തന്റെ വാക്കുകളിലൂടെ ആ ദൗർഭാഗ്യം ആവർത്തിക്കാൻ മനസ്സ് വരാത്തതിനാൽ വിവാഹത്തിന് മുൻപേ അശ്വിൻ അത് അറിയാതെ പോയി എന്നുള്ള കുറ്റബോധം…….

കീർത്തനം

Story written by Shafia Shamsudheen

ആ ചില്ലുജാലകം തുറന്ന് കീർത്തന ഒന്ന് പുറത്തേക്ക് നോക്കി…

മനസ്സിൽ മൂടിക്കെട്ടിയ ദുഃഖം കണ്ണുകളെ ഒട്ടും ഈറനണിയിച്ചിരുന്നില്ല… മൂടി ക്കെട്ടിയ ആകാശവും ഈറനണിയാതെ അവൾക്കൊപ്പം നിന്നു…

മനസ്സിന്റെ ഭാരത്തിനോട്‌ ഇണങ്ങാതെ ഉറക്കം മാറിനിന്നപ്പോൾ കൺതടങ്ങൾക്ക് ഭാരമേറിയിരുന്നു…

കട്ടിലിൻ ഓരത്ത് ജനൽപ്പടിയിൽ കൈവെച്ച് പുറത്തേക്ക് നോക്കിയവൾ വെറുതെ ഇരുന്നു.. നിലാവിൽ നക്ഷത്രങ്ങൾ മിന്നുന്നുണ്ട്.. കാറ്റിനൊപ്പം കാർമേഘങ്ങൾ എങ്ങോട്ടോ വിരുന്നു പോയി…

ചെമ്പരത്തിയും ബോഗൈൻവില്ലയും കാറ്റിൽ തലയാട്ടി സ്നേഹം അറിയിക്കുന്നുണ്ട്…

അവളെ കൂടെക്കൂട്ടാൻ പതിയെ ഓർമ്മകൾ താളം ചവിട്ടി അടുത്തെത്തി… എത്ര മറക്കാൻ ശ്രമിച്ചാലും കൊത്തിപ്പറിക്കാൻ വരുന്ന ഓർമ്മകൾ..

രണ്ടു വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമായിരുന്നു അത്…. ജീവനായി താൻ അന്നും ഇന്നും സ്നേഹിക്കുന്ന തന്റെ അശ്വിനെ നോക്കി… “ഇയാളെ എനിക്ക് വെറുപ്പാണ്… ഇയാളോടൊപ്പം എനിക്ക് ജീവിക്കണ്ട..” എന്ന് കോടതിയിൽ അത്രയും ജനങ്ങൾക്ക് മുന്നിൽ പറഞ്ഞ ആ ദിവസം.. കണ്ണുകൾ നിറഞ്ഞില്ല… പകരം ഒരാവേശമായിരുന്നു.. അശ്വിൻ തന്നിൽ നിന്നകന്നു പോവാൻ ഏതറ്റം വരെയും ക്രൂ രതയുടെ മുഖം മൂടി അണിയാനുള്ള ആവേശം..

ആഗ്രഹിച്ചത് പോലെ തന്നെ സംഭവിച്ചു… മുഖത്തേക്കൊന്ന് നോക്കുക പോലും ചെയ്യാതെ ഒരു വാശിയോടെ അവൻ ഇറങ്ങിപ്പോയി… ആ വാശിയാണ് എത്രയും പെട്ടെന്ന് അവനെ കൊണ്ട് വേറെ വിവാഹം ചെയ്യിപ്പിച്ചത്.. ഇന്നിപ്പോ ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അച്ഛനാക്കിയത്..

ഓർക്കുമ്പോൾ സന്തോഷമുണ്ട്… സംതൃപ്തിയുണ്ട്.. ഈ പാതിയായ ജീവിതം കൊണ്ടുള്ള പുണ്യം..

നാലു വർഷങ്ങൾക്കു മുൻപാണ് അശ്വിനുമായുള്ള വിവാഹം നടന്നത്..

പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളെയും തട്ടിത്തെറിപ്പിച്ചു കൊണ്ട് വിധി തന്റെ ജീവിതത്തിൽ ആ വിളയാട്ടം നടത്തിയത്…

ചേട്ടന്റെ വിവാഹം കഴിഞ്ഞ് ഒരു ദിവസം അച്ഛനും അമ്മയും ചേട്ടനും ഭാര്യയും താനും കൂടെ മൂകാംബികയിൽ നിന്നും വരുന്ന വഴി എതിരെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുമ്പോൾ അതിൽ അച്ഛനുമമ്മക്കൊപ്പം എന്റെ ശരീരത്തിൽ ഒരു കുഞ്ഞു ജീവനെ ചുമക്കാനുണ്ടായിരുന്ന ആ അവയവവും തൂത്തുവാരി കളഞ്ഞിരുന്നു ദൈവം…

ചേട്ടനും ചേടത്തിക്കുമൊപ്പം എല്ലാ വേദനകളെയും പുറന്തള്ളി ജീവിക്കാൻ പഠിച്ചിരുന്നു പിന്നീട്…

പഠിച്ചു ഒരു ജോലി നേടി അധികമാവും മുൻപ് വിവാഹലോചനകൾ വന്നപ്പോൾ ചേട്ടന്റെ കാലു പിടിച്ചു പറഞ്ഞതാണ്… ഒരു വിവാഹം ഇല്ലാതെ തന്നെ സന്തോഷത്തോടെ ജീവിക്കാൻ ഒരുക്കമാണെന്ന്…

പിന്നീടടെപ്പഴോ ചേട്ടനും ചേടത്തിയും കൂടെ സമ്മതിപ്പിച്ചു.., എല്ലാം തുറന്ന് പറഞ്ഞാൽ അംഗീകരിക്കുന്ന ഒരാളെ കിട്ടിയാൽ സ്വീകരിക്കാം എന്ന്… അങ്ങനെ ഒരാൾ ഒരിക്കലും ഉണ്ടാവില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് അങ്ങനെയൊരു വാക്ക് കൊടുത്തത്…

അതുകൊണ്ട് തന്നെയാവണം അനിയത്തിയുടെ ഭാവിയെ കരുതി ചേട്ടൻ അശ്വിനോട് ആ ചതി ചെയ്തത്…

അശ്വിന് ഇഷ്ടമാണെന്ന് പറഞ്ഞ് ചേട്ടൻ സംസാരിച്ചപ്പോൾ ഒരു നൂറു തവണ ചോദിച്ചു കാണും… “എല്ലാം തുറന്നു പറഞ്ഞില്ലേ…” എന്ന്..

“എന്റെ മോളെ ഈ ചേട്ടൻ ഒരിക്കലും സങ്കടപ്പെടുത്തില്ല… എല്ലാം അശ്വിന് അറിയാം.. ” എന്ന ചേട്ടന്റെ വാക്കുകൾ വിശ്വസിക്കുകയായിരുന്നു…

തന്റെ വാക്കുകളിലൂടെ ആ ദൗർഭാഗ്യം ആവർത്തിക്കാൻ മനസ്സ് വരാത്തതിനാൽ വിവാഹത്തിന് മുൻപേ അശ്വിൻ അത് അറിയാതെ പോയി എന്നുള്ള കുറ്റബോധം മാത്രമേ ഇന്ന് മനസ്സിലുള്ളു…

രണ്ടുപേരും ഐടി പ്രൊഫഷൻ ആയിരുന്നതിനാൽ ഒരേ സ്ഥാപനത്തിൽ ആയി പിന്നെ ജോലി… രണ്ടു പേരുടെയും ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച് ലോണടക്കാം എന്ന വ്യവസ്ഥയിൽ ആദ്യം ഒരു ഫ്ലാറ്റ് സ്വന്തമാക്കി… ‘കീർത്തനം..’, ഉടനെ തന്നെ അതിലേക്ക് താമസം മാറി…

പരസ്പരം സ്നേഹിച്ച് സ്നേഹിച്ച് ഒരു ഉത്സവമാക്കുകയായിരുന്നു പിന്നെ ജീവിതം… ഒരുമിച്ച് കുക്ക് ചെയ്തും വീട് ക്ലീൻ ചെയ്തും ഒരു സ്കൂട്ടറിൽ രണ്ടു പേരും ഒരുമിച്ച് ജോലിക്ക് പോയും വന്നും… രണ്ട് ഉത്തമസുഹൃത്തുക്കളായ ഭാര്യാ ഭർത്താക്കന്മാർ…

കളിയും ചിരിയും വഴക്കും തമാശയുമായി അടിയും ഇടിയും സന്തോഷവും നിറഞ്ഞ് അവരുടെ ദിനങ്ങൾ പോയി കൊണ്ടിരുന്നു…

ഒരു വർഷത്തിന് ശേഷം ആണ് ഒരുദിവസം അവളുടെ ഹൃദയത്തെ പിടിച്ചുലച്ചു കൊണ്ട് അവൻ പറഞ്ഞത്… “കീർത്തീ ഇപ്പൊ ഒരു വർഷം കഴിഞ്ഞില്ലേ… നമുക്കൊരു ഡോക്ടറെ കണ്ടാലോ..” എന്ന് .

അവൾ സ്തംഭിച്ചു നിന്നു… തൊണ്ട വറ്റി വരണ്ട് വാക്കുകളും അതിൽ വീണ് നിശ്ചലമായി..

അന്ന് ഉച്ചക്ക് അവനുറങ്ങുമ്പോൾ വണ്ടിയെടുത്ത് നേരെ പോയത് ചേട്ടനെ കാണാനാണ്… കണ്ണീരോടെ കുറ്റം സമ്മതിച്ച് ചേട്ടൻ കൈകൂപ്പി നിന്നു പറഞ്ഞു … “എല്ലാം മോൾടെ നന്മക്ക് വേണ്ടിയായിരുന്നു…”

തളർന്ന മനസ്സോടെ വീട്ടിലെത്തുമ്പോൾ അശ്വിനെ അഭിമുഖീകരിക്കാനുള്ള ശക്തിയില്ലായിരുന്നു…

പിന്നെ ദിവസങ്ങൾ കടന്നു പോവുന്തോറും അശ്വിനെ സ്നേഹിക്കാതെ ജീവിക്കാൻ കഴിയുന്നില്ലെന്ന തിരിച്ചറിവോടെ പതുക്കെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു… ആറുമാസക്കാലം അങ്ങനെ കടന്നു പോയി… ഡോക്ടറെ കാണണം എന്നുള്ള അശ്വിന്റെ ആവശ്യം മുറുകിവന്നത് അശ്രദ്ധമായി വിട്ടു..

പക്ഷേ ഒരിക്കൽ അശ്വിൻ തനിയെ പോയി ഡോക്ടറെ കാണിച്ച് അവന്റെ പാർട്ട്‌ ക്ലിയർ ചെയ്തപ്പോൾ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നി… എന്നിട്ടും എന്തോ തന്റെ സ്വാർത്ഥത കൊണ്ടോ, തന്റെ കുറവിനെ അംഗീകരിക്കാനുള്ള മടി കൊണ്ടോ എന്താണെന്ന് അറിയില്ല… അവനോട് തുറന്നു പറയാൻ അപ്പോഴും തോന്നിയില്ല..

പകരം കണ്ടുപിടിച്ച മാർഗ്ഗമാണു അവനെ തന്നിൽ നിന്നും അകറ്റുകയെന്നത്.. ഒരു ആത്മശിക്ഷ..

മനപ്പൂർവം താൻ ഉണ്ടാക്കി കൊണ്ടിരുന്ന എല്ലാ വഴക്കുകൾക്കൊടുവിലും അവൻ വന്ന് മാപ്പ് പറഞ്ഞ് സ്നേഹം കൂടാൻ വരുമ്പോൾ അടുക്കാതെ പിടിച്ചു നിന്നു… അവൻ കാണാതെ തേങ്ങി…

ഒടുവിൽ “എന്റെ ഓർമകളിൽ നൊന്ത് അവൾ ജീവിച്ചു തീരട്ടെ” എന്ന് ശപിക്കും വിധം അശ്വിൻ ആ ഫ്ലാറ്റ് അവളുടെ പേരിലേക്ക് മാത്രമായി മാറ്റിയെഴുതി ഒരു മ്യൂച്ചൽ ഡിവോഴ്സിലൂടെ പിരിഞ്ഞു പോയി…

രണ്ടു പേരും രണ്ടുവർഷം സ്വർഗം തീർത്ത ആ ഫ്ലാറ്റിൽ ഇപ്പോൾ അവനെ കുറിച്ചുള്ള ഓർമകളിൽ.. ആ പ്രസെൻസിൽ.. അവന്റെ ശാപം ഒരു അനുഗ്രഹമായി കണ്ട് അവൾ ജീവിക്കുന്നുണ്ട്… …. അവനെ മതിയാവോളം സ്നേഹിച്ച്.. മാറോടണച്ച്..

കണ്ണൊന്നടച്ചിരുന്നാൽ അവൾക്ക് കാണാം.. അവന്റെ മക്കളെ പെറ്റു വളർത്തി അവർക്ക് പിന്നാലെ ഓടി തളർന്ന്…… അവരെ വിവാഹം കഴിപ്പിച്ച് പേരമക്കളെ മടിയിലേറ്റിയിരിക്കുന്ന പ്രായം വന്ന ഒരു കീർത്തനക്ക് അരികിൽ ചാരുകസേരയിൽ അവളുടെ അശ്വിൻ…

വർഷങ്ങൾക്കിപ്പുറമിരുന്ന് കാലാന്തരങ്ങളിലൂടെ അവൾക്കത് വ്യക്തമായി കാണാം.. പക്ഷേ കണ്ണൊന്നു തുറക്കും വരേ മാത്രം..❣️

Related Posts

Leave a Reply

Your email address will not be published. Required fields are marked *