ബാഹുബലിയിൽ രാജമാത ‘ഇത്‌ തന്നെയാണ് എന്റെ കല്പന ഇത്‌ തന്നെയാണ് രാജ ശാസന ‘ എന്നു പറയുന്ന ഫീലാണ് പുള്ളിക്കാരൻ ഈ ഡയലോഗ്…….

പ്രവാസചരിതം

Story written by Navas Amandoor

“വയസ്സ് കുറേയായി ജനിച്ചിട്ട് ഇതുവരെ ഷഡ്ഢി ഞാൻ ഇട്ടിട്ടില്ല. ഇനി ഇടാനും ഉദ്ദേശിക്കുന്നില്ല. അതിപ്പോ ഗൾഫിലായാലും നാട്ടിലായാലും. അല്ല പിന്നെ… “

ബാഹുബലിയിൽ രാജമാത ‘ഇത്‌ തന്നെയാണ് എന്റെ കല്പന ഇത്‌ തന്നെയാണ് രാജ ശാസന ‘ എന്നു പറയുന്ന ഫീലാണ് പുള്ളിക്കാരൻ ഈ ഡയലോഗ് അടിച്ചപ്പോൾ എനിക്ക് തോന്നിയത്.

“ഈ ഉസ്മാൻ എങ്ങിനെയിപ്പോ അടിയിൽ ഒന്നും ഇല്ലാണ്ട് നടക്കണത്. “

“കൊല്ലം കുറേ ആയില്ലേ… ശീലം ആയി ക്കാണും. “

മൂപ്പര് പെട്ടി തുറന്ന് നല്ല ചുമല നിറത്തിൽ മിന്നുന്ന ഒന്നാന്തരം ഒരു ഷഡ്ഢി പുറത്ത് എടുത്ത് എന്നെ കാണിച്ചു.

“നോക്ക്… നാട്ടിൽ നിന്നും വാങ്ങിയതാണ്. ഇനി ഇവിടുന്ന് നാട്ടിൽ പോകുമ്പോൾ ഇത്‌ തന്നെ മതി. “

അന്നത്തെ കോമഡി ടൈം കഴിഞ്ഞ് ഞങൾ ഉറങ്ങാൻ കിടന്നു. രാവിലെ ഡ്യൂട്ടി യുള്ളതാണ്. ഇങ്ങേരുടെ ഷഡ്ഢി പുരാണം കേട്ട് ഉറങ്ങാതിരുന്നാൽ നാളെ എണീക്കാൻ വൈകും.

തല വഴി പുതപ്പ് പുതച്ചു മൊബൈൽ ഓൺ ആക്കി. ഒരു അഞ്ച്‌ മിന്ട്ട് ഫേസ് ബുക്ക് വഴി വാട്സ്ആപ്പിൽ കയറി ഇമോ യിലൂടെ ഇറങ്ങി പോരുന്ന വഴിക്ക് യൂട്യൂബിൽ ഒന്ന് കയറിയില്ലങ്കിൽ മോശമല്ലേ.

എന്നും അങ്ങിനെയാണ് അഞ്ച്‌ മിന്ട്ട് രണ്ട് മണിക്കൂർ ആകുന്നതു അറിയില്ല .

മായാലോകത്തെ മായ കാഴ്ചകളിൽ ലൈക്കിനു വേണ്ടി അലയുന്നവരുടെ രോദനം സെൽഫിയിൽ വരെ ഉണ്ട്.

“എന്തൊരു വെറുപ്പിക്കലാണ് മുത്തേ. ആഴ്ച്ചക്ക് ഒരു സെൽഫി പോരെ. “

പതിവ് പോലെ നേരം പെട്ടെന്ന് വെളുക്കാതിരിക്കാൻ പ്രാർത്ഥനയോടെ നെറ്റ് ഓഫ് ആക്കി കണ്ണടച്ചു.

ഇനി ഉറക്കം കണ്ണിൽ എത്തും വരെ ഭാര്യയും മക്കളും. പരാതിയും പരിഭവങ്ങളും പ്രണയവും ഒത്തിരിയുണ്ട് അവളുടെ വാക്കിൽ.

“വാപ്പി എന്തിനാ കുറേ ദിവസം ഗൾഫിൽ താമസിക്കുന്നത്. വാപ്പി ഇങ്ങു വാ. എനിച്ചു വാപ്പിടെ നെഞ്ചിൽ കിടക്കണം “

“വാപ്പി വരും മോളേ… എത്രയും വേഗം. “

കണ്ണടച്ചു ഉറക്കം പിടിക്കും മുൻപേ അലാറം അലറാൻ തുടങ്ങി. ഒട്ടും താല്പര്യം ഇല്ലങ്കിലും എണീറ്റു കുളിച്ചു ഡ്യൂട്ടി ക്ക് പോയി.

നാളെ വെള്ളിയാഴ്ച ആയതുകൊണ്ട് മാത്രം ഇന്ന് ഡ്യൂട്ടിക്ക് ഇത്തിരി സന്തോഷമൊക്കെ ഉണ്ട് കെട്ടോ.

അങ്ങിനെ എന്നത്തേയും പോലെ ഇന്നും ഡ്യൂട്ടി കഴിഞ്ഞു. പതിവ് കലാപരിപാടികൾ കഴിഞ്ഞു ഉറങ്ങാൻ കിടന്നു.

നമ്മളെ ഷഡ്ഢി ഇടാത്ത പുള്ളി നാളെ പള്ളിയിൽ പോകാൻ വെള്ള മുണ്ട് തേച്ചു മടക്കി വെച്ചു. വെള്ളിയാഴ്ച വെള്ള മുണ്ട് എടുത്ത് പള്ളിയിൽ പോകുന്നതും ഷഡ്ഢി ഇടാത്തതും ഉസ്മാന്റെ ഓരോ ശീലങ്ങളാണ് .

അലാറം വെക്കാതെ ഉറങ്ങുന്ന ഒരു ദിവസം അന്ന് സാധാരണ എണീക്കും മുൻപേ കണ്ണ് അനുസരണയില്ലാതെ ഓപ്പൺ കണ്ണൻ സ്റ്റാർ ആവും… നാശം.

കുറച്ച് നേരം ടീവീ യിലേ സത്യം പറയുന്നവരെ നുണകൾ കേട്ടും കണ്ടും ബീവിക്കീം മക്കൾക്കും വിളിച്ച് കുളിച്ചു പള്ളിയിൽ പോകാൻ റെഡിയായി നടന്നു.

പള്ളി പിരിഞ്ഞു പുറത്ത് ഇറങ്ങിയപ്പോൾ നമ്മളെ ചങ്ങായിടെ പണ്ടത്തെ ഒരു ഫ്രണ്ട് വണ്ടിയിൽ ഇരുന്ന് അയാളെ കൈകൊണ്ട് മാടി വിളിച്ചു. ഞാനും ഒപ്പം ചെന്നു.

“ചിലപ്പോ ഉച്ചക്ക് ബിരിയാണി ബയിക്കാൻ വിളിക്കുന്നതാണങ്കിലോ… ഹോട്ടലിൽ പോകാതെ രക്ഷപ്പെടാം. “

ഞങൾ ആ വണ്ടിയുടെ അടുത്ത് ചെന്നു.

“അല്ല ഉസ്മാനെ നീ ഇപ്പോഴും മുണ്ടിൽ തന്നെ യാണോ വെള്ളിയാഴ്ച. “

“ആന്നെ. മുണ്ട് ഉടുത്താലേ ഒരു സുഖം കിട്ടു. അതൊന്നും മാറ്റാൻ പറ്റൂല. “

കുറച്ച് നേരം സംസാരിച്ചു ഫ്രണ്ട് തുറന്ന് കിടന്ന ഡോർ ഞങ്ങളെ ബിരിയാണി കഴിക്കാൻ വിളിക്കാതെ വലിച്ചു അടച്ച് വണ്ടി മുന്നോട്ട് എടുത്തു.

വണ്ടി മുന്നോട്ട് പോയതും ഉസ്മാൻ ഒന്ന് വട്ടം കറങ്ങി നിന്നു.

മുണ്ടിന്റെ തല ഫ്രണ്ടിന്റെ വണ്ടിയുടെ ഡോറിൽ കുടുങ്ങി മുണ്ടും കൊണ്ട് മൂപ്പര് പോയി.

പടച്ചോനെ അത്രയും ജനങ്ങളുടെ മുൻപിൽ ഉസ്മാൻ മുണ്ടില്ലാതെ.

ആരൊക്കെയോ മൊബൈൽ റെക്കോർഡ് ചെയ്തു. ലൈവ് വിട്ടോ എന്നറിയില്ല.

ലോകത്തിലെ സകല നാട്ടുകാരും ഉണ്ട് അവിടെ. ഓടി ഒളിക്കാൻ പോലും ആവാതെ ഉസ്മാൻ അവരുടെ മുൻപിൽ കുറച്ച് നേരം ചമ്മി നാറി.ഇനി എന്തിനാണ് ഓടി ഒളിക്കുന്നത്. ഒളിച്ചു വെച്ചതെല്ലാം എല്ലാരും കണ്ടു.

റൂമിൽ എത്തിയിട്ടും ഉസ്മാൻ എന്നോട്‌ ഒന്നും മിണ്ടിയില്ല. ഇയാൾ എന്തിനാണ് എന്നോട്‌ മിണ്ടാതിരിക്കുന്നത്.

കട്ടപ്പയുടെ കുണ്ഡിതഭാവം പാവം ഉസ്മാന്റെ മുഖത്തു കാണുന്നുണ്ട്.

ഉസ്മാൻ കഫീലിനെ വിളിച്ച് എത്രയും പെട്ടെന്ന് ലീവ് അടിച്ചു തരാൻ പറയുന്നത് കേട്ട് ചിരി വന്നിട്ടും ഞാൻ ചിരിച്ചില്ല.

ടിക്കറ്റ് എടുത്തു രണ്ടീസം കഴിഞ്ഞപ്പോൾ ഉസ്മാൻ നാട്ടിലേക്കു പോയി. അതിന്‌ ശേഷമാണ് ഞാൻ അറിഞ്ഞത് ഈ തവണ ഉസ്മാൻ ഏഴ് ഷഡ്ഢി വാങ്ങിയെന്ന വല്ല്യ രഹസ്യം.

എന്തായാലും നമ്മളെ ചങ്ങായി ഉസ്മാൻ പിന്നെ തിരിച്ചു വന്നില്ല. എങ്കിലും ഇപ്പോഴും ഉസാമന്റെ കഥ ടെൻഷൻ വരുമ്പോൾ ഞങ്ങൾ പറഞ്ഞ് ചിരിക്കും. കൂടെ ഇല്ലാത്തവരുടെ ഇറച്ചി തിന്നൽ പ്രവാസികളുടെ ഹോബിയാണ്.

“പ്ലീസ് ഇനി ഉസ്മാനെ ഇതും പറഞ്ഞ് കളിയാക്കരുത്.ഒരു അബദ്ധം ഏത് പോലീസിനും പറ്റും. “

Related Posts

Leave a Reply

Your email address will not be published. Required fields are marked *