വീട്ടിൽ പോയിട്ട് മാറിയുടുക്കാൻ ഒന്നുമില്ല ആകെ ഉള്ള ഒരു കൂട്ട് യൂണിഫോമും വെള്ളമുണ്ടും ഞാൻ രാവിലെ അലക്കി ഇട്ടതെ ഒള്ളു.. ഇനി എന്തെടുത്ത് ഉടുക്കാൻ……..

എഴുത്ത് :- ബഷീർ ബച്ചി

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം. യൂണിഫോം നിർബന്ധമില്ലാത്ത ഒരു ദിവസം ആകെയുള്ള വെള്ള മുണ്ടു രാവിലെ അലക്കിയത് കൊണ്ട് ഉണങ്ങിയിട്ടില്ല.. പിന്നെയൊരു പഴകിയ കള്ളിമുണ്ടും ആകെയുള്ള വെള്ളയിൽ നീല പുള്ളിയുള്ള ഷർട്ടും ധരിച്ചു പതിവ് പോലെ വൃക്ഷത്തിന്റെ ശിഖരങ്ങളിൽ ചിലച്ചു കൊണ്ടിരിക്കുന്ന കിളികളോടു സംസാരിച്ചും വഴിയിൽ കാണുന്ന മുള്ളിൻകായ പറിച്ചു തിന്നും ഞാനും റാഫിയും സ്കൂളിലേക്ക് നടന്നു…

അന്നും ഞങ്ങൾ എത്തുമ്പോഴും ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞിരുന്നു. സുഷമ ടീച്ചറെ കാണാനില്ല.. ആജാനുബാഹുവായ ഒരു കൊമ്പൻ മീശക്കാരൻ ക്ലാസ് എടുക്കുന്നുണ്ട്ക്ലാ സ്സിൽ ഉള്ളവർ എല്ലാവരും സിംഹത്തിന്റെ മുന്പിൽ പെട്ട മാൻകുഞ്ഞുങ്ങളെ പോലെ ശ്വാസം അടക്കിപിടിച്ചു ഇരിപ്പുണ്ട്..

മാഷ്‌ ഞങ്ങളുടെ മുന്പിലേക്ക് വന്നു എന്താ ഇത്ര നേരം വൈകിയത്..? അത് പിന്നെ……. ഞങ്ങൾ തല താഴ്ത്തി നിന്നു. ഇന്ന് മുതൽ ഞാനാണ് നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ. നാളെ കൃത്യസമയത്തു എത്തിയില്ലെങ്കിൽ എന്റെ മറ്റൊരു മുഖം നിങ്ങൾ കാണും.. അദ്ദേഹം മീശ വിറപ്പിച്ചു കൊണ്ട് പറഞ്ഞു.. ഈ മുഖം കണ്ടിട്ട് തന്നെ പേടിയാകുന്നു ഇനി മറ്റൊരു മുഖമോ.. ഞാൻ പേടിയോടെ മനസ്സിലോർത്തു. പെട്ടെന്ന് അദ്ദേഹം എന്നെ തടഞ്ഞു നിർത്തി.
ഇതെന്താ കള്ളിമുണ്ട് ഉടുത്തുകൊണ്ട് ക്ലാസ്സിൽ വന്നിരിക്കുന്നത്മാ.ഷ്‌ ദേഷ്യത്തോടെ ചോദിച്ചു വേഗം വീട്ടിൽ പോയി ഈ മുണ്ട് മാറ്റിയുടുത്ത് വന്നിട്ട് ക്ലാസ്സിൽ കേറിയാൽ മതി അതും പറഞ്ഞു എന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കി.

വീട്ടിൽ പോയിട്ട് മാറിയുടുക്കാൻ ഒന്നുമില്ല ആകെ ഉള്ള ഒരു കൂട്ട് യൂണിഫോമും വെള്ളമുണ്ടും ഞാൻ രാവിലെ അലക്കി ഇട്ടതെ ഒള്ളു.. ഇനി എന്തെടുത്ത് ഉടുക്കാൻ മാഷിന്റെ പിരിയഡ് കഴിഞ്ഞിട്ട് കേറാമെന്ന് കരുതി പുറത്ത് തന്നെ നിന്നു. കാലിൽ ഇട്ട ഹവായ് ചെരുപ്പ് വള്ളി പൊട്ടനായിട്ടുണ്ട്ഇ ത് പൊട്ടിയാൽ ഇനി ചെരുപ്പ് എന്നാണ് കിട്ടുക.. ! അങ്ങനെ പലതും ഓർത്തു കൊണ്ട് തൂണും ചാരി മാഷിന്റെ പിരിയഡ് കഴിയാൻ കാത്തു നിന്നു.

പെട്ടെന്ന് പിന്നിൽ ചന്തിക്ക് ഒരടി ഞാൻ ഞെട്ടി തിരിഞ്ഞു. കണ്ണ് ചുവപ്പിച്ചു മീശ വിറപ്പിച്ചു കൊണ്ട് മാഷ്‌. നിനക്ക് എന്താടാ പറഞ്ഞാൽ അനുസരിക്കാൻമേലെ.. അദ്ദേഹം വീണ്ടും വടിയോങ്ങി.. ഞാൻ ഒന്നും പറയാതെ തല താഴ്ത്തി. പിന്നെ ഒരു നാലഞ്ചു അടി ചന്തിക്കു നോക്കി തന്നെ… എനിക്ക് അടി കിട്ടുന്നത് കണ്ടു റാഫി ബെഞ്ചിൽ നിന്നറങ്ങി ഓടി വന്നു.

സാർ.. അവനു വേറെ ഉടുക്കാൻ ഡ്രസ്സ്‌ ഇല്ലാഞ്ഞിട്ടാ അവൻ പറഞ്ഞതും അദ്ദേഹം അടി നിർത്തി എന്റെ മുഖത്തേക്ക് നോക്കി. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് മാഷ്‌ എന്നോട് ചോദിച്ചു.. അവനു ഉമ്മയില്ല എളേമ അവനെ നോക്കൂല അതാ അവൻ ഇങ്ങനെ.. റാഫി മാഷിന്റെ മുഖത്തേക്ക് പേടിയോടെ നോക്കി പറഞ്ഞു. പെട്ടെന്ന് അദ്ദേഹം എന്നേ അരികിലേക്കു ചേർത്ത് പിടിച്ചു . ദേഷ്യം കൊണ്ട് വിറച്ചിരുന്ന ആ മുഖം അപ്പോൾ കരുണ കൊണ്ട് നിറഞ്ഞിരുന്നു. ക്ലാസ്സിൽ പോയിരുന്നോ.. ഇന്റർവെൽ സമയത്തു ഓഫീസ് റൂമിൽ വാ കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്.. വരാം സർ.. ഞാൻ ക്ലാസ്സിൽ പോയിരുന്നു കൂടെ റാഫിയും.

ഇന്റർവെൽ സമയത്തു ഓഫീസ് റൂമിൽ എത്തിയപ്പോൾ മാഷ്‌ എന്റെ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. രണ്ടാനമ്മയുടെ ഉപദ്രവം, പട്ടിണി, ദാരിദ്ര്യം ഒക്കെ പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കുന്നു.. പഠിക്കാനൊന്നും താല്പര്യമില്ല സർ ഉച്ചക്ക് കിട്ടുന്ന ഭക്ഷണം ഓർത്തു വരുന്നതാ വയർ നിറച്ചു ഭക്ഷണം കഴിക്കലോന്ന്‌ കരുതി അത് പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു പോയിരുന്നു. അദ്ദേഹം എന്നേ ചേർത്ത് പിടിച്ചു തലയിൽ തലോടി കൊണ്ടിരിന്നു. ആ കണ്ണുകളിൽ നീർ പൊടിഞ്ഞിരുന്നു.

വേദനിച്ചോ നിനക്ക് അദ്ദേഹം വാത്സല്യത്തോടെ ചോദിച്ചു..

ഇല്ല… ഞാൻ തല താഴ്ത്തി പോയി ക്ലാസ്സിലിരുന്നോ.. ഞാൻ തലയാട്ടി.

പിറ്റേന്ന് നേരത്തെ തന്നെ യൂണിഫോം അണിഞ്ഞു ഞാനും റാഫിയും മദ്രസ വിട്ട ഉടനെ സ്കൂളിലെക്ക് ഓടി.. പ്രാർത്ഥന ചെ ല്ലുന്നതിന് മുൻപ് തന്നെ ഞങ്ങൾ ക്ലാസ്സിൽ സ്ഥാനം പിടിച്ചിരുന്നു. പതിവ് പോലെ മാഷ്‌ ക്ലാസ്സിൽ എത്തി. പഠനത്തിന്റെ കാര്യത്തിൽ കർക്കശക്കാരൻ തന്നെ ആയിരുന്നു മാഷ്‌ പിരിയഡ് തീരുന്ന ബെല്ലടിച്ചപ്പോൾ അദ്ദേഹം എന്റെ അരികിൽ വന്നു. വൈകുന്നേരം സ്കൂൾ വിടുമ്പോൾ ഓഫീസ് റൂമിൽ വന്നു കാണണമെന്ന് പറഞ്ഞു ഇറങ്ങി പോയി..

വൈകുന്നേരം സ്കൂളിൽ കൂട്ടബെല്ലടി മുഴങ്ങിയപ്പോൾ ഞാനും റാഫിയും ഓഫിസ് റൂമിലേക്ക് ഓടി.. അവിടെ മാഷ്‌ ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു. അദ്ദേഹം രണ്ടു കവർ എന്റെ കൈകളിലേക്ക് വെച്ച് തന്നു. രണ്ടു ജോഡി ഡ്രസ്സ്‌ ഉണ്ട് ഒരു ജോഡി ചെരിപ്പും. ഇനി മുതൽ വൃത്തിയിൽ നേരത്തെ ക്ലാസ്സിൽ വരണം കെട്ടോ.. എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാൻ മടിക്കേണ്ട..

ഞാൻ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കരഞ്ഞു പോയിരുന്നു.. പിന്നെ അവിടുന്ന് അങ്ങോട്ട്‌ രണ്ടു വർഷം എന്റെ രക്ഷിതാവിനെ പോലെ അദ്ദേഹം കൂടെയുണ്ടായിരുന്നു. ആര് കണ്ടാലും ഭയക്കുന്ന പരുക്കൻ ശരീരത്തിനുള്ളിൽ കരുണ വറ്റാത്ത ഹൃദയവുമായി..

രണ്ടു വർഷം മാത്രമേ മാഷ്‌ ആ സ്കൂളിൽ ഉണ്ടായിരുന്നൊള്ളൂ.. ആറാം ക്ലാസിലെ അവസാന പരീക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ മാഷ്‌ എന്നേ അരികിലേക്ക് വിളിച്ചു.

അടുത്ത വർഷം എന്നെ കാണില്ല കെട്ടോ.. നാട്ടിലെ സ്കൂളിലേക്ക് മാറ്റം ചോദിച്ചു വാങ്ങിയതാ.. ഇനി ചിലപ്പോൾ കണ്ടില്ലന്നു വരും എന്തോ അത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു. കരയേണ്ട.. പഠിക്കണം നന്നായി.. ഞാൻ തലയാട്ടി. പിന്നെ ജീവിതത്തിൽ ഒരിക്കലും ല ഹരിയുടെ പിറകെ പോകരുത്. എന്ത് വേദന വന്നാലും പിടിച്ചു നിൽക്കണം. എനിക്ക് വാക്ക് തരണം നീ.. ഞാൻ നിറഞ്ഞ കണ്ണുകളോടെ വാക്ക് കൊടുത്തു.

പിന്നീട് സ്കൂൾ കാലഘട്ടം കഴിഞ്ഞു കുറച്ചു വർഷങ്ങൾക് ശേഷം തിരുവനന്തപുരത്തേ അദ്ദേഹത്തിന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുക യായിരുന്ന മാഷിനെ നേരിൽ പോയി കണ്ടു.

എന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ എന്റെ പ്രിയപ്പെട്ട മാഷിന്റെ വിയോഗം നാലു വർഷങ്ങൾക് മുൻപ് ഇതേ ദിവസമായിരുന്നു.

പഠനത്തിൽ മാത്രം എന്റെ കഷ്ടപ്പാട് കാരണം അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞില്ല എന്നുള്ള ദുഃഖം ഇപ്പോഴുമുണ്ട്.

പ്രിയപ്പെട്ട എന്റെ മാഷിന് നിറകണ്ണുകളോടെ..

പ്രണാമം

Related Posts

Leave a Reply

Your email address will not be published. Required fields are marked *