നെ ഒന്ന് സഹായിക്കാമോ?

സഹായം എന്ന് കേട്ടതും പലരുടെയും പൊടിപോലും പിന്നെ കണ്ടില്ല.

ചിലരോട് ഞാൻ എന്റെ ഇല്ലാത്ത സങ്കടങ്ങൾ പറഞ്ഞു. അവർ എന്നെ വല്ലാതെ ആശ്വസിപ്പിച്ചു. ചിലരോട് ഞാൻ പൊങ്ങച്ചം നിറഞ്ഞ കഥകൾ പറഞ്ഞുപറ്റിച്ചു. അവർ എന്നെ തീർത്തും വിശ്വസിച്ചു.

ഇഷ്ടികച്ചൂളയിൽ കത്തുന്ന വെയിലിലും ചൂടിലും പണി ചെയ്ത് വിശ്രമിക്കുമ്പോൾ ഇങ്ങനെ പലരുമായുള്ള ചാറ്റുകൾ ഞാൻ പതുക്കെ ആസ്വദിക്കാൻ തുടങ്ങി.

എന്റെ സാധാരണ ഐഡി ഉപയോഗിച്ചുള്ള പേജിൽ പോയി നോക്കിയതിനുശേഷം ഫെയ്ക്ക് ഐഡി വെച്ചുകൊണ്ട് പലരെയും പ്രശംസിച്ച് കമന്റുകൾ എഴുതി. ഉള്ളിൽ ഊറിച്ചിരിച്ച്, പുറമേ ഒന്നുമറിയാത്തതുപോലെ നിഷ്കളങ്കമായി പലരോടും ഇടപഴകി.

പക്ഷേ, ഒരു ദിനം സർവ്വ ചുവടുകളും പിഴച്ചു. ആരോ എന്നെ കണ്ടുപിടിച്ചു. എന്റെ ഫോട്ടോയിൽ ഉള്ള ഒരാളെ അറിയുമോ എന്ന് ചോദിച്ചതോടെയാണ് അതിന്റെ തുടക്കം. ഈ എട്ടുപേരിൽ ഏതാണ് ഗൗരി എന്ന് അവർ എന്നോട് ചോദിച്ചില്ല. മറിച്ച് ചോദിച്ചത് മീന ഇപ്പോൾ എന്ത് ചെയ്യുന്നു എന്നാണ്. ഞാൻ ചോദിച്ചു:

ആരാണ് മീന?

അപ്പോൾ അവൾ പറഞ്ഞു:

നിങ്ങളുടെ ഫോട്ടോയിൽ ഉണ്ടല്ലോ.. എട്ടുപേരിൽ ഒരാൾ മീനയല്ലേ?

ഞാൻ പെട്ടു എന്ന് മനസ്സിലായി. ഉടൻതന്നെ ഞാൻ അവരെ ബ്ലോക്ക് ചെയ്തു. ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയത് മറ്റു പലരെയും അവർ അറിയിക്കുമല്ലോ എന്ന് ഞാൻ ഭയന്നു. കുറച്ചുദിവസം ഞാൻ ആ ഭാഗത്ത് പോയതേയില്ല.

രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ വീണ്ടും ഫേസ്ബുക്ക് തുറന്നു. ആ ഗ്രൂപ്പിൽ വീണ്ടും പോയിത്തുടങ്ങി. ചിരിയും കമന്റുകളും മറ്റു രസങ്ങളുമായി സജീവമായ ഒരു ദിവസം വീണ്ടും മറ്റൊരുവൾ എന്നോട് മീനയെക്കുറിച്ച് ചോദിച്ചു.

ഞാൻ പിൻവാങ്ങുന്നതിനുമുമ്പേ അവർ പറഞ്ഞു:

നിങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു, നിങ്ങളുടെത് ഒരു ഫെയ്ക്ക് ഐഡിയാണ്. കൂടുതൽ തട്ടിപ്പുകൾ നടത്താതെ ഈ ഐഡി നിങ്ങൾ വേണ്ടെന്ന് വെക്കുകയാണ് നല്ലത്.

ഞാൻ സംശയത്തോടെയും ഭയത്തോടെയും ചോദിച്ചു:

നിങ്ങൾ പോലീസ് ആണോ?

അല്ല… അവർ പറഞ്ഞു:

ഞാനാണ് മീന… എന്റെ ചേച്ചിയുടെ കൂട്ടുകാരിയുടെ അക്കൌണ്ടിലൂടെയാണ് ഞാനിപ്പോൾ നിങ്ങളോട് ചാറ്റ് ചെയ്യുന്നത്. അവരെല്ലാം എന്റെ അടുത്ത് തന്നെയുണ്ട്. ആ ഗ്രൂപ്പിൽ ഉള്ള മുഴുവൻപേരെയും എനിക്കറിയാം. അതിൽ ഗൗരി എന്നൊരാൾ ഇല്ല. നിങ്ങളെ കണ്ടുപിടിക്കാൻ കുറച്ചുനാളായി ഞാൻ ശ്രമിക്കുകയായിരുന്നു. നിങ്ങൾക്ക് ഈ ഫോട്ടോ എവിടെ നിന്നാണ് ലഭിച്ചത്?

ഏതോ ഒരു പേജിൽ നിന്ന്, ഓർക്കുന്നില്ല… ശരിയാണ് ഇത് എന്റെ ഫേക്ക് ഐഡി ആണ്. എന്റെ പേര് ഗൗരി എന്നല്ല.

പിന്നെ?.

നിങ്ങളുടെ പേര് എന്താണ്?

ആണോ പെണ്ണോ?.

ഒരു വോയിസ് മെസ്സേജ് അയക്കാമോ?

അതു വേണോ? വോയിസ് മെസ്സേജ് അയക്കാൻ ബുദ്ധിമുട്ടുണ്ട്… ഞാൻ ഒരു പുരുഷനാണ് എന്ന് സമ്മതിക്കുന്നു. പക്ഷേ ഞാൻ ആരെയും പറ്റിച്ചിട്ടില്ല. ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. നല്ല തമാശ പറഞ്ഞിട്ടുണ്ട്. പൊങ്ങച്ചം പറഞ്ഞിട്ടുണ്ട്. പകലന്തിയോളം ഉള്ള പണിയെടുക്കുന്നതിന്റെ മടുപ്പ് മാറ്റാൻ പല നേരമ്പോക്കുകളും അങ്ങനെ ഞാൻ കണ്ടെത്താറുണ്ട്. പക്ഷേ ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല.

ഇതെല്ലാം നിയമവിരുദ്ധമാണ്. മറ്റൊരാളുടെ ഫോട്ടോ വെച്ച് ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നത് ശിക്ഷാർഹമാണ്. ഞാൻ ഈ ഏഴുപേരിൽ നിന്നും പരാതി എഴുതി വാങ്ങിയിട്ടുണ്ട്. എന്റെ പരാതി കൂടി ചേർത്ത് ഞാൻ ഇത് പോലീസിന് നൽകും. അതോടുകൂടി നിങ്ങൾക്ക് ഈ അക്കൗണ്ട് എന്നത്തേക്കും നി൪ത്തേണ്ടതായിവരും. നിങ്ങളെ പോലീസ് കണ്ടെത്തുകയാണെങ്കിൽ ശിക്ഷയും അനുഭവിക്കേണ്ടതായി വരും.

അന്ന് നിർത്തിയതാണ് ആ അക്കൗണ്ടിലുള്ള എല്ലാ കളികളും. ഇപ്പോൾ എന്റെ പേരിലുള്ള അക്കൗണ്ട് മാത്രമേ എനിക്കുള്ളൂ. പക്ഷേ രസങ്ങൾ ഒക്കെ അപ്രത്യക്ഷമായിരിക്കുന്നു. ഇനി ആരുടെയെങ്കിലും വല്ല ഫോട്ടോയും തപ്പിയെടുക്കണം എന്ന ഒരു ചിന്ത മനസ്സിൽ വന്നപ്പോൾ നല്ല പോലീസിന്റെ ഒന്നാന്തരം ഇടി ആലോചിച്ച് നോക്കി. അതും വേണ്ടെന്നുവെച്ചു.

അന്ന് മീന പറഞ്ഞതുംകൂടി ഓർമ്മ വന്നു.

എങ്ങനെയാണ് എന്നെ സംശയം തേന്നിയതെന്ന ചോദ്യത്തിന്, എന്റെ പ്രൊഫൈലിൽ ഞാൻ ചേർത്തിരുന്നത്, ഹരിയാന യൂനിവേഴ്സിറ്റി, എംഎ എം ഫിൽ മലയാളം, സോഫ്റ്റ് വേർ എഞ്ചിനീയ൪, എന്നായിരുന്നത്രേ…
ഇതൊക്കെ എന്താണ് വ്യത്യാസം ആവോ? അതെന്താ മലയാളം പഠിച്ചാൽ എഞ്ചിനീയ൪ ആയിക്കൂടെ?

Related Posts

Leave a Reply

Your email address will not be published. Required fields are marked *