അവള്, കിടപ്പുമുറീലുണ്ട് അരുൺ, ഈ നേരത്തൊന്നും ഉറങ്ങില്ല. മൊബൈൽ ഫോണിലാണ് കളിയെപ്പോഴും. അവള്, നിന്നേപ്പോലെ എഴുത്തിൻ്റെ അസ്കിതയുള്ളവളാണ്…….

സിന്ദൂരം

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ടൗണിലെ സ്വകാര്യസ്ഥാപനത്തിൽ നിന്നും ജോലിയും കഴിഞ്ഞ്, നാട്ടിലേക്കുള്ള ബസ്സും പിടിച്ച്, അരമണിക്കൂറിലധികം യാത്ര ചെയ്ത്, വീടിന്നരികത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി നാട്ടുവഴിയിലൂടെ പതിയേ നടക്കുമ്പോൾ അന്തിച്ചുവപ്പു മാഞ്ഞിരുന്നു.

തെരുവുവിളക്കുകൾ നിശ്ചിത അകലങ്ങളിലായി പാൽവെട്ടം തൂവിക്കൊണ്ടു നിശ്ചലം നിന്നു. ഒരോ ബൾബിനു ചുറ്റും, പരശ്ശതം ഈയലുകളും നിശാശലഭങ്ങളും പാറിപ്പറന്നുകൊണ്ടിരുന്നു. അരുൺ, ആകാശത്തിലേക്കു മിഴി പായിച്ചു. വാനം, കാർമേഘക്കൂട്ടങ്ങളാൽ ശ്യാമം പേറി നിലകൊള്ളുന്നു..

വഴിയോരത്തേ ശീമക്കൊന്നക്കൂട്ടങ്ങളേ ഉലച്ചുകൊണ്ടു വീശിയ കാറ്റിൽ, നേർത്ത ഈറൻ സ്പർശം അനുഭവപ്പെടുന്നു. എവിടെയോ, മഴ പെയ്യുന്നുണ്ടാകാം.

പുഴയുടെ തീരത്തേ ക്ഷേത്രത്തിൽ നിന്നും, തൊഴുതുമടങ്ങുന്ന ഏതാനും പെൺകൊടികൾ എതിരേ വരുന്നുണ്ടായിരുന്നു..എല്ലാവരും, യൗവ്വനയുക്തകൾ. തുടുത്ത കവിൾത്തടങ്ങളും, ഉയർന്ന മാ റിടങ്ങളും, ചികുരഭാരവും, തൊടുകുറിയുമായി അവർ അരുണിനേ മറികടന്നു പോയി. ഇരുപത്തിയെട്ടു വയസ്സിൻ്റെ, ദുരയാകാം, ഓരോരുത്തരേയും സ്വന്തമാക്കാൻ മനസ്സു വെറുതേയാഗ്രഹിച്ചു..

അറിയുന്ന സുന്ദരികളാരും വിവാഹിതരാകുന്നത് അന്നേ തീർത്തും ഇഷ്ട മല്ലായിരുന്നു. മനസ്സുകൊണ്ട്, ഇവരേയെല്ലാം വിവാഹം ചെയ്തിട്ടുണ്ട്. പല തവണ..അവരെയെല്ലാം പ്രണയിക്കുകയും, അവരുടെ പ്രണയവും, ദേഹവും നിരന്തരം മോഹിക്കുകയും ചെയ്യുന്ന ഒരാളാണെന്ന് ഈ സമൂഹം, ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല.

വീട്ടിലേക്കുള്ള ഒറ്റയടിപ്പാതയിലേക്കു തിരിയും വഴിയാണ്, എതിർ ദിക്കിൽ നിന്നും,
ആ വിളിയൊച്ച കേട്ടത്. മുകുന്ദേട്ടനാണ്.

” അരുൺ, രാത്രി ഒരു മണിക്കാണ് ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള യൂറോ കപ്പ് സെമിഫൈനൽ. അരുൺ, തെല്ലു നേരത്തേ വരണം. ഒറ്റയ്ക്ക് കളി കാണാൻ സുഖമില്ല. കഴിഞ്ഞ കുറേകാലങ്ങളായി, അരുൺ വന്നാലെ കളി കാണാനൊരു സുഖമുള്ളൂ. പന്ത്രണ്ടു കഴിയുമ്പോൾ പോരേ ട്ടാ”

“ഞാൻ വരാം, മുകുന്ദേട്ടാ, ഒന്നു കുളിയ്ക്കണം. പിന്നേ, ഗ്രൂപ്പിലെ തുടരെഴുത്തിൽ, ഇന്നത്തെ അദ്ധ്യായം കൊടുക്കണം. പത്തുമണിയാകുമ്പോഴേക്കും എഴുതിത്തീരും. പിന്നേ, അത്താഴം കഴിച്ച്, പതിയേ ഇങ്ങോട്ടിറങ്ങാം”

ലേഖേച്ചി അപ്പോൾ, ഉമ്മറത്തു വച്ച ഓട്ടുവിളക്കെടുത്തു വയ്ക്കാനായി വന്നു..വെളുത്തു കൊലുന്നനേയുള്ള, അതിസുന്ദരിയായ ലേഖേച്ചി. മുണ്ടും നേര്യതും ആ ചേലിനു മാറ്റേറ്റുന്നു..

മുപ്പത്തിയാറു വയസ്സ്, ചേച്ചിക്കു രേഖകളിൽ മാത്രമാണ്. അതിലും, എത്രയോ ഇളപ്പം തോന്നിക്കുന്നു കാഴ്ച്ചയിൽ. വിളക്കും വയ്ക്കും നേരം, നെറ്റിയിൽ കോറിയിട്ട ഭസ്മക്കുറിക്കു കീഴെയായി വലിയൊരു കുങ്കുമപ്പൊട്ടു കുത്തിയിരിക്കുന്നു. ഉമ്മറത്തേ വെട്ടത്തിൽ, ആ കുങ്കുമവൃത്തം ജ്വലിച്ചു.

ലേഖേച്ചിക്കു നേരെയെറിഞ്ഞ കണ്ണേറിനു, തെളിച്ചമേറിയ പുഞ്ചിരി പകരം ലഭിച്ചു. ലേഖേച്ചിയും, മുകുന്ദേട്ടനും തമ്മിൽ എത്ര വയസ്സു വ്യത്യാസം കാണും? പതിനഞ്ചോ, പതിനാറോ തീർച്ചയാണ്. തീർത്തും യാഥാസ്ഥിതികരായ ലേഖേച്ചിയുടെ കുടുംബക്കാർക്ക്, സത്രീധനത്തിൽ നിന്നും, ഒരു വിടുതൽ മാത്രമായിരുന്നു, മുകുന്ദേട്ടനുമായുള്ള വിവാഹം കൊണ്ടു ഭവിച്ച നേട്ടം. സോഷ്യൽ മീഡിയായിലെ, തൻ്റെ ഏതു പോസ്റ്റിനും ലൈക്കും കമൻ്റും ആദ്യം നൽകുന്നത് മിക്കവാറും ലേഖേച്ചിയായിരുന്നു. മകുന്ദേട്ടനു ചെറുപ്രായത്തിൽ തന്നേ, തെല്ലു നൊസ്സുണ്ടായിരുന്നൂന്ന് കേട്ടറിവുണ്ട്. പിന്നീട്, അതു തീർച്ചയായി. മുകുന്ദേട്ടൻ്റെയും, ലേഖേച്ചിയുടേയും ജീവിതം തീർത്തും ഊഷരമായതിൽ,.ആ നൊസ്സു ഗുളികൾക്കൾക്കും വലിയ പങ്കുണ്ടെന്ന്.

പതിനൊന്നരയ്ക്കു തന്നേ, മുകുന്ദേട്ടൻ്റെ വീട്ടിലേക്കെത്തി. പഴമ പൊതിഞ്ഞു നിന്ന, നാലുകെട്ട്. ഉമറക്കോലായിൽ, തൂങ്ങിയാടുന്ന ഭസ്മപ്പാത്രം. ശതകം പിന്നിട്ട ഉമ്മറവാതിൽ തുറന്നപ്പോൾ, വല്ലാത്തൊരു ഒച്ചയനക്കമുണ്ടായി.ചാന്തു തേച്ചു, കാലപ്പഴക്കത്താൽ മിനുങ്ങിയ അകത്തളം പരന്നുകിടന്നു. പഴയ അലമാര കളിലും, ഷെൽഫുകളിലും, താളുകൾ മഞ്ഞച്ചു തുടങ്ങിയ അനേകം ഗ്രന്ഥങ്ങൾ, ആരുടേയോ കരസ്പർശം കാത്തുകിടന്നു..ചുവരിൽ ഒട്ടനേകം ദൈവങ്ങൾ, മങ്ങിയ ചില്ലുഫോട്ടോകളായി വെറുതേയിരുന്നു. പഴയ ഊണുമേശയിൽ നിന്നും, കോടൻ ഭരണിയിലെ ഉപ്പുമാങ്ങയുടെ ഗന്ധം പ്രസരിക്കുന്നു.

“മുകുന്ദേട്ടാ, ലേഖേച്ചി വേഗം കിടന്നോ? പുറത്തേക്കു കണ്ടില്ലല്ലോ?” അരുൺ ചോദിച്ചു.

“അവള്, കിടപ്പുമുറീലുണ്ട് അരുൺ, ഈ നേരത്തൊന്നും ഉറങ്ങില്ല. മൊബൈൽ ഫോണിലാണ് കളിയെപ്പോഴും. അവള്, നിന്നേപ്പോലെ എഴുത്തിൻ്റെ അസ്കിതയുള്ളവളാണ്”

നടപ്പുരയ്ക്കപ്പുറത്തേ കിടപ്പുമുറിയിൽ തളം കെട്ടി നിന്ന അന്ധകാരത്തേ,.ചിതറിത്തെറിച്ച ചതുരവെളിച്ചം ദുർബ്ബലമാക്കുന്നു. ലേഖേച്ചി, തൻ്റെയെഴുത്ത് മൊബൈലിൽ വായിക്കുകയാകാം. ഉടൻ തന്നെയൊരു കമൻ്റ് വരാനിടയുണ്ട്..”അശ്വതി വാരസ്യാർ’ എന്ന വ്യാജ പ്രൊഫൈലിൽ നിന്നും. ലേഖേച്ചി എന്തിനാണ് സ്വന്തം പേരിൽ അക്കൗണ്ട് തയ്യാറാകാത്തത് എന്ന കൗതുകം ആദ്യമൊക്കെ യുണ്ടായിരുന്നു. ആ ധൂസരപ്രഭ പടർന്ന മുറിയകത്തു കിടന്ന്, ലേഖേച്ചി എഴുതിയ മറുപടിയെഴുത്തുകൾ എത്ര തീഷ്ണമായിരുന്നു.

മുകുന്ദേട്ടൻ വാചാലനാവുകയാണ്. പഴയ രാത്രികളിലെ, ഫുട്ബോൾ മാച്ചുകളേ ചൊല്ലി. സുക്കർ, ക്രൊയേഷ്യയുടെ നക്ഷത്രമായത്. കരിനീലക്കണ്ണുള്ള, ഇറ്റലിയുടെ റോബർട്ടോ ബാജിയോയും, കൊളംബിയയുടെ ആന്ദ്രേ എസ്കോബാറും ദുരന്തനായകരായത്. ഇമ്മാനുവൽ പെറ്റിറ്റിൻ്റെ കോർണറുകൾക്കു തല വച്ച്, സിദാൻ എന്ന താരമുദിച്ചുയർന്നത്. അങ്ങനെ, ഒത്തിരി കാര്യങ്ങൾ.

“ഇപ്പോൾ, വല്ലാണ്ട് ഉറക്കമിളക്കാൻ പറ്റണില്ലെടോ, രാത്രി കഴിക്കുന്ന ആ ഗുളികകൾ അത്രയും സ്ട്രോങ്ങാണ്. ഈ, യൂറോകപ്പിലെ ഒമ്പതരയുടെ മത്സരങ്ങൾ മാത്രമേ കാണാൻ പറ്റീട്ടുള്ളൂ. സെമിയൊക്കെ പാതിരാത്രിക്കു വന്നാൽ എന്താ ചെയ്യാ? അരുൺ ഉണ്ടെങ്കിൽ കാണാം, അത്രന്നേ” മുകുന്ദേട്ടൻ, പറഞ്ഞു നിർത്തി. സമയം, മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു.

മുകുന്ദൻ, ഏതോ കാഴ്ച്ചകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയായിരുന്നു. പര്യമ്പുറത്തി നപ്പുറത്തേ ഇരുൾമേഖലയിൽ, ലേഖയുടെ രൂപം നേർത്തു കാണാം. അവളെ ആരോ ഗാഢമായി പു ണരുന്നു. ഇണചേരലുകളുടെ സീൽക്കാരങ്ങൾ. ലേഖയുടെ സിന്ദൂരപ്പൊട്ടു പാതി മാഞ്ഞിരിക്കുന്നു. അത്, അവളുടെ ദേ ഹം അനുഭവിച്ചവൻ്റെ ക വിൾത്തടത്തിൽ അലിഞ്ഞു ചേർന്നു കിടപ്പുണ്ടായിരുന്നു. ആ കാഴ്ച്ചകളിൽ നടുങ്ങിയുഴറുമ്പോഴാണ്, ആരോ തോളിൽ തട്ടി വിളിച്ചത്.

മുകുന്ദൻ, ഞെട്ടിയുണർന്നു. “മുകുന്ദേട്ടാ, കളി കഴിഞ്ഞൂ ട്ടാ; ഇറ്റലി തോറ്റു. എക്സ്ട്രാ ടൈം കളിച്ചിട്ടും സമനിലയായപ്പോൾ, ടൈ – ബ്രേക്കർ വേണ്ടി വന്നു..മുകുന്ദേട്ടൻ, വർത്തമാനം പറഞ്ഞിരിക്കേ തന്നേ ഉറക്കമായി. ഞാൻ, പോവുന്നു. നാളെ, ഓഫീസിലേക്ക് നേരത്തേ ഇറങ്ങണം”

മുകുന്ദൻ, അരുണിൻ്റേ മുഖത്തേക്കു നോക്കി. അവൻ്റെ കവിൾത്തടങ്ങളിൽ, ശോണിമ പടർന്നിട്ടുണ്ടോ? വാതിൽ തുറന്ന്, അരുൺ ഇരുളിൽ മറഞ്ഞു. മുകുന്ദൻ, കിടപ്പുമുറിയിലേക്കു നടന്നു. ലൈറ്റിട്ടു. ലേഖ, അസ്വസ്ഥതയോടെ തിരിഞ്ഞു കിടന്നു. അവളുടെ നെറ്റിയിലെ സിന്ദൂരം പാതിമാഞ്ഞു പടർന്നിരുന്നു..അയാൾക്ക് ആ സ്വപ്നത്തേക്കുറിച്ചോർമ്മ വന്നു. മേശപ്പുറത്തിരുന്ന ഉറക്കുഗുളികകളുടെ സ്ട്രിപ്പുകൾ കാഴ്ച്ചയിൽ തെളിഞ്ഞു.

കണ്ടത്, സ്വപ്നമായിരുന്നോ? അതോ, യാഥാർത്ഥ്യമോ? ചില സ്വപ്നങ്ങൾ സൂചകങ്ങളാണ്. ആറാമിന്ദ്രിയം പകർന്നു തരുന്നവ. അയാൾ, ഒരു ഗുളികയെടുത്തു വിഴുങ്ങി, മടുമടാ വെള്ളം കുടിച്ചു. ആ പാതി മാഞ്ഞ സിന്ദൂരപ്പൊട്ട്, അയാളെ തീർത്തും നിസ്സാരനാക്കി. മുകുന്ദൻ, ലേഖയ്ക്കരികിൽ കിടന്നു. അവൾ, തിരിഞ്ഞു ചുവരരികിലേക്കു ചേർന്നു.

മുകുന്ദൻ്റെ ചിന്തകൾ, അപ്പോളും ആ കനവിനു പുറകേയായിരുന്നു. ഉള്ളിലിരു ന്നാരോ ചോദിക്കുന്നു; അതു കനവു മാത്രമായിരുന്നുവോ? കഴിഞ്ഞ കാലത്തേ പാതിരാവുകളിൽ, പുരാണം പേറിയ അടുക്കളവാതിലുകൾ ആർക്കോ വേണ്ടി തുറക്കപ്പെട്ടിരുന്നോ?.തലയ്ക്കകത്താകമാനം കടന്നൽക്കൂടിളകിയ പോലെ തോന്നുന്നു.

അരുൺ, അന്നേരം സ്വന്തം കഥയുടെ കീഴിൽ നിരന്ന അഭിപ്രായങ്ങളിലൊന്ന് അനേകമാവർത്തി വായിച്ചു നോക്കുകയായിരുന്നു. ‘അശ്വതി വാരസ്യാരു’ടെ അഭിപ്രായം. അത് ഇപ്രകാരമായിരുന്നു.

‘അരുൺ, ഒത്തിരിയെഴുതുക. ഒരുപാടിഷ്ടമാണ് ഈ അക്ഷരങ്ങളേ’

അരുണിൻ്റെ ചുണ്ടുകളിൽ, ഒരു പുഞ്ചിരി വിടർന്നു. ആ ചിരിയിൽ, അവൻ്റെ കവിൾത്തടങ്ങളിലെ സിന്ദൂരശോഭ ഇരട്ടിച്ചു. രാത്രി നീണ്ടുപോയി, പുലരിയിലേക്ക്……

Related Posts

Leave a Reply

Your email address will not be published. Required fields are marked *