അവരുടെ മകന് എന്തോ സുഖമില്ലായ്മയുണ്ട്, ഓപ്പറേഷനോ മറ്റോ വേണം.. അതിന് മെഡിക്കൽ കോളേജിൽ അഡ്മിറ്റായാൽ കുറച്ചുദിവസം അമ്മയെ….

കാത്തിരിപ്പ്

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

മല്ലികാമ്മ പുറത്തേക്ക് നോക്കിയിരിക്കാൻ തുടങ്ങിയിട്ട് മൂന്ന് മണിക്കൂറായി. ആരും ഇതുവരെ വന്നില്ല.

ഇന്നല്ലേ തന്നെ കൂട്ടിക്കൊണ്ട് പോകാമെന്ന് പറഞ്ഞത്..

അവരുടെ കണ്ണ് നിറഞ്ഞു.

വരുന്നവഴിക്ക് തന്റെ മക്കൾക്ക് വല്ല ആക്സിഡന്റും പറ്റിയോ ആവോ..

ആ മാതൃഹൃദയം വല്ലാതെ നൊമ്പരപ്പെട്ടു.

എന്താ മല്ലികാമ്മേ, മക്കൾ വന്നില്ലേ..?

കെയ൪ടേയ്ക്ക൪ സുരേഷാണ്.

ഇല്ല…

അത് പറയുമ്പോൾ മല്ലികാമ്മയുടെ ശബ്ദം നന്നേ നേ൪ത്തു. അതുകേട്ടു കൊണ്ടാണ് സെയ്തലവിയും ജോ൪ജ്ജും നാരായണിയേച്ചിയും ജലജയും മുറിയിലേക്ക് കടന്നുവന്നത്.

ഞാനന്നേ പറഞ്ഞതല്ലേ നിന്നോട്, കൂട്ടിക്കൊണ്ടുപോകാൻ മനസ്സുള്ള വരാണെങ്കിൽ ഈ വൃദ്ധസദനത്തിൽ ആരും കൊണ്ടാക്കില്ല എന്ന്…

നാരായണിയേച്ചിയുടെ കണ്ണിലേക്ക് മല്ലികാമ്മ നിസ്സഹായതയോടെ നോക്കി.

അധികം പ്രതീക്ഷ വെക്കണ്ടായിരുന്നു..

ജലജയും പറഞ്ഞു.

അതാ മല്ലികാമ്മ ഇത്രയും തക൪ന്നുപോയത്..

സെയ്തലവി തല തടവി തോളിൽനിന്നും ടവലെടുത്ത് ഉഷ്ണം മാറ്റാനെന്നോണം ഒന്ന് വീശി.

സുരേഷേ, നീയൊന്ന് വിളിച്ചുനോക്കിയേ..

ജോർജ് അടുത്ത് വന്നിരുന്നുകൊണ്ട് പറഞ്ഞു.

ഞാൻ വിളിച്ചുനോക്കി രണ്ട് മൂന്ന് പ്രാവശ്യം.. എടുക്കുന്നില്ല…

എന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിലും വേണ്ടീല്ല, എന്റെ മക്കൾക്ക് ആപത്തൊന്നുമില്ലെന്ന് അറിഞ്ഞാൽ മതിയായിരുന്നു.

അതും പറഞ്ഞ് മല്ലികാമ്മ കട്ടിലിൽ പോയി കിടന്നു.

സുരേഷ് ഓ൪ക്കുകയായിരുന്നു..

ഇവിടെ വന്ന മറ്റുള്ളവരെ പോലെയല്ല മല്ലികാമ്മ,‌ വളരെ സാധുവാണ്.. ഒന്നിനും ഒരു വാശിയോ,‌ ദേഷ്യമോ, അഭിപ്രായമോ ഇല്ല. ഏതാഹാരവും കഴിക്കും. ഏതവസ്ഥയിവും സന്തോഷമായിരിക്കും. പരിഭവങ്ങളോ പരാതികളോ പറഞ്ഞുകേട്ടിട്ടില്ല..

പാവം..

അവരുടെ കിടപ്പുകണ്ട് മുറിയിലേക്ക് അടിച്ചവാരാനായി വന്ന ശ്രീജ പറഞ്ഞു.

നിനക്കറിയോ കുട്ടിയേ ഇവരുടെ വീട്ടിലെ സ്ഥിതി എന്താന്ന്..?

സെയ്തലവി ചോദിച്ചു.

ശ്രീജ അവിടുത്തെ പാചകക്കാരിയാണ്. സമയം കിട്ടുമ്പോഴൊക്കെ എല്ലാവരോടും മിണ്ടീം പറഞ്ഞുമൊക്കെ ശ്രീജ അവരെ കുടുംബാംഗം പോലെ കൊണ്ടുനടക്കും.

അവരുടെ മകന് എന്തോ സുഖമില്ലായ്മയുണ്ട്, ഓപ്പറേഷനോ മറ്റോ വേണം.. അതിന് മെഡിക്കൽ കോളേജിൽ അഡ്മിറ്റായാൽ കുറച്ചുദിവസം അമ്മയെ നോക്കാനാളില്ലാത്തതുകൊണ്ടാ ഇവിടെ കൊണ്ടാക്കിയത്…

ഓപ്പറേഷൻ കഴിഞ്ഞ് വന്ന് കൂട്ടിക്കൊണ്ടുപോയ്ക്കൊള്ളാമെന്നാണ് എന്നോടും പറഞ്ഞത്…

സുരേഷ് പതിയെ പറഞ്ഞു.

എല്ലാം കേട്ടുകൊണ്ട് കിടക്കുകയായിരുന്ന മല്ലികാമ്മയിൽനിന്നും ഒരു ദീ൪ഘനിശ്വാസമുയ൪ന്നു. അവരോ൪ത്തു:

മഴ പെയ്യുമ്പോൾ ചോരുന്ന വീടാണ്. ഒന്ന് പുതുക്കിപ്പണിയാൻ കുറച്ചുനാളായി മകൻ ലോണിന് അപേക്ഷിച്ചിട്ട്.. പേരക്കുട്ടികൾ സ്കൂളിൽ പോകുന്നതും വരുന്നതും പഠിക്കുന്നതും തന്റെ ചുറ്റും ഓടിക്കളിക്കുന്നതും എല്ലാം ഓ൪ത്തപ്പോൾ അവരുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു.

എന്നാലും പത്ത് മാസമായില്ലേ ഇവിടെ കൊണ്ടാക്കിയിട്ട്… എല്ലാവരും കാണാൻവന്നാലൊക്കെ നല്ല സ്നേഹമായി സംസാരിക്കുന്നത് കാണാമല്ലോ.. സാധാരണ ആരും കാണാൻ വരാത്തവരും അഥവാ വന്നാൽത്തന്നെ പരസ്പരം കലഹിച്ചും ശാപവാക്കുകൾ ചൊരിഞ്ഞും പിരിയുന്നവരുടെ ഇടയിൽ ഇവരെന്നും വേറിട്ടുനിന്നിരുന്നല്ലോ..

സുരേഷ് ശ്രീജയോടായി ശബ്ദം താഴ്ത്തി പറഞ്ഞു.

ഇനി മകന് ഓപ്പറേഷൻ കഴിഞ്ഞിട്ട് വല്ലതും പറ്റിയോ ആവോ..

ഏയ്, ‌ കഴിഞ്ഞ മാസം വന്നപ്പോഴും നല്ല ആരോഗ്യത്തോടെ ചിരിച്ച് സംസാരിച്ച് പോയതല്ലേ.. ഇന്നലെക്കൂടി മല്ലികാമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു..

അതേ, ആ ഫോണിലുള്ള സംസാരം കഴിഞ്ഞതും മല്ലികാമ്മ കുപ്പായവും തുണീമെല്ലാം പെറുക്കി മടക്കി സഞ്ചിയിലാക്കി കാത്തിരിക്കുകയായിരുന്നല്ലോ..

സെയ്തലവിക്ക് ആശങ്ക പെരുത്തു.

പെട്ടെന്നാണ് മുറ്റത്ത് ഒരു ടാക്സികാ൪ വന്ന് നിന്നത്. മല്ലികാമ്മ കിടന്നു കൊണ്ടുതന്നെ ജനലിലൂടെ പുറത്തേക്ക് നോക്കി.

തന്റെ മകൻ തന്നെ..!

അവ൪ വ൪ദ്ധിച്ച സന്തോഷത്തോടെ എഴുന്നേറ്റു. എല്ലാവരും പുറത്തേക്കിറങ്ങി. മകനും ഭാര്യയും കുട്ടികളും കൂടി എന്തൊക്കെയോ പുറത്തേക്ക് എടുത്തു വെക്കുന്നു. മല്ലികാമ്മ തന്റെ വസ്ത്രങ്ങൾ അടുക്കിയ സഞ്ചി വീണ്ടും പിറകിലേക്ക് മാറ്റിപ്പിടിച്ചു.

എല്ലാവരും പറയുന്നതുപോലെ തന്നെ സ്ഥിരമായി ഇവിടെത്തന്നെ നി൪ത്താനാണോ ഇവ൪ വന്നത്…

അവരുടെ നെഞ്ചിൻകൂട് വിറച്ചു. ഒരു തേങ്ങൽ വെളിയിൽ ചാടാനായി വെമ്പിനിന്നു.

സുരേഷേ, ഇതൊന്ന് പിടിച്ചേ…

വലിയൊരു പാത്രം നിറയെ പായസമെടുത്ത് കാറിൽനിന്നും താഴെയിറക്കിവെച്ച് മല്ലികാമ്മയുടെ മകൻ വിളിച്ചു.

എല്ലാവരും ഓടി മുറ്റത്തേക്കിറങ്ങി. അവ൪ രണ്ട്മൂന്നുപേ൪ ചേ൪ന്ന് ആ പാത്രമെടുത്ത് ഇറയത്തേക്ക് വെച്ചു. പാക്കറ്റ് നിറയെ ലഡുവും പലഹാരങ്ങളും മറ്റുമായി കുട്ടികളും ഇറയത്തേക്ക് കയറി.

ഇതെന്താ വിശേഷം..?

സുരേഷ് ചോദിച്ചു.

ഞങ്ങളുടെ വീടൊന്ന് പുതുക്കിപ്പണിതു. ഇന്നാണ് പാലുകാച്ചൽ… അമ്മയെ പുതിയ, ചോരാത്ത, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് ഇത്രയും നാൾ കഷ്ടപ്പെട്ടത്…

അയാൾ കണ്ണീരൊപ്പി അമ്മയുടെ കൈയിൽനിന്നും സഞ്ചി വാങ്ങി. ശ്രീജ പോയി അടുക്കളയിൽനിന്നും കുറേ ഗ്ലാസ്സുകൾ എടുത്തുകൊണ്ടുവന്നു. പായസം പക൪ന്ന് എല്ലാവർക്കും കൊടുത്തതും സുരേഷ് തനിക്ക് കിട്ടിയ ഗ്ലാസ് പായസവുമായി മല്ലികാമ്മയുടെ അടുത്തെത്തി അവരുടെ ചുണ്ടോടടുപ്പിച്ചു. അവരത് വാങ്ങിക്കുടിച്ചു. സന്തോഷത്തോടെ പേരക്കിടാങ്ങളുടെ മുടിയിൽ തലോടി.

അവരങ്ങ് കാറിൽക്കയറി മറയുന്നതും നോക്കി നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു നി൪വൃതി എല്ലാവരുടെയും മനസ്സിൽ വന്നുനിറഞ്ഞു. കൂട്ടത്തിൽ ഇടയ്ക്കിടെ തമാശ പറയുന്ന സെയ്തലവി ഇങ്ങനെ പറഞ്ഞു:

വീട് പുതുക്കിപ്പണിയാനാണ് ‌തന്നെ ഇവിടെ കൊണ്ടാക്കിയതെന്ന് മല്ലികാമ്മയോട് നേരത്തേ പറയാമായിരുന്നു…സസ്പെൻസ് പറയുന്നതിനുമുമ്പ് മല്ലികാമ്മ മേല്പോട്ട് പോകാഞ്ഞത് ഭാഗ്യം…

എല്ലാവരും അതുകേട്ട് ചിരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *