അച്ഛാ എനിക്ക് അമ്മൂമയെ കാണാൻ പോണം.അമ്മൂമ്മവിളിച്ചു പറഞ്ഞു അങ്ങോട്ട് വരാൻ സ്ക്കൂൾ പൂട്ടിയില്ലെ ഞാൻ അവിടെ…….

എഴുത്ത്:- മനു തൃശ്ശൂർ

അച്ഛാ… അച്ഛാ…

ഏഴ് വയസ്സുള്ള മോൻ്റെ ശബ്ദം കേട്ടാണ് സെറ്റിയിൽ കിടന്നുറങ്ങിയ ഞാൻ ഉണർന്നത്.

കണ്ണുകൾ തുറന്ന് അവനെ ഒന്ന് നോക്കി…!!

എന്താടാ .??

അച്ഛാ എനിക്ക് അമ്മൂമയെ കാണാൻ പോണം.അമ്മൂമ്മ വിളിച്ചു പറഞ്ഞു അങ്ങോട്ട് വരാൻ സ്ക്കൂൾ പൂട്ടിയില്ലെ ഞാൻ അവിടെ പോയിക്കോട്ടെ..അച്ഛാ..?

അവൻ്റെ സംസാരം കേട്ടു ഭാര്യ അപ്പോഴേക്കും അടുക്കള വാതിൽക്കൽ എത്തിയിരുന്നു..

അവളുടെ മുഖത്ത് സ്നേഹത്തോടുള്ളൊരു പുഞ്ചിരിയും.ഞാനെന്ത് പറയുമെന്നുള്ള ആകാംക്ഷയും.. നിഴലിച്ചിരുന്നു.

അച്ഛാ പോവല്ലെ അച്ഛാ നമ്മൾ അമ്മൂമ്മയുടെ അടുത്ത് .??

മോൻ്റെ വീണ്ടും വീണ്ടും ഉള്ള ചോദ്യത്തിന് അവനോടു എന്തു പറയണം എന്ന് അറിയാതെ അവനെ പിടിച്ച് മടിയിൽ ഇരുത്തി .

പിന്നെ എന്താ പോകാലോ നമുക്ക്

“അച്ഛൻ്റെ നല്ല കുട്ടിയല്ലെ ഇപ്പോൾ പോയി കളിച്ചെ.. അച്ഛനൊന്നു ഉറങ്ങട്ടെ.. അത് കഴിഞ്ഞു നമുക്ക് പോകാം എന്ന് പറഞ്ഞപ്പോൾ ..

അവനൊന്നും മിണ്ടാതെ മടിയിൽ നിന്നും ഇറങ്ങി പോയി

പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല മനസ്സ് ആകെ ചിതറി പോയ പോലെ

അത്രയും നാൾ മനസ്സിൽ മൂടിവെച്ച ഓർമ്മകൾ എവിടെയൊ നഷ്ടപ്പെടലിന്റെ നോവ് പടർത്തി കണ്ണുകളിൽ നീർ പൊടിഞ്ഞു..

മനസ്സ് ഒരുപാട് കാലം പിന്നിലേയ്ക്കു പോയി

കൊല്ല പരീക്ഷ കഴിഞ്ഞു സ്ക്കൂളിലെ അവസാന ദിവസവും

വൈകുന്നേരത്തെ ഇളം ചൂട് വെയിലേറ്റ് സന്തോഷം കൊണ്ട് തുള്ളിച്ചാടി വീട്ടിലേക്ക് മടങ്ങിയ ആ ഓർമ്മകൾ മനസ്സിൽ കടന്നു വന്നു..

അന്ന് സ്ക്കൂൾ വിട്ട് വരുമ്പോൾ അമ്മൂമ കാത്തിരിപ്പുണ്ടാവും അമ്മ വീട്ടിൽ കൊണ്ട് പോവാൻ ..പോവാൻ കൊതിച്ചാകും ഞാനും..ഓടി എത്തുന്നത്.

ഇന്ന് പോവണ്ടന്ന് അമ്മ പറയുമ്പോൾ വാശിപിടിച്ചു പുത്തനുടുപ്പിട്ട് വഴിയിലേക്ക് ഇറങ്ങി നിക്കും..

അമ്മ എന്താ അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലായത് ഒരച്ഛനായപ്പോൾ ആയിരുന്നു .

പതിയെ സെറ്റിയിൽ നിന്നും എഴുന്നേറ്റു അടുക്കളയിൽ ചെന്നപ്പോൾ അവൾ ജോലിയിൽ മുഴങ്ങി നിൽക്കാണ്..

അവളുടെ ഉള്ളിലും ഉണ്ടാകില്ലേ സ്വന്തം വീട്ടിൽ രണ്ടു ദിവസം പോയി നിൽക്കാനുള്ള ആഗ്രഹം..

എല്ലാം ഉള്ളി അടക്കിവെയ്ക്കുന്നയാകും. ഞാനവളുടെ അടുത്തേയ്ക്കു ചാരി നിന്നു.

എടി.. പിണങ്ങിയോ.. എനിക്ക് അറിയാം നിനക്കും ആഗ്രഹം ഉണ്ട് വീട്ടിൽ പോകാൻ എന്ന്.

രണ്ടു ദിവസം കഴിഞ്ഞ ജോലി ഉണ്ട് നമ്മൾ മക്കളെ കൊണ്ട് പോയ ഒരഞ്ചാറ് ദിവസം അവിടെ നിൽക്കേണ്ടി വരും ..

പെട്ടെന്ന് ഞാനിങ്ങ് പോന്ന അവരെന്താ കരുതും അതുകൊണ്ട് അവനെ സന്തോഷിപ്പിക്കാൻ തക്ക ഒരു മറുപടി പറയാൻ എനിക്ക് പറ്റീല ..

എന്നാലും എനിക്ക് അവൻ്റെ മനസ്സ് അറിയാം അവൻ്റെ പ്രായത്തിൽ ഞാനും ഇതുപോലെ ആയിരുന്നു എന്നാലും ഇപ്പോൾ സാഹചര്യം കൂടെ നോക്കണ്ടേ. പോകുമ്പോൾ അമ്മയ്ക്കു ഒരു ജോഡി ഡ്രസ്സ്‌ എങ്കിലും വാങ്ങണ്ടേ. ഒന്നും ആലോചിക്കാതെ എടുത്തു ചാടി പോകാൻ പറ്റോ..

നീ അവനെ എന്തേലും പറഞ്ഞു ഒന്നു സമാധാനിപ്പിക്..അവന്റെ സങ്കടം കാണാൻ എനിക്ക് വയ്യാ.. അത് കൊണ്ടാണ്.

ഉം..

സാരമില്ല..ഏട്ടൻ പോയി കിടന്നൊ ..എനിക്കും ഇപ്പോൾ അവിടെ പോയി നിൽക്കാൻ ഒന്നും തോന്നണില്ല നമ്മുടെ വീട് ഇതല്ലെ…!!

എടീ നിനക്ക് അറിയില്ലെ നമ്മുടെ ബുദ്ധിമുട്ട് ഇഷ്ടം ഇല്ലാഞ്ഞല്ല.

കഴുകി കൊണ്ടിരുന്ന പാത്രം അവിടെ വച്ച് അവളെന്നെ നോക്കി..

“സാരമില്ല ഇനി അതിനെ കുറിച്ച് അവനോടു പറയാൻ പോവണ്ട പിന്നെ അതുമതി രാത്രി മൊത്തം കരയാൻ..

അവൻ ഇനി അത് ചോദിക്കില്ല !!!

ലീവ് ഉള്ളപ്പോൾ നമ്മുക്ക് ഇവിടെ എവിടെ എങ്കിലും ചുറ്റി കാണിക്കാന്ന് പറഞ്ഞു ഞാൻ അവനെ സമാധിനിപ്പിച്ചോളാം

അവൾ വീണ്ടും പാത്രം കഴുകാൻ തിരിഞ്ഞു നിൽക്കുമ്പോൾ..

എന്തൊ ഒരു സങ്കടം അവളും ഉള്ളിൽ കെട്ടി നിർത്തിയിട്ടാണു തോന്നുന്നു. കൺപീലികളിൽ വിറയൽ ബാധിച്ചു മുഖം ചുവന്നു ചുണ്ടുകൾ മുറുക്കി പിടിച്ചിരുന്നു..

ആ നിമിഷം അവളുടെ തോളിൽ പിടിച്ചു എന്താടി മുഖത്തൊരു ഭാരമെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.. പിന്നെ വേണ്ടന്ന് വച്ചു ചിലപ്പോൾ അത് മതി അവൾ കരയാൻ ..

കല്ല്യാണം കഴിഞ്ഞ ദിവസങ്ങളിൽ ചിലപ്പോൾ ഒക്കെ അവൾ അവളുടെ വീട്ടിലേക്ക് പോണമെന്ന് പറയുമ്പോൾ ജോലിതിരക്ക് കാരണം അതിനു പറ്റാറില്ല..

എന്നാലും അവളൊന്നും പറയാറില്ല ദേഷ്യ പെടാറില്ല ..

വീണ്ടും സെറ്റിൽ വന്നു ഇരുന്നപ്പോൾ ഉള്ളിലെ സന്തോഷം ഒക്കെ പോയപോലെ. നെഞ്ചിൽ ഒരു ഭാരം
മനസ്സ് എന്തൊ ഓർത്തു വിങ്ങി തുടങ്ങി.

ഒരു ബസ്സിൻ്റെ കുലുക്കം…മുൻസീറ്റിൽ ഇരുന്നു റോഡിലേക്ക് കൗതുകത്തോടെ നോക്കുന്ന ഒരു കുട്ടി..

അവൻ്റെ കണ്ണുകൾ അടുത്തിരുന്ന അമ്മൂമ്മയുടെ മുഖത്തേക്ക് ഇടയ്ക്കിടെ പാറി വീഴുന്നുണ്ട്.. ആ നിമിഷം അവന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി തെളിയുന്നു

ഒടുവിൽ ബസ്സ് ഇറങ്ങി നിറഞ്ഞു നിൽക്കുന്ന പാടശേഖരത്തിന് നടുവിലൂടെ ഓടുമ്പോൾ…

ഓടല്ലെ കണ്ണാ വീഴുമെന്നുള്ള അമ്മൂമയുടെ പിൻവിളി കേട്ടു നിന്ന് അമ്മൂമ്മഅടുത്തെത്തും വരെ മണ്ണിൽ കിടന്ന കമ്പെടുത്തു കുത്തി കളിച്ചതും..

വൈകുന്നേരം പാടത്ത് കൂട്ടുകാർ ഒപ്പം പൂമ്പാറ്റ പിടിച്ചു കളിക്കുമ്പോൾ അകലെ നിന്നും അമ്മൂമ്മയുടെ വിളിക്കേട്ട് വീട്ടിലേക്ക് പോവാൻ മടിച്ച് നിൽക്കുമ്പോൾ..

കൂടെ ഉള്ളവർ പറയും..

അപ്പൂ അമ്മൂമ്മവിളിക്കുന്നു വീട്ടിലേക്ക് പൊക്കൊ അല്ലേൽ മാമൻ വടിയെടുത്തു വരുന്നു പറഞ്ഞു കൂടെ ഉള്ളവർ തിരച്ചു അയക്കുമ്പോൾ അവന്റെ ഉള്ളിലെ സങ്കടം.

ഓടി ചെല്ലുമ്പോൾ ഇടവഴിയിൽ കാത്തു നിൽക്കുന്ന അമ്മൂമ്മയെ കാണാം നേരം ഇരുട്ടായ് പറഞ്ഞു കൈയ്യിൽ പിടിച്ചു കൊണ്ട് പോയി വസ്ത്രം ഒക്കെ ഊരി കളഞ്ഞു അടുക്കള പുറത്തെ പ്ലാവിന്റെ ചോട്ടിലെ കല്ലിൽ കയറ്റി നിർത്തി മേക്കെഴുകുമ്പോൾ

പ്ലാവിൻ കൊമ്പിലെ കൂട്ടിൽ ചേക്കേറിയ കൊക്കുകളുടെ ചിറകൊതുക്കുന്ന ശബ്ദം കേട്ടു നിൽക്കുമ്പോൾ

അമ്മയുടെ തറവാട്ടിൽ വിരുന്നു വന്നു..

ചീനുവും അച്ചുവും അമ്മുവും വരുന്നുണ്ടാവും രാത്രി നേരത്ത് ഉമ്മറത്ത് ഒത്തു കൂടി കഥകൾ പറഞ്ഞിരിക്കാൻ..

ആ നിമിഷം ഞാൻ അമ്മൂമയുടെ മറവിൽ ഒളിച്ചു നിന്നു നാണം മറക്കുമ്പോൾ അമ്മൂമ്മപറയും..

“അവരൊക്കെ കാണാൻ കിടക്കല്ലെ നേരെ നിൽക്കെട പറഞ്ഞു വീണ്ടും കല്ലിൽ കയറ്റി നിർത്തുമ്പോൾ അവരുടെ ചിരി കേൾക്കാം..

മുറ്റത്തെ കുങ്കുമത്തിലെ പൂക്കൾ പെറുക്കി എടുത്തു ഈർക്കിൽ കയറ്റി പമ്പരം ഉണ്ടാക്കിയതും.

ഒളിച്ചു കളിക്കുമ്പോൾ പുളിമരത്തിൽ കയറി പുളിർമ്പു കടിച്ചു ആദ്യം തന്നെ കണ്ടു എണ്ണാൻ വിധിച്ചതും ..

ഒടുവിൽ അവധിക്കാലം കഴിഞ്ഞു തിരികെ കൊണ്ടു വരാൻ അമ്മയും അച്ഛനും വരുന്ന ദിവസം രാത്രി ഉറക്കം ഉണ്ടാവില്ല..ഒപ്പം വിശപ്പ് ഉണ്ടാവില്ല..

പിറ്റേന്ന് അമ്മവീട് പടിയിറങ്ങുമ്പോൾ പ്രകൃതി പോലും നിശബ്ദമായ് ഉള്ളിൽ തട്ടുമ്പോൾ പോണില്ലെന്ന് പറഞ്ഞു അമ്മൂമ്മയെ വിളിച്ചു കരയുമ്പോൾ..

സ്ക്കൂൾ ഇല്ലാത്തപ്പോൾ ഇനിയും വരാലൊ..അമ്മൂമ്മ വരണുണ്ട് മോനെ ഇങ്ങട് കൊണ്ട് വരാൻ എന്ന് പറഞ്ഞു ഉമ്മറത്ത് നിന്ന് കണ്ണുകൾ ഒപ്പി നിൽക്കുന്ന ആ രൂപം കണ്ണുനീർ ഇടയിലൂടെ മങ്ങി തുടങ്ങുമ്പോൾ നെഞ്ചു വിങ്ങും..

ഓർമ്മകൾ നെഞ്ചിൽ വന്നു വീണുടഞ്ഞതും ഞാൻ പിടഞ്ഞുണർന്നു…

മനസ്സ് വിങ്ങി ശ്വാസം കിട്ടാതെ വന്നപ്പോൾ ഒന്ന് കിതച്ചു അടുക്കളയിൽ നിന്നിരുന്ന ഭാര്യയെ വിളിച്ചു ഓരു ഗ്ലാസ്‌വെള്ളം കൊണ്ട് വരാൻ പറഞ്ഞു..

വെള്ളം കുടിച്ചു കഴിഞ്ഞപ്പോഴാ…മനസ്സ് ശാന്തമായത്.ഉള്ളൊന്ന് തണുത്തത് ..

ഒഴിഞ്ഞ ഗ്ലാസുമായി തിരിഞ്ഞു നടന്ന അവളെ വിളിച്ചു നിർത്തി പതിയെ പറഞ്ഞു.നമ്മുക്ക് പോവാം അവനെ സങ്കട പെടുത്തണ്ടല്ലൊ..

അതു കേട്ടപ്പോൾ അവളൊന്നു ചിരിച്ചു..നിറനിലവ് പോലെ.

ആ ചിരി എന്റെ ഉള്ളിലെ സംതൃപ്തിയായി മാറുമ്പോൾ ഞാൻ വെറുതെ ഓർത്തു..

എത്രപ്പെട്ടന്ന് ആയിരുന്നു എനിക്കെൻ്റെ ബാല്യം നഷ്ടപ്പെട്ടതെന്ന് എന്ന്

Related Posts

Leave a Reply

Your email address will not be published. Required fields are marked *