അത് വല്യ കഷ്ടമായി പോയല്ലോ . അവന്റച്ഛൻ മരിച്ചിട്ട് മൂന്നുമാസം പോലുമായില്ല . കിടപ്പിലാകാതിരുന്നാൽ മതിയായിരുന്നു…..

കൊച്ചുകൊച്ചു സന്തോഷങ്ങൾ

story written by Sebin Boss J

”” അച്ഛേ … ബാർബിഡോള് വാങ്ങുവോ ? മുട്ടായി വാങ്ങണ പൈസേണ്ട് വാങ്ങിയാ മതി ”’

“‘ചുമ്മാതിരി അമ്മൂ .. ജയേട്ടാ വേണ്ടാട്ടോ . അമ്മക്ക് മരുന്ന് തീരാറായി . പാവയോന്നും വാങ്ങി പൈസ വെറുതെ കളയണ്ട .”‘ ശാലിനി പണിയായുധങ്ങൾ ഉള്ള ഷോപ്പറിലേക്ക് ചോറ്റുപാത്രവും വെള്ളവും വെച്ചിട്ട് പറഞ്ഞു .

അത് കേട്ടതും അമ്മുവിൻറെ മുഖം വാടുന്നത് കണ്ട ജയകൃഷ്ണൻ അവളെ വാരിയെടുത്തുമ്മ വെച്ചു

“” കുഞ്ഞത് മതിയച്ഛേ . സ്‌കൂളില്ലാത്തോണ്ട് കൂട്ടുകാർക്ക് മുട്ടായി വാങ്ങണ്ടല്ലോ .ആ പൈസേണ്ട് ഒരു കുഞ്ഞു പാവ “” അമ്മു ജയന്റെ കഴുത്തിൽ തൂങ്ങി കവിളിലുമ്മ വെച്ചു

“‘അച്ഛ വാങ്ങീട്ടു വരാം . അമ്മൂട്ടി പോയിരുന്ന് പഠിച്ചോട്ടോ “”

”” ജയാ കാണാനില്ലായിരുന്നല്ലോടാ …നീ കേറ് “” തൊടിയും കടന്ന് മെയിൻ റോഡിലേക്ക് കയറി ഓരോന്നാലോചിച്ചു നടന്ന ജയൻ അടുത്തൊരോട്ടോ വന്നു നിർത്തിയപ്പോഴാണ് തിരിഞ്ഞു നോക്കിയത് .

“‘ പണിയൊന്നുമില്ലായിരുന്നു . നീ എങ്ങോട്ട് പോയതാ ശിവാ? “‘

“‘ .നമ്മുടെ തെക്കേലെ ജോമോന്റെയമ്മ തെന്നി വീണു . പൊട്ടലുണ്ടെന്നാ ഡോക്ടറ് പറഞ്ഞേ. ഞാനവനെ വിളിക്കാൻ തിരിച്ചു പോന്നതാ. ലോനപ്പൻ സാറിന്റവിടെ പണിയാണെന്ന് പറഞ്ഞു അവന്റെ ഭാര്യ ”’

””അയ്യോ …അത് വല്യ കഷ്ടമായി പോയല്ലോ . അവന്റച്ഛൻ മരിച്ചിട്ട് മൂന്നുമാസം പോലുമായില്ല . കിടപ്പിലാകാതിരുന്നാൽ മതിയായിരുന്നു ””’

“‘അതേ .. ഓരോ കാലക്കേടും അതിന്റെ കൂടെ ഈ മുടിഞ്ഞ വൈറസും . മനുഷ്യനെ നട്ടം ചുറ്റിക്കുവാ””’

“‘ഞാനും ജോമോന്റെ കൂടെയാ പണി . ലോനപ്പൻ സാറിന്റെ വീട് പണി കഴിഞ്ഞ മാസം തീരേണ്ടതാരുന്നു . മുടങ്ങാതെ നടന്നിരുന്ന പണിയാ . മക്കളൊക്കെ ദുബായിൽ അല്ലെ . അവിടേം പ്രശ്നമായപ്പോ പണിയൊക്കെ നിർത്തി വെച്ചേക്കുവാരുന്നു . ഇപ്പൊ പാതി ശമ്പളം കിട്ടാൻ തുടങ്ങി ബാക്കി പണിതേക്കാമെന്ന് പറഞ്ഞു വിളിച്ചതാ “‘ ജയൻ പണിയായുധങ്ങൾ ഒക്കെ പുറകിലേക്ക് വെച്ചിട്ട് ശിവനോട് പറഞ്ഞു

“‘ഓട്ടവുമില്ലടാ ജയാ . സകല മേഖലയും സ്തംഭിച്ചു . ഗൾഫിലുമിതൊക്കെ തന്നെയാണവസ്ഥ. “”’

“‘ ജോമോനെ … “‘ സൈറ്റിലെത്തിയതും ജയൻ പണിയായുധങ്ങൾ പെട്ടെന്നെടുത്തിട്ട് ജോമോനെ വിളിച്ചു .

“‘ആ നീ വന്നോ ജയാ ..വിലാസിനിച്ചേച്ചിയും കനകൻ ചേട്ടനുമൊന്നുമില്ലന്ന് . അവരെല്ലാം ക്വറന്റീനിലാ . വേറെയാരെയേലും കിട്ടുമോന്നൊന്ന് ചേച്ചിയെ വിളിച്ചു ചോദിക്ക് നീ . കയ്യിലുള്ള പൈസയൊക്കെ തീർന്നു . ഈ പണി കിട്ടിയത് നന്നായി . “‘ ജോമോൻ ജയനെ കണ്ടതും സിമന്റ് കൂട്ടുന്നത് നിർത്തി പറഞ്ഞു .

“‘എടാ ..നീ ശിവന്റെയൊപ്പം ചെല്ല് . അമ്മയൊന്ന് വീണെന്ന് .. “”‘

”എടാ ..അമ്മക്ക് …?””‘ ജോമോന്റെ കയ്യിൽ നിന്ന് തൂമ്പാ താഴെ വീണു .

“‘ ഹേയ് ..ഒന്നുമില്ലടാ . കൈ കുത്തിയാ വീണേ . കൈക്കൊരു പൊട്ടലുണ്ടോന്ന് സംശയം . നീ വാ “” അങ്ങോട്ടേക്ക് വന്ന ശിവൻ ജോമോന്റെ കൈ പിടിച്ചു

“‘ ഡാ ജോമോനെ .. ഇത് പിടിച്ചോ . “” ജയൻ പോക്കറ്റിലുണ്ടായിരുന്ന പൈസ ജോമോന്റെ പോക്കറ്റിലേക്ക് തിരുകി . ഇരുന്നൂറിൽ താഴയേ ഉണ്ടായിരുന്നുള്ളൂ അത്

“”’ ചേച്ചീ .,.. പണിക്കാളേ കിട്ടുമോ വേറെ ?. ജോമോനും ഇല്ല ”’ ജോമോൻ പോയപ്പോൾ ജയൻ വിലാസിനിയെ വിളിച്ചു .

”ആ ..എന്നാൽ പറഞ്ഞു വിടാമോ .. ഫോണിൽ പൈസയില്ലേ . ആ എങ്കിൽ നമ്പര് പറ . ഞാൻ വിളിച്ചോളാം എന്നാൽ ശെരി “”‘ സഹായത്തിനാള് വരുന്നത് കാത്തു നിൽക്കാതെ ,ഫോൺ വെച്ചിട്ട് ജയൻ സിമന്റ് കൂട്ടാൻ തുടങ്ങി .

“” ജയാ .. പൈസയൊക്കെ കുറവാ . തത്കാലം അഞ്ഞൂറ് പിടിക്ക് . നാളെയോ മറ്റന്നാളോ തരാം കേട്ടോ “”

“‘സാരമില്ല സാറെ .. എല്ലാക്കാലത്തും മനുഷ്യർക്ക് ഒരുപോലെയല്ലല്ലോ അവസ്ഥ “” വൈകിട്ട് കൂലി തരാനായി ലോനപ്പൻ സാർ വന്നപ്പോൾ ജയൻ അദ്ദേഹത്തിന്റെ മുഖം കണ്ടാശ്വസിപ്പിച്ചു .

“” ചേച്ചിയേ …ഇവിടാരുമില്ലേ ?”” വൈകിട്ട് അൻപത് രൂപയുടെ റീചാർജ്ജ് കൂപ്പണും വാങ്ങിക്കൊണ്ട് വിലാസിനിച്ചേച്ചിയുടെ വീട്ടിൽ ചെന്ന ജയൻ ആരെയും കാണാതെ കതകിൽ മുട്ടി വിളിച്ചു .

“‘ ജയനാണോ ..എടാ ഇച്ചിരി മാറി നിൽക്ക് . കൂടെ പണിയുന്നൊരാൾക്ക് കൊറോണയായപ്പോ ഞങ്ങളും വീട്ടിൽ നിരീക്ഷണത്തിലാ “”‘ വാതിൽ തുറക്കാതെ ജനാല തുറന്ന വിലാസിനി അൽപം മാറി നിന്നുകൊണ്ടവനോട് പറഞ്ഞു

””ആ .. ഞാൻ റീചാർജ്ജ് കൂപ്പൺ തരാനായി വന്നതാ . ഇവിടെ വെച്ചിട്ടുണ്ടേ “‘

”ഡാ .. ജയാ ..”’

“‘എന്ന ചേച്ചീ .. പറയ് “‘ വിലാസിനിയുടെ ശബ്ദത്തിലെ മടിയും വിഷമവും മനസ്സിലാക്കിയ ജയൻ തിരിഞ്ഞു നിന്നു .

“”റേഷനും മറ്റും ഉണ്ട് . നിന്റേൽ പൈസയൊണ്ടേൽ ഇച്ചിരി മുളക് പൊടീം ഒക്കെ വാങ്ങി തരാമോ . പറ്റുകടക്കാരനും നിരീക്ഷണത്തിലായോണ്ടാടാ “‘ വിലാസിനി മടിച്ചുമടിച്ചു പറഞ്ഞു

”അതിനെന്നാ ചേച്ചീ …ഞാനിപ്പോ വരാം “” ഷർട്ടിന്റെ പോക്കറ്റിലേക്കൊന്ന് കണ്ണുകൾ താഴ്ത്തി നോക്കിയിട്ട് ജയൻ ചിരിച്ചു .

അത്യാവശ്യം വേണ്ട മസാലപ്പൊടികളും പച്ചക്കറിയും വാങ്ങി വിലാസിനി ചേച്ചിയുടെ വീട്ടിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് ജയന്റെ മനസ്സിലേക്ക് അമ്മുസിന്റെ മുഖമോടിയെത്തിയത്.

ആഹ് … നാളെ പണിക്കൂലി കിട്ടുമ്പോൾ വാങ്ങിക്കാമല്ലോ മോൾക്ക് പാവയും മറ്റും . “” ശിവാ പറയടാ . ഹോസ്പിറ്റലിൽ എന്തായി . ജോമോനെന്തിയെ ? എന്തേലു മാവശ്യമുണ്ടേൽ വിളിക്കാൻ പറയ്”” കോൾ വന്നപ്പോൾ ജയൻ അറ്റൻഡ് ചെയ്തോണ്ട് വീട്ടിലേക്ക് നീട്ടി വലിച്ചു നടന്നു .

”എടാ ..രണ്ടിടത്തു പൊട്ടലുണ്ട് കൈക്ക് ,ഓപ്പറേഷൻ ചെയ്യണം .അതല്ല ഇപ്പൊ പ്രശ്‌നം . ഓപ്പറേഷൻ ചെയ്യാനായി അമ്മക്ക് ആന്റിജൻ ടെസ്റ്റ് ചെയ്താരുന്നു . റിസൾട്ട് വന്നപ്പോ പോസറ്റീവ് . കൊണ്ട് വന്ന ഞാനും , എന്റെ വണ്ടിയിൽ കയറിയവരും എല്ലാം നിരീക്ഷണത്തിൽ പോകാൻ പറഞ്ഞു . അവർ നിന്നെ വിളിക്കും . നീയിനി എങ്ങോട്ടുമിറങ്ങേണ്ട കേട്ടോ “”

“‘ഊം “‘ ജയൻ യാന്ത്രികമായി മൂളി . അപ്പോഴേക്കും ഫോണിൽ ഹെൽത്തിൽ നിന്നുള്ള വിളിയെത്തിയിരുന്നു .

മുറ്റത്തു നിന്ന തൈത്തെങ്ങിന്റെ ഓല പറിച്ചെടുത്തു വീടിന്റെ ഇടത് വശത്തെ നീളൻ തിണ്ണയിലിരുന്ന് , അമ്മുക്കുട്ടി കാണാതെ ബോളും പാവയു മുണ്ടാക്കുമ്പോൾ പുറകിൽ നിന്ന് കുഞ്ഞികൈകൾ അവന്റെ കണ്ണുകൾ പൊത്തി

“‘ പൈസ കിട്ടീല്ല അല്ലെ അച്ഛേ ..സാരൂല്ല കേട്ടോ . അമ്മൂട്ടിക്കൊരു സങ്കടോല്ല .അല്ലേലും ഈ ബാർബീനെ കാണാൻ ഒരു രസോല്ല അച്ഛേ “”

“‘എന്റെ മോളെ കാണാൻ ബാർബീനെ പോലൊണ്ടല്ലോ … ബാർബിയല്ല നല്ല സുന്ദരി മാലാഖക്കുട്ടി … അച്ഛേടെ പിറന്നാളുമ്മകൾ “‘ ജയൻ നിറഞ്ഞ കണ്ണുകളോടെ മോളെ വാരിയെടുത്തുമ്മ വെച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *