മുത്തശ്ശൻ മരിച്ചു… പെട്ടന്നുള്ള മരണമായിരുന്നു. കൊറോണ വന്നിട്ട്.. അതുകൊണ്ട് തന്നെ മുത്തശ്ശൻ മരിച്ചു കിടന്നപ്പോൾ പോലു ഞങ്ങൾ…..

ഞങ്ങളുടെ മുത്തശ്ശി

എഴുത്ത്:- ആഷാ പ്രജീഷ്

ഞങ്ങളുടെ അച്ഛാ പാവമാണ്.. ആരു ചോദിച്ചാലും അങ്ങനെയേ പറയാൻ പറ്റൂ.. കാരണം അതൊരു സത്യമായ കാര്യമാണ്..കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്നൊരു മനുഷ്യൻ..14 വയസുള്ള എനിക്ക് അച്ഛനെ കുറച്ചു ഭയമാണ്.ആളൊരു ചൂടനായതുകൊണ്ട് മാത്രമല്ല ആളുടെ സ്ഥായിയായ ഭാവം തന്നെ ഗൗരവം ആണ്.. പക്ഷെ ഉള്ളിൽ ഒരുപാട് നന്മയുള്ള ആൾ..മുത്തശ്ശി പറയുന്നത് പോലെ.. അവനു അവന്റെ അച്ഛന്റെ സ്വഭാവം ആണ്…പിന്നെ ഇടക്ക് പറയുന്നത് കേൾക്കാം.. എന്റെ കുട്ടി കുടുംബത്തിന് വേണ്ടി എത്രയാ കഷ്ടപ്പെടുന്നത് എന്ന്.. അപ്പോൾ അവരുടെ മിഴികൾ നിറഞ്ഞു വരുന്നതും കാണാറുണ്ട്…

“അച്ഛനെ പോലെ തുടങ്ങിക്കോ…

ഇടക്ക് ഈ വാചകവും കുറ്റപ്പെടുത്തുന്ന പോലെ മുത്തശ്ശിയുടെ നാവിൽ നിന്ന് തന്നെ കേൾക്കാറുണ്ട്..

ഇതിപ്പോ പറഞ്ഞു വരുന്നതെന്താണെന്ന് വച്ചാൽ….

മുത്തശ്ശൻ മരിച്ചു… പെട്ടന്നുള്ള മരണമായിരുന്നു. കൊറോണ വന്നിട്ട്.. അതുകൊണ്ട് തന്നെ മുത്തശ്ശൻ മരിച്ചു കിടന്നപ്പോൾ പോലു ഞങ്ങൾ അദ്ദേഹത്തെ കണ്ടില്ല..മുത്തശ്ശനു ഒരു ചായ പീടികയായിരുന്നു.. എനിക്ക് ഓർമവച്ച കാലം തൊട്ടേ മുത്തശ്ശനെ കാണാൻ കിട്ടുക വിരളമായിരുന്നു.. ആൾ വെളുപ്പിനെ എഴുന്നേറ്റ് പീടികയിലേക്ക് പോകും.. രാത്രി വളരെ വൈകി ഞങ്ങൾ ഉറങ്ങിയതിനു ശേഷമേ വരൂ.. നല്ല തിരക്കുള്ള കട.. അതുകൊണ്ട് വീട്ടിൽ സാമാന്യം നല്ല ജീവിതസൗകര്യങ്ങൾ തന്നെയാണ് ഞങ്ങൾക്ക് കിട്ടിയിട്ടുള്ളത്.. എന്നും രാവിലെ പലതരം പലഹാരങ്ങൾ.. ഉച്ചക്ക് വിഭവങ്ങൾ നിറഞ്ഞ ഊണ്.. ഇടക്കിടക്ക് മീൻ, ഇറച്ചി.. എന്റെ കൂട്ടുകാർക്കൊക്കെ എന്നോട് അസൂയയായിരുന്നു..

അച്ഛൻ ചായ പീടികയോട് ചേർന്ന് ഒരു പലചരക്കു കട കൂടി തുടങ്ങിയത് എന്റെ ജനനത്തിന് ശേഷമാണത്രെ.. അതും നല്ല രീതിയിൽ പോകുന്നു… അച്ഛനും മുത്തശ്ശനും എപ്പോഴും തിരക്കുള്ള രണ്ടു വ്യക്തികൾ.. അടുക്കളയിൽ ജോലിയിൽ മാത്രം മുഴുകിയിരിക്കുന്ന മുത്തശ്ശിയും അമ്മയും..

ഞങ്ങൾ കുട്ടികൾ ഞങ്ങളുടെ ലോകത്തും.. അമ്മ ഒരു തമാശക്കാരിയാണ്. ഇടക്കൊക്കെ ഞങ്ങൾ കുട്ടികളുടെ കൂടെ കളിയും തമാശയ്ക്കും ഒക്കെ കൂടെ കൂടും. എന്നാൽ മുത്തശ്ശി അപ്പോഴും പണിയിൽ തന്നെ..

ഈ മുത്തശ്ശിക്ക് കുറച്ചു സമയം വെറുതെ ഇരുന്നു കൂടെ എന്ന് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്..

ആദ്യമായി കുറച്ചു ദിവസങ്ങൾ മുത്തശ്ശി വെറുതെ ഇരിക്കുന്നത് കണ്ടത് മുത്തശ്ശൻ മരിച്ചതിനു ശേഷമാണു.. കുറെ ദിവസത്തേക്ക് അച്ഛൻ കട തുറന്നില്ല.. പിന്നെ കട തുറന്നതോടെ കടയിൽ തിരക്കിലാക്ക് അച്ഛൻ ഊളിയിട്ടു.. അമ്മയും മുത്തശ്ശിയും അടുക്കള പണിയിലും..

അച്ഛന്റെ ചായയോളം ടേസ്റ്റ് മകന്റെ ചായക്കില്ലത്രേ…

മുത്തച്ഛന്റെ മരണ ശേഷം അച്ഛൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അതാണെന്ന് അമ്മ പറഞ്ഞാണ് കുഞ്ഞുങ്ങളായ ഞങ്ങൾ അറിഞ്ഞത്… ജോലിയിലെ തിരക്ക് കാരണം ആണെന്ന് തോന്നുന്നു.. അച്ഛന്റെ ദേഷ്യഭാവം നാൾക്ക് നാൾ കൂടി വന്നു..

“എന്നെ കൊണ്ട് ഒറ്റക്ക് വയ്യ!!

ഒരു ദിവസം സഹികെട്ട പോലെ അച്ഛൻ പറയുന്നത് എന്റെ കാതിലുമേത്തി..

പക്ഷെ ഇതൊന്നുമല്ല ഇപ്പോൾ അമ്മയെയും എന്നെയും അലട്ടുന്ന പ്രശ്നം.. മുത്തശ്ശൻ മരിച്ചു 4 മാസങ്ങൾ കഴിഞ്ഞു കാണും.. മുത്തശ്ശിയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം…

രാത്രി മുറിയിൽ ഒറ്റക്ക് കിടന്ന് അടക്കം പറയുക.. കുണുങ്ങി ചിരിക്കുക എന്ന് തുടങ്ങി.. ആൾക്ക് ചില മാറ്റങ്ങൾ.. മുത്തച്ഛന്റെ വേർപാട് അവരെ സന്തോഷിപ്പിക്കുന്നുണ്ടോ എന്ന് പോലും ഒരുവേള ഞങ്ങൾക്ക് തോന്നി..അടുക്കള ജോലിയിൽ മുഴുകിയിരിക്കെ ആൾ ഒരു ദിവസം മൂളിപാട്ട് പാടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.. അത് മാത്രമല്ല. സന്ധ്യക്ക്‌ തെക്കേതൊടിയിൽ വിളക്ക് വയ്ക്കാൻ പോകുന്ന മുത്തശ്ശി ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞാണ് മടങ്ങി വരാറ്.. അവിടെ ഒരു വലിയ ആഞ്ഞിലി ഉണ്ടായിരിന്നു.. അത് മുറിച്ചു മാറ്റിയതിന്റെ ചില കഷണങ്ങൾ അവിടെ ഇപ്പോഴും കിടപ്പുണ്ട്. അതിൽ ഒന്നിന്റെ മുകളിൽ ഇരുന്ന് കുറേ സമയം കഴിഞ്ഞാണ് അവർ മടങ്ങി വരാറ്.. ആദ്യമാദ്യം മുത്തശ്ശനെ വിട്ടു പിരിഞ്ഞതിന്റെ സങ്കടം കൊണ്ടാണ് അവിടെ പോയി കുറെ സമയം ഇരിക്കുന്നതെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു.. എന്നാൽ ഈ കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി.. എന്റെ ഇളയ അനുജനാണ് പറഞ്ഞത്…ദേ മുത്തശ്ശി അവിടെ ഇരുന്ന് വെറുതെ ചിരിക്കുന്നു… ഞാൻ ഓടി ചെന്ന് നോക്കി..

അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല.14വയസായ പെൺകുട്ടിയല്ലേ ഞാൻ..മുത്തശ്ശി പറഞ്ഞതത്രയും ഓർത്തോർത്തു കിടക്കെ കണ്ണുകൾ നിറഞ്ഞു വന്നു.. കുറെ കിടന്നു കരഞ്ഞു. പിന്നെ എപ്പഴോ മയങ്ങി.. ഉറക്കനുണർന്നപ്പോൾ 8 മണി… കൊറോണ കാലമായതുകൊണ്ട് സ്കൂളിൽ പോകണ്ട.. വേഗം അടുക്കളയിലേക്ക് നടന്നു.. രാവിലെ കടയിലേക്ക് കൊണ്ട് പോകാനുള്ള ദോശയും ഇഡ്ഡലിയും മറ്റും റെഡിയായിട്ടുണ്ട്.. കടയിലെ തിരക്കിൽ നിന്ന് അച്ഛൻ ഓടി വരുമ്പോൾ കൊടുത്തു വിടാൻ പാകത്തിന് എല്ലാം റെഡിയാണ്.. എന്തെങ്കിലും താമസം ഉണ്ടായാൽ അച്ഛന്റെ വായിൽ നിന്ന് നല്ലത് കേൾക്കുമെന്ന് അമ്മയ്ക്കറിയാം.. വീട്ടിൽ നിന്ന് 15 മിനിറ്റോളം ഉണ്ട് കടയിലേക്ക്.. തലേ ദിവസം രാത്രി വളരെ വൈകി എന്റെ അനുജനോട് (ട്വിൻ ബ്രദർ ആണ് അവൻ )ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു റെഡിയാക്കിയിരുന്നു..

അതുകൊണ്ട് അവൻ പുറത്തു നിന്ന് സൈക്കിളിന്റെ ബല്ലടിച്ചു..

സാമ്പാറിന്റെയും ചമ്മന്തിയുടെയും പത്രങ്ങൾ അവന്റെ സൈക്കിളിൽ തൂക്കിയിട്ടു.. അവൻ കുറച്ചു ശ്രദ്ധ കൂടുതലുള്ള പയ്യനാണ് എന്നെ പോലെ അല്ല.. വളരെ മെല്ലെ അത് കളയാതെ അവൻ കടയിലെത്തിക്കും.. ഞാൻ അവന്റെ പുറകെ എന്റെ സൈക്കിളിൽ പോകുമ്പോ വലിയ ഒരു കാര്യം ചെയ്തത് പോലെയൊന്നും എനിക്ക് തോന്നിയില്ല. പകരം മനസ് നിറയെ സങ്കടമായിരുന്നു.. മുത്തശ്ശനെ ഓർത്തിട്ട്… മുത്തശ്ശിയെയും അച്ഛനെയും അമ്മയെയും ഓർത്തിട്ട്…

കടയിൽ സാമാന്യം തിരക്കുണ്ട്.. ചായപീടികയിൽ സഹായത്തിനു ഒരു മൂപ്പിനാർ ഉണ്ട്.. മുത്തച്ഛന്റെ മരണ ശേഷം ആൾ അവിടെ സ്ഥിരമായി ഉണ്ട്.. പക്ഷെ നന്നേ പ്രായമായ അയാൾക്ക് പലചരക്കു കടയിലെ ജോലികൾ ഒന്നും അറിയില്ല.. എഴുതും വായനയും അറിയില്ലത്രേ..

അച്ഛാ…..

പുറം തിരിഞ്ഞു നിന്ന് അരിചാക്ക് പൊട്ടിക്കുന്ന അച്ഛൻ തിരിഞ്ഞു നോക്കിയപ്പോൾ ചെറുതായി ഞെട്ടിയത് പോലെ..

അച്ഛന്റെ കടയുടെ കാഷ്യർ പോസ്റ്റിൽ ഞാൻ…
ഞെട്ടതെങ്ങനെ???

പഞ്ചസാരയും പരിപ്പും പിന്നെ പലഹാരങ്ങളും എല്ലാം കൂടെ എത്ര എന്ന് ഞാൻ എളുപ്പത്തിൽ കൂടി പറഞ്ഞു.

തന്ന തുകയുടെ ബാക്കി മടക്കി നൽകുമ്പോൾ ആ പ്രായം ചെന്ന കസ്റ്റമർക്ക് മനോഹരമായ ഒരു ചിരി സമ്മാനിക്കാനും മറന്നില്ല.. അച്ഛനിൽ നിന്നും ഒരിക്കലും കിട്ടാത്ത ഒന്ന് കിട്ടിയത് കൊണ്ടാണെന്നു തോന്നുന്നു ആൾ ഭയങ്കര ഹാപ്പി.. കടയിലുള്ള എന്റെ കടന്നാക്രമണത്തെക്കാൾ അച്ഛനെ ഞെട്ടിച്ചത് അനുജന്റെ അസിസ്റ്റന്റ് ജോലിയാണ്.. ചായപ്പീടികയിലെ മൂപ്പിനാരുടെ അസിസ്റ്റന്റ് ആയ എന്റെ ഇരട്ട സഹോദരൻ..

അവൻ എന്നെ കാൾ കുറച്ചു കൂടെ പക്വതയുള്ളവനായത് കൊണ്ടാണെന്നു തോന്നുന്നു.. എല്ലാവർക്കും അവനെ വല്ലാതങ്ങു ഇഷ്ടമായ പോലെ.. എനിക്ക് ചെറിയ കുശുമ്പോക്കെ തോന്നി തുടങ്ങി… എന്നാലും ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക് മനസിന്‌ വല്ലാത്ത സന്തോഷം.. വീട്ടിലെ അന്തരീക്ഷം ആകെ മാറി മറിഞ്ഞപോലെ..

അച്ഛാ ഇന്ന് അച്ഛൻ കടയിൽ വരണ്ട.. അമ്മക്ക് അമ്പലത്തിൽ പോകാൻ ഉണ്ട്.. അമ്മേടെ കുടുംബക്ഷേത്രത്തിൽ.. അച്ഛൻ കൂടെ ചെല്ലണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ട്…

അത്രയും പറഞ്ഞൊപ്പിക്കാൻ രാത്രി മുഴുവൻ റിഹേഴ്‌സൽ നടത്തിയിരുന്നു ഞങ്ങൾ..

പേടിയാണ് ഇന്നും അച്ഛനോട് മുഖത്തു നോക്കി എന്തെങ്കിലും പറയാൻ…

എന്തായാലും അച്ഛൻ മൗനമായി എന്നെ തന്നെ നോക്കിയത് മാത്രമേ ഒള്ളു..

എന്നിട്ട് ഒന്നും മിണ്ടാതെ കടയിലേക്ക് പോയി.. അപ്പൊ അടുക്കള വാതിൽക്കൽ അമ്മയുടെ നിരാശ നിറഞ്ഞ മുഖം കണ്ടു ഞങ്ങൾ.. പക്ഷെ സന്തോഷിക്കാനുള്ള വക വേറെ ഉണ്ടായി… രാവിലെ പലഹാരവുമായി ഞങ്ങൾ ചെല്ലുന്നത് കാത് അച്ഛൻ അക്ഷമനായി നിൽപുണ്ടായിരുന്നു.. അത്യാവശ്യം കാര്യങ്ങൾ ഞങ്ങളെ പറഞ്ഞു ഏർപ്പാട് ചെയ്തിട്ട് അച്ഛൻ വീട്ടിലേക്കു തിരിച്ചു.. അമ്മയെ കൂടി അമ്പലത്തിൽ പോകാൻ…

വീട്ടിലെ അന്തരീക്ഷം പെട്ടന്ന് മാറിയത് പോലെ.. അച്ഛന്റെ ദേഷ്യഭാവം നന്നേ കുറഞ്ഞു വന്നു.. അമ്മയും ഹാപ്പി.. ചില ആഘോഷദിവസങ്ങളിൽ അച്ഛൻ കട തിരക്കാറില്ല ഇപ്പോൾ.. അന്ന് ഞങ്ങളുടെ കൂടെ ചിലവഴിക്കും…പക്ഷെ മുത്തശ്ശി മാത്രം ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെ.. അതിനും ഒരു മാറ്റം വേണ്ടേ…

വേണം!!”

പക്വതയുള്ള എന്റെ അനുജൻ തുറപ്പിച്ചു പറഞ്ഞു…

***************

“കണ്ടോ.. നിങ്ങളുടെ മകനെ കണ്ടു പഠിക്ക്.. അവൻ നിങ്ങളെ പോലെയല്ല.. ജീവിക്കാൻ പഠിച്ചു.ഞാൻ ഇത് പറഞ്ഞപ്പോഴൊക്കെ എന്നെ കുറ്റപ്പെടുത്തുകയും വഴക്കു പറയുകയും ചെയ്തിട്ടല്ലേ ഒളൂ…കട കട ന്ന് പറഞ്ഞു ജീവിതം മൊത്തം നശിപ്പിച്ചു.. എത്ര മോഹമുണ്ടായിരുന്നതാണ് എനിക്ക് നിങ്ങളോടൊത്തൊരു യാത്ര പോകാൻ.. നിങ്ങളുടെ മുഖത്തു നോക്കി ഒരു പാട് സംസാരിക്കാൻ… അങ്ങനെ എത്രയെത്ര മോഹങ്ങൾ.. ഒരു ഉത്സവപറമ്പിൽ ഒരിക്കലെങ്കിലും നമ്മൾ ഒരുമിച്ചു പോയിട്ടുണ്ടോ?? എന്തായാലും എനിക്കിപ്പോൾ സന്തോഷമുണ്ട് എന്റെ അവസ്ഥ സൗമിനിക്ക് (ഞങ്ങളുടെ അമ്മ )വന്നില്ലാലോ എന്നോർത്തു… ഈ അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി പോയില്ലലോ അവളുടെ ജീവിതം….”””

അത് പറയുമ്പോൾ മുത്തശ്ശിയുടെ തൊണ്ടയിടറിയതു പോലെ…

“എന്റെ മുത്തശ്ശി.. ഈ മുത്തശ്ശനു ആഗ്രഹം ഒക്കെ യുണ്ട് മുത്തശ്ശിയെകൊണ് കറങ്ങാനൊക്കെ പോകാൻ.. പക്ഷെ എന്താ ചെയ്യാ ഇപ്പോൾ വരാൻ പറ്റോ?? എല്ലാത്തിന്റേയും കാരണം ഈ നശിച്ച കൊറോണ ആണ്… മാസ്ക് വയ്ക്കാൻ പറഞ്ഞ കേൾക്കില്ല അതോണ്ടല്ലേ ഇപ്പൊ ഈ കിടപ്പ് കിടക്കേണ്ടി വന്നത്..

എന്നലെ മുത്തശാ!! ഇനി ഞങ്ങളാണ് കാര്യങ്ങൾ ഒക്കെ നോക്കുന്നെ… മുത്തശ്ശിക്ക് ഇഷ്ടമുള്ളോടതൊക്കെ ഞങ്ങൾ കൊണ്ടോകും.. പിന്നെ ഇത്രേം വർഷം മുത്തശ്ശി പറയാൻ ആഗ്രഹിച്ച കാര്യങ്ങളത്രയും ഇപ്പൊ ഈ തെക്കേ തൊടിയിൽ വന്നിരുന്നു പറയുന്നില്ലേ.. അതുപോലെ ഞങ്ങൾക്കും കുറെ കാര്യങ്ങൾ മുത്തശ്ശനോടെ പറയാനുണ്ട്… ഞങ്ങൾ മൂന്നു പേരും കൂടെ ഒന്നിച്ചാണ് ഇനി മുത്തശ്ശനോടെ കുശലം പറയാൻ വരുന്നത്…
കാറ്റിന്റെ ചെറിയൊരു ചൂളമടി പോലെ അതിനൊക്കെ മറുപടി തന്നോളണം കേട്ടോ…

എന്റെ അനുജന്റെ അശരീരി പോലെയുള്ള ആ വാക്കുകൾ തെക്കേതൊടിയിൽ വിശ്രമം കൊള്ളുന്ന മുത്തശ്ശൻറെ കണ്ണുകളെ ഈറനണിയിച്ചിരിക്കും… എന്റെയും മുത്തശ്ശിയുടെയും കണ്ണുകളെ ഈറനണിയിച്ച പോലെ…..

ആഷ്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *