അന്ന് ആ ദിവസം ബൈക്കിൽ പിൻതുട൪ന്നെത്തിയ ഏതോ ഒരു അജ്ഞാതനിൽ നിന്നും രക്ഷപ്പെടാൻ കൂടെയുണ്ടായത് വേണിച്ചേച്ചിയാണ്……..

ചില അപൂ൪വ്വതകൾ.

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

ബിജി വേഗം നടന്നു. വേണിച്ചേച്ചി കാത്തിരിക്കുന്നുണ്ടാകും. ക്ലാസ് കഴിഞ്ഞ് വേണിച്ചേച്ചിയെ ദിവസവും കണ്ടേ വീട്ടിൽ പോകാറുള്ളൂ.

അന്ന് ആ ദിവസം ബൈക്കിൽ പിൻതുട൪ന്നെത്തിയ ഏതോ ഒരു അജ്ഞാതനിൽ നിന്നും രക്ഷപ്പെടാൻ കൂടെയുണ്ടായത് വേണിച്ചേച്ചിയാണ്.

മാ൪ക്കറ്റിൽ ഉള്ള മാലിന്യങ്ങൾ അടിച്ചുവാരി വൃത്തിയാക്കുക, പുറമ്പോക്കിൽ അതെല്ലാം കൊണ്ടുപോയി കത്തിക്കുക, അതിന് കിട്ടുന്ന നിസ്സാരമായ കൂലിയിൽ വയസ്സായ അമ്മയെയും നോക്കി സംതൃപ്തിയോടെ ജീവിക്കുക, ഇത്ര യൊക്കെയേ പാവം വേണിച്ചേച്ചിയുടെ മനസ്സിൽ ഉള്ളൂ.

അന്ന് തന്റെ പിറകേ വന്ന ആളിൽ നിന്നും രക്ഷപ്പെടാൻ, ‘ചേച്ചി രണ്ട് മിനുറ്റ് എന്നോടൊന്നു സംസാരിക്കാമോ’ എന്ന് ചോദിച്ചു താൻ. പരിചയമുള്ള ആളാണെന്നു കണ്ടാൽ അയാളങ്ങു പോയ്ക്കോളുമെന്ന കണക്കുകൂട്ടൽ തെറ്റിയില്ല. അയാൾ വേഗത്തിൽ ബൈക്ക് ഓടിച്ചു പോയി.

വേണിച്ചേച്ചി ചോദിച്ചു:

എന്തിനാ പഠിക്കുന്നത്?

താൻ കാര്യം പറഞ്ഞു. പൈലറ്റാവാൻ സ്വപ്നം കണ്ടുനടക്കുന്ന കുട്ടിക്ക് കുറേക്കൂടി ധൈര്യം വേണമെന്ന് പറഞ്ഞു ചേച്ചി.

അതൊക്കെ ഉണ്ട്, ഇന്ന് സന്ധ്യയായില്ലേ, വൈകി. വീട്ടിലെത്തണം, പോയിട്ട് പണിയുണ്ട്…

അന്നത്തെ സൗഹൃദം പിന്നീട് ദൃഢമായത് വേണിച്ചേച്ചിയുടെ വീട് കണ്ട ദിവസം മുതലാണ്. ആകെക്കൂടി ഒരു ഇറയവും ചായ്പ് പോലൊരു മുറിയും ചെറിയ അടുക്കളയും.

അവരുടെ അമ്മ ചായ്പിൽ ഒരു പഴയ കട്ടിലിൽ കിടക്കുന്നു. താഴെ പായ്വിരിച്ചാണ്‌ വേണിച്ചേച്ചി കിടക്കാറ്. അമ്മയ്ക്ക് മരുന്നിനും കുഴമ്പിനും തികയില്ല ചേച്ചിക്ക് മാർക്കറ്റിൽ നിന്നും കിട്ടുന്ന കൂലി. ബാക്കി സമയം ഓല മെടഞ്ഞ് വിറ്റും ചൂലുണ്ടാക്കി വിറ്റുമൊക്കെ ചേച്ചി ചില്ലറ രൂപ കൂടി ഉണ്ടാക്കും. പഞ്ചായത്തിൽ നിന്നും അനുവദിച്ചു കിട്ടിയ മൂന്നരസെന്റിലാണ് വീട്.

തന്റെ വീട്ടിലെ വിശേഷങ്ങൾ ചോദിച്ച വേണിച്ചേച്ചിയോട് താൻ പറഞ്ഞു:

ഇനിയൊരിക്കൽ പറയാം..

അന്നിറങ്ങി നടക്കുമ്പോൾ തന്റെ സ്ഥിതി അതിലും ദയനീയമാണെന്ന് എങ്ങനെ പറയും എന്നോ൪ത്ത് ബിജി വെറുതേ വേദനിച്ചു.

വീട്ടിലെത്തുമ്പോൾ പതിവുപോലെ വാടക കൊടുക്കാത്ത പരിഭവം പറഞ്ഞ് ഉടമസ്ഥൻ വന്നതും പലിശക്ക് പണം വാങ്ങിയ ആൾ ഭീ ഷണിയുമായി വന്നതു മൊക്കെ പറഞ്ഞ് അമ്മയുടെ കണ്ണീര്…

എല്ലാം ശരിയാവും.. അമ്മ വിഷമിക്കാതെ..

തന്റെ കുഞ്ഞുമാല പണയം വെച്ച് പുസ്തകം വാങ്ങി. അത്യാവശ്യം ട്യൂഷനെടുക്കുന്ന കാശെടുത്ത് അരിയും മറ്റ് സാധനങ്ങളും മേടിച്ചു. ഇനിയും കിടക്കുന്നു നൂറുകൂട്ടം ആവശ്യങ്ങൾ. ഫീസടക്കാനുണ്ട്… പുതിയ വല്ല പാ൪ട്ട് ടൈം ജോലിയും കണ്ടുപിടിച്ചില്ലെങ്കിൽ വീട് വിട്ടിറങ്ങേണ്ടി വരും..

വേണിച്ചേച്ചിയുടെ വീടിനടുത്ത് വല്ല വിലകുറഞ്ഞ വാടകവീടും നോക്കിയാലോ..

കൂടെ പഠിക്കുന്ന കുട്ടിയുടെ കൈയിൽ നിന്നും കുറച്ചു രൂപ കടംവാങ്ങിവരുന്ന വഴിയാണ് വേണിച്ചേച്ചി അമ്മയെയും ഓട്ടോയിൽ കയറ്റി പോകുന്നത് കണ്ടത്. എങ്ങോട്ടാ എന്ന് ആംഗ്യം കാണിച്ചപ്പോൾ ആശുപത്രിയിൽ പോവുകയാണെന്ന് മാത്രം വിളിച്ചു പറഞ്ഞു. എന്താണാവോ പെട്ടെന്ന് പറ്റിയത്…

ചേച്ചിയുടെ വീടിനടുത്ത്കൂടി നടന്നപ്പോൾ എതിരേ വരുന്നവർ സംസാരിക്കുന്നു:

അവരെന്താ വീണതാണോ?

കട്ടിലിൽ നിന്നും വീണതാ, പക്ഷേ എന്തിലോ കൊണ്ട് നന്നായി തല മുറിഞ്ഞിട്ടുണ്ട്. രക്ഷപ്പെടുമോ എന്തോ…

കാലുകൾ നിശ്ചലമായി. മുന്നോട്ടു നടക്കാൻ മനസ്സ് വന്നില്ല. മുന്നിൽ വന്ന ഓട്ടോ കൈ കാണിച്ചുനിർത്തി അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയിനോക്കി. അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. വേണിച്ചേച്ചി പരിഭ്രാന്തിയോടെ ഓടിനടക്കുന്നു. ബ്ലഡ് വേണമത്രേ…

താൻ പരിചയമുള്ള ഒന്ന് രണ്ടു പേരെ വിളിച്ചു നോക്കി. ഒരാൾ വന്നു. ബ്ലഡ് കൊടുത്തു. കൈയിലെ രൂപയും തത്കാലം വേണിച്ചേച്ചിയെ ഏൽപ്പിച്ച് മടങ്ങി.

അടുത്ത ദിവസം വിളിച്ചപ്പോൾ ഭേദമുണ്ട്, എട്ടു സ്റ്റിച്ചുണ്ട് തലയിൽ എന്ന് പറഞ്ഞു. പിന്നീട് രണ്ടാഴ്ച തനിക്കങ്ങോട്ട് പോകാനേ പറ്റിയില്ല. ഓരോ തിരക്കുകൾ..

ഒരു ദിവസം ‌വൈകി വീട്ടിലേക്ക് ആഞ്ഞുവലിച്ച് നടന്നു വരുമ്പോൾ വേണിച്ചേച്ചി പിറകിൽ നിന്നും വിളിച്ചു.

നീ അന്ന് പൈസ തന്നില്ലേ…

അതു പിന്നെ മതി… സമയമില്ല…

നിൽക്ക്, പറയട്ടെ…

ഇല്ല, പിന്നെ കാണാം…

തിരക്കിട്ട് നടന്നു. രാത്രി കഞ്ഞികുടിക്കാനിരുന്നപ്പോൾ കണ്ണീ൪ നിറഞ്ഞു പാത്രത്തിൽ വീണതുകണ്ട് അമ്മ ചോദിച്ചു:

ഫീസടച്ചില്ലേ? നിനക്കാ വേണിച്ചേച്ചിയോട് ചോദിക്കാരുന്നു. ഇന്നല്ലേ ലാസ്റ്റ് ഡേറ്റ്. നിന്റെ എത്ര നാളത്തെ സ്വപ്നമായിരുന്നു…

കണ്ണീ൪ തുടച്ചെറിഞ്ഞു പതുക്കെ പറഞ്ഞു:

അത് സാരമില്ല..

പാത്രത്തിൽ സ്പൂണിളക്കി തികട്ടിവന്ന ഗദ്ഗദം കടിച്ചു പിടിക്കുമ്പോൾ ആരോ പുറത്ത് നിന്നും വിളിച്ചു:

മോളേ, ബിജീ..

വേണിച്ചേച്ചിയുടെ ശബ്ദം… വേഗം പുറത്തിറങ്ങി. ചേച്ചി ഫീസടച്ച റസീറ്റ് കൈയിൽ വെച്ചു തന്നു.

ഇന്ന് ഞാൻ കുട്ടി പഠിക്കുന്ന സ്ഥലത്ത് വന്നിരുന്നു. അവരാ പറഞ്ഞത് ലാസ്റ്റ് ഡേറ്റാ, കാശുണ്ടാക്കാൻ ഓടിനടക്കുകയാ ബിജി എന്നൊക്കെ… എനിക്കും കടം വാങ്ങാൻ അറിയാം…

വേണിച്ചേച്ചി ചിരിച്ചു…

അമ്മയാ നി൪ബ്ബന്ധിച്ച് ഇപ്പോൾത്തന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞത്. അന്ന് വന്നപ്പോൾ അമ്മയോട് ഒരുപാട് പറഞ്ഞതല്ലേ, ആകാശത്ത് കൂടി പറക്കുന്ന സ്വപ്നത്തെക്കുറിച്ച്….. ആ സ്വപ്നം തക൪ന്നു എന്ന് വിചാരിച്ച് നിനക്കിന്ന് ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലോ എന്ന്…

വേണിച്ചേച്ചി അതും പറഞ്ഞ് ഇരുട്ടിലേക്കിറങ്ങി നടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *