അതൊന്നും പറഞ്ഞാൽ എൻ്റെ കുട്ടിക്ക് മനസ്സിലാവില്ല… ഇതൊക്കെ ആലോചിച്ച് ഈ കുഞ്ഞിത്തല ചൂടാക്കണ്ട….

ഇഷ്ടങ്ങൾ…

Story written by Rajisha Ajaygosh

” അമ്മക്ക് ആരാവാനായിരുന്നു ഇഷ്ടം..”കുളിപ്പിക്കുന്നതിനിടയിൽ അപ്പുവിൻ്റെ ചോദ്യം കേട്ടപ്പോൾ ” അപ്പുവിൻ്റെ അമ്മയാവാൻ … ” ചിരിയോടെ മറുപടി കൊടുത്തു താര…

” അങ്ങനല്ല അമ്മേ.. സ്കൂളിലൊക്കെ പഠിക്കുമ്പോൾ നമുക്കോരോ ഇഷ്ടങ്ങൾ കാണില്ലേ.. ഇപ്പൊ ഞാൻ പറയാറില്ലേ സയൻ്റിസ്റ്റ് ആവണം ന്ന്.. അതുപോലെ അമ്മക്ക് ആരാവാനാ ഇഷ്ടം… ” അപ്പു വീണ്ടും ചോദിച്ചു… ആ എട്ടു വയസ്സുകാരൻ്റെ ചോദ്യം കേട്ടപ്പോൾ താരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

തൻ്റെ മകൻ തൻ്റെ ഇഷ്ടങ്ങൾ ചോദിക്കുന്നു… ആദ്യമായാണ് ഇങ്ങനെയൊരു ചോദ്യം..

സ്കൂളിൽ പഠിക്കുമ്പോൾ ആനി ടീച്ചർ ഓരോരുത്തരുടെയും അംബീഷൻ ചോദിച്ചതാണ് ഓർമ്മ വന്നത്… എനിക്ക് ഫാഷൻ ഡിസൈനിങ് പഠിക്കണം.. നല്ലൊരു ഡിസൈനറാവണം.. വരക്കാനൊക്കെ ഏറെ ഇഷ്ടമുള്ളത് കൊണ്ടാവും ഞാനും കൂടെ പഠിച്ച തെസ്നിയും ഒരേ അംബീഷൻ പറഞ്ഞു…

“പറയമ്മേ…. ” അപ്പു വീണ്ടും ചോദിച്ചപ്പോൾ …. “അമ്മക്ക് ഫാഷൻ ഡിസൈനിങ് പഠിക്കാനായിരുന്നു ഇഷ്ടം.. ” എന്ന് പറഞ്ഞു അവനെയും കൂട്ടി റൂമിലേക്ക് നടന്നു..

“എന്നിട്ടെന്താ അമ്മ പഠിക്കാൻ പോവാത്തെ..” ഡ്രസ്സ് ഇടുന്നതിനിടയിൽ വീണ്ടും ചോദ്യം വന്നു..

” അപ്പോഴേക്കും അച്ഛ അമ്മയെ കല്യാണം കഴിച്ചിങ്ങ് കൊണ്ടു വന്നില്ലേ അപ്പൂ.. “

“അതിനെന്താ മായാൻ്റിയൊക്കെ കല്യാണം കഴിഞ്ഞിട്ടും പഠിക്കാൻ പോണുണ്ടല്ലോ.. പിന്നെ അമ്മ മാത്രമെന്താ പോവാത്തെ… ” അവന് സംശയങ്ങളാണ്…

“അതൊന്നും പറഞ്ഞാൽ എൻ്റെ കുട്ടിക്ക് മനസ്സിലാവില്ല… ഇതൊക്കെ ആലോചിച്ച് ഈ കുഞ്ഞിത്തല ചൂടാക്കണ്ട..ഇപ്പൊ വന്ന് ചായ കുടിക്ക്… “അപ്പുവിൻ്റെ തലയിലൊന്ന് വാത്സല്യത്തോടെ തലോടി അടുക്കളയിലേക്ക് നടന്നവൾ…

അവന് ഇഷ്ടമുള്ള ഇലയടയും ചായയും കൊടുത്ത് ഒരു ഗ്ലാസിൽ ചായയും എടുത്ത് ഇരിക്കുമ്പോൾ അപ്പുവിൻ്റെ ചോദ്യം തന്നെ തികട്ടിവരുന്നുണ്ടായിരുന്നു….

” അമ്മക്ക് ആരാവാനായിരുന്നു ഇഷ്ടം… “

ഇഷ്ടങ്ങൾ… എന്തൊക്കെ ആയിരുന്നു തൻ്റെ ഇഷ്ടങ്ങൾ… ചെറുപ്പത്തിൽ അടുത്ത വീട്ടിലെ കുട്ടികളെല്ലാം ഒരുമിച്ച് കളിക്കുന്നത് കാണുമ്പോൾ അവർക്കൊപ്പം കളിക്കാൻ ഇഷ്ടമായിരുന്നു…പെൺകുട്ടികൾ അടങ്ങി വീട്ടിലിരുന്നാൽ മതിയെന്ന അമ്മയുടെ വാക്കുകളിൽ ആ ഇഷ്ടം കുഴിച്ചുമൂടി..

പത്താം ക്ലാസ് കഴിഞ്ഞ് കണക്കിഷ്ടമല്ലാത്ത തന്നെ Mathsഗ്രൂപ്പ് എടുത്താൽ മതിയെന്ന് നിർബന്ധിച്ച് ചേർക്കുമ്പോൾ എന്നിൽ അവസാനിച്ചത് പഠനത്തിനോടുള്ള ഇഷ്ടം കൂടിയായിരുന്നു…..

നിറമുള്ള സ്വപനങ്ങൾ കണ്ടുതുടങ്ങിയ ആ കാലത്താണ് ഇഷ്ടം പറഞ്ഞൊരു കാക്കക്കറുമ്പൻ കൂട്ടുകൂടിയത്… നേർത്ത പുഞ്ചിരിയിലൂടെ.. ഇൻ്റർവെൽ സമയങ്ങളിൽ ക്ലാസിന് പുറത്തെ ചുമരോട് ചേർന്ന് നിന്ന് കണ്ണുകൾ കഥ പറഞ്ഞിരുന്നൊരു പ്രണയം…

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേരുമ്പോൾ അവനുമുണ്ടായിരുന്നു അതേ കോളേജിൽ… അധികമാരും അറിയാതെ ഉള്ളിൽ സൂക്ഷിച്ച മധുരമായൊരു പ്രണയം…

പ്രതീക്ഷിക്കാതെ വന്നൊരു കല്യാണ ആലോചന വീട്ടുകാർക്കെല്ലാം ഇഷ്ടമായപ്പോൾ പതിനെട്ടാം വയസ്സിൽ താരയുടെ വിവാഹവും തീരുമാനിക്കപ്പെട്ടു…

“അമ്മാ എനിക്ക് പഠിക്കണം.. ജോലി വാങ്ങണം.. അച്ഛനോടൊന്ന് പറയമ്മേ…” നിറഞ്ഞ കണ്ണുകളോടെ അമ്മയോട് പറയുമ്പോൾ “നിനക്ക് താഴെയുള്ളതും ഒരു പെൺകുട്ടിയാ.. അവളുടെ കാര്യം നോക്കണ്ടേ.. ഒരാളെയെങ്കിലും കെട്ടിച്ച് വിട്ടാൽ അത്രയും സമാധാനം… പിന്നെ.. പഠിക്കാനൊക്കെ അവര് വിടാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ…” എന്ന് പറഞ്ഞ് അമ്മയും കയ്യൊഴിഞ്ഞിരുന്നു…

വിവാഹം ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ നമുക്കെല്ലാം മറക്കാം…. എന്ന് പ്രണയിച്ചവനും പറഞ്ഞു… വർഷങ്ങളായി നെഞ്ചിൽ ഒളിപ്പിച്ച പ്രണയവും തോറ്റു പോയിരിക്കുന്നു….

ബാക്കി പഠിപ്പിച്ചോളാമെന്ന് പറഞ്ഞ് നടത്തിയ വിവാഹത്തിന് ശേഷമാണ് പഠനം ഇനി ഒരു സ്വപ്നം മാത്രമാണെന്ന് അവളറിഞ്ഞത്…

” ഏട്ടാ..വിരുന്നൊക്കെ കഴിഞ്ഞിട്ട് ഞാൻ ക്ലാസ്സിൽ പോയിക്കോട്ടേ…” വിവാഹം കഴിഞ്ഞ് നാലാം വിരുന്നിന് വീട്ടിലേക്ക് ഇറങ്ങുന്നതിനിടയിൽ വീട്ടിൽ നിന്നും തിരികെ വരുമ്പോൾ പുസ്തകങ്ങൾ കൂടെ കൊണ്ടു വരാലോ എന്ന ആകാംക്ഷയോടെ ഭർത്താവിനോട് ചോദിച്ചവൾ…

” അച്ഛനോടൊന്ന് ചോദിച്ച് നോക്ക്.. ” എന്നവൻ പറഞ്ഞതും പ്രതീക്ഷയോടെ ഭർത്താവിൻ്റെ അച്ഛനരികിലേക്ക് നടന്നു..

” അച്ഛാ… തിരക്കൊക്കെ കഴിഞ്ഞിട്ട് ഞാൻ ക്ലാസ്സിൽ പോയിക്കോട്ടെ…” ചെറുചിരിയോടെ ചോദിച്ചവൾ…

” ഞാനും അവനും ജോലിക്ക് പോയിക്കഴിഞ്ഞാൽ ഇവിടെ അമ്മ തനിച്ചല്ലേ മോളെ… മോള് വന്നാ അമ്മക്കൊരു കൂട്ടാവൂലോ എന്ന് കരുതി.. അവൻ്റെ പെങ്ങളും കല്യാണം കഴിഞ്ഞിട്ട് പഠിക്കാനും ജോലിക്കുമൊന്നും പോണില്ലല്ലോ .. ” സ്നേഹത്തോടെ പറയുന്ന അച്ഛനോട് മറുത്തൊന്നു പറയാൻ ആ പതിനെട്ടുകാരിക്കന്ന് കഴിഞ്ഞില്ല… പതിയെ തലയാട്ടി നടക്കുമ്പോൾ വിവാഹത്തിന് മുൻപ് എക്സാം ഫീസടച്ച് ഓരോ ഭാഗങ്ങളും പഠിച്ച് തീർത്ത അവളുടെ ഹൃദയം വല്ലാതെ നൊന്തിരുന്നു…

ചെന്നു കയറുന്ന വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാവണമെങ്കിൽ ക്ഷമയും അനുസരണയും ഉണ്ടാവണം.. അവിടത്തെ ശീലങ്ങളുമായി പൊരുത്തപ്പെട്ടു പോവണം.. ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്.. വിവാഹം തീരുമാനിച്ചപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് സ്വയം സഹിക്കാൻ പഠിച്ചവൾ..

മാസത്തിലൊരിക്കൽ വരാറുള്ള വയറുവേദനയും നടുവേദനയും വല്ലാതെ അധികം തോന്നിയപ്പോഴാണ് കിടന്നത്… പതിവുള്ളതാണ്.. ഒന്നുറങ്ങി എഴുന്നേറ്റാൽ കുറയും..തിരിഞ്ഞും മറഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങി പ്പോയിരുന്നു….

കണ്ണു തുറന്ന് നോക്കുമ്പോൾ 2 മണി കഴിഞ്ഞു… “ഇതൊക്കെ എല്ലാവർക്കുമുള്ളതാ.. ഇവിടുന്നും ഒന്നിനെ കെട്ടിച്ചു വിട്ടിട്ടുണ്ട്… അവൾക്കുമുണ്ട് വയറുവേദനയൊക്കെ.. അവളതും വച്ചോണ്ട് ജോലിയൊക്കെ ചെയ്യും കൊച്ചിനേം നോക്കും.. അല്ലാണ്ട് രാവിലെ മുതൽ കിടന്നുറങ്ങുകയല്ല … ” അടുക്കളയിൽ എത്തുമ്പോൾ അമ്മായിഅമ്മയുടെ കനത്ത ശബ്ദം കാതുകളെ പൊള്ളിക്കുന്നുണ്ടായിരുന്നു…

ചെന്ന് കയറുന്ന വീടാണ് ഇനി നിൻ്റെ വീട്… ഇനി അവിടത്തെ മകളാണ് നീ..എന്ന് അച്ഛൻ കല്യാണത്തിന് മുൻപ് പറഞ്ഞതോർമ്മ വന്നു… ‘ഇല്ല.. ഞാനീ വീടിൻ്റെ മകളല്ല..മരുമകളാണ്.. അതു കൊണ്ടല്ലേ വയ്യാതിരുന്നിട്ടും ഒന്നു കിടക്കുമ്പോൾ പോലും പരാതികൾ കേൾക്കേണ്ടി വന്നത്… ‘ സ്വയം ചോദിച്ചവൾ….

പതിയെ അടുക്കളയിലെ പാത്രങ്ങളും മുഷിഞ്ഞതുണികളും കൂട്ടായപ്പോൾ അക്ഷരങ്ങൾ ഓർമ്മകളിൽ നിന്നും മാഞ്ഞിരുന്നു…. സ്വന്തം ഇഷ്ടങ്ങൾ മറന്നിരുന്നു…

നേരത്തെ ഉറങ്ങിയിരുന്നവൾ വൈകി ഉറങ്ങാൻ പഠിച്ചു… ” ഇവിടത്തെ അച്ഛന് പുളിയുള്ള കറികളാ ഇഷ്ടം.. കുട്ടന് പിന്നെ ഇറച്ചിയോ മീനോ നിർബന്ധമാ.. ” അമ്മ ഓരോരുത്തരുടെയും ഇഷ്ടങ്ങൾ പറയുമ്പോൾ അനുസരണയോടെ തലയാട്ടിയവൾ…

ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് വച്ചുണ്ടാക്കാൻ പഠിച്ചിരിക്കുന്നു… തനിക്കെന്തായിരുന്നു ഇഷ്ടം.. വീണ്ടും ആലോചിച്ചു …. തൻ്റെ ഇഷ്ടങ്ങൾ ആരും ചോദിക്കാത്തതിനാലാവാം താനെല്ലാം കഴിക്കും..

ഞായറാഴ്ച്ചകൾ ലീവാണെന്ന് എല്ലാവരും പറയുമ്പോൾ തനിക്കന്ന് തിരക്ക് കൂടുതലുള്ള ദിവസമാണ് … ബീഫും കോഴിയും മത്സരിക്കുന്ന ദിവസം..
നെയ്ച്ചോറിൻ്റെ ചെമ്പിന് മുകളിൽ കനലിടുന്നതിനൊപ്പം സ്വയം വേവുന്ന ദിവസം… ബീഫ് നന്നായിട്ടുണ്ട് ട്ടോ.. എന്നാലും അൽപ്പം കൂടി ഗ്രേവി ആവാമായിരുന്നു എന്ന് പറയുമ്പോൾ വെറുതെയൊന്ന് ചിരിക്കും..

” അമ്മേ… ചായ കുടിച്ച് കഴിഞ്ഞില്ലേ….. ” അപ്പുവിൻ്റെ ചോദ്യമാണ് താരയെ ചിന്തകളിൽ നിന്നും ഉണർത്തിയത്… മുന്നിലിരിക്കുന്ന ചായ തണുത്തുറഞ്ഞിട്ടുണ്ട്…

” അമ്മേടെ കണ്ണെന്താ നിറഞ്ഞിരിക്കണെ..” എന്ന് അപ്പു ചോദിച്ചപ്പോഴാണ് മനസ്സിൻ്റെ നോവ് കണ്ണുകളിൽ പ്രതിധ്വനിച്ചുവെന്ന് അറിഞ്ഞത്… ഒന്നു മില്ലെന്ന് അപ്പുവിനെ കണ്ണിറുക്കിക്കാണിച്ച് എഴുന്നേൽക്കുമ്പോൾ അവൻ്റെ ശബ്ദം വീണ്ടും കേട്ടു..

” ഞാൻ പഠിച്ച് സയൻ്റിസ്റ്റായിട്ട് അമ്മേ പഠിക്കാൻ വിടാട്ടോ… “

” അമ്മേടെ അപ്പു പഠിച്ച് ജോലിയൊക്കെ വാങ്ങിക്കഴിയുമ്പോഴേക്കും അമ്മക്ക് വയസ്സാവൂലേ.. അപ്പൊ പഠിക്കാനൊന്നും കഴിയല്ലാല്ലോ.. “അവനരികിലേക്ക് ചെന്ന് ആ കുഞ്ഞു നെറ്റിയിൽ ചുണ്ടമർത്തിക്കൊണ്ട് പറഞ്ഞപ്പോൾ ആ കുരുന്ന് മുഖത്ത് നിരാശ പടർന്നിരുന്നു..

“അപ്പുവുണ്ടല്ലോ അമ്മേ നോക്കാൻ.. അമ്മേടെ ഇഷ്ടങ്ങളൊക്കെ അറിയാൻ… അത് മതി അമ്മക്ക്… പിന്നെ അപ്പു വലുതായി കല്യാണമൊക്കെ കഴിക്കുമ്പോ ആ കുട്ടിയോട് ചോദിക്കണം എന്താവാനാണ് ഇഷ്ടമെന്ന്… ആ ഇഷ്ടത്തിന് ഒപ്പം നിൽക്കണം അപ്പു.. അതാണ് അമ്മേടെ ആഗ്രഹം..

ഇപ്പൊത്തന്നെ അപ്പു അമ്മേടെ ഇഷ്ടം ചോദിച്ചപ്പോ അമ്മക്ക് എത്ര സന്തോഷായെന്നോ… നമ്മൾ സ്നേഹിക്കുന്നവർ നമ്മുടെ ഇഷ്ടങ്ങളൊക്കെ അറിഞ്ഞ് നമുക്കൊപ്പം നിൽക്കുമ്പോൾ വല്ലാത്ത സന്തോഷമാണ്…വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയാത്ത സന്തോഷം…” അപ്പുവിനെ ഇറുകെ പുണർന്നു കൊണ്ട് താര പറയുമ്പോൾ അപ്പു തലയാട്ടുന്നുണ്ടായിരുന്നു…

ആ എട്ടുവയസ്സുകാരന് ഇപ്പോൾ താൻ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും ഇന്ന് അമ്മയെ അറിയാൻ ശ്രമിക്കുന്ന അവന് നാളെ നല്ലൊരു മകനും ഭർത്താവും അച്ഛനും ആകാൻ കഴിയുമെന്നൊരു വിശ്വാസമായിരുന്നവൾക്ക്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *