മീനു ഇവിടെയൊരു അധികപറ്റായി മാറുകയാണെന്ന സത്യം ഉൾക്കൊള്ളാനാകാതെ അവരുടെ ഉള്ളൊന്നു തേങ്ങി…..

മീനുവിന്റെ ഭ്രാന്ത്.

എഴുത്ത്:- ഭാവനാ ബാബു

“ഈ പെണ്ണിനിതെന്തു പറ്റി….?”

കല്യാണത്തിന് അളവ് ബ്ലൗസ് വാങ്ങാൻ വന്ന ചെക്കന്റെ പെങ്ങളാണ് ഈ ചോദ്യം മീനുവിന്റെ അമ്മയോടാദ്യം ചോദിച്ചത്….

ഇനി ഏതാനും ആഴ്ചകൾ മാത്രമേയുള്ളൂ കല്യാണത്തിന്.പൊടുന്നനെയാണ് മീനുവിന്റെ ഈ അപ്രതീക്ഷിതമായ മാറ്റം…

രാധുവിന്റെയും , കൃഷ്‌ന്റെയും മൂത്ത മകൾ മീനുവിന് എന്തോ പറ്റി… മനസ്സിനെന്തോ ഇളക്കം തട്ടിയതാണ്…നാട്ടുകാരിൽ ചിലർ അടക്കം പറയാൻ തുടങ്ങി….

കാര്യം നേര് തന്നെയാണോ എന്നറിയാൻ പലരും ഒളിച്ചും പാത്തും അവളുടെ വീട്ടിലെത്തി.

ജനാലക്കൽ വിദൂരതയിലേക്ക് നോട്ടമെറിഞ്ഞു നിൽക്കുന്ന മീനുവിന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ അവർ ഉറപ്പിച്ചു.അതേ പെണ്ണിന് വട്ടു തന്നെ.

അലക്ഷ്യമായി ഊർന്നിറങ്ങുന്ന സാരി തലപ്പും , അവളുടെ അലസമായ നോട്ടവും ധാരാളമായിരുന്നു അവർക്ക്.

“അമ്മേ , എനിക്ക് മീനൂട്ടിയെ തന്നെ മതി അമ്മേ….” ചെറുക്കന്റെ വാശിക്ക് മുന്നിൽ അവന്റെ അമ്മ തോറ്റു കൊടുത്തില്ല…..

“നേരത്തേ അറിഞ്ഞത് നന്നായി.ദുഷ്ടക്കൂട്ടങ്ങൾ….തലയ്ക്ക് സുഖമില്ലാത്തൊരു പെണ്ണിനെ കൽക്കണ്ടം പോലുള്ള എന്റെ ചെക്കന്റെ തലയിൽ കെട്ടി വയ്ക്കാൻ നോക്കിയതാണ്..”…….

ഈശ്വരൻ കാത്തു….തൊഴു കൈകളോടെ അവർ മീനുവിന്റെ വീട് വിട്ടിറങ്ങി…

അമ്മയുടെ പിന്നാലെ അനുസരണയുള്ളൊരു നായയെ പോലെ , നടക്കുമ്പോഴും അവന്റെ കണ്ണുകൾ ,അകലും വരെ അവളിൽ തന്നെയായിരുന്നു….

ഉറക്കമിളച്ചും,കരഞ്ഞും അവളുടെ അച്ഛനും അമ്മയും നേരം വെളുപ്പിച്ചു.

താഴെ , ഇനി രണ്ടെണ്ണം കൂടിയുണ്ട്.അതിന്റെ ഭാവി ഇരുട്ടിലാകുമോ ?ദിവസങ്ങൾ കഴിയുന്തോറും പിന്നെ അവരുടെ ഭയം അത് മാത്രമായിരുന്നു…..

ചൊവ്വയും,വെള്ളിയും കൃത്യമായി കുളിച്ചൊരുങ്ങി അവൾ ഭദ്ര കാളി ക്ഷേത്രത്തിൽ പോകും…. അപ്പോൾ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു തേജസ്സായിരുന്നു….

ഏതോ ചുടല പി ശാചാണ് ഉള്ളിൽ….കണ്ടവർ കണ്ടവർ മൂക്കത്ത് വിരൽ വച്ചു പറഞ്ഞു….

ആരും ശ്രദ്ധിക്കാത്തൊരു ഉപകരണമായി അവൾ മാറുമ്പോഴും, ഇടയ്ക്കിടെ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പാറുണ്ട്.

അതൊപ്പാൻ പതിവ് പോലെ ആരും ചെന്നില്ല….വഴി മാറി വീശുന്ന ഇളം തെന്നലല്ലാതെ..

“രണ്ടു കല്യാണങ്ങളും ഒരുമിച്ചു ഒരേ പന്തലിൽ എന്തേ”?

ബ്രോക്കർ ഭാർഗവൻ അത് പറഞ്ഞപ്പോൾ രാധുവിന്റെ കണ്ണുകൾ ആശ്വാസം കൊണ്ട് മിന്നി തിളങ്ങി.

ഈ അവസ്‌ഥയിൽ അവരൊന്നിനും എതിര് പറയാൻ പോയില്ല….മൂത്ത കുട്ടിക്ക് ഇച്ചിരി വിഭ്രാന്തി ഉണ്ടെന്നു കേട്ടപ്പോൾ പല ആലോചനകളും മുടങ്ങിയതാണ്….

സ്‌ത്രീധനം ഇത്തിരി കൂടുതൽ ആണെങ്കിലും, രണ്ടു പേർക്കും നല്ല ചെക്കന്മാരെ തന്നെ കിട്ടി.

പക്ഷെ അവർക്ക് ഒറ്റ ഡിമാൻഡെ ഉള്ളൂ… കല്യാണത്തിന് മീനുവിനെ കൊണ്ടു വരാൻ പാടില്ല….

“അവൾ ആരെയും ഉപദ്രവിക്കുന്ന പ്രകൃതക്കാരിയല്ല.” … കൃഷ്ണൻ അവരുടെ വീട്ടുകാരോട് കേണു പറഞ്ഞു…..

“ഈ നശി ച്ച സാധനം കാരണം ഞങ്ങളുടെ കല്യാണം കൂടി നിങ്ങൾ മുടക്കുമോ”?

മക്കളുടെ ചോദ്യം ചാട്ടുളി പോലെയാണ് രാധുവിന്റെ ഹൃദയത്തിൽ തറച്ചു കേറിയത്….

അടിവയറ്റിൽ നിന്നും ആ പഴയ പേറ്റു നോവിന്റെ ഓർമ്മ അവരുടെ മനസ്സിലേക്ക് ഓടിയെത്തി….

മീനു ഇവിടെയൊരു അധികപറ്റായി മാറുകയാണെന്ന സത്യം ഉൾക്കൊള്ളാനാകാതെ അവരുടെ ഉള്ളൊന്നു തേങ്ങി…

ഒടുവിൽ മറ്റൊരു പോം വഴിയുമില്ലാതെ , മീനുവിനെ വിവാഹത്തിന് കൊണ്ടു വരില്ലെന്ന് ചെക്കന്റെ വീട്ടുകാർക്ക് അവർ ഉറപ്പ് നൽകി…

നിഴലായി ഓടി നടക്കുന്ന മീനുവിന്റെ അച്ഛന്റെ മുഖത്തുമുണ്ട് ദുഃഖത്തിന്റെ കാർമേഘകാഴ്ച്ച….

അതൊന്ന് പെയ്‌തു തോരാൻ ഇരുട്ടിൽ അയാൾ ഭാര്യയുടെ ചുമലിൽ മുഖം താഴ്ത്തി കിടന്നു…..

അങ്ങനെയാ വിവാഹ നാളെത്തി…. വെളുപ്പിന് തന്നെ പോകേണ്ടതുണ്ട്…

“ചേച്ചിയുടെ അനുഗ്രഹം വാങ്ങണം.”…

അമ്മയുടെ വാക്കുകൾ ചിറി കോട്ടിയ മുഖത്തോടെ അവർ പുച്ഛിച്ചു തള്ളി…..

മീനുവിന് കഴിക്കേണ്ടതെല്ലാം ഉണ്ടാക്കി മേശപ്പുറത്തു വച്ചിട്ട് രണ്ടു മക്കളുടെയും വിരൽ തുമ്പ് പിടിച്ചു അവർ മണ്ഡപത്തിലേയ്ക്ക് യാത്രയായി….

ഇനി രാത്രിയാകും വീടെത്താൻ അതോർത്തപ്പോൾ കാറിലിരുന്നും രാധുവിന്റെ ഹൃദയമിടിപ്പ് കൂടി…..

അവളെ മുറിയിലിട്ടു പൂട്ടമായിരുന്നു….ഓരോന്ന് ആലോചിച്ചു ഒടുവിൽ അവർ മണ്ഡപത്തിലെത്തി….

രണ്ടു മക്കളും ഒരേ സമയം മംഗല്യവതികളായപ്പോൾ അവരുടെ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നി….

“കൃഷ്‌ണേട്ടാ , ഇനി മീനുവിനെ ഇങ്ങനെ വച്ചോണ്ടിരുന്നാൽ പറ്റില്ല.നല്ലൊരു ഡോക്ടറെ കാണിക്കണം”

എന്തോ ഓർത്തു നിന്ന കൃഷ്ണൻ വെറുതെയൊന്നു മൂളുക മാത്രം ചെയ്തു….

താലികെട്ടും , സദ്യയും , യാത്രയയപ്പും ഒക്കെ കഴിഞ്ഞപ്പോൾ ഏകദേശം നേരം വൈകുന്നേരമായി…

ബാക്കി വന്ന കുറച്ചു കറികളും, മീനുവിനേറ്റവും ഇഷ്ടപ്പെട്ട കടലപ്പായസവുമെടുത്തു അവർ വീട്ടിലേക്ക് തിരിച്ചു…

“രാധൂ, വീടെത്തുമ്പോൾ ഏകദേശം ഏഴു മണിയെങ്കിലും ആകും”….കൃഷ്ണൻ ആകുലതയോടെ പറഞ്ഞു….

“അയ്യോ, അതുവരെ നമ്മുടെ മീനു ഒറ്റയ്ക്ക്”….

“ഒന്ന് വേഗം ഓടിക്ക് ” രാധു ഡ്രൈവറോട് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു….

ആറര ആയപ്പോഴേയ്ക്കും അവർ വീടെത്തി. പതിവ് പോലെ , തുളസിത്തറയിൽ വിളക്ക് വച്ചിട്ടില്ല…..ഇറയത്ത് ദീപവുമില്ല…

എത്ര സൂക്കേട് ഉണ്ടെങ്കിലും, മീനു മുടങ്ങാതെ ചെയ്ത രണ്ടു കാര്യങ്ങൾ ഇതു മാത്രമായിരുന്നു….

“ഈശ്വരാ, ന്റെ കുട്ടി….മാറത്തു കൈ വച്ചു രാധു വീടിനുള്ളിലേയ്ക്ക് പാഞ്ഞു കയറി….

ജനാലക്കൽ പതിവ് പോലെ അവൾ ഉണ്ടായിരുന്നില്ല….ആ വീട് മുഴുവൻ അവർ അവൾക്കായി തിരഞ്ഞു….എങ്ങും കണ്ടില്ല…

“കൃഷ്ണേട്ടാ, നമ്മുടെ മോള്…. ആർത്തലച്ചു രാധു പറഞ്ഞു…

വേച്ചു വീഴാനൊരുങ്ങിയ അവളെ കൃഷ്‌ണന്റെ കൈകൾ താങ്ങി നിർത്തി….

അപ്പോഴാണ് മേശപ്പുറത്തു ഇരുന്നൊരു കത്ത് അവരുടെ ശ്രദ്ധയിൽ പെട്ടത്…

വിറയ്ക്കുന്ന കൈകളോടെ അവരത് നിവർത്തി വായിച്ചു.

“സ്നേഹം നിറഞ്ഞ അച്ചനും , അമ്മയ്ക്കും….

ഞാൻ കിച്ചുവേട്ടനൊപ്പം പോകുകയാണ്…ഞങ്ങളുടെ ഈ ബന്ധമറിഞ്ഞാൽ നിങ്ങൾ സമ്മതിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…അതുകൊണ്ടാണ്‌ എനിക്ക് ഇങ്ങനെയൊരു നാടകം കളിക്കേണ്ടി വന്നത്…എന്നോട് ക്ഷമിക്കണം…ഭദ്ര കാളി ക്ഷേത്രത്തിൽ വച്ചു , ഇന്ന് പതിനൊന്ന് മണിക്ക് ഞങ്ങളുടെ വിവാഹമാണ്..നിങ്ങൾ മനസ്സറിഞ്ഞു അനുഗ്രഹിക്കണം.”

കത്തു വായിച്ചു അവർ പരസ്പരം മുഖത്തോട് മുഖം നോക്കി….

“ആ തെങ്ങു കേറുന്ന കിച്ചുവോ”? വിഷമത്തോടെ രാധു ചോദിച്ചു…

“സാരമില്ലെടീ അവൻ അദ്ധ്വാനിയാണ്.അവനവളെ പൊന്നുപോലെ നോക്കും”…

കൃഷ്ണന്റെ വാക്കുകൾ അവൾക്കൊരല്പം ആശ്വാസമായി…

എന്നാലും നമ്മുടെ മീനു… മോളുടെ ചെയ്തികൾ ഓർത്തപ്പോൾ ഒരു നിമിഷം അവരുടെ മനസ്സും ഒന്നു നടുങ്ങി……

ചെമ്പകം

Related Posts

Leave a Reply

Your email address will not be published. Required fields are marked *