അന്റെ ഉപ്പാന്റെ മുഖം വീർപ്പിക്കൽ കാണാനല്ല ഞാനീ വീട്ടിലേക്ക് വരുന്നത്. എന്നെ കാണുമ്പോൾ മാത്രം ഒള്ളൂലോ ഈ മുഖം കറുപ്പിക്കൽ, മറ്റുള്ള മരുമക്കളെ ഒക്കെ കാണുമ്പോൾ……

Story written by Shaan Kabeer

“അന്റെ ഉപ്പാന്റെ മുഖം വീർപ്പിക്കൽ കാണാനല്ല ഞാനീ വീട്ടിലേക്ക് വരുന്നത്. എന്നെ കാണുമ്പോൾ മാത്രം ഒള്ളൂലോ ഈ മുഖം കറുപ്പിക്കൽ, മറ്റുള്ള മരുമക്കളെ ഒക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷാണല്ലോ ആ മുഖത്ത്”

ഷാഹിന മുറിയിലേക്ക് കയറിയതും മുഖവും ചുവപ്പിച്ച് പരാതി പറയുന്ന ഷാനിനെയാണ് കണ്ടത്. അവൾ ഷാനിനെ നോക്കി

“ന്റെ ഉപ്പാന്റെ സ്വഭാവം ഇങ്ങക്ക് അറീലെ ഇക്കാ…? മനസ്സിൽ ഒന്നും ഉണ്ടായിട്ടല്ല, ഇങ്ങള് അതൊന്നും കാര്യമാക്കേണ്ട”

ഷാനിന് ദേഷ്യം ഇരച്ചുകയറി

“അതെന്താ എന്നെ കാണുമ്പോൾ മാത്രം മൂപ്പർക്കൊരു ചൊറിച്ചിൽ…?”

ഷാഹിന ഷാനിന്റെ കണ്ണിലേക്ക് നോക്കി

“അതിന്റെ കാരണം എന്നേക്കാൾ നന്നായി ഇങ്ങക്ക് അറീലെ”

ഷാഹിന പറഞ്ഞ് തീർന്നതും ഷാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റ് അവളെ നോക്കി കണ്ണുരുട്ടി

“ഞാൻ എന്ത്‌ ചെയ്തെന്നാ, കല്യാണത്തിന് മുന്നേ എന്നെക്കുറിച്ച് നാട്ടിൽ നന്നായി അന്വേഷിക്കാത്തത് എന്റെ കുറ്റമാണോ…?”

“അന്വേഷിക്കാഞ്ഞിട്ട് ഒന്നുമല്ല, പേരുകേട്ട തറവാട്ടിലെ ഇയാളെ കുറിച്ച് നാട്ടുകാർ മോശമായി ഒന്നും പറയാഞ്ഞത് അവർ ഒരുപാട് ബഹുമാനിക്കുന്ന ഇങ്ങളെ ഉപ്പാനേയും വല്ലിപ്പാനേയും ഓർത്തിട്ടാണെന്ന് ഞങ്ങൾ പിന്നെയല്ലേ അറിഞ്ഞേ”

ഷാഹിന മുഖത്ത് പുഞ്ചിരി വിടർത്തി ഷാനിനെ അടിമുടിയൊന്ന് നോക്കി മെല്ലെ പിറുപിറുത്തു, ഇത് കേട്ടപ്പോൾ ഷാനിന് വീണ്ടും കലിയിളക്കി

“എന്നെകുറിച്ച് അന്റെ വാപ്പ എന്ത്‌ അന്വേഷിച്ച് കണ്ടെത്തിയെന്നാണ് നീ പറയുന്നത്…? വല്ലപ്പോഴും രണ്ട് ബിയർ കുടിക്കുന്നതാണോ ഇത്ര വലിയ കുറ്റം…? പിന്നെ നിന്റെ താത്തയുടേയും അനിയത്തിയുടേയും ഭർത്താക്കന്മാർ അഞ്ച് വഖ്ത് നിസ്കരിക്കുന്നുണ്ട് എന്നുവെച്ച് ഞാനും നിസ്കരിക്കണോ…?”

ഷാഹിന ഷാനിനെ നോക്കി

“അപ്പൊ ഉത്സവ പറമ്പിലും മറ്റും അടിയുണ്ടാക്കി അലമ്പാക്കി താന്തോന്നിയായി നടക്കുന്നതോ…? നാട്ടിലെ സകല താന്തോന്നിത്തരങ്ങൾക്ക് പിറകിലും നിങ്ങളുണ്ടാവും, കൂടെ കുറേ കൂട്ടുകാരും”

ഒന്ന് നിറുത്തിയിട്ട് അവൾ ഷാനിന്റെ കണ്ണിലേക്ക് നോക്കി

“കല്യാണം കഴിഞ്ഞിട്ടാ എന്റെ ഉപ്പ ഇതൊക്കെ അറിയുന്നത്, അതോണ്ടാ ഈ ദേഷ്യം കാണിക്കൽ, ന്റെ ഇക്കാ ഇങ്ങൾ അത് മൈന്റ് ചെയ്യേണ്ടാ, ഉപ്പാന്റെ വിഷമം അങ്ങനെയെങ്കിലും തീർത്തോട്ടെ”

“ഓഹ്, അപ്പൊ നീയും പറയുന്നു ഞാൻ താന്തോന്നിയും തെമ്മാടിയും ആണെന്ന്, എടീ ഈ നിമിഷം വരെ നിന്നെ ഞാൻ ഉപദ്രവിച്ചിട്ടുണ്ടോ…? അതുപോട്ടെ, മോശമായ വാക്ക് പറഞ്ഞ് ചീത്ത വിളിച്ചിട്ടുണ്ടോ…? കല്യാണത്തിന് ശേഷം ഞാൻ ബിയർ കുടിച്ച് നിന്റെ മുന്നിൽ വന്നിട്ടുണ്ടോ…? ആരോടെങ്കിലും വഴക്ക് ഉണ്ടാക്കിയിട്ടുണ്ടോ…?”

ഒന്ന് നിറുത്തിയിട്ട് ഷാൻ തുടർന്നു

“കല്യാണത്തിന് മുന്നേ ഞാൻ അങ്ങനായിരുന്നു ഇങ്ങനായിരുന്നു എന്ന് പറയുന്ന നിന്റെ ഉപ്പയെന്താ കല്യാണത്തിന് ശേഷമുള്ള എന്നെ കാണാത്തേ”

ഷാഹിന ഷാനിന്റെ കണ്ണിലേക്ക് നോക്കി

“അതുവിട് ഇക്കാ, എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടാണ്. പക്ഷേ, ഏത് ഉപ്പയും തന്റെ മോൾക്ക് ഏറ്റവും മികച്ച ഭർത്താവിനെ കിട്ടനല്ലേ നോക്കൂ”

ഷാൻ ഷാഹിനയെ നോക്കി കണ്ണുരുട്ടി

“പിന്നേ, അന്റെ വാപ്പയല്ലേ ഈ നാട്ടിലെ രാജാവ്”

ഷാഹിനയുടെ മുഖം ചുവന്നു

“എന്റെ ഉപ്പാനെ പറയരുത്”

പുച്ഛത്തോടെ ഷാൻ അവളെ നോക്കി

“അന്റെ വാപ്പാനേയും പറയും വാപ്പാന്റെ വാപ്പനേയും പറയും”

ഇതും പറഞ്ഞ് ഷാൻ മൂടിപ്പുതച്ച് കിടന്നുറങ്ങി.

വർഷങ്ങൾക്ക് ശേഷം

*****************

ഷാനിന്റെ മോൾക്ക് വന്ന ഒരു കല്യാണാലോചന ചർച്ചയിൽ ആരോ പറഞ്ഞു

“ചെക്കന് സി ഗരറ്റ് വലിയും വല്ലപ്പോഴും രണ്ടെണ്ണം അടിക്കുന്ന സ്വഭാവവും ഒക്കെ ഉണ്ടെന്നാ കേട്ടെ”

ഇത് കേട്ടതും ഷാൻ ചാടി എഴുന്നേറ്റ് ബ്രോക്കറെ നോക്കി

“അങ്ങനെ കണ്ണിൽ കണ്ട ക ള്ളുകുടിയനും സി ഗരറ്റ് വലിക്കാരനുമൊക്കെ കെട്ടിച്ച് കൊടുക്കാനല്ല ഞാൻ എന്റെ മോളെ പൊന്നുപോലെ വളർത്തി വലുതാക്കിയെ, ഒരു ദുശീലവും ഇല്ലാത്ത നല്ലൊരു പയ്യനാണേൽ മാത്രം മതി, അല്ലാത്ത ഒരു കാര്യവും എന്റെ മോൾക്ക് വേണ്ട”

ഷാനിന്റെ സംസാരം കേട്ടപ്പോൾ ഷാഹിന അവനെ റൂമിലേക്ക് വിളിച്ചു, എന്നിട്ട് പതുക്കെ കാതിൽ പറഞ്ഞു

“ഇതുതന്നെയല്ലേ അന്ന് എന്റെ ഉപ്പയും ആഗ്രഹിച്ചത്”

Related Posts

Leave a Reply

Your email address will not be published. Required fields are marked *