അമ്മ എന്തറിഞ്ഞിട്ടാ ഈ പറേണെ … മൂന്നാം തിയ്യതി തന്നെ പോണം … ചെന്നിട്ട് ഒരു പാട് കാര്യങ്ങളുള്ളതാ ….. അമ്മയുടെ വാക്ക് കേട്ട പ്രശാന്ത്……

അച്ഛന്റെ പിറന്നാൾ

Story written by Suresh Menon

“മക്കളെ മൂന്നാം തിയ്യതി തന്നെ പോണൊ….,

” അമ്മ എന്തറിഞ്ഞിട്ടാ ഈ പറേണെ … മൂന്നാം തിയ്യതി തന്നെ പോണം … ചെന്നിട്ട് ഒരു പാട് കാര്യങ്ങളുള്ളതാ …..” അമ്മയുടെ വാക്ക് കേട്ട പ്രശാന്ത് ദേഷ്യത്തോടെ മറുപടി നൽകി

“ടാ മോനെ പ്രശാന്തെ മൂന്നാം തിയ്യതി അച്ഛന്റെ പിറന്നാൾ ആണ് … 84 വയസ്സാകുന്നു … നമുക്കെല്ലാവർക്കും കൂടി ഒരുമിച്ചിരുന്ന് ഒന്നു കൂടായിരുന്നു … അച്ഛനും സന്തോഷാകും”

” ഈ അമ്മക്കെന്താ … …. 84 വയസ്സിലല്ലെ പിറന്നാൾ ആഘോഷം .വേറെ പണിയില്ല “

അമ്മ സരോജം പറയുന്നത് കേട്ട് കോവണി പടി ഇറങ്ങി വന്ന മകൾ ശരണ്യ അമ്മയോടായി പറഞ്ഞു ….

സരോജം ഒന്നും മിണ്ടിയില്ല. മകനും മകളും പറഞ്ഞത് കേട്ട് തലകുനിച്ചിരുന്നു …

“അമ്മക്ക് പിറന്നാള് ,വഴിപാട് ,ഇങ്ങനെ യുള്ള സെന്റിമന്റ്സ് ആയി വെറുതെ ഇരുന്നാൽ മതി. അല്ലെങ്കിൽ തന്നെ ഈ പ്രായത്തിലൊക്കെ ബർത്ത്ഡേ ആഘോഷിക്കാഞ്ഞിട്ടാ ….”

” ആഘോഷിക്കണമെന്നൊന്നും ഞാൻ പറഞ്ഞില്ല. അച്ഛനോടൊപ്പമിരുന്ന് അന്ന് എല്ലാവർക്കും കൂടി ഭക്ഷണം കഴിക്കാം എന്ന് കരുതി ത്ര കാലായി നിങ്ങളൊക്കെ അച്ഛന്റെ പിറന്നാളിന് ഒരുമിച്ച് കൂടിയിട്ട് “

“ആ ….അത് അച്ഛനും അമ്മയും കൂടി അങ്ങ് കഴിച്ചാ മതി”

പ്രശാന്ത് അത് പറഞ്ഞപ്പോഴും സരോജം മൗനം പൂണ്ടു .

എൺപത്തി നാലിൽ എത്തിയെങ്കിലും രാവിലെ പറമ്പിലേക്കിറങ്ങി മണിക്കൂറുകളോളം അദ്ധ്വാനിക്കുന്ന സുകുമാരൻ വെളിയിലെ പൈപ്പിൻ ചുവട്ടിൽ കാലിലെ മണ്ണെല്ലാം കളഞ്ഞ് കഴുകി അകത്തേക്ക് കയറുമ്പോൾ എല്ലാം കേൾക്കുന്നുണ്ടായിരുന്നു … എന്നാൽ ഒന്നും കേൾക്കാത്ത മട്ടിൽ നേരെ അടുക്കളയിലേക്ക് ചെന്നു…. പതിവുള്ള മോരൊഴിച്ച കഞ്ഞി വെള്ളം കുറച്ച് കുടിക്കാൻ ….സരോജവും സുകുമാരനും പരസ്പരം ഒന്നും മിണ്ടിയില്ല ….. ഒന്നു മുഖത്തോട് മുഖം നോക്കി … അത്രമാത്രം

മൂന്നാം തീയ്യതി പോകാനുള്ള ഒരുക്കത്തിലായിരുന്നു മകൻ പ്രശാന്തും മകൾ ശരണ്യയും …. അമ്മ നൽകിയ സാധനങ്ങളെല്ലാം പെട്ടിയിൽ ഭദ്രമായി വെക്കുമ്പോഴാണ് പ്രശാന്ത് ശരണ്യ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടത്

“പ്രശാന്തേട്ടാ …. ദേ നാളെ ഹർത്താൽ ആണെന്ന് … “

ശരണ്യ അത് പറഞ്ഞപ്പോൾ സാധനങ്ങൾ അവിടെ തന്നെ വെച്ച് പ്രശാന്ത് ടി വി വെച്ച മുറിയിലേക്കോടി …

” ബ്രെയിക്കിങ്ങ് ന്യൂസ് … സംസ്ഥാനത്ത് നാളെ ഹർത്താൽ …. “

” ദൈവമെ ഇനിയെന്ത് ചെയ്യും … ഇങ്ങനെ പെട്ടെന്നൊക്കെ ഇവന്മാർ ഈ ഹർത്താലൊക്കെ പ്രഖ്യാപിച്ചാൽ …. ഇതിന് നിയമമൊന്നുമില്ലെ ….”.

“എന്തോന്ന് നിയമം അല്ലെങ്കിൽ തന്നെ നിയമത്തിനെ ആർക്കാ ഇവിടെ പേടി ….”

” അമ്മക്ക് സന്തോഷായില്ലെ … അമ്മയുടെ പ്രാർത്ഥന ഫലിച്ചു ല്ലെ … ഇനി ആഘോഷിച്ചൊ …. എൺപത്തിനാലാം പിറന്നാൾ … അതിന്റെ ഒരു കുറവു വേണ്ട…”

പ്രശാന്തിന് ദേഷ്യം സഹിക്കവയ്യാതെ അത് പറഞ്ഞപ്പോഴും സരോജം മൗനം പൂണ്ടു .

*******************

ഹർത്താൽ ദിനം പ്രശാന്തിനിലയത്തിൽ ഏവരും മൗനത്തിലായിരുന്നു … ഹർത്താലിന്റെ നിശബ്ദത അവിടെയുള്ള മനസ്സുകളിലും പരന്നു കിടന്നു …..

സമയം ഏതാണ്ട് ഉച്ചക്ക് പതിനൊന്ന് മണിയോടടുത്തു കാണും …

പച്ചക്കരയുള്ള സെറ്റ് മുണ്ടും പച്ച ബ്ലൗസും അണിഞ്ഞ് സരോജം റഡിയായി . കൂടെ ഒരു വെള്ള ജുബ്ബയും കസവുമുണ്ടും ഉടുത്ത് സുകുമാരനും ….

മിറ്റത്തേക്കിറങ്ങിയ സരോജം ഒന്നും മനസ്സിലാകാതെ നിന്ന മക്കളോടായി പറഞ്ഞു …

“ഞങ്ങൾ അച്ഛന്റെ പിറന്നാൾ ആഘോഷിക്കാൻ പോകയാണ്. ശാന്തയുടെ വീട്ടിൽ ആണ് ഇപ്രാവിശ്യത്തെ അച്ഛന്റെ പിറന്നാൾ “

” ഏത് ശാന്ത ….. ഇവിടെ അടിച്ചു വാരാൻ വരുന്ന ശാന്തയൊ അമ്മക്കെന്താ പ്രാന്ത് പിടിച്ചൊ … നാണക്കേട്…”

ദേഷ്യം സഹിക്ക വയ്യാതെ ശരണ്യ പൊട്ടിത്തെറിച്ചു …

” ഇങ്ങോട്ട് ചോദ്യങ്ങൾ വേണ്ട … നിങ്ങളെല്ലാവരും പോകും എന്നറിഞ്ഞപ്പോൾ അവൾക്ക് ഒരാഗ്രഹം ഇപ്രാവിശ്യം സാറിന്റെ പിറന്നാൾ അവളുടെ വീട്ടിൽ വെച്ചാകണം എന്ന് .ഞാൻ സമ്മതം മൂളിയപ്പോൾ അവളുടെ മക്കളെല്ലാം അവിടെ എത്തിയിട്ടുണ്ട്. ഞങ്ങളെ കാത്തിരിക്കയാണ്. പത്ത് മുപ്പത് വർഷമായില്ലെ അവൾ എന്റെ കൂടെ കൂടിയിട്ട് ….അവളിവിടെ വരുമ്പോൾ നീ അഞ്ചാം ക്ലാസിലും പ്രശാന്ത് ആറിലുമാണ് ….”

പ്രശാന്തും ശരണ്യയും മുഖത്തോട് മുഖം നോക്കി …..

” പിന്നെ ഒരു കാര്യം … ” സരോജം തുടർന്നു

” ഞാൻ ഉച്ചക്കുള്ള ഭക്ഷണം ഒന്നും ഉണ്ടാക്കിയിട്ടില്ല … ഹർത്താലായത് കാരണം ഹോം ഡലിവറി ഒന്നും കാണില്ല . അടുക്കളയിൽ സാധനങ്ങൾ ഉണ്ട് . എന്താന്ന് വെച്ചാൽ ഉണ്ടാക്കി കഴിച്ചോണം … “

എന്തോ ഓർത്തെന്നപോലെ സരോജം ഒന്ന് നിർത്തി .പിന്നെ പതിയെ പറഞ്ഞു

” 6 മണിക്ക് ഹർത്താൽ കഴിയും നിങ്ങൾ ഇന്ന് മടങ്ങി പോകുന്നുണ്ടെങ്കിൽ വീട് പൂട്ടി താക്കോൽ ആ തൂണിന് പിറകിൽ വെച്ചാൽ മതി … ഞങ്ങൾ വരാൻ കുറച്ച് ലേറ്റാകും ….”

ഗേറ്റ് പൂട്ടി സരോജം പുറത്തേക്കിറങ്ങി കൂടെ സുകുമാരനും … ശാന്തയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ സരോജം സുകുമാരന്റെ മുഖത്തേക്ക് നോക്കി

“ന്താ വിഷമായൊ “

ഇല്ലെന്ന അർത്ഥത്തിൽ സുകുമാരൻ തലകുലുക്കി ….

” സുകുവേട്ടാ ….എനിക്കെന്തൊ ഹർത്താലിനോട് വല്ലാത്തൊരിഷ്ടം തോന്നുന്നു ….”

ഒന്നും പറയാതെ സുകുമാരൻ സരോജത്തിന്റെ കൈവിരലുകൾ കുട്ടി പിടിച്ചു. ആ ചെമ്മൺ പാതയിലൂടെ രണ്ടു പേരും മുന്നോട്ട് നീങ്ങി

അവസാനിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *