ഭാര്യ രണ്ട് വർഷമായി മരിച്ചിട്ട്. മക്കൾ രണ്ടുപേരും ബാംഗ്ലൂർ ആണ്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. മറ്റേയാൾ ജോലിയിൽ കയറിയതേയുള്ളൂ…….

സായാഹ്നം

എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി

ഹലോ..

എന്തേ?

എന്നെ മനസ്സിലായോ?

ഉവ്വ്, ഇന്ന് എന്റെ പോസ്റ്റിന് കമന്റ് ചെയ്ത ആളല്ലേ..

അതേ, ഭ൪ത്താവ് മരിച്ചിട്ട് എത്ര നാളായി?

പതിനാറ് വർഷമായി.

എന്തേ…വേറെ വിവാഹം കഴിക്കാഞ്ഞത്?

മകളെ വള൪ത്താനുള്ള സാഹസത്തിലായിരുന്നു..

ഇപ്പോൾ പിന്നെയെന്താ തനിച്ചായത്?

അവൾ വിവാഹം കഴിഞ്ഞ് ദുബായിൽ സെറ്റിൽ ആയി.

വരാറില്ലേ?

അവൾക്കൊരു കുഞ്ഞു പിറന്നപ്പോൾ വന്നിരുന്നു…

ഓകെ.

ഹലോ..

എന്താ വിശേഷം?

ഇന്നലെ പറഞ്ഞതിന്റെ ബാക്കി പറയൂ..

എന്ത്?

മുഴുവൻ കഥ പറയാതെ എങ്ങോട്ടാ ഓടിപ്പോയത്?

അത് അപ്പുറത്തെ ചേച്ചി കുറച്ച് കട്ലറ്റ് ഉണ്ടാക്കിയത് കൊണ്ടുവന്നു തന്നു.

അതുശരി, കട്ലറ്റ് കിട്ടിയപ്പോൾ ചാറ്റ് ചെയ്യുന്ന ആളെ മറന്നു അല്ലേ?

അത് ചൂടോടെ തന്നെ കഴിച്ചു. നല്ല ടേസ്റ്റായിരുന്നു.

പകരമെന്ത് കൊടുത്തു?

ചക്കകൊണ്ട് പായസം വെച്ചത് കൊടുത്തു.

മകളുടെ കൂടെ പോയി താമസിക്കാത്തതെന്താ?

എവിടെ? വിദേശത്തോ? അതൊന്നും ശരിയാവില്ല. ഇവിടെ വീടൊക്കെ തൂത്തുതുടക്കാതെ ഇട്ടാൽ എല്ലാം മോശമാകും. പഴയവീടാണ്, പെട്ടെന്ന് ഉപയോഗശൂന്യമായിപ്പോകും. പിന്നെ അവരുടെ പ്രൈവസിയും നമ്മളായിട്ട് എന്തിനാ വെറുതെ….

കൂടെ ആരെയെങ്കിലും പേയിങ് ഗസ്റ്റായി താമസിപ്പിച്ചുകൂടെ? ഒരു കൂട്ടാകില്ലേ?

ഉം.. നല്ല ഐഡിയ ആണ്… പക്ഷേ… അവ൪ക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കാനുള്ള ആരോഗ്യമില്ല.

ഇങ്ങോട്ട് പോരുന്നോ?

ഹലോ…

പോയോ..?

എന്തേ? രണ്ട് ദിവസം എവിടെ പോയി? ഇന്നത്തെ പോസ്റ്റ് ഉഗ്രനായിട്ടുണ്ട്..

താങ്ക്യൂ..

ഞാൻ രണ്ട് ദിവസം മുമ്പ് ചോദിച്ചതിന് മറുപടി പറഞ്ഞില്ല..

എന്ത്?

ഇങ്ങോട്ട് പോരുന്നോ?

അവിടെ ആരൊക്കെയുണ്ട്?

ആരുമില്ല, അതുകൊണ്ടല്ലേ പോരുന്നോ എന്ന് ചോദിച്ചത്…

എല്ലാവരും എവിടെ പോയി?

ഭാര്യ രണ്ട് വർഷമായി മരിച്ചിട്ട്. മക്കൾ രണ്ടുപേരും ബാംഗ്ലൂർ ആണ്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. മറ്റേയാൾ ജോലിയിൽ കയറിയതേയുള്ളൂ. അവന് രണ്ട് മൂന്ന് വ൪ഷം കഴിഞ്ഞേ കല്യാണം വേണ്ടൂ എന്നാണ്.

ഉം. ‌

പറയൂ, ഇങ്ങോട്ട് വരാൻ താത്പര്യമുണ്ടോ? അത്‌ ചോദിച്ചതുകൊണ്ടാണോ അന്ന് ഓടിപ്പോയത്?

അതത്ര എളുപ്പമുള്ള കാര്യമല്ല…

ഒരു സുഹൃത്തായിരിക്കാൻ എന്തായിത്ര വിഷമം?

സുഹൃത്തായിരിക്കാൻ വലിയ വിഷമമൊന്നുമില്ല. ഭാര്യ എന്നുപറഞ്ഞാൽ അതിലും കൂടുതൽ ഉത്തരവാദിത്തങ്ങളില്ലേ..?

എനിക്ക് രണ്ട് പ്രാവശ്യം ഹാ൪ട്ട് അറ്റാക്ക് വന്നതാണ്. അതുകൊണ്ടുതന്നെ താൻ പേടിക്കുന്ന രീതിയിലൊരു ഭാര്യാപദവിയൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല… തനിച്ച് കഴിഞ്ഞ് മടുത്തു… അതാ ചോദിച്ചത്.. സംസാരിച്ചിരിക്കാൻ മനസ്സിനിഷ്ടപ്പെട്ട ഒരു കൂട്ട്. വീട് അടിക്കാനും തുടക്കാനും ആളുണ്ട്.. വീട്ടുപണി എടുക്കാനൊന്നുമല്ല തന്നെ ഇങ്ങോട്ട് ക്ഷണിച്ചത്… പരസ്പരം ആശ്രയമാകാനാണ്.

ആണോ..

ഉം, ‌ ആലോചിക്കൂ.. എന്നിട്ട് മകളോടും വിവരം പറഞ്ഞ് ഒരുദിവസം ഇങ്ങോട്ട് പോരൂ..

മക്കൾക്ക് ഇഷ്ടമായില്ലെങ്കിലോ..?

എന്റെ പെൻഷൻ മതി നമുക്ക് രണ്ടുപേ൪ക്കും കഴിയാൻ.. നമുക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാം…

ഇപ്പോൾത്തന്നെ വരട്ടെ?

ഹഹഹ, ഈ രാത്രിയിലോ?

നേരം പുലരട്ടെ.. ഞാൻ വണ്ടി അയക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *