അമ്മാവന്റെ സ്വരം ഒന്ന് കടുത്ത് പോയാൽ അമ്മാവനൊന്ന് ദേഷ്യപ്പെട്ടാൽ ഒക്കെ ആ പയ്യനെ കെട്ടിയാരുന്നേൽ എന്റെ ജീവിതം ഇങ്ങനൊന്നും ആവത്തില്ലാരുന്നു……..

Story written by Adam John

ആദ്യ പ്രണയമെന്നൊക്കെ പറയുന്നത് വല്ലാത്തൊരു നൊമ്പരവാരിക്കും പലർക്കും. അമ്മായിക്കും ഉണ്ടാരുന്നത്രെ ഒരു പ്രണയം.

പത്തിലെങ്ങാണ്ട് പഠിക്കുന്ന കാലത്താണ്. അന്നൊക്കെ പത്താം ക്‌ളാസ് കഴിഞ്ഞാൽ ഹയർ സ്റ്റഡിക്കായി തയ്യൽ പഠിക്കാൻ പോവുന്നൊരു ഏർപ്പാടുണ്ടാരുന്നല്ലോ.

തയ്യൽ ഇഷ്ടല്ലാത്തവർക്ക് ടൈപ് റൈറ്റിംഗ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാരുന്നു. അമ്മായി തയ്യലാരുന്നു തിരഞ്ഞെടുത്തേ.

ഇന്ന് റംബൂട്ടാൻ ഇല്ലാത്ത വീടുകളില്ലെന്ന് പറഞ്ഞ പോലാരുന്നു അന്ന് തയ്യൽ മെഷീന്റെ കാര്യവും. ഉഷയുടെ തയ്യൽ മെഷീൻ ഇല്ലാത്ത വീടുകൾ അന്ന് അപൂർവമായിരുന്നു.

പഠിച്ചു ഡിഗ്രിയെടുത്ത് ജോലി മേടിച്ചാലും വീട്ടിലിരുന്നോണ്ട് കുട്ടിയുടുപ്പ് തുന്നത്തെയുള്ളൂന്നുള്ള തിരിച്ചറിവ് കൊണ്ടാന്നോ എന്നറിയത്തില്ല അമ്മായി നല്ല വൃത്തിയായി പത്തിൽ തോറ്റു.

നന്നായി പഠിച്ചു ജയിച്ചു ബീയെഡ് എടുത്തവർ പോലും വീട്ടിൽ ഇരുന്നോണ്ട് കപ്പയും കറിയും വെക്കുന്ന ലോകത്ത് ജയിച്ചിട്ടും വല്യ കാര്യമൊന്നുമില്ലെന്നുള്ളത് വേറൊരു സത്യം.

വീട്ട് ജോലികൾ ചെയ്യാതെ രക്ഷപ്പെടാൻ വേണ്ടിയാരിക്കും അമ്മായി ഒരിക്കലും ക്‌ളാസ് മുടക്കാറില്ലായിരുന്നു. പക്ഷെ അതൊന്നുമല്ല കാര്യമെന്ന് പിന്നീടാരുന്നു അറിഞ്ഞേ. ടൈലറിങ് സ്ഥാപനത്തിന്റെ നേരെ എതിർവശത്തുള്ള വായനശാലയിൽ പതിവായി വരാറുള്ളൊരു പയ്യൻ അമ്മായിയെ കാണാനായി വരുന്നതാണെന്നും അമ്മായിയും അവനുമായി പ്രണയത്തിലാണെന്നും നാട്ടുകാരുടെ തനിക്കൊണം കാരണം വീട്ടുകാർ അറിഞ്ഞു.

അന്നൊക്കെ പ്രണയ വിവാഹം എന്ന് വെച്ചാൽ എന്തോ കൊടും പാതകം ചെയുന്ന പോലാ. ഇന്നും പ്രണയം എന്ന് കേട്ടാൽ മുഖം ചുളിക്കുന്നോരുണ്ടെന്നുള്ളത് വേറൊരു കാര്യം.

അതോടെ തയ്യൽ മുടങ്ങി. അമ്മായിക്ക് വേണ്ടി കട്ട് ചെയ്ത് വെച്ച പെറ്റിക്കോട്ടിന്റെയും കുട്ടി ഫ്രോക്കിന്റെയും പീസുകൾ ആരുമറിയാതെ കണ്ണീർ വാർത്തു.

അമ്മായിയെ ഓർത്തു നെടുവീർപ്പിട്ടു. വായനശാലയിൽ വരാറുണ്ടാരുന്ന പയ്യൻ ഓരോ ദിവസവും അമ്മായി വരുമെന്ന പ്രതീക്ഷയോടെ ചരമക്കൊളങ്ങൾ പോലും രണ്ടാവർത്തി വായിച്ചോണ്ട് നേരം കളഞ്ഞു.

അമ്മായിക്കായി വിവാഹലോചനകൾ തകൃതിയായി നടന്ന് തുടങ്ങി. അങ്ങനെയാണ് അമ്മാവൻ അമ്മായിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നേ.

അമ്മാവന്റെ സ്വരം ഒന്ന് കടുത്ത് പോയാൽ അമ്മാവനൊന്ന് ദേഷ്യപ്പെട്ടാൽ ഒക്കെ ആ പയ്യനെ കെട്ടിയാരുന്നേൽ എന്റെ ജീവിതം ഇങ്ങനൊന്നും ആവത്തില്ലാരുന്നു എന്നൊക്കെ പറഞ്ഞോണ്ട് അമ്മായി മൂക്ക് പിഴിഞ്ഞോണ്ട് അമ്മാവന്റെ ഷർട്ടിലോട്ട് ഉരക്കും. പിന്നേ കണ്ണീരൊഴുക്കും.

എന്താന്നറിയത്തില്ല കണ്ണീര് കണ്ടാൽ അമ്മാവൻ തളർന്ന് പോവും. അതോണ്ട് തന്നെ അമ്മായി കരയാതിരിക്കാൻ അമ്മാവൻ പരമാവധി ശ്രമിക്കാറുണ്ടെന്നുള്ളത് സത്യവാരുന്നു. മാത്രല്ല ഷർട്ടും ചീത്തയാവത്തില്ലാലോ.

നല്ല മഴയുള്ളൊരു ദിവസം അമ്മായിയും അമ്മാവനും കൂടി മഴ കണ്ടോണ്ട് കോലായിൽ ഇരിക്കുവാരുന്നു. അന്നേരം അമ്മായി പറയുവാ. ആ ചെറുക്കനാരുന്നേൽ എന്നെയും കൂട്ടി മഴ നനഞ്ഞേനെന്ന്. അമ്മാവനെ ചുമ്മാ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞതാരുന്നു. ഇനിയെങ്ങാനും ബിരിയാണി കൊടുത്താലോ എന്നോർത്ത് കൂടിയായിരിക്കും.

പക്ഷെ അമ്മാവൻ എന്തോ ആലോചിച്ചുറപ്പിച്ച പോലെ അമ്മായിടെ അടുത്തൊട്ട് ചെന്നോണ്ട് ചോദിക്കുവാ. നിനക്കവനെ ഇപ്പോഴും ഇഷ്ടവുണ്ടോന്ന്. അപ്പഴും അമ്മായി ഉള്ളിൽ ചിരിച്ചോണ്ട് പറയുവാ ഇഷ്ടവല്ലാതെ പിന്നേ..അവനാണെൽ എന്നെ നന്നായി നോക്കിയേനെന്ന്.

അതൂടി കേട്ടതോടെ അമ്മാവന്റെ കണ്ണ് നിറഞ്ഞു. അമ്മായി കരുതിയത് അത് അമ്മായിയോടുള്ള സ്നേഹത്തിന്റെ കണ്ണീരാണെന്നാ. അതോടെ അമ്മായി അച്ചോടാ ന്റെ കൊച്ചിന് വിഷമായോന്നൊക്കെ ചോദിച്ചോണ്ട് അമ്മാവന്റെ അടുത്തൊട്ട് ചെന്ന് ആശ്വസിപ്പിച്ചു. കെട്ടിപ്പിടിച്ചോണ്ട് ഉ മ്മ വെച്ചു. സ്നേഹാധിക്യം കൊണ്ടാവണം ഷർട്ടിന്റെ രണ്ട് മൂന്ന് ബട്ടൻസും കടിച്ചു പറിച്ചു.

അമ്മായിയങ്ങനാണ്. സ്നേഹം കൂടുമ്പോ എന്തൊക്കെയാ ചെയ്യണ്ടേ എന്നറിയത്തില്ല. അതോണ്ടന്നേ അമ്മാവന്റെ നെഞ്ചിൻ കൂടും കയ്യുമൊക്കെ സ്‌പൈഡർ മാന്റെ കൂട്ടാരുന്നു. സ്നേഹം കൂടുമ്പോ അമ്മായി മാന്തിപ്പറിക്കുന്നതാ.

അമ്മായിടെ സ്നേഹാക്രമണം കഴിഞ് ക്ഷീണിച്ചിരിക്കുന്നൊരു സമയത്ത് അമ്മാവൻ പറയുവാ ലോകത്തെവിടെ ആന്നേലും അവനെ നിന്റെ മുമ്പിൽ കൊണ്ട് വന്ന് നിർത്തിയിരിക്കുമെന്ന്. അമ്മാവന് തന്നോടുള്ള സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും കണ്ട് അമ്മായി ഒത്തിരി സന്തോഷിച്ചു കാണണം.

അങ്ങനിരിക്കെ ഒരു ദിവസം അമ്മാവൻ വീട്ടിലോട്ട് വരുമ്പോ കൂടെയൊരു ചെറുപ്പക്കാരനും ഉണ്ടാരുന്നു. കട്ടി മീശയും തുടുത്ത മുഖവുമുള്ള അയാളെ തിരിച്ചറിയാൻ അമ്മായിക്ക് വല്യ പാടൊന്നും ഉണ്ടായീല. അല്ലേലും ആദ്യ പ്രണയം അത്ര പെട്ടെന്ന് മനസ്സീന്ന് പോവോ. നിങ്ങള് തമ്മിൽ സംസാരിച്ചിരിക്കെന്നും പറഞ്ഞോണ്ട് അമ്മാവൻ അകത്തോട്ട് പോയി.

ചായയോക്കെ കഴിഞ് ഇറങ്ങാൻ നേരം ഇത് പോലൊരു ഭർത്താവിനെ കിട്ടിയത് നിന്റെ ഭാഗ്യവാണെടി എന്നയാള് പറഞ്ഞപ്പോ അമ്മായിക്ക് സന്തോഷവും അതിലേറെ അഭിമാനവും തോന്നി. ശരിയാണ് ഇന്നത്തെക്കാലത്ത് ഇങ്ങനൊരാളെ കിട്ടാൻ തന്നെ പാടല്ലായോ.

ഒക്കെ കേട്ടോണ്ട് അങ്ങോട്ടേക്ക് വന്ന അമ്മാവൻ പറയുവാ. ഉള്ളത് പറയാലോ ഇത്രേം നാള് ഞാൻ അനുഭവിച്ച പ്രയാസവും കഷ്ടപ്പാടും ഇയാളും കൂടി ഒന്നറിയട്ടെന്ന് കരുതി കൂട്ടിക്കൊണ്ട് വന്നതാണെന്ന്.

സിറ്റുവേഷന് മാച്ചല്ലാത്ത ഡയലോഗ് പറയുന്ന കാര്യത്തിൽ മിടുക്കനാണെന്ന് ഇതിന് മുമ്പും അമ്മാവൻ തെളിയിച്ചിട്ടുള്ള കാര്യവാരുന്നു. പിന്നീട് ഒന്ന് രണ്ടാഴ്ചയെടുത്ത് അമ്മാവൻ ആശുപത്രീന്ന് ഡിസ്ചാർജാവാൻ.
അഞ്ച് സ്റ്റിച്ചുണ്ടാരുന്നു തലക്ക്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *