ശരിക്കും ആ സ്വപ്നം നടന്നിരുന്നെങ്കിലോ… പാവം മുത്തശ്ശി ” വീണ്ടും ചിന്തകൾ അവനെ ആശയകുഴപ്പത്തിൽ ആക്കി……

വിശപ്പ്

Story written by Keerthi S Kunjumon

“കണ്ണാ…. “

മുത്തശ്ശിയുടെ വിളികേട്ട് ഞെട്ടി ഉണർന്നവൻ നാലുപാടും ഒരു പകപ്പോടെ നോക്കി…ആ നോട്ടം ചെന്നെത്തിയത് അടുപ്പിന് അരികിൽ നിന്ന് പുക ഊതുന്ന മുത്തശ്ശിയിലേക്കാണ്….

“ഇല്ല… ഒന്നും മാറിയിട്ടില്ല, പഴയത് പോലെ തന്നെ ” അവൻ ഓർത്തു…. കണ്ടതൊക്കെ സത്യം ആയിരുന്നെങ്കിൽ എന്നവൻ ഒരു നിമിഷം ആശിച്ചു…

“പിന്നേ….. ആന മണ്ടത്തരം… ” അവൻ പിറുപിറുത്തുകൊണ്ട് കിടക്കയിൽ നിന്ന് എഴുന്നേറ്റു…

“കണ്ണാ, ഈ കടുംചായ കുടിച്ചോ… മധുരം ഇണ്ടാവില്ല… പഞ്ചസാര തീർന്നു… “

“ഇതന്നെ അല്ലെ മുത്തശ്ശി എന്നും പറയാറ്…. പിന്നെ എന്തിനാ വീണ്ടും പറയണേ.. എനിക്ക് അറിയാല്ലോ…ശീലായില്ലേ ” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ടവൻ കുറച്ചു നേരം അവരെ നോക്കി നിന്നു….

“അമ്മ കുടിച്ചോ…? ” അവൻ തിരക്കി

“അവൾക്കും കൊടുത്തു… “

“മുത്തശ്ശിയോ..? “

“എനിക്ക് കടുംചായ ഇഷ്ടല്ല കണ്ണാ “

ഇന്നലെ വരെ താൻ കേൾക്കാത്ത ആ ഇഷ്ടക്കേടിന്റെ കാരണം അവന് പറഞ്ഞു കൊടുത്തത് കാലിയായ ചായപൊടിയുടെ പാത്രമായിരുന്നു…

ചായയുമായി പുറത്തേക്കിറങ്ങുബോൾ അടുക്കളയിലെ ഒരു മൂലയിൽ ഇരുന്ന് പിന്നെയും കുറെ കാലിയായ പാത്രങ്ങൾ തന്നെ നോക്കി പരിഹസിക്കുന്നതായി അവന് തോന്നി…

ശങ്കരൻ നായർടെ പലചരക്ക് കടയിൽ ഇനിയും കടം പറയാൻ കഴിയില്ല….. അയാളുടെ പറ്റ് ബുക്കിൽ ഏറിയും പങ്കും മുത്തശ്ശിയുടെ പേര് സ്ഥാനം പിടിച്ചപ്പോഴും, നിവർത്തികേട് കൊണ്ട് മാത്രമാണ് വീണ്ടും ആ കട വാതിൽക്കൽ ചെന്ന് കൈ നീട്ടിയത്…. അപ്പോഴൊക്കെ മുറുമുറുപ്പോടെയും, പരിഹാസ ത്തോടെയും സാധനങ്ങൾ നൽകിയതിന് കണ്ണൻ മൂകസാക്ഷിയായിട്ടുണ്ട്

പതിയെ അമ്മക്ക് അരികിലേക്ക് അവൻ ചെന്നു… ജനാലയുടെ ഓരം ചേർന്നവർ വിദൂരതയിലേക്ക് കണ്ണ് നട്ട് ഇരുന്നു… സ്ഥായിയായ നിസ്സംഗത ആ കണ്ണുകളിൽ കാണാം…പതിയെ അവൻ അവരുടെ മടിയിൽ കിടന്നു… തെല്ലും ഭാവഭേദം ഇല്ലാതെ അവർ ആ ഇരിപ്പ് തുടർന്നു…

ആ കൈകൾ തന്നെ ഒന്ന് തലോടിയിരുന്നെങ്കിൽ എന്നവൻ വല്ലാതെ ആശിച്ചു പോയി…കുറച്ചു കാലം മുൻപ് വരെ മുത്തശ്ശിയെ അല്ലാതെ മറ്റാരെയും അടുപ്പിക്കില്ലായിരുന്നു… അവനെ ഉപദ്രവിക്കുകയും, ആട്ടിപ്പായ്ക്കുകയും ചെയ്തിട്ടേ ഉള്ളു അന്നൊക്കെ… ഇപ്പോൾ ഈ മടിയിൽ കിടക്കാൻ എങ്കിലും കഴിയുന്നുണ്ടല്ലോ എന്നോർത്തവൻ സമാശ്വസിച്ചു….

അമ്മയുടെ കാലിലെ കരിനീലിച്ച ചങ്ങല പാടിൽ മെല്ലെ തഴുകികൊണ്ടവൻ മനസ്സിൽ വെറുതെ ഓർത്തു, “ഈ താളം തെറ്റിയ മനസ്സിൽ എവിടെയെങ്കിലും ഞാൻ ഇണ്ടാവോ …”

“അമ്മെ….അമ്മേടെ കണ്ണന് അമ്മ എന്നെങ്കിലും ഒരു ഉമ്മ തരുവോ… എന്നെ ഒന്ന് കെട്ടിപ്പിടിക്കുവോ… ” ഇടറിയ ശബ്ദത്തോടെ അവനത് ചോദിക്കുമ്പോൾ വാതിലോരം ചേർന്ന് നിന്ന മുത്തശ്ശിയുടെ ഉള്ളൊന്ന് നീറി…

പതിയെ അടുക്കളയിലേക്ക് നടന്ന മുത്തശ്ശിയുടെ മനസ്സിൽ ചിന്തകളുടെ വേലിയേറ്റം നുരഞ്ഞു പൊന്തി…

ആ ആദിവാസി ഊരിലെ മറ്റ് പല സ്ത്രീകളെയും പോലെ ചിരുതയും തൊട്ടടുത്തുള്ള തോട്ടത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്…. അന്നൊരിക്കൽ ഏറെ വൈകി വീട്ടിലേക്ക് മടങ്ങി എത്തിയപ്പോഴേക്കും എങ്ങും ഇരുട്ട് പടർന്നിരുന്നു… പതിവിനു വിപരീതമായി മുറ്റത്തെ തുളസി തറയിലെയും, അവരുടെ ഭർത്താവിന്റെ കുഴിമാടത്തിലെയും വിളക്കുകൾ തെളിച്ചിരുന്നില്ല….

“ലച്ച്‌മിയെ…. എന്താ പെണ്ണെ വിളക്ക് വെക്കാഞ്ഞേ…? “

അവർ ചോദിച്ചതിന് മറുപടി ഒന്നും ലഭിക്കാഞ്ഞതോടെ മനസ്സിൽ ചെറിയൊരു ആശങ്ക നിറഞ്ഞു….ചാരിയ വാതിൽ മെല്ലെ തുറന്നപ്പോൾ പതിവ് മണ്ണെണ്ണ വിളക്കിന്റെ വെട്ടം പോലും അവിടെ ഇല്ലായിരുന്നു.. വിളക്ക് കത്തിച്ച് ഇരുളിനെ കീറിമുറിച്ചുകൊണ്ടവർ മുറിയിലേക്ക് കടന്നു…

“മോളെ…..”മുറിയിൽ ഒരു ചെറിയ ഞരക്കം കെട്ടിടത്തേക്ക് വിളക്ക് തിരിച്ചു കൊണ്ടവർ വിളിച്ചു….

ആ കാഴ്ച്ച കണ്ട് അവരുടെ കാലടികൾ ഇടറി… അർദ്ധ ന ഗ്നമായ മാ റോട് കൈകൾ ചേർത്ത് പിടിച്ചുകൊണ്ടവൾ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു….. പാറിപ്പറന്ന തലമുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളും…ചുണ്ടുകളിൽ ചോbര പൊടിഞ്ഞിട്ടുണ്ട്… ചിരുത തന്റെ മകളെ ചേർത്ത് പിടിച്ചു ഉറക്കെ കരഞ്ഞു…. അന്ന് നഷ്ടമായ ജീവിതത്തിനൊപ്പം, അവളുടെ മനസ്സിനും താളപ്പിഴകൾ സംഭവിച്ചു…

പിതൃ ത്വം അവകാശപ്പെടാൻ ആരുമില്ലാത്ത ഒരു കുഞ്ഞിനെ ജന്മം നൽകിയതും, അവന്റെ വളർച്ചയും ഒന്നും അവൾ അറിഞ്ഞില്ല… എന്തിനധികം മു ലപ്പാലിന്റെ മാധുര്യവും, അമ്മയുടെ ചൂടും പരിലാളനയും എല്ലാം അവന് അന്യമായിരുന്നു… ആ ആദിവാസി ഊരിലെ അവിവാ ഹിതരായ അമ്മമാരിൽ ഒരാളായി അവളും മാറി…പിതൃത്വം നിഷേധീക്കപ്പെട്ടവന് സമൂഹം ഒരു വിളിപ്പേരും നൽകി, ഭ്രാ ന്തിയുടെ മകൻ….

ഇരുളിന്റെ മറവിൽ ആരോ സമ്മാനിച്ച് പോകുന്ന കുഞ്ഞുങ്ങളുമായി ശിഷ്ട ജീവിതം തള്ളിനീക്കുന്നവരിൽ ഒരുവൾ… ചിലർക്ക് സമനില തെറ്റും, ലക്ഷ്മിയെ പോലെ…. ചിലർ ജീവനൊടുക്കും മറ്റ് ചിലർ പരാതികളില്ലാതെ കഴിഞ്ഞുകൂടും…. അല്ലെങ്കിലും ആരോടാണ് പരാതിപ്പെടേണ്ടത്!!!

ഓരോന്ന് ആലോചിച്ചു കണ്ണീർ വാർത്തുകൊണ്ട് മുത്തശ്ശി വീണ്ടും വീണ്ടും അടുപ്പ് ഊതുന്നത് കണ്ണൻ കണ്ടു … അടുപ്പിൽ വെള്ളം തിളച്ചു മറിയുന്നു…ഇന്നലെതന്നെ മിച്ചം ഉണ്ടായിരുന്ന അരിയും കഴിഞ്ഞല്ലോ എന്നവൻ ഓർത്തു … എന്നിട്ടും ആ അടുപ്പിൽ തീ കൊളുത്തിയിരിക്കുന്നു… വെള്ളം വെച്ചിരിക്കുന്നു… അവയെല്ലാം പലപ്പോഴും അവർക്ക് വ്യർത്ഥമായൊരു ആശ്വാസം നൽകുന്നുണ്ടെന്ന് കണ്ണന് തോന്നി..

അത്‌ കണ്ട് അടുപ്പിനരികിൽ ഇരുന്ന ഒഴിഞ്ഞ ചോറ്റുപാത്രവും എടുത്ത് ഒന്നും മിണ്ടാതെ അവൻ സ്കൂളിലേക്ക് നടന്നു…

പിഞ്ഞി പഴകിയ ബാഗിന്റെ രണ്ടാമത്തെ വള്ളിയും പൊട്ടി തുടങ്ങിയിട്ടുണ്ട്… അവൻ മെല്ലെ ബാഗിനെ താങ്ങിപിടിച്ചു നെഞ്ചോടു ചേർത്ത് വച്ചു നടന്നു …

ക്ലാസ്സിൽ ഇരിക്കുമ്പോൾ പലപ്പോഴും കണ്ണന് വയറു കാളുന്നുണ്ടായിരുന്നു… പക്ഷെ മിക്ക ദിവസങ്ങളിലും അത്‌ ശീലമായത്കൊണ്ടവൻ എല്ലാം സഹിച്ചു സമയം കഴിച്ചുകൂട്ടും… എങ്കിലും ക്ലാസ്സിൽ കഴിയും വിധം അവൻ ശ്രദ്ധിക്കാറുണ്ട് ഇന്നെന്തോ മനസ്സ് ഒന്നിനും അനുവദിക്കുന്നില്ല…..

“ശരിക്കും ആ സ്വപ്നം നടന്നിരുന്നെങ്കിലോ… പാവം മുത്തശ്ശി ” വീണ്ടും ചിന്തകൾ അവനെ ആശയകുഴപ്പത്തിൽ ആക്കി..

ഉച്ചക്ക് പിറകിലെ ബെഞ്ചിന്റെ ഒരറ്റത്ത് ചെന്നിരുന്നു ചോറ്റുപാത്രം തുറന്ന് വെറുതെ അവനൊന്നു നോക്കി….

“ഉണ്ണികൃഷ്‌ണാ….. പൊരിച്ച മീൻ ആണോടാ… അതോ ഇറച്ചി കറിയോ… ഒറ്റക്കിരുന്നു കഴിക്കുവാണോ…”

കണ്ണന്റെ വീടിന് അടുത്തുള്ള വിനു, എല്ലാം അറിയാമെങ്കിലും ഒരു പരിഹാസ ചിരിയോടെ അവനെ കുത്തി നോവിച്ചു… മറ്റുകുട്ടികൾ പ്രതീക്ഷയോടെ കണ്ണന്റെ പാത്രത്തിലേക്ക് നോക്കി…

നിറഞ്ഞു വന്ന കണ്ണുകൾ മറച്ചു പിടിച്ചുകൊണ്ട് അവൻ നിസ്സഹായനായി പൈപ്പിൻ ചുവട്ടിലേക്ക് നടന്നു…. അപ്പോൾ വയറു മാത്രമല്ല ആ കുഞ്ഞു മനസ്സും വല്ലാതെ കാളുന്നുണ്ടായിരുന്നു..

ഉച്ചക്ക് ശേഷം മലയാളം പീ രീഡാണ്… ഗീത ടീച്ചർക്ക് വേണ്ടി കുട്ടികൾ ആകാംഷയോടെ കാത്തിരുന്നു… അത്രത്തോളം ഇഷ്ടമായിരുന്നു കുട്ടികൾക്ക് ടീച്ചറിനെ … അവരോടൊപ്പം കളിക്കാനും, ചിരിക്കാനും ചിന്തിക്കാനും കൂട്ടുകൂടുന്ന അധ്യാപിക …

” ഉറക്കത്തിൽ കാണുന്നതല്ല.. നമ്മെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നം…

ഇത് ആരുടെ വാക്കുകൾ ആണെന്ന് അറിയുമോ..? ” ടീച്ചർ കുട്ടികളോടായി ചോദിച്ചു

“അബ്ദുൽ കലാം ” രോഹിണി ആവേശത്തോടെ വിളിച്ചു പറഞ്ഞു…

“മിടുക്കി…. “

“അതെ ഏ പി ജെ അബ്‌ദുൾ കലാം പറഞ്ഞതാണ്… പക്ഷെ നമ്മൾ ഉറക്കത്തിലും ഒരുപാട് സ്വപ്‌നങ്ങൾ കാണുന്നുണ്ട്.. ല്ലേ “

“ആാാ…… “കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു….

“എങ്കിൽ നിങ്ങൾ കണ്ട അത്തരം ഒരു സ്വപ്നം… ഉണർന്നപ്പോഴും നിങ്ങളുടെ ഓർമയിൽ നിന്ന സ്വപ്നം… അത്‌ യാഥാർത്യമായെങ്കിൽ എന്ന് ആഗ്രഹിച്ച ഒരു സ്വപ്നം..…അതിനെ കുറച്ചു നാളെ വരുമ്പോ എല്ലാരും മറക്കാതെ എഴുതിയിട്ട് വരണം…. “

അത് കണ്ണന്റെ ഉള്ളിൽ അതിശയം നിറച്ചു … താൻ ഇന്ന് കണ്ട സ്വപ്നം, ഒരിക്കൽ എങ്കിലും ഒന്ന് യാഥാർഥ്യം ആയെങ്കിൽ എന്നവൻ മോഹിച്ചിരുന്നു…അവന്റെ മുത്തശ്ശിക്ക് വേണ്ടി !!!

******************

നായർടെ പീടിയേലേ പലചരക്ക് സാധനമെല്ലാം ചാക്കിലാക്കി കെട്ടിവെക്കാ…
“നായരേ ഇതെല്ലാം കൂടെ എങ്ങോട്ടേക്കാ കളയാ…”

ചില്ലറ സാധനൊക്കെ ഞാൻ നമ്മുടെ പറമ്പില് അങ്ങ് കുഴികുത്തി മൂടി, ബാക്കി ഒക്കെ കൊണ്ട് പോകാൻ വണ്ടി വരും…

“ആ റെയിൽവേടെ പുറമ്പോക്കിലേക്ക് ആകും ല്ലേ… അവിടെ ഇപ്പൊ തന്നെ നിറഞ്ഞു കവിഞ്ഞു… ആരും കാണാതെ ചിലരൊക്കെ പുഴയിലേക്കും കുറെ തള്ളുന്നുണ്ട്… “

“ഇനിയിപ്പോ പേനയും കടലാസ്സും കുറച്ചു ബുക്കും മാത്രമേ കടയിൽ ബാക്കിയുള്ളു… “

“ആ ബീരാൻ ആകെ പെട്ടിരിക്ക്യ , കാവിലെ പൂരത്തിന് ആള് കൂടും ന്ന് പറഞ്ഞു, എണ്ണപലഹാരം എത്രയാ ഉണ്ടാക്കി കൂട്ടിയത്… ഇപ്പൊ ഉറുമ്പിന് പോലും വേണ്ട… ആ…അല്ല നാവിൽ തൊടാൻ പറ്റില്ലല്ലോ.. വിശപ്പ് ഒരു ഓർമ മാത്രമായി ല്ലേ… “

അപ്പോഴേക്കും സാധനങ്ങൾ എടുക്കാനുള്ള വണ്ടിവന്നു…ചാക്ക് നിറച്ചു പച്ചക്കറികളുമായി കുറച്ചു വണ്ടികൾ മുൻപേ പോയി… നായർടെ കടയിൽ നിന്നും അരിയും പഞ്ചസാരയും അങ്ങനെ ഓരോ സാധനങ്ങൾ എടുത്തു കയറ്റി….

“അരി…. പഞ്ചസാര… “കണ്ണന്റെ ചുണ്ടുകളിൽ നിസ്സംഗമായ പുഞ്ചിരി വിരിഞ്ഞു … ഇവയൊക്കെ ആയിരുന്നു ഇന്നലെ വരെ മുത്തശ്ശിയുടെ കണ്ണീരിന്റെ കാരണക്കാർ….. ആ പറ്റ്ബുക്കിൽ ഇനിയൊരു പേര് എഴുതേണ്ടി വരില്ലല്ലോ എന്നോർത്തവൻ നെടുവീർപ്പിട്ടു…

പതുക്കെ നടന്നകലുമ്പോൾ ബീരാനിക്കയുടെ കടയിലെ ഒഴിഞ്ഞ ചില്ല്‌ കണ്ണാടി കൂട് കണ്ടു….. അവന് നേരിയൊരു ആശ്വാസം തോന്നി… വൈകുന്നേരങ്ങളിൽ ആ കണ്ണാടിക്കൂട്ടിലെ ഉഴുന്നുവടയും, വെട്ട്കേക്കും തന്നെ നോക്കി ചിരിക്കുന്നതായ് അവന് പലപ്പോഴും തോന്നിയിട്ടുണ്ട്…ഇന്നലെയും താൻ അവ നോക്കി വെള്ളം ഇറക്കി നിന്നതല്ലേ… ജീവിതത്തിൽ ഒരിക്കെലെങ്കിലും അവയുടെ രുചി ഒന്നറിയണം എന്നവന് തോന്നിയിട്ടുണ്ട്… പക്ഷെ ഇന്ന് ആ മോഹം എവിടെയോ മറഞ്ഞു…

ഭക്ഷണത്തോട് മനുഷ്യന് ഇന്ന് ഒരു വികാരമേ ഉള്ളു, വെറുപ്പ്… സമ്പൂർണമായ വെറുപ്പ്…

എല്ലാം കണ്ട് ജീവിതത്തിൽ ആദ്യമായി കിട്ടിയ ചെറിയ സന്തോഷത്തോടെ അവൻ ക്ലാസ്സിലേക്ക് മടങ്ങി… ഇന്ന് എല്ലാ ക്ലാസ്സിലും നന്നായി ശ്രദ്ധിച്ചു… പതിവ് വയറു കാളൽ ഇല്ല… ഉച്ചഭക്ഷണത്തിന്റെ സമയത്ത് കുട്ടികൾ സൊറ പറഞ്ഞും കളിച്ചും ചിരിച്ചും കഴിച്ചുകൂട്ടി…

എന്നും ഒഴിഞ്ഞ ചോറ്റുപാത്രത്തിലേക്ക് നോക്കി കണ്ണീരോടെ തലകുമ്പിട്ട് ഇരിക്കുന്ന തന്നെ കളിയാക്കുന്ന വിനുവിന്റെയും കൂട്ടരുടെയും മുന്നിൽ അവനാദ്യമായി തലയുയർത്തി നിന്നു… അന്നത്തിന് വകയില്ലാത്തവനായി ഇനിയൊരിക്കലും അപമാനിക്കപെടില്ല എന്ന ആത്മവിശ്വാസത്തോടെ..

മനസ്സിൽ നിറഞ്ഞ സമാധാനത്തോടെ അവൻ കുടിയിലേക്ക് പാഞ്ഞു… എത്രയും വേഗം അമ്മയോട് ചേർന്ന് ഇരുന്ന് വർത്തമാനം പറയണം എന്നവന് തോന്നി…

അടുക്കളയിലെ ഒഴിഞ്ഞ പത്രങ്ങളെ നോക്കി അവൻ ചിരിച്ചു… അടുപ്പിൽ വെള്ളം തിളച്ചുമറിയുന്ന കാഴ്ച്ചയോർത്തവൻ അല്പ നേരം നിന്നു…

“കണ്ണാ…നീ വന്നോ… “മുത്തശ്ശിയാണ്

മുത്തശ്ശി തനിക്കായി കരുതി വെച്ച സമ്മാനം കണ്ടവൻ മതിമറന്നു… പുതിയ ചെരുപ്പും ബാഗും…

“കണ്ണാ , നിന്റെ സഞ്ചി കീറിയില്ലേ…. ചെരുപ്പിന്റെ വാറും പൊട്ടി… കമ്പി വെച്ച് കെട്ടി എത്രയാ നടക്കാ… അരിയും പഞ്ചാരയും ചായപ്പൊടിയൊക്കെ വാങ്ങാൻ മുത്തശ്ശി കരുതിയതാ.. ഇനി ഒന്നും വേണ്ടല്ലോ… “

“അമ്മെ…. ഇനി അമ്മേടെ കണ്ണനെ ആരും കളിയാക്കൂല്ലട്ടോ…. നായര് മുത്തശ്ശിയെ ഇനി പള്ള് പറയൂല്ല… ഒഴിഞ്ഞ ചോറ്റുപാത്രവും കൊണ്ടുപോകേണ്ട, വെട്ട് കേക്കിന്റെ രുചിയറിയാനും കണ്ണന് മോഹമില്ല… ” അമ്മയുടെ മടിയിൽ തലവെച്ചു നിറപുഞ്ചിരിയോടെ അവൻ പറഞ്ഞു…

“എന്ത് നല്ലതാ ല്ലേ അമ്മേ ഈ ലോകം, വിശപ്പില്ലാത്ത, പട്ടിണിയില്ലാത്ത ലോകം…ഒരു വറ്റ്‌ പോലും ഉള്ളിലേക്ക് ഇറക്കാതെ കഴിഞ്ഞുകൂടിയ ഇത്രേം ദിവസത്തേക്കാൾ, വിശപ്പും വേദനയും അറിയാത്ത ഇന്നത്തെ ദിവസം ഒത്തിരി ഇഷ്ടാ അമ്മെ എനിക്ക് ….”

*************

“സ്വപ്നത്തിൽ നിന്നും എന്നെ ഉണർത്തിയ കണ്ണാ എന്ന മുത്തശ്ശിയുടെ വിളിയിലൂടെ വീണ്ടും ഞാനറിഞ്ഞു, ‘വിശപ്പില്ലാത്ത ലോകം’ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരമായ സ്വപ്നമായിരുന്നു എന്ന് “

കണ്ണൻ വായിച്ചവസാനിപ്പിക്കുമ്പോഴേക്കും ക്ലാസ്സിലെങ്ങും പരിപൂർണ നിശബ്ദത പടർന്നിരുന്നു… ഗീത ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് കണ്ടവൻ അതിശയിച്ചു… അവൻ ഓരോരുത്തരെയും നോക്കി.. ചില കണ്ണുകളിൽ സഹതാപം, ചില കണ്ണുകളിൽ സങ്കടം… ആരും പരസ്പരം ഒന്നും പറയാതെ നിമിഷങ്ങൾ കടന്നുപോയി…

ഒട്ടും പ്രതീക്ഷയില്ലാതെ കണ്ണൻ പിന്തിരിഞ്ഞു വിനുവിനെ നോക്കി… അവൻ കുനിഞ്ഞിരിക്കുകയാണ്… ” പുച്ഛമായിരിക്കും എന്നോട് …. ” കണ്ണൻ മനസ്സിൽ ഓർത്തു…

പക്ഷെ രണ്ടു തുള്ളി കണ്ണുനീർ വീണ് അവന്റെ നോട്ട് ബുക്കിലെ കടലാസ്സ് നനഞ്ഞു… അതെ അവൻ പിന്നെയും കരയുകയാണ്….വിങ്ങിപ്പൊട്ടി കരയുകയാണ്… അത് കണ്ട കണ്ണന്റെ കൺകോണിലും അറിയാതെ നനവ് പടർന്നു….

അധികമൊന്നും സംസാരിക്കാൻ ഇടവരുത്താതെ ഉച്ചയൂണിനുള്ള ബെല്ല് മുഴങ്ങിയപ്പോൾ, പതിവ് പോലെ അവൻ എല്ലാരെക്കാൾ മുന്നെ പൈപ്പിൻ ചുവട്ടിലേക്ക് ഓടി…. അവിടൊക്കെ കുറെ ചുറ്റിനടന്ന് കൈ കഴുകി ക്ലാസ്സിലേക്ക് വന്ന്, ഒരു പതിവ് പ്രഹസനം പോലെ മുന്നിൽ ഇരുന്ന ചോറ്റുപാത്രം തുറക്കുമ്പോൾ അവനൊന്ന് സംശയിച്ചു….

“ഇത് എന്റെ ചോറ്റുപാത്രം തന്നെയാണോ… ” പലതരം കറികളും, ചോറും … അവൻ സംശയത്തോടെ പാത്രം അടച്ച് വീണ്ടും പരിശോധിച്ചു…

“ഇത് എന്റെ തന്നെ പാത്രമാണ്…പക്ഷെ ഈ ചോറും, കൂട്ടാനുമൊക്കെ… “സംശയത്തോടെ കഴിക്കാതെ ചുറ്റും നോക്കുമ്പോൾ ആരും ഒന്നും മിണ്ടുന്നില്ല… അപ്പോൾ വിനു അവനരികിലേക്ക് വന്നു… ആദ്യമായാണ് അവൻ തന്നെ നോക്കി സ്നേഹത്തോടെ ചിരിക്കുന്നത്… കലർപ്പില്ലാത്ത പുഞ്ചിരി…

“അത് നിനക്കുള്ളതാണ്, കഴിച്ചോ… പിന്നേ ഇനിയെന്നും ഈ ചോറ്റുപാത്രം ഉച്ചക്ക് ബെഞ്ച്മ്മെ വെച്ച് പൊക്കൊളു… ഒരു 29 കുട്ട്യോൾടെയും, ഇമ്മടെ ഗീത ടീച്ചറുടെയും ചോറും കൂട്ടാനും ഇണ്ടാകും…”

“പിന്നെ, അത്രേം ഒന്നും ഇല്ലേലും ഞാൻ ഉറപ്പ് തരാ, ഇനി ഈ വിനു ഉണ്ണുമ്പോ ഈ ഉണ്ണികൃഷ്ണനും ഉണ്ണും “

നടന്നകലുന്ന വിനുവിനെയും, തന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുന്ന ഓരോ മുഖങ്ങളിലേക്കും നോക്കി, അവൻ ഒരു പിടി ചോറ് ഉരുളയുരുട്ടി കഴിക്കുമ്പോൾ, ആ വയറും മനസ്സും ഒരുപോലെ നിറഞ്ഞു…

NB: ഇന്നും വിശപ്പിനോട് പോരാടുന്ന, സുരക്ഷിതമായൊരു ജീവിതം കയ്യെത്താ ദൂരത്തായ, പാർശ്വവർ കൃതമായൊരു സമൂഹം ഈ നാട്ടിലുണ്ട്…. പോഷകാഹാ രക്കുറവ് മൂലം മരണപ്പെടുന്ന കുഞ്ഞുങ്ങളും, അവിവാഹി തരായ അമ്മമാരുമുണ്ട്.. പിന്നെ ഒരു നേരത്തെ അന്നത്തിന് പകരം സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന മധുവിനെപോലുള്ളവരും.. ഒരുപക്ഷെ അവരിൽ ഒരാളെങ്കിലും കണ്ടിരിക്കും, “വിശപ്പില്ലാത്ത ഒരു ലോകം” എന്ന സ്വപ്നം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *