അവൾ ചിലസമയം അമ്മയെക്കാൾ വലിയ ഭരണമാണ്. പക്ഷെ നല്ല പെണ്ണാണ്. അവനെ ജീവനാണ്.സ്നേഹത്തിന് മുന്നിൽ അവനെല്ലാം കണ്ണടയ്ക്കും……..

എടുത്തുചാട്ടം

Story written by Nisha Pillai

ടെക്കികളായ വിവേകും സൗമ്യയും ഒരു ചെറിയ വീട്ടിലാണ് താമസം.കൊറോണ കാലയളവിൽ വർക്ക് ഫ്രം ഹോം ആയതുകൊണ്ട് നാട്ടിൽ തന്നെ താമസിച്ചു ജോലി ചെയ്യുകയായിരുന്നു.കമ്പനി പെട്ടെന്നാണ് ഓഫീസിലേക്ക് വിളിച്ചത് .ചെറിയ വാടകയ്ക്ക് ഒരു ചെറിയ വീട് സുഹൃത്തിന്റെ സഹായം കൊണ്ട് തരമായി.ഒരു ബെഡ് റൂം ,ഒരു ഹാൾ,ഒരു അടുക്കള ,ഒരു കോമൺ ടോയ്‌ലെറ്റ്.സൗമ്യയും വിവേകും അനേക വർഷങ്ങളായി ഒരേ കമ്പനിയിലാണ് ജോലി.പരസ്പരം ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു.അച്ഛനില്ലാത്ത രണ്ടു ആൺമക്കളെ കഷ്ടപ്പെട്ട് വളർത്തിയതിനാലാകും ,അമ്മക്ക് ചില പിടിവാശികളുണ്ട് .അത് കൊണ്ട് പ്രണയം വീട്ടിൽ അവതരിപ്പിക്കാനും,പിന്നെ അമ്മയുടെ സമ്മതം കിട്ടാനും വിവേകിന് വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു.

അനിയൻ വിഷ്ണുവിന്റെ വിവാഹം പ്രമാണിച്ച് ലീവെടുത്ത് നാട്ടിൽ പോയി മടങ്ങി വന്ന് തൻ്റെ പെൻ്റിംഗ് വർക്കുകൾ തീർക്കുകയാണ് വിവേക്.ഗർഭിണിയായ ഭാര്യയെ ശല്യപ്പെടുത്താതെ ഹാളിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഫോൺ റിങ്ങ് ചെയ്തപ്പോൾ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ സൗമ്യ വന്നു ഫോണെടുത്ത് നൽകി.

“നിനക്കാരാ വിവേക് എന്ന പേരിട്ടത്,നീയിവിടെയും ഫോൺ ചാർജ് ചെയ്യാൻ വച്ചിരിക്കുന്നത് അവിടെയും. ഇവിടെ പ്ലഗ് ഉണ്ടല്ലോ.അടുത്ത് തന്നെ ഫോൺ വച്ചിരുന്നെങ്കിൽ ഞാനിപ്പോൾ എഴുന്നേൽക്കണ്ടായിരുന്നു.”

അവൾ ചിലസമയം അമ്മയെക്കാൾ വലിയ ഭരണമാണ്. പക്ഷെ നല്ല പെണ്ണാണ്. അവനെ ജീവനാണ്.സ്നേഹത്തിന് മുന്നിൽ അവനെല്ലാം കണ്ണടയ്ക്കും
.വലിയ വയറും താങ്ങിയുള്ള നിൽപ്പ് കണ്ടപ്പോൾ സഹതാപം തോന്നി.

വിഷ്ണുവിന്റെ ഫോൺകാളാണ്. ഇവനെന്തിനാ ഈ പാതിരായ്ക്ക് വിളിക്കുന്നത്. ഹണിമൂൺ ആഘോഷിക്കാൻ മുന്നാറിൽ പോവുകയാണെന്ന് രാവിലെ വിളിച്ചു പറഞ്ഞതാണ്.

”എന്താടാ ഈ പാതിരാത്രിയിൽ”

”ചേട്ടാ എനിക്കു ഡിവോഴ്സ് വേണം”

”എന്ത് ഡിവോഴ്സ്സോ, ഈ രാത്രിയിലോ, നേരം വെളുക്കട്ടെ”

”നിങ്ങളെല്ലാവരും കൂടി കണ്ടു പിടിച്ചു തന്ന പെണ്ണല്ലേ”

”കൂടുതൽ ഡെക്കറേഷൻസ് ഒന്നും വേണ്ട മോനേ, അമ്മ!!!, അമ്മ കണ്ടു പിടിച്ചു പെണ്ണ്”

”എന്തായാലും ശരി, ഡിവോഴ്സ് വേണം, ഈ ബന്ധം ശരിയാകില്ല”

”ശരി നീ ഫോൺ വെയ്ക്കൂ, നാളെ സംസാരിക്കാം”

”കല്യാണ ദിവസം, പാർട്ടിയും വിരുന്നുമൊക്കെ കഴിഞ്ഞപ്പോൾ പാതിരാത്രിയായി, അന്ന് നേരെ ചൊവ്വേ സംസാരിക്കാൻ പോലും പറ്റിയില്ല.അവളെന്നെ ഗൗനിക്കാതെ കിടന്നുറങ്ങി. രണ്ടാമത്തെ ദിവസം അമ്മയ്ക്ക് നെഞ്ച് വേദന, ആശുപത്രിയിൽ പോയി. ഈ. സി. ജിയും. പരിശോധനയും കഴിഞ്ഞപ്പോൾ നേരം വെളുത്തു. ഇന്നലെ മൂന്നാമത്തെ ദിവസം, അവളുടെ വകയിലെ ഒരു മുത്തശ്ശി മരിച്ചു, അവളുടെ തറവാട്ടിൽ പോയി. ഇന്ന് നാലാം ദിവസം, ഞാൻ പുറത്തുപോയി തിരിച്ചു വന്നപ്പോൾ അവൾ റൂമിൽ കിടന്നു നല്ലയുറക്കം, ഞാനൊരാണല്ലേ, കല്യാണം കഴിഞ്ഞ നാലാംദിനമായിട്ടും ഭാര്യയെ നല്ലപോലെയൊന്നു പരിചയപ്പെടാൻ കൂടി കഴിഞ്ഞില്ല.അല്ലെങ്കിലും ഭർത്താവായ എനിക്ക് എന്തു വിലയാണുള്ളത്?”

” നീ എവിടെ പോയി ഈ നേരത്തു”

”ബാ റിൽ, നല്ല തണുപ്പ്, രണ്ടു ലാർ ജ് അടിക്കാൻ”

”ആഹാ, അപ്പോൾ ആ പെണ്ണ് ചെയ്തത് മഹാഅപരാധം തന്നെ, നാളെ തന്നെ വിവാഹമോചന കേസ് ഫയൽ ചെയ്യണം.”

”അതാ ചേട്ടാ, ഞാൻ പറഞ്ഞത്, എനിക്കും മടുത്തു”

”നിനക്ക് മടുത്തെന്നോ ? നിന്നെ ആ പെൺകൊച്ചിന് മടുത്തു കാണും, അവളെങ്കിലും പോയി രക്ഷപെടട്ടെ”

“അതിന് ഞാനെന്ത് ചെയ്തെന്നാ “

“ഇടത്തരം കുടുംബം, ഏക മകൾ,മിടുക്കിയായതുകൊണ്ട് ചെറിയ പ്രായത്തിലെ ഗവൺമെന്റ് ജോലി കിട്ടി.സ്വന്തം സമ്പാദ്യം കൊണ്ടാണ് വീട്ടു ചെലവുകളും കല്യാണ ചെലവുകളും നടത്തുന്നത്.പെണ്ണിൻ്റെ വീട്ടിൽ കല്യാണത്തിന് ഒരാഴ്ച മുൻപു തന്നെ തിരക്കു തുടങ്ങുമല്ലോ.തലേ ദിവസം അർധരാത്രി വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ,വിരുന്ന്.ആ പാവം ഉറങ്ങിയിട്ട് ഒരാഴ്ചയായി കാണും .പിന്നെ നമ്മുടെ അമ്മയുടെ കാര്യം, മരുമക്കൾ വീട്ടിലുള്ളപ്പോൾ ,ഒരു ആവശ്യ മില്ലെങ്കിലും രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റു അടുക്കളയിൽ പാത്രങ്ങളൊക്കെ ചിൽ ചിൽ ശബ്ദങ്ങളുണ്ടാക്കി,എല്ലാവരെയും ഉണർത്തിയില്ലേൽ അമ്മയ്ക്ക് ഒരു സമാധാനം ഉണ്ടാകില്ല. പക്ഷെ മക്കൾ പത്തു മണിയ്ക്ക് എഴുന്നേറ്റാലും അമ്മയ്ക്ക് പ്രശ്നമില്ല.”

“ഞാനിപ്പോൾ എന്താ ചെയ്യണ്ടേ?”

“നീ നിൻ്റെ ഭാര്യയെ മനസ്സിലാക്കാൻ ശ്രമിയ്ക്കൂ,സ്നേഹിയ്ക്കാൻ ശ്രമിയ്ക്ക്. അങ്ങോട്ട് കൊടുത്താലേ സ്നേഹവും പരിഗണനയും തിരിച്ചും ലഭിയ്ക്കൂ. ആത്മബന്ധമില്ലാത്ത വിവാഹങ്ങളെല്ലാം പതിയെ ബന്ധനങ്ങളായി മാറും.നീയീപ്പോൾ മുറിയിലേക്ക് പോകൂ.”

സൗമ്യ വിവേകിൻ്റെ കയ്യിൽ നിന്നും ഫോൺ.പിടിച്ചു വാങ്ങി.

“ടാ വിഷ്ണുവേ അമ്മയ്ക്കെന്നെ കണ്ണെടുത്താൽ കണ്ടുകൂടാ.കാരണം ഞാൻ അനീതി കണ്ടാൽ പ്രതികരിയ്ക്കും.നീലിമ പ്രതികരിച്ചാൽ അവളെയും ശത്രുവാക്കും.അതത്ര കാര്യമാക്കണ്ട.നിങ്ങൾ രണ്ടുപേരും ഒന്നിച്ചിരിക്കുന്ന കണ്ടാൽ അമ്മയ്ക്ക് തലകറക്കം വരാം,അപ്പോൾ പറയും ഞരമ്പുകളുടെ പ്രശ്നമാണെന്ന്.നിങ്ങൾ ഒന്നിച്ചു പുറത്തേയ്ക്ക് പോകാനൊരുങ്ങിയാൽ അമ്മയ്ക്ക് വലിവോ ശ്വാസം മുട്ടലോ വരാം.നീലിമയ്ക്ക് ഞെട്ടാൻ നമ്മുടെ വീട്ടിൽ നൂറുകൂട്ടം പ്രശ്നങ്ങളുണ്ട്.നീയും കൂടി ഇങ്ങനെ തുടങ്ങിയാൽ പാവം ആ കുട്ടി എന്തു ചെയ്യും?”

“അതിന് ചേടത്തി ഞാനെന്ത് ചെയ്തെന്നാ.”

“നീ മുറിയിൽ പോകൂ.കൂടുതൽ സമയം ഒന്നിച്ചു കിടക്കുന്നവരല്ല മാതൃകാ ദമ്പതികൾ. പരസ്പരം മനസിലാക്കി,ഒരേ മനസോടെ ജീവിക്കുന്നവരാണ്.നീ അതിനൊന്നു ശ്രമിച്ചു നോക്കൂ.എടുത്തുചാടാതെ.”

മുറിയിൽ മൂടി പുതച്ചു കിടന്ന നീലിമയുടെ അരികിൽ വന്നു കിടന്ന വിഷ്ണു അവളെ തന്നെ നോക്കി കിടന്നു.കൊച്ചുകുട്ടികളെ പോലെ നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുഖം അതിസുന്ദരമായി അവനു തോന്നി.അവളെ ചേർന്നു കിടന്നുകൊണ്ട് അവളുടെ മൂർദ്ധാവിൽ ഉ മ്മ നൽകിയപ്പോൾ അവളുണർന്നു.

“ഞാനെത്ര കാത്തിരുന്നു. എനിക്ക് നല്ല തലവേദനയായിരുന്നു.ഞാൻ മരുന്ന് കഴിച്ചു മയങ്ങിപ്പോയി.”

“”നീയുറങ്ങുമ്പോൾ എത്ര സുന്ദരിയാണ്,ഞാൻ നിന്നെ നോക്കി കിടക്കുവായിരുന്നു.”

“ഉണർന്നു കഴിഞ്ഞാൽ എന്നെ കാണാൻ കൊള്ളില്ലേ.വിഷ്ണുവേട്ടൻ അങ്ങനെ എന്നെ ഉപേക്ഷിക്കുമോ.”

“ഇനിയാരു പറഞ്ഞാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല.”

അവളവനോട് ചേർന്നു കിടന്നു.അവനവളെ ചേർത്തു പിടിച്ച് ഉമ്മകൾ കൊണ്ട് മൂടി.രാവിലെ ചേട്ടൻ വിളിക്കുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ കുഴഞ്ഞു.ചേട്ടനെ പറഞ്ഞു മനസിലാക്കാം.പക്ഷെ ചേട്ടത്തി.ചേട്ടത്തി പറഞ്ഞു നീലിമയെങ്ങാനുമറിഞ്ഞാൽ കാര്യമറിഞ്ഞാൽ ….

അവളോട് അടിച്ചു ഫി റ്റായപ്പോൾ പറഞ്ഞതാണെന്ന് മുൻകൂർ ജാമ്യമെടുക്കാം. ആദ്യമവളുടെ വിശ്വാസം നേടണം.ഒരു മാതൃകാ ഭർത്താവ് ആകണം. പിന്നാരെന്തു പറഞ്ഞാലും അവൾക്ക് തന്നോടുള്ള സ്നേഹം കുറയില്ല.ചേട്ടനെ പോലെ നല്ലൊരു ഭർത്താവാകാനുള്ള തയാറെടുപ്പിലായിരുന്നു വിഷ്ണു.

✍️ നിശീഥിനി

Related Posts

Leave a Reply

Your email address will not be published. Required fields are marked *