അടച്ചു കുറ്റിയിട്ട അടുക്കള വാതിൽ തുറന്ന് വരാന്തയിൽ ഇറങ്ങി തേഞ്ഞചെരുപ്പുമിട്ട് മുറ്റത്തു കൂടെ തന്നെ മുൻവശത്ത് വന്നു. മുൻവാതിൽ……

Story written by Sindhu Appukuttan

അന്ന് അമ്പലത്തിലെ പത്താം ഉത്സവം പൊടിപൊടിക്കുന്നു. ഉച്ചക്കും വൈകുന്നേരവും ഗംഭീരമായ ആറാട്ട് സദ്യ ഉള്ളതിനാൽ രാവിലെ അടുക്കളയ്ക്ക് അവധി കൊടുത്ത് അടുക്കി പെറുക്കൽ എന്ന കലാപരിപാടിയെ കൂട്ടു പിടിച്ചു.

അലമാരയിൽ മടക്കി വെച്ച സാരികളെല്ലാമെടുത്തു വെയിൽ കൊള്ളിക്കാൻ ഇട്ടു. ബാക്കി ഡ്രസ്സ്‌ എല്ലാം മടക്കു നിവർത്തി വീണ്ടും മടക്കി വെച്ചു.. അങ്ങനെ എല്ലാമൊന്ന് ഒതുക്കി. ഉച്ചക്ക് അമ്പലത്തിൽ പോയി മൂക്കുമുട്ടെ സദ്യയുണ്ട് വീട്ടിൽ വന്ന് ഒരു ഉച്ചയുറക്കവും പാസ്സാക്കി.

ഉറങ്ങി എണീറ്റപ്പോഴേക്കും പൂരം തുടങ്ങിയിരുന്നു . പെട്ടന്ന്തന്നെ കുളിച്ചൊരുങ്ങി പൂരം കാണാനിറങ്ങി.ദീപാരാധനയ്ക്ക് മുന്നേ വീട്ടിലേക്കു ഒന്നോടി വന്ന് ക്ഷീണം തീർത്തു… ദീപാരാധനയ്ക്ക് നടയടച്ചപ്പോൾ കെട്ട്യോൻ പറഞ്ഞു വീട് പൂട്ടി ഇറങ്ങിക്കോ.. തൊഴുത് സദ്യയും കഴിച്ചു പോരാം.

വാതിൽ പൂട്ടി ഇറങ്ങാൻ തുടങ്ങുമ്പോളാണ് കാലിൽ കിടന്ന ചെരിപ്പ് തോണ്ടി വിളിച്ചത്.

“പുത്തൻ ചെരിപ്പും ഇട്ടോണ്ട് തന്നെ പോണോ”

സദ്യയും പൂരവുമൊക്കെ പുറത്ത് തന്നെയായതുകൊണ്ട് ചെരിപ്പഴിച്ചു വെക്കേണ്ടി വന്നില്ല. ദീപാരാധന തൊഴാൻ അകത്തു കയറിയെ പറ്റൂ.

ഞാൻ ചെരിപ്പഴിച്ച് അകത്തു കയറാൻ നോക്കിയിരിക്കും പോലെയാണ് മിക്കപ്പോഴും എന്റെ ചെരിപ്പ് മോഷണം പോകാറുള്ളത്. ഇനിയിപ്പോ അറിഞ്ഞോണ്ട് റിസ്ക് വേണ്ട എന്നുകരുതി അടുക്കള വരാന്തയിൽ കിടക്കുന്ന ബ്ലേഡ്നെ കൂടെ കൂട്ടാം എന്നങ്ങട് ഉറപ്പിച്ചു.

അടച്ചു കുറ്റിയിട്ട അടുക്കള വാതിൽ തുറന്ന് വരാന്തയിൽ ഇറങ്ങി തേഞ്ഞചെരുപ്പുമിട്ട് മുറ്റത്തു കൂടെ തന്നെ മുൻവശത്ത് വന്നു. മുൻവാതിൽ അടച്ചു പൂട്ടി താക്കോൽ കെട്ട്യോന്റെ കയ്യിൽ കൊടുത്തു.

സദ്യയുണ്ട് അമ്പലപറമ്പിലൊക്കെ ചുറ്റിയടിച്ചു തിരിച്ചു വന്നപ്പോൾ സമയം 10.30 കഴിഞ്ഞു. സദ്യ കഴിഞ്ഞു ബാക്കി വന്ന പായസം ചിലർ വീട്ടിൽ കൊണ്ട് പോകുന്ന കണ്ടപ്പോൾ, വെറുതെ കിട്ടുന്നതല്ലേ എന്ന് കരുതി ഞാനും കെട്ട്യോനെ ഉന്തിത്തള്ളി വിട്ട് രണ്ടു ഗ്ലാസ്‌ പായസം ഒപ്പിച്ചു.

വീട്ടിലെത്തി, പായസം കൊണ്ടോയി അടുക്കളയിൽ വെച്ച് തിരിയുമ്പോൾ അതാ അടുക്കള വാതിൽ മലർക്കെ തുറന്നു കിടക്കുന്നു.

“അയ്യോ, ചേട്ടാ ക ള്ളൻ”എന്നൊരു അലർച്ചയായിരുന്നു പിന്നെ

അത് കേട്ട് ഓടി വന്ന കണവൻ കുറച്ചു നേരം സ്ഥലകാലബോധം നഷ്ടപ്പെ ട്ടവനേപ്പോലെ നിന്നിട്ട് ഒറ്റയോട്ടം ബെഡ്‌റൂമിലേക്ക്.

അവിടെയിരുന്ന അലമാര യാതൊരു ഭാവമാറ്റവും ഇല്ലാതെ ഞങ്ങൾ പോയപ്പോൾ നിന്ന പോസിൽ തന്നെ നിൽക്കുന്നു. താക്കോൽ പതിവുപോലെ ബെഡിനടിയിൽ കിടന്നു ഉറങ്ങുന്നു. തുറന്നു നോക്കുമ്പോൾ എല്ലാം ഞാൻ രാവിലെ ഒതുക്കി വെച്ച പോലെ തന്നെ.

പൈസയൊന്നും പോയില്ല സമാധാനം എന്ന് പറയുമ്പോഴാണ് ഞാൻ ഓർത്തത് അടുക്കളയിലിരുന്ന എന്റെ മിക്സി, പുതിയ പാത്രങ്ങൾ…

വീണ്ടും “അയ്യോ”യുടെ അകമ്പടിയോടെ അടുക്കളയിലേക്ക്.

ഹോ.. വീണ്ടും സമാധാനം.. എല്ലാം അവിടെതന്നെയുണ്ട്. ഇനിയിപ്പോ ഈ കള്ളൻ എന്തിനാവോ അകത്തു കയറിയെ എന്ന് തലപുകഞ്ഞു ചിന്തിക്കുമ്പോളാണ് ഇടിവെട്ട് പോലെ ഒരു ചോദ്യം

നീ വാതിലടച്ചിട്ട് തന്നെയാണോ മുൻവശത്തെ വാതിൽ പൂട്ടിയെ.

അപ്പോഴാണ് എന്റെ തലയിൽ ബൾബ് മിന്നിയത്.. ചെരുപ്പ് എടുക്കാൻ വന്നിട്ട് വാതിൽ അടയ്ക്കാതെയാണ് മുറ്റം വഴി ഇറങ്ങി പോയത്.

ഇനിയിപ്പോ അത് വിളമ്പിയാൽ കെട്ട്യോന്റെ കൈ കവിളത്തു കഥകളി മുദ്ര പതിപ്പിക്കും എന്നറിയാവുന്ന കൊണ്ട് ഞാൻ വീണ്ടും വീണ്ടും മുട്ടൻ നുണ തന്നെ വെച്ചുകാച്ചി. എന്റെ പൊന്ന് അമ്മച്ചിയാണേ . ഞാനീ വാതിലടച്ചിട്ടാ അവിടെ പൂട്ടിയെ . സത്യം… സത്യം.. സത്യം…

അമ്മച്ചിന്ന് വിളിക്കുന്നത് അമ്മായിയമ്മയേ ആണെന്ന് പാവം ന്റെ കെട്ട്യോൻ അപ്പൊ ഓർത്തുമില്ല. 😄.

Related Posts

Leave a Reply

Your email address will not be published. Required fields are marked *