അവന് നിന്നെ തിരികെ വേണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനുള്ളിൽ നിന്നെ തേടി വരുമായിരുന്നില്ലേ…?

Story written by SAJI THAIPARAMBU

മോളേ… നീയിപ്പോഴും പ്രസാദിനെ ഓർത്തിരിക്കുവാണോ?

മൊബൈലിൽ കണ്ണ് നട്ടിരുന്ന വിദ്യയോട് വിശ്വനാഥൻ ചോദിച്ചു.

അതേ അച്ഛാ.. എനിക്കിപ്പോഴും അദ്ദേഹത്തെ മറക്കാൻ കഴിഞ്ഞിട്ടില്ല ,എന്നെ കൂട്ടിക്കൊണ്ട് പോകാൻ അദ്ദേഹം വരുമെന്ന് തന്നെയാണ് എൻ്റെ മനസ്സ് പറയുന്നത്

അതെങ്ങനാ മോളേ.. കോടതി മുമ്പാകെ നിനക്ക്, യാതൊരു കാരണവശാലും അയാളോട് , ഒത്ത് പോകാൻ കഴിയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടല്ലേ ? ബഹുമാനപ്പെട്ട കോടതി നിങ്ങൾക്ക് ഡൈവോഴ്‌സ് അനുവദിച്ച് തന്നത് ,അതോടെ നിങ്ങൾ രണ്ടായില്ലേ?ഇനി നീ മറ്റൊരു ജീവിതത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്

അത് ശരിയാണച്ഛാ … പക്ഷേ അതിന് ശേഷം യാദൃശ്ചികമായി നമ്മുടെ രാധികയുടെ കല്യാണത്തിന് ഞങ്ങൾ തമ്മിൽ കണ്ട് മുട്ടിയിരുന്നു , അന്നദ്ദേഹം എന്നോട് പറഞ്ഞതെന്താണെന്നോ? ഞാനിപ്പോഴും നിന്നെ മറന്നിട്ടില്ലെന്ന് , നിൻ്റെ കുറവ് ഒരിക്കലും നികത്താനുമാവില്ലെന്ന്, അത് ശരിയാണെന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ടച്ഛാ …നഷ്ടപെട്ട് കഴിയുമ്പോഴാണല്ലോ പലതിൻ്റെയും മൂല്യം നമ്മൾ തിരിച്ചറിയുന്നത്

ഉം പക്ഷേ, രാധികയുടെ കല്യാണവും കഴിഞ്ഞ് അവൾക്കൊരു കുഞ്ഞുമായി, അവന് നിന്നെ തിരികെ വേണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനുള്ളിൽ നിന്നെ തേടി വരുമായിരുന്നില്ലേ?

അച്ഛൻ പറഞ്ഞതിലും വാസ്തവമുണ്ടെന്ന് വിദ്യയ്ക്ക് തോന്നി ,ഒരു പക്ഷേ ,അന്ന് തന്നെ കണ്ടപ്പോൾ പെട്ടെന്നുണ്ടായ വികാരത്തിൽ, അദ്ദേഹം അങ്ങനെ പറഞ്ഞതാവാം, അച്ഛൻ പറഞ്ഞത് പോലെ, ആ കണ്ട് മുട്ടലിന് ശേഷം, വർഷം രണ്ടായി, ഇത് വരെ തന്നെയൊന്ന് വിളിക്കുകയോ, ചാറ്റ് ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല, ഒരിക്കലും തന്നെ തേടി വരാൻ സാധ്യതയില്ലാത്ത ഒരുവന് വേണ്ടി, വഴിയിലേക്ക് കണ്ണും നട്ടിരുന്ന താനാണ് വിഡ്ഢി

ഇല്ലച്ഛാ.. ഇനിയും ഞാൻ കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലായി,
ഇനി അച്ഛൻ്റെയും അമ്മയുടെയും ഇഷ്ടം പോലെ ചെയ്തോളു, നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന ആരുടെ കൂടെ ജീവിക്കാനും ഞാനൊരുക്കമാണ്

മകളുടെ ഉറപ്പ് കിട്ടിയപ്പോൾ വിശ്വനാഥൻ മകൾക്ക് കല്യാണാലോചന തുടങ്ങി.

പലരും വന്ന് വിദ്യയെ കണ്ടെങ്കിലും അവൾക്കിഷ്ടപ്പെട്ടത് ഒടുവിൽ വന്ന, വിനയൻ്റെ ആലോചനയായിരുന്നു

കാണാൻ സുമുഖൻ, ചെറുതാണെങ്കിലും നല്ലൊരു ജോലിയുണ്ട്, അയാളുടെയും രണ്ടാം വിവാഹമാണ് ,അച്ഛനും അമ്മയ്ക്കും പരിപൂർണ്ണമായി ഇഷ്ടപ്പെട്ടു, പക്ഷേ ഇതൊന്നുമായിരുന്നില്ല വിദ്യയെ ആകർഷിച്ചത്, അയാൾക്കൊരു മകളുണ്ടായിരുന്നു, മൂന്ന് വയസ്സുകാരി വിനീത ,വിദ്യയ്ക്കാവശ്യം അത് തന്നെയായിരുന്നു, കാരണം പ്രസാദുമായുള്ള അകൽച്ച തുടങ്ങുന്നത് തനിക്ക് പ്രസവിക്കാൻ കഴിയില്ലെന്ന് ഡോക്ടർ വിധിയെഴുതിയതിന് ശേഷമായിരുന്നല്ലോ ?

പക്ഷേ തൻ്റെ ആ കുറവുകളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ പ്രസാദ് തയ്യാറായിരുന്നെങ്കിലും അപകർഷതാ ബോധത്തിൽ വീണ് പോയ ,താനായിരുന്നു അതിന് സമ്മതിക്കാതിരുന്നത്, താനില്ലെങ്കിൽ മക്കളോടൊത്തുള്ള സന്തോഷകരമായ ഒരു കുടുംബ ജീവിതം ആസ്വദിക്കേണ്ട പ്രസാദിന് താനൊരു തടസ്സമാകരുതെന്ന് തോന്നിയത് കൊണ്ടാണ് തമ്മിൽ പിരിയണമെന്ന് താൻ വാശി പിടിച്ചതും ഒടുവിൽ പിരിഞ്ഞതും

ഇനിയിപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല ദൈവം ഓരോന്ന് നിശ്ചയിച്ചിട്ടുണ്ട് തൻ്റെ ജീവിതം ഇങ്ങനെയൊക്കെ ആയി തീരണമെന്നുള്ളത് ദൈവനിശ്ചയമായിരുന്നു ,എന്ന് മനസ്സിലുറപ്പിച്ച് കൊണ്ട് അവൾ സമാധാനമായി ഉറങ്ങാൻ കിടന്നു.

അപ്പോഴാണ് നെറ്റ് ഓഫ് ചെയ്തില്ലല്ലോ എന്നോർത്ത് മൊബൈൽ കയ്യിലെടുത്തത്

സ്ക്രീൻ ലോക്ക് മാറ്റിയപ്പോൾ ആദ്യം കണ്ടത് മെസ്സഞ്ചറിൽ പ്രസാദിൻ്റെയൊരു മെസ്സേജ് കിടക്കുന്നതാണ്

വിദ്യയുടെ ഉള്ളൊന്ന് പിടഞ്ഞു.

അതെന്താണെന്നറിയാൻ മനസ്സ് വെമ്പൽ കൊണ്ടെങ്കിലും കൈവിരലുകൾക്ക് ഒരു വിറയൽ, മകരമഞ്ഞിലും തൻ്റെ ശരീരം വെട്ടി വിയർക്കുന്നത് അവളറിഞ്ഞു.

താനെന്തിനാണ് ഇത്ര ഭയക്കുന്നത്? അയാളിപ്പോൾ തൻ്റെ ആരുമല്ല, ഇത്രയും നാളില്ലാതിരുന്ന കപടസ്നേഹവുമായി, ഒലിപ്പിക്കാൻ വന്നതാണെങ്കിൽ, ഒരു ഗുഡ് ബൈ പറഞ്ഞങ്ങ് ബ്ളോക്ക് ചെയ്താൽ പോരെ?

രണ്ടും കല്പിച്ചവൾ ,ആ വൃത്തത്തിൽ വിരലമർത്തി.

ഓർമ്മയുണ്ടോ എന്നെ? എന്തിനാ ഓർക്കുന്നതല്ലേ? നിനക്കെന്നെ വേണ്ടെന്ന് തോന്നിയത് കൊണ്ടാണല്ലോ നീയെന്നിൽ നിന്നും നിർബന്ധപൂർവ്വം പിരിഞ്ഞ് പോയത് ,പക്ഷേ എനിക്കൊരിക്കലും നിന്നെ പിരിയാൻ കഴിയുമായിരുന്നില്ല കെട്ടോ? അത് കൊണ്ടാണല്ലോ അന്ന് കല്യാണ വീട്ടിൽ വച്ച് നിന്നോട് ഞാൻ എൻ്റെ മാനസികാവസ്ഥ തുറന്ന് പറഞ്ഞതും ,അത് കേട്ടിട്ടെങ്കിലും നിനക്കെന്നോട് ഇഷ്ടം തോന്നുമെന്ന് കരുതി, ഒരിക്കലെങ്കിലും നിൻ്റെ മറുപടിക്കായ് ഞാൻ ഇത്രനാളും കാത്തിരുന്നത് ,ഓരോ പ്രാവശ്യവും എൻ്റെ ഫോൺ റിങ്ങ് ചെയ്യുമ്പോഴും, മെസ്സേജ് ടോൺ കേൾക്കുമ്പോഴും ,പ്രതീക്ഷയോടെയാണ് ഞാനെൻ്റെ മൊബൈലെടുത്ത് നോക്കുന്നത്, പക്ഷേ നിരാശയായിരുന്നു ഫലം ഇനിയും കാത്തിരിക്കുന്നതിലർത്ഥമില്ലെന്ന് തോന്നിയത് കൊണ്ട്, അമ്മയുടെ നിർബന്ധപ്രകാരം ഞാൻ നാളെയൊരു പെണ്ണ് കാണാൻ പോകാൻ തീരുമാനിച്ചു, ഇതൊന്ന് നിന്നോട് പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെയൊരു മെസ്സേജിട്ടത്, അപ്പോൾ ഗുഡ് നൈറ്റ്, നിനക്കും നല്ലൊരു വിവാഹ ജീവിതമുണ്ടാകട്ടെ എന്നാശംസിക്കുന്നു

അത് വായിച്ച് കഴിഞ്ഞപ്പോൾ മനസ്സിനകത്ത് വല്ലാത്തൊരു ഭാരം അവൾക്കനുഭവപ്പെട്ടു ,

അദ്ദേഹം പറഞ്ഞത് ശരിയല്ലേ? തന്നെപ്പോലെ അദ്ദേഹവും തൻ്റെയൊരു വിളി പ്രതീക്ഷിച്ചിട്ടുണ്ടാവുമല്ലോ…താനെന്തേ വിളിച്ചില്ല? തൻ്റെയുള്ളിലപ്പോൾ ഒരുതരം ഈഗോ അല്ലായിരുന്നോ? അദ്ദേഹത്തിന് പക്ഷേ തന്നെ വിളിക്കുന്നതിന് മടിയുണ്ടാവാം ഒന്നാമത് താനായിട്ടാണ് ഈ ബന്ധം വേണ്ടെന്ന് വച്ചത് ,എന്നിട്ടും അതിന് ശേഷം തമ്മിൽ കണ്ടപ്പോൾ അദ്ദേഹത്തിന് തന്നോടിപ്പോഴുമുള്ള താത്പര്യം തുറന്ന് പറഞ്ഞതുമാണ്, അതിൽ കൂടുതൽ ഒരു പുരുഷൻ എങ്ങനെയാണ് താഴുക, തെറ്റ് തൻ്റെ ഭാഗത്ത് തന്നെയാണ് ,

പശ്ചാതാപത്താൽ അവളുടെ ഉള്ള് നീറി ,ഇന്നലെയെങ്കിലും തനിക്കീ മെസ്സേജ് വന്നിരുന്നെങ്കിൽ താനൊരിക്കലും വിനയനുമായുള്ള വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു ,അവളുടെ മനസ്സ് കടിഞ്ഞാൺ നഷ്ടമായ കുതിരയെപ്പോലെ ലക്ഷ്യമില്ലാതെ അലഞ്ഞു.

പിറ്റേന്ന് തുടർച്ചയായി കോളിങ്ങ് ബെല്ലടിക്കുന്നത് കേട്ടാണ് വിദ്യ ചെന്ന് വാതിൽ തുറന്നത്

മുന്നിൽ പുഞ്ചിരിയുമായി നില്ക്കുന്ന ,പ്രസാദിനെ കണ്ട് വിദ്യ ഞെട്ടി .

ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നതാണ് എന്നെ അകത്തേയ്ക്ക് ക്ഷണിക്കുന്നില്ലേ?

പകച്ച് നില്ക്കുന വിദ്യയോടയാൾ ചോദിച്ചു.

അതിന് അവളുടെ വിവാഹം ഇന്നലെ ഉറപ്പിച്ച് കഴിഞ്ഞല്ലോ? മോൻ്റെ വരവും പ്രതീക്ഷിച്ച് എൻ്റെ മോൾ ഇത്രയും നാൾ കാത്തിരുന്നു ഒടുവിൽ പ്രസാദ് വരില്ലെന്ന് ഉറപ്പായപ്പോൾ വിനയനെന്ന ചെറുപ്പക്കാരനുമായി അവളുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു

വിദ്യയുടെ പുറകിൽ വന്ന് വിശ്വനാഥനാണ് അതിന് മറുപടി പറഞ്ഞത്.

അത് സാരമില്ലച്ഛാ… പ്രസാദിന് വേണ്ടി പിൻമാറാൻ ഞാൻ തയ്യാറാണ്

അപ്പോഴാണ് കാറിൻ്റെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന വിനയൻ, അതിന് മറുപടിയുമായി ഇറങ്ങി വന്നത്

ങ്ഹേ, ഇതെന്താ ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല?

ഞാൻ പറയാമച്ഛാ..ഈ പ്രസാദിപ്പോൾ ജോലി ചെയ്യുന്നത് ഞങ്ങടെ കമ്പനിയിലാണ് ,ഇന്നലെ വൈകിട്ട് ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ ഞാൻ വന്ന് വിദ്യയെ കണ്ട കാര്യവും മറ്റും പറഞ്ഞു ,അപ്പോഴാണ് വിദ്യപ്രസാദിൻ്റെ ഭാര്യയായിരുന്നതും അവർ പിരിയാനുണ്ടായ സാഹചര്യവും ഞാനറിഞ്ഞത് ,ഇപ്പോഴും പ്രസാദിൻ്റെയുള്ളിൽ വിദ്യയോട് സ്നേഹമുണ്ടെന്ന് എനിക്ക് മനസ്സിലായി , പക്ഷേ വിദ്യയുടെ മനസ്സിലെന്താണെന്നറിയാത്തത് കൊണ്ട്, ഞാനാണ് പറഞ്ഞത് അവളോടൊന്ന് സംസാരിക്കാൻ, പക്ഷേ പ്രസാദ് മെസ്സേജ് അയക്കുകയാണ് ചെയ്തത്, അതിന് കിട്ടിയൊരു അനുകൂലമറുപടിയാണ് ഞങ്ങളെ ഇപ്പോൾ ഇവിടെയെത്തിച്ചത്

ഇതാ നോക്കു അച്ഛാ.. വിദ്യയുടെ മറുപടി

പ്രസാദ് തൻ്റെ ഫോൺ വിശ്വനാഥനെ കാണിച്ചു

പ്രസാദേട്ടാ … എനിക്കൊരുപാടിഷ്ടമാണ് നിങ്ങളെ ,പക്ഷേ മറ്റൊരു പുരുഷനുമായുള്ള എൻ്റെ വിവാഹം ഇന്നാണുറപ്പിച്ചത് ,ഞാനെങ്ങനെ അച്ഛനെയും ആ പാവം മനുഷ്യനെയും വഞ്ചിക്കും. എന്നോട് ക്ഷമിക്കു പ്രസാദേട്ടാ…

ഇതാ പറയുന്നത് ദൈവം കൂട്ടിച്ചേർത്തത് മനുഷ്യരായ നമുക്കൊരിക്കലും വേർപെടുത്താനാവില്ലെന്ന് നിങ്ങളകത്തോട്ട് കയറി വാ മക്കളെ എന്തായാലും ഇവരുടെ പെണ്ണ് കാണൽ ചടങ്ങ് നടക്കട്ടെ ഇനി എല്ലാം ഒന്നിൽ നിന്ന് തുടങ്ങാം

അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

ശുഭം

Related Posts

Leave a Reply

Your email address will not be published. Required fields are marked *