അവളെ ഇങ്ങനെ ആക്കിയത് താനാണെന്ന് ഉള്ള കുറ്റബോധം മൂലം എനിക്ക് അവൾടെ മുന്നിൽ ചെല്ലാൻ ആവില്ലായിരുന്നു .തളർന്നു കിടക്കുന്ന ആ രൂപത്തിനെക്കാൾ……

ഈ പുഴ ഇനിയുമൊഴുകുമോ ???

Story written by Jainy Tiju

എന്തിനു വേണ്ടിയാണു ഈ പുഴ ഇങ്ങനെ ഒഴുകുന്നത്?ആരെ സന്തോഷിപ്പിക്കുവാനാണ് ഈ പൂക്കൾ വിരിയുന്നത്? ആർക്കു വേണ്ടിയാണ് ഈ കിളികൾ പാടുന്നത്? ഞാൻ അലോസരത്തോടെ ഓർത്തു.ഈ പുഴയ്ക്ക് ഒഴുകാതിരുന്നു കൂടെ? പൂക്കൾക്ക് വിരിയാതിരുന്നു കൂടെ?……..

ഒരിക്കൽ ഇതെല്ലാം എത്രമാത്രം പ്രിയപ്പെട്ടവയായിരുന്നെന്ന് ഓർത്തപ്പോൾ എനിക്ക് ചിരി വന്നു. ഈ മനുഷ്യരുടെ ഒരു കാര്യം. തനിക്ക് ആവശ്യമുള്ളപ്പോൾ അവൻ മറ്റുള്ളവയെ സ്നേഹിക്കുന്നു’. അല്ലാത്തപ്പോൾ വെറുക്കുന്നു. വിചിത്രമായ സത്യം .

പക്ഷേ, അന്നു തന്നോടൊപ്പം അവൾ ഉണ്ടായിരുന്നു, ലേഖ. കൊച്ചു കൊച്ചു തമാശകൾക്കുപോലും ഉറക്കെചിരിക്കുകയും കുസൃതി കാട്ടിയാൽ മുഖം വീർപ്പിക്കുകയും പിന്നെ പിണങ്ങിയതോർക്കാതെ ഹരിയേട്ടാ എന്നു വിളിച്ചു ഓടി വരുകയും ചെയ്യുന്ന എന്റെ കളിക്കൂട്ടുകാരി.


വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ, ‘ ഇവരെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല എന്ന വീട്ടുകാരുടെ ചിന്ത ഞങ്ങളുടെ വിവാഹ നിശ്ചയത്തിലേക്ക് നീങ്ങി. വിവാഹത്തിന് ഇനി മൂന്നു ദിവസം. രണ്ടു വീട്ടിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. എനിക്കാണ് തോന്നിയത്. ഒരിക്കൽ കൂടെ കമിതാക്കൾ ആയി കറങ്ങണം. അവൾക്ക് എന്തോ മടിയായിരുന്നു. ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങി. വീട്ടിൽ പറഞ്ഞാൽ സമ്മതിക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് എന്തോ കള്ളവും പറഞ്ഞ് രണ്ടും വീട്ടിൽ നിന്ന് ചാടി. ലൈസൻസ് കിട്ടുന്നതിനു മുമ്പ് L, ‘  ബോർഡ് വെച്ച് ഒരു യാത്ര. ചുമ്മാ ഒരു രസം.

പക്ഷേ, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവും മുമ്പേ എതിരെ വന്ന ഒരു ലോറി …. ബൈക്ക് വെട്ടിച്ചതും രണ്ടു പേരും തെറിച്ചു വീണതും ഓർമ്മയുണ്ട്. പിന്നെ കണ്ണു തുറന്നപ്പോൾ ഞാൻ ഹോസ്പ്പിറ്റൽ വാർഡിൽ ആയിരുന്നു. ലേഖ ഐ സി യുവിലും.

രക്തം വാർന്നു കുറെ നേരം റോഡിൽ കിടന്നെന്നും പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പിന്നീടു കൂട്ടുകാർ പറഞ്ഞറിഞ്ഞു. എനിക്ക് നിസ്സാര പരിക്കുകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ലേഖാ അവൾക്ക് നട്ടെല്ലിനാണ് ക്ഷതമേറ്റത്. പരസഹായം കൂടാതെ ഒന്നു അനങ്ങാൻ പോലും ആകാതെ കിടക്കയിൽ…..

അവളെ ഇങ്ങനെ ആക്കിയത് താനാണെന്ന് ഉള്ള കുറ്റബോധം മൂലം എനിക്ക് അവൾടെ മുന്നിൽ ചെല്ലാൻ ആവില്ലായിരുന്നു .തളർന്നു കിടക്കുന്ന ആ രൂപത്തിനെക്കാൾ എനിക്കിഷ്ടം പ്രസരിപ്പുള്ള ആ പഴയ രൂപം മനസ്സിലിട്ടു താലോലിക്കുന്നതായിരുന്നു.

ഒരിക്കൽ അവൾക്കെന്നെ കാണണം എന്നു പറഞ്ഞു അവൾടെ അമ്മ എന്നെ വിളിച്ചു. ഒന്നര വർഷത്തെ കിടപ്പ് അവളെ ഒരു വികൃത രൂപിണിയാക്കിയിരുന്നു.

“എന്താ ഹരിയേട്ടന്റെ ഉദ്ദേശം? അവൾ നളർന്ന സ്വരത്തിൽ ചോദിച്ചു. ” മനസ്സിലായില്ല “.” കല്യാണക്കര്യമാ ഞാൻ ചോദിച്ചത് “. അവൾ പറഞ്ഞു. “നമ്മുടെ യോ? ” ഒരൽപ്പം അത്ഭുതത്തോടെയാണ് ഞാൻ ചോദിച്ചത്.”നമ്മുടെ “.. അവൾ അർദ്ധോക്തിയിൽ നിർത്തി പരിഹാസത്തോടെ ചിരിച്ചു. ആ പരിഹാസം എന്നെയായിരുന്നില്ല എന്ന് എനിക്ക് അറിയാമായിരുന്നു.

” ഹരി, മോൻ ഇനിയെങ്കിലും ഒരു ജീവിതത്തെക്കുറിച്ചു ചിന്തിക്കണം. അച്ഛനെയും അമ്മയെയും വേദനിപ്പിക്കരുത്. എന്റെ മോൾക്ക് വേണ്ടി ഇനിയും നീ ….” ആന്റിയുടെ ശബ്ദം പതറുന്നുണ്ടായിരുന്നു.

” ഞാൻ വിവാഹം കഴിക്കും. എനിക്ക് ഒരു ജീവിതം വേണം. പക്ഷേ, ഇപ്പോഴല്ല. ഇവൾ എന്നു എഴുന്നേൽക്കുന്നോ അന്ന്. അതിനു വേണ്ടി ഞാൻ കാത്തിരിക്കും. മൂന്നല്ല മുപ്പത് വർഷം വേണമെങ്കിൽ അതു വരെ. ഞാനൊരാണാ ആന്റി . ജീവിതത്തിൽ ഒരു പെണ്ണിനെ മാത്രമേ പൂർണ്ണമനസ്സോടെ സ്നേഹിക്കാൻ എനിക്ക് കഴിയൂ.” അവൾടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

പിന്നെ അവിടെ നിന്നില്ല. പകയായിരുന്നു എല്ലാവരോടും . ജീവിതം വെച്ചു നീട്ടി കളിപ്പിച്ച വിധിയോട്, റോഡരുകിൽ രണ്ടു ജീവൻ പിടക്കുന്നതു നിസ്സംഗരായി നോക്കി നിന്ന സമൂഹത്തോട് , പൂക്കളോടും പുഴകളോടുംവരെ . 

മൂന്നു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. തൈലത്തിന്റെയും കുഴമ്പിന്റെയും മനം മടുപ്പിക്കുന്ന ഗന്ധത്തിനിടയിൽ അവളുടെ മൂന്നു വർഷങ്ങൾ …

ഇന്നു പതിവില്ലാതെ ആന്റി വിളിച്ചപ്പോൾ ഒന്നു ഭയന്നു. ഓടിച്ചെന്നപ്പോൾ അവൾ കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു. എനിക്ക് സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ലായിരുന്നു.

” ഹരിയേട്ടാ, കണ്ടോ ഞാനിരുന്നു “. അവൾ കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ചു. അവളെ നെഞ്ചോടു ചേർത്ത് പിടിക്കുമ്പോൾ തനും കരഞ്ഞുപോയി.

“ഇതെന്താ കരച്ചിൽ മൽസരമാണോ ? ” . വൈദ്യരാണ്. ” ഇനി സന്തോഷച്ചോളൂ. ഒന്നു അനങ്ങിക്കിട്ടിയാൽ ഞാൻ എഴുന്നേൽപ്പിച്ചു തരാം എന്നു പറഞ്ഞിരുന്നില്ലേ? ഇപ്പോപകുതി വിജയിച്ചു. നോക്കിക്കോളൂ, ഇനി ഒരു വർഷത്തിനുള്ളിൽ ഈ കുട്ടിയെ പഴയ പോലെ ഓടി നടത്തിത്തരും ഈശ്വരൻ. “

സ്വർഗ്ഗം കിട്ടിയ സന്തോഷത്തോടെയാണ് തിരിച്ചു പോന്നത്.പുഴയരികിലൂടെ പോന്നപ്പോൾ കാൽ അറിയാതെ ബ്രേക്കിലമർന്നു. ആ പുഴയിലേക്ക് നോക്കിയിരുന്നപ്പോൾ പുഴയ്ക്കു ഒഴുക്ക് പോരെന്നു തോന്നി. ഈ പുഴയ്ക്ക് കുറച്ചു കൂടെ വേഗത്തിൽ ഒഴുകിക്കൂടെ? കിളി കൾക്ക് കുറച്ചു കൂടെ ഈണത്തിൽ പാടിക്കൂടെ? പൂക്കൾക്ക് ……

Related Posts

Leave a Reply

Your email address will not be published. Required fields are marked *