യന്ത്രിമാണോ എന്നറിയില്ല ബ്രെക്കിൽ പതിയെ കാലമർന്നു വണ്ടി അയാളുടെ അരികിൽ നിർത്തി .. ഞാൻ വണ്ടീടെ ഗ്ലാസ് താഴ്ത്തിയതും……

എഴുത്ത് :- സൽമാൻ സാലി

പെരുന്നാൾ തിരക്ക് ആയതുകൊണ്ട് തന്നെ പുലർച്ചെ മൂന്ന് മണി കഴിഞ്ഞിട്ടും കടയിലേക്ക് ഫുഡിനുള്ള ഓർഡർ വന്നുകൊണ്ടേ ഇരുന്നു . അവസാനമായി വന്ന ഓർഡർ അല്പം വലിയ ഓർഡർ ആയതുകൊണ്ടാണ് എടുത്തത് കാരണം അത് ഡെലിവറി ചെയ്യാനുള്ള സ്ഥലം ഒരു മലമുകളിൽ ആണ് .. അല്പം പിശക് പിടിച്ച സ്ഥലം ആണെങ്കിലും പതിനഞ്ച് റിയാലിന്റെ ഓർഡർ ((നാട്ടിലെ മൂവായിരം ) ഉള്ളതുകൊണ്ട് ഒഴിവാക്കാനും തോന്നിയില്ല ..

സമയം ഏകദേശം നാല് മണിയോടടുത്തിട്ടുണ്ടാകും തിരക്ക് കാരണം നല്ല ക്ഷീണവും .. വണ്ടിയിൽ പഴയ സിനിമ പാട്ടും കേട്ട് ഞാൻ ഓർഡറുമായി പോയികൊണ്ടിരിക്കുമ്പോൾ ഒരു വെള്ള കന്തൂറ (അറബികളുടെ പാരമ്പര്യ വസ്ത്രം )ധരിച്ച ഒരു ഒമാനി വണ്ടിക്ക് കൈ കാണിച്ചത് .. യന്ത്രിമാണോ എന്നറിയില്ല ബ്രെക്കിൽ പതിയെ കാലമർന്നു വണ്ടി അയാളുടെ അരികിൽ നിർത്തി .. ഞാൻ വണ്ടീടെ ഗ്ലാസ് താഴ്ത്തിയതും നല്ല ഊതിന്റെ മണം വണ്ടിയുടെ അകത്തേക്ക് അടിച്ചു കേറി ..

” അസ്സലാമു അലൈക്കും … ഈദ് മുബാറക് ..

” വ അലൈകുമുസ്സലാം . ഈദ് മുബാറക് ..

പെരുന്നാൾ ആശംസ നൽകികൊണ്ട് അയാൾ മലമുകളിലേക്ക് ആണെങ്കിൽ എന്നെയും കൂട്ടുമോ എന്ന് ചോദിച്ചു ..

അപ്പോഴേക്കും ഞാൻ വേറെ എതൊ ചിന്തയിൽ ആയിരുന്നു .. അയാളോട് വണ്ടിയിൽ കേറാൻ പറഞ്ഞതും വണ്ടി മുന്നോട്ട് നീങ്ങിയതുമെല്ലാം യന്ത്രികമായിട്ടാണ് ..

പതിയെ പതിയെ വണ്ടിയിൽ ഊതിന്റെ മണം നിറയാൻ തുടങ്ങി .. അയാൾ കേറി യാത്ര തുടങ്ങി കുറെ നേരം ആയിട്ടും മല മുകളിൽ എത്തുന്നുണ്ടായിരുന്നില്ല ..

മലഞ്ചെരുവിനടുത്തുള്ള ഇടവഴിയിലേക്ക് വണ്ടി നീങ്ങുമ്പോഴും വണ്ടിയുടെ നിയന്ത്രണം എന്റെ കയ്യിലായിരുന്നില്ല .. അയാളുടെ ഊതിന്റെ മണം മാത്രം ആണ് മനസ്സിൽ .. ഞാൻ മിററിൽ കൂടെ പിൻ സീറ്റിലേക്ക് ഒന്ന് നോക്കിയപ്പോ അവിടെ ഒരു വെളിച്ചം മാത്രം .. പെട്ടെന്ന് മുന്നിൽ ഒരു നിഴൽ കണ്ടതും ഞാൻ ബ്രെക്കിൽ ആഞ്ഞു ചവിട്ടി .. എന്റെ തല നേരെ സ്റ്റിയറിങ്ങിൽ പോയി ഇടിച്ചത് മാത്രം ഓർമയുണ്ട് . പിന്നെ ഉണരുന്നത് ഒരു പഴയ കെട്ടിടത്തിനുള്ളിൽ ആണ് . ഞാൻ ഒരു കട്ടിലിൽ കിടക്കുന്നുണ്ട് കൈ കാലുകൾ ബന്ധിച്ചിട്ടുണ്ട് . ദേഹത്ത് പുതപ്പിട്ട് മൂടിയതുകൊണ്ട് തന്നെ നല്ല ചൂടും അനുഭവപ്പെടാൻ തുടങ്ങി .. അലറി വിളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദം തൊണ്ടക്കുഴി വിട്ട് പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല ..

പെട്ടെന്നാണ് കതക് തുറന്നുകൊണ്ട് അയാൾ കയറി വന്നത് . വെള്ള വസ്ത്രത്തിന് പകരം കറുത്ത വസ്ത്രം .. കയ്യിലൊരു വലിയ്യ ക ത്തിയും ഉണ്ട് .. റൂമിലെ അലമാര തുറന്നതും അതിൽ വെളുത്ത ഒരു സായിപ്പ് കിടക്കുന്നു .. ഒരൊറ്റ വെ ട്ടിന് കൈ രണ്ടും വേ ർപെടുത്തി തൂക്കി എടുത്തോണ്ട് അയാൾ ഇറങ്ങിപ്പോവുകയും ചെയ്തു …

പേടിയോടെ ഞാൻ അയാളെ നോക്കി .. അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി ..

ഏത്ര ശ്രമിച്ചിട്ടും കൈയും കാലും അനക്കാൻ പറ്റുന്നില്ല .. സമയം പോയിക്കൊണ്ടിരുന്നു ..

പെട്ടെന്ന് ഊതിന്റെ മണം മാറി നല്ല മസാല ഇട്ട പച്ച ഇ റച്ചി വേവിക്കുന്ന മണം മൂക്കിലേക്ക് അടിക്കാൻ തുടങ്ങി ..

അതെ ആ സായിപ്പിനെ അങ്ങേര് മസാല പുരട്ടി അ ൽഫഹം ആക്കുകയാണ് എന്ന് എനിക്ക് മനസിലായി ..

ഇനി തടിയും വണ്ണവുമുള്ള എന്നെ അങ്ങേര് ഗ്രില്ല് അടിച്ചത് തന്നെ .. മനസ്സിൽ ഒരുപാട് ചിന്തകൾ മിന്നിമാഞ്ഞുകൊണ്ടിരുന്നു ..

ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു .. മക്കളും കെട്യോളും ഒക്കെ കണ്മുന്നിൽ തെളിഞ്ഞു കണ്ടപ്പോൾ കണ്ണുനീർ ചാലിട്ടൊഴുകാൻ തുടങ്ങി .. ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായനായ അവസ്ഥ .. മ രണം ഏതാനും നിമിഷങ്ങൾക്കകം സംഭവിക്കും .. അങ്ങേരുടെ ഷ വര്മയോ ഗ്രില്ലോ ആവാൻ ആണ് എന്റെ വിധി ..

കണ്ണുമടച്ചു പ്രാർത്ഥനയോടെ കിടന്നു ..

നല്ല എണ്ണയിൽ മുരിഞ്ഞ മസാല മണം മൂക്കിനടുത്തേക്ക് വന്നു .. കണ്ണ് തുറന്നു നോക്കിയപ്പോ അയാൾ വീണ്ടും ക ത്തിയുമായി മുന്നിൽ .. എനിക്ക് നേരെ ആ ഞ്ഞു വെ ട്ടി .. ”അള്ളോഹ് ” ഒരലർച്ചയോടെ ഞാൻ എണീറ്റു ..

മുന്നിൽ കെട്യോള് .. കയ്യിലൊരു ചട്ടുകം .. കറുത്ത കന്തൂറക്ക് പകരം മഞ്ഞ മാക്സി .. ഊതിന്റെ മണം ഇല്ല പകരം ചാള വറുത്ത മണം ..

ധെ മനുഷ്യ ഉറങ്ങിയത് മതി നല്ല ചാള വറുത്തതും ചോറും ഉണ്ട് വേണേൽ വന്ന് കഴിച്ചു ജോലിക്ക് പോകാൻ നോക്ക് ..

പെരുന്നാൾ ക്ഷീണത്തിൽ ഉറങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു ഇമ്മാതിരി സ്വപ്‌നങ്ങൾ ഒക്കെ കാണുന്നത് ..

എന്തായാലും ജീവൻ തിരിച്ചു കിട്ടായല്ലോ ഭാഗ്യം …

Related Posts

Leave a Reply

Your email address will not be published. Required fields are marked *