ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും അവളുടെ അവസ്ഥ ഗുരുതരമായിരുന്നു, ബ്രെയിൻ ട്യൂമർ അതിന്റെ അവസാന സ്റ്റേജിൽ എത്തിയിരുന്നു,അതുകൊണ്ട് തന്നെ ഒരു വിധത്തിലുള്ള……

അരികെ

എഴുത്ത്:- ലൈന മാർട്ടിൻ

ഇനിയാരും വരാനില്ലെങ്കിൽ ബോഡി എടുക്കാമല്ലോ ല്ലേ?”

അയൽവാസികളിൽ മുതിർന്നവരാരോ പറയുന്നത് കേട്ട് എല്ലാ കണ്ണുകളും ഭാര്യ ലക്ഷ്മിയുടെ മൃതദേഹത്തിനരികിൽ രണ്ട് മക്കളെയും ചേർത്ത് പിടിച്ചു തല കുമ്പിട്ടിരിക്കുന്ന ശിവനിൽ പതിഞ്ഞു…

“എന്താ ശിവൻ ചേട്ടാ, ഇനിയാരെങ്കിലും വരാൻ ഉണ്ടോ? അയൽ വാസിയായ രഘുവിന്റെ ചോദ്യം കേട്ട് അയാൾ കണ്ണുകൾ ഉയർത്തി നോക്കി…

“ആര് വരാൻ? “ആരുല്ല ഞങ്ങൾക്ക്, അവൾ പോയില്ലേ?” അയാൾ പതറി പതറി ചുറ്റിലും നോക്കി അവ്യക്തമായി ആ വാക്കുകൾ തന്നെ ആവർത്തിച്ചു കൊണ്ടേയിരുന്നു..

ലക്ഷ്മിയെ വീടിന്റെ തെക്കേപറമ്പിലേക്ക് എടുക്കുന്നതും എട്ട് വയസുകാരനായ മൂത്ത മകൻ ഹരി അമ്മയുടെ ചിതക്ക് തീ കൊളുത്തുന്നതുമെല്ലാം അവ്യക്തമായ കാഴ്ചയിലെന്ന വണ്ണം അയാൾ കാണുന്നുണ്ടായിരുന്നു,!

പ്രണയവിവാഹമായിരുന്നു ലക്ഷ്മിയുടെയും തന്റെയും , അനാഥ ആശ്രമത്തിൽ വളർന്ന വിദ്യാഭ്യാസമില്ലാത്ത കൂലിപ്പണിക്കാരനായ തനിക്കൊപ്പം ലക്ഷ്മി ഇറങ്ങിവന്ന ദേഷ്യത്തിൽ അവളെ പൂർണമായും ഉപേക്ഷിച്ചതാണ് വീട്ടുകാർ,

ചേർത്ത് നിർത്താൻ ആരുമില്ലാതിരുന്നിട്ടും ആ കുറവ് അറിയിക്കാതെ നിറഞ്ഞ സന്തോഷം ഉള്ളൊരു ജീവിതം ലക്ഷ്മിക്ക് നൽകാൻ താൻ ഒരുപാട് പരിശ്രമിച്ചു.. ആ പരിശ്രമത്തിന്റെ ഫലമായി രാവും പകലും അധ്വാനിച്ചു സ്വന്തമായി ഒരു ചെറിയ വീട് സ്വന്തമാക്കാനും കഴിഞ്ഞു…, മനോഹരമായ തങ്ങളുടെ ദാമ്പത്യത്തിൽ വർണങ്ങൾ വിതറിക്കൊണ്ട് പൂമ്പാറ്റകൾ പോലെ രണ്ട് കുഞ്ഞുങ്ങൾ പിറന്നു….

സന്തോഷമായി കടന്ന് പോയ നാളുകൾക്കിടയിലാണ് ലക്ഷ്മിക്ക് സ്ഥിരമായി തലവേദന വരാറുള്ളത് തന്റെ ശ്രദ്ധയിൽ പെടുന്നത്.. ആദ്യമൊക്കെ താൻ ഡോക്ടറെ കാണാൻ കൊണ്ട് പോകാൻ ശ്രമിച്ചപ്പോഴൊക്കെ അവളത് കാര്യമായി എടുക്കാതെ ഒഴിഞ്ഞു മാറിയെങ്കിലും നാളുകൾ കഴിയവേ അസ്സഹനീയമായ വേദനയിൽ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ വന്നു,

ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും അവളുടെ അവസ്ഥ ഗുരുതരമായിരുന്നു, ബ്രെയിൻ ട്യൂമർ അതിന്റെ അവസാന സ്റ്റേജിൽ എത്തിയിരുന്നു,അതുകൊണ്ട് തന്നെ ഒരു വിധത്തിലുള്ള ട്രീറ്റ്മെന്റ്നും അവളെ തിരികെ കൊണ്ടുവരാനായില്ല! ഇന്നിതാ തന്നെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ബാക്കിയാക്കി അവൾ പോയ്‌….!! അടക്കം കഴിഞ്ഞു എല്ലാവരും മടങ്ങിയതും ആ വീട്ടിൽ താനും മക്കളും മാത്രം ബാക്കിയായതും ശിവൻ അറിഞ്ഞു..

അമ്മയെ നഷ്ടമായതിന്റെ വിങ്ങലിൽ നിന്നും പതിയെ ഹരിയും നാലു വയസുകാരൻ കിച്ചുവും പുറത്തുവന്നു.. പിന്നെയത് വിശപ്പിന്റെ ദൈന്യതയായ്.. ശിവൻ അടുക്കളയിൽ എത്തി അങ്ങിങ് നോക്കി..

അവിടെയൊക്കെ ലക്ഷ്മിയുടെ കൈയ്യും മെയ്യും ഓടി നടക്കുന്നത് പോലെ അയാൾക്ക് തോന്നി.. ഇടയ്ക്കിടെ തന്നോട് എന്തൊക്കെയോ വിളിച്ചു ഓർമിപ്പിക്കുന്നുണ്ട്.. മക്കളുടെ കുറുമ്പിനെ ശാസിക്കുന്നുണ്ട്.. ഒരുപക്ഷെ ഈ വീട്ടിൽ അവളുടെ ശ്വാസവും, ഗന്ധവും കൂടുതൽ തങ്ങി നിൽക്കുന്നിടം ഈ അടുക്കളയിൽ ആണെന്ന് അയാൾക്ക് തോന്നി. അവൾക്കും മക്കൾക്കും ഒരു കുറവും വരാതെ സംരക്ഷിക്കാൻ ഓടി നടക്കുന്നതിനിടയിൽ ഇത്രയും തീവ്രമായി താനവളെ ശ്രദ്ധിച്ചിരുന്നില്ല നഷ്ടപെടുമ്പോഴേ കൂടെയുണ്ടായിരുന്നതിന്റെ വിലയറിയുള്ളു..!

അയാൾ പതറി പതറി ഓരോ ടിന്നുകളും എടുത്തു നോക്കി. ഒരു ചായയിടാൻ പോലും അറിയാത്തതോർത്തു അന്ന് ആദ്യമായ് അയാൾ വിഷമിച്ചു.. ഹോട്ടൽ മുറികളിൽ താമസിച്ച തനിക്ക് അടുക്കളയെ കുറിച്ച് എന്തറിയാൻ? അവൾ ജീവിതത്തിൽ വന്ന ശേഷം അടുക്കളയിലേക്ക് ചെല്ലാനൊട്ട് സാഹചര്യം വന്നിട്ടുമില്ല, എല്ലാമുണ്ടാക്കി മേശമേൽ കൊണ്ട് വച്ചു താനും മക്കളും അത് കഴിക്കുന്നത് നോക്കിനിന്ന് സന്തോഷിക്കുന്ന അവളെ പലപ്പോഴും കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട് ,

ഒരു ചായയിടാനുള്ള ശ്രമം നടത്തി,! പഞ്ചസാരയും തേയിലയും പാകമാകാത്ത ആ ചായ മക്കൾ കുടിക്കുന്നത് ദയനീയതോടെ ശിവൻ നോക്കിയിരുന്നു! ദിവസങ്ങളുടെ പരീക്ഷണങ്ങൾ കൊണ്ട് അടുക്കളയുടെ ലോകം അയാൾക്ക് പാകപ്പെട്ടു, താനും കുഞ്ഞുങ്ങളും മാത്രമുള്ള ആ ലോകത്തോട് പതിയെ തങ്ങൾ മൂവരും പൊരുത്തപെടുന്നത് അയാളറിയുന്നുണ്ടായിരുന്നു, മക്കൾക്ക് വേണ്ടിയെങ്കിലും മറ്റൊരാളെ ജീവിതത്തിൽ കൂടെ കൂട്ടാൻ കൂട്ടുകാരൊക്കെ എത്ര പറഞ്ഞിട്ടും അയാൾ ഒട്ടും ആഗ്രഹിച്ചില്ല.. കുഞ്ഞുങ്ങൾ മാത്രമായിരുന്നു ശിവന്റെ ചിന്തകളിൽ ..

അവരുടെ അമ്മക്ക് പകരം മറ്റാർക്കും അവരെ സ്നേഹിക്കാൻ കഴിയില്ല എന്നുള്ള അയാളുടെ വിശ്വാസം ആ ലോകത്തേക്ക് മറ്റൊരാളെ കൊണ്ട് വരാൻ അനുവദിച്ചില്ല, തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ആ മക്കൾക്ക് വേണ്ടി.. അവരുടെ സന്തോഷങ്ങൾക്ക് വേണ്ടി അയാൾ ജീവിച്ചു..

രാവിലെ അവർക്കുള്ള ഭക്ഷണമൊരുക്കി, അവരെ സ്കൂളിൽ വിട്ട ശേഷം മരം മുറിച്ചിടുന്ന ഇടങ്ങളിൽ പോയി തടി ചുമന്നു.. വൈകുന്നേരം മക്കൾക്കുള്ള പലഹാരങ്ങളും.. അവരുടെ ആവശ്യങ്ങളും നിറവേറ്റി ശരിക്കുമൊരു സ്നേഹത്തണൽ ആയി അയാൾ മാറി!

വർഷങ്ങൾ കഴിഞ്ഞു പോയി…! ഹരിയും കിച്ചുവും വളർന്നു, ഉയർന്ന വിദ്യാഭ്യാസവും ജോലിയും നേടി.. പഴയ വീട് പൊളിച്ചു നീക്കി പുതിയ വീട് വച്ചു, അപ്പോഴേക്കും ശിവനിൽ വാർദ്ധക്യം പിടി മുറുക്കി,! ഗൃഹഭരണം പതിയെ മക്കൾ ഏറ്റെടുത്തു, അടുക്കള ജോലിക്ക് ജോലിക്കാർ നിയോഗിക്കപ്പെട്ടു, അച്ഛനെ സ്വസ്ഥമായിരിക്കാൻ അവർ പറഞ്ഞു, വിനോദത്തിനായ് മുറിയിൽ ടെലിവിഷൻ അടക്കം വച്ചു കൊടുത്തു, എന്നിട്ടുമെന്തോ തിരഞ്ഞിട്ടെന്നപോലെ അയാളാ പറമ്പിലൂടെ നടന്നു, ചിലപ്പോൾ അടുക്കളയിൽ എത്തി ഭക്ഷണ സാധനങ്ങൾ ഉപയോഗ ശൂന്യമാക്കി കളയുന്ന പരിചാരകാരോട് ദേഷ്യപ്പെട്ടു,.ചിലപ്പോഴൊക്കെ തന്നോട് തന്നെ പിറുപിറുത്തു..

ഇതിനിടയിൽ ഇഷ്ടപെട്ട പെൺകുട്ടിയുമായി ഹരിയുടെ വിവാഹം കഴിഞ്ഞു, തെക്കേപറമ്പിൽ പോയി നിന്ന് അച്ഛൻ തനിയെ സംസാരിക്കാറുണ്ടെന്നും അത് മനോരോഗത്തിന്റെ ലക്ഷണം ആണെന്നും, അങ്ങനെ ആണേൽ എങ്ങോട്ടേങ്കിലും ഇറങ്ങി പോകാൻ സാധ്യത ഉണ്ടെന്നും ഭാര്യ പറയുന്നത് കേട്ട് ഹരി അച്ഛനെ മുറിയിൽ തന്നെ അടച്ചിടാൻ ശ്രമിച്ചു,!

അച്ഛന്റെ അവസ്ഥ മറ്റുള്ളവർ അറിയുന്ന നാണക്കേട് ഓർത്ത് കിച്ചുവും എതിരൊന്നും പറഞ്ഞില്ല, അച്ഛനെ നഷ്ടപെടാതിരിക്കാൻ ആണ്‌ ഈ കരുതൽ എന്ന് അവർ അവരോടു തന്നെ ന്യായം പറഞ്ഞു!

“ശിവേട്ടാ ” ലക്ഷ്മിയുടെ വിളി കേട്ട് ഉറക്കം ഞെട്ടി ശിവൻ കണ്ണ് തുറന്ന് നോക്കി! നേര്യതുടുത്തു നെറ്റിയിൽ സിന്ദൂരമിട്ട്, ദേഹമാകെ ചന്ദന ഗന്ധവുമായി ലക്ഷ്മി അടുത്തിരിപ്പുണ്ടായിരുന്നു,! ഒറ്റപെട്ടു പോയ കുഞ്ഞിന് അമ്മയെ തിരികെ കിട്ടിയത് പോലെ ഒന്നുറക്കെ കരയാൻ ശിവന് തോന്നി!

“എവിടെ പോയതാ ലക്ഷ്മി നീ?.പോയപ്പോ ന്തേ ന്നേ കൂട്ടാതിരുന്നേ? എവിടൊക്കെ ഞാൻ അന്വേഷിച്ചു? വിളിച്ചിട്ട് എന്തെ വിളി കേൾക്കാതിരുന്നേ? ലക്ഷ്മി പതിയെ പുഞ്ചിരിച്ചു കൊണ്ട് ശിവന്റെ കൈകളിൽ ചേർത്ത് പിടിച്ചു!

“ഞാൻ നമുക്കേറെ പ്രിയപ്പെട്ട കാവിൽ ണ്ടായിരുന്നു ശിവേട്ടാ, മക്കൾ തനിച്ചായി പോകുമെന്ന് പേടിച്ചല്ലേ ഞാൻ ശിവേട്ടനെ കൂട്ടാതിരുന്നേ… ഇനി പോകാലോ നമുക്കൊന്നിച്ച്.. വന്നേ ” ശിവന്റെ കൈയ്യും പിടിച്ച് ലക്ഷ്മി പതിയെ മുറിയിൽ നിന്നിറങ്ങി പുറത്തേക്ക് നടന്നു.. അമാവാസിയുടെ ഇരുട്ടിൽ പതിയെ രണ്ട് രൂപങ്ങൾ ഇരുളിൽ മറഞ്ഞ

ഇനിയാരും വരാനില്ലെങ്കിൽ ബോഡി എടുക്കാം

കൂടി നിന്നവരിൽ ആരോ പറയുന്നത് കേട്ട് ഹരിയും കിച്ചുവും ഉറക്കത്തിലെന്ന പോലെ കിടക്കുന്ന അച്ഛന്റെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി!

Related Posts

Leave a Reply

Your email address will not be published. Required fields are marked *