ആകാര്യത്തിൽ നമ്മൾ ഒരുപോലാണ് എന്റേം അവസ്ഥ അതുപോലൊക്കെ തന്നെ.ഒന്നിനും ഒരു കുറവുമില്ല. പറക്കാൻ ആകാശം മാത്രം ചോദിക്കരുത്……

Story written by Sumayya Beegum T A

പാല് മാത്രം കുടിക്കാവു വേറൊന്നും കഴിക്കില്ല. പാലും പഴവും കൂടി മിക്സിയിൽ അടിച്ചു ഷേക്ക്‌ ഉണ്ടാക്കി ഏതേലും വീട്ടമ്മ കൊടുക്കുമോ? ഞാൻ അതും തന്നു. എന്നിട്ടും നീ എന്നെ കാണുമ്പോൾ പിന്നാമ്പുറം കാണിച്ചു വീർപ്പിച്ചു ഇരിക്കും. നിനക്ക് അതും വേണ്ട.

മാതളം, തണ്ണി മത്തൻ അങ്ങനെ എന്തെല്ലാം? എന്നിട്ടും നീ ഒന്നും കഴിക്കാതെ ക്ഷീണിച്ചുവരുമ്പോൾ എങ്ങനെ സങ്കടം വരാതിരിക്കും.

അല്ലേലും ഞാൻ അങ്ങേരോട് പറഞ്ഞതാണ് നമ്മൾക്ക് ഇതിനെ കൂട്ടിലിട്ട് ആ ശാപം കൂടി വാങ്ങണ്ടന്നു, എവിടെ അപ്പനും മക്കൾക്കും എന്തേലും ഇളക്കം കേറിയാൽ പിന്നെ സാധിച്ചേ അടങ്ങു.

നീലാകാശത്തോട്ടു നോക്കി നീങ്ങി അതിന്റെ ഇരുപ്പ് കാണുമ്പോൾ കണ്ണാടിയിൽ സ്വന്തം മുഖം കാണുന്ന പോലൊരു ഫീൽ ആണ്.

ന്റെ തത്തേ പണ്ടത്തെ പോലൊന്നുമല്ല. ഇപ്പോൾ പക്ഷികൾക്ക് തിന്നാനും കുടിക്കാനും ഒക്കെ പഞ്ഞം ആണ് പോരാത്തതിന് കൊടും ചൂടും. അവറ്റകൾ ഒക്കെ ച ത്തുവീഴുന്ന പടങ്ങൾ ഒക്കെ കാണുമ്പോ നീ ഭാഗ്യവതി അല്ലെ?

എന്തായാലും കെട്ടിയോൻ നല്ല വലുപ്പമുള്ള കൂടാണ് കൊണ്ടുവന്നിരിക്കുന്നത് നിനക്കിഷ്ടം പോലെ അതിൽ സഞ്ചരിക്കാം. പിന്നെ കോസ്ലി ഫുഡും.

ആകാര്യത്തിൽ നമ്മൾ ഒരുപോലാണ് എന്റേം അവസ്ഥ അതുപോലൊക്കെ തന്നെ.ഒന്നിനും ഒരു കുറവുമില്ല. പറക്കാൻ ആകാശം മാത്രം ചോദിക്കരുത്.

പിന്നെ നിനക്കൊരു കൂട്ട് വേണം നീ സങ്കടപെടണ്ട നമുക്ക് ശരിയാക്കാം. നീ വലുതാവുമ്പോൾ ഒരു ചുള്ളനെ കൂടി നമുക്ക് സംഘടിപ്പിക്കാം.

ഇത്രേം പറഞ്ഞിട്ടും അവളുടെ മോന്ത കണ്ടില്ലേ അഹങ്കാരി.

ഓഹ് അപ്പൊ എന്നേം മുഖം വീർപ്പിക്കുമ്പോൾ മറ്റുള്ളോർ ഇങ്ങനെ തന്നല്ലേ അഹങ്കാരി. ശരിക്കും നമ്മൾ രണ്ടും അഹങ്കാരികൾ തന്നെ.

മുറ്റത്തു ബൈക്ക് വന്നു നിൽക്കുന്ന സൗണ്ട് കേട്ടപ്പോൾ കെട്ടിയോൻ വന്നെന്നു മനസിലായി തത്തയോടുള്ള കിന്നാരം നിർത്തി അടുക്കളയിൽ കേറി.

ഊണ് വിളമ്പാൻ പോയപ്പോ ഇടഞ്ഞ കൊമ്പനെ പോലെ മൂപ്പര് തന്നെ പ്ലേറ്റ് എടുത്തു വിളമ്പി കഴിപ്പു തുടങ്ങി.

ആ ഓർത്തില്ല ഇന്ന് അങ്ങേരോട് പിണങ്ങിയിട്ട് മൂന്ന് ദിവസായി.

എന്തിനാ പിണങ്ങിയതെന്നു ചോദിച്ചാൽ അറിയില്ല.

കലപില ചിലക്കുന്ന എനിക്ക് ഒരു ചെറു കമ്പനി പോലും തരാതെ ഫോണിൽ കുത്തിയിരിക്കുന്ന മൂപ്പരോടുള്ള അമർഷം ഇനി കുറച്ചു ദിവസം അങ്ങോട്ട് മിണ്ടുന്നില്ല എന്ന് വെച്ച് പ്രതിഷേധിച്ചതാണ്.

എന്തോന്ന് ഫലം മൂപ്പരിപ്പോ ലോട്ടറി അടിച്ചപോലെ നടക്കുന്നു.

കെമിസ്ട്രി ബുക്ക്‌ പോയ അണ്ണാനെപോലെ ഞാനും.

ഇനി അങ്ങോട്ട് കേറിച്ചെന്നു മിണ്ടാൻ വയ്യ . പുള്ളി ആണെങ്കിൽ അറിയാതെ പോലും ഡി എന്ന് വിളിക്കുന്നുമില്ല.

ആദ്യത്തെ മൂപ്പ് ഒക്കെ കഴിഞ്ഞു വല്ലാണ്ട് ഒറ്റപ്പെടൽ തോന്നിത്തുടങ്ങി.

അപ്പൊ അങ്ങേർക്ക് ഞാൻ ആരുമല്ല. ഞാൻ മിണ്ടിയില്ലേലും അത് ബാധിക്കില്ല അങ്ങനെ ആണെങ്കിൽ എന്നെ ഉപേക്ഷിക്കാനും മടി കാണില്ല.

ചിന്തകൾ കൂടിയപ്പോൾ ഡിപ്രെഷന്റെ പീക് സ്റ്റേജിൽ രണ്ടു ദിവസം കൂടി കടന്നുപോയി.

ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല നാട്ടിലും വീട്ടിലും നമ്മക്ക് ഉള്ള ആകെയൊരു സപ്പോർട്ട് ആണ് ചങ്ക് കെട്ടിയോൻ അങ്ങേരെ പിണക്കി ഒറ്റയ്ക്ക് ജീവിക്കുക അത്ര ഈസി അല്ല.

ലാസ്റ്റ് സഹികെട്ടു ചെന്ന് കെട്ടിപിടിച്ചു കൂടെ കിടന്നു. ഭാഗ്യം തട്ടി മാറ്റിയില്ല.

കുറെ കഴിഞ്ഞപ്പോൾ അങ്ങേരോട് ചോദിച്ചു എന്നാലും നിങ്ങൾ എന്നോട് മിണ്ടിയില്ലല്ലോ.

അപ്പൊ അങ്ങേര് പറയുവാ നീ എന്തിനാണ് പിണങ്ങിയതെന്ന് എനിക്ക് മനസിലായില്ല പിന്നല്ലേ മിണ്ടാൻ വരുന്നത്.

നാലുദിവസം മിണ്ടാതിരുന്നതിന്റെ കേട് തീർത്തു ആ രാത്രി ഒരുമണി വരെ അങ്ങേരെ ഉറക്കാതെ കഥ പറഞ്ഞു പരസ്പരം ചിരിച്ചു തകർത്തപ്പോഴും മനസിലൊരു നൊമ്പരം എന്നാലും ഇങ്ങേർക്കൊരു സ്നേഹം ഇല്ലല്ലോ.

മൂപ്പര് ഉറങ്ങിയപ്പോഴും ഈ ആണുങ്ങൾ എന്താണ് ഇങ്ങനെ മൂശേട്ട ആകുന്നതൊക്കെ ഓർത്തു ഉറക്കം വരാതെ കിടന്നപ്പോൾ ആണ് യു ട്യൂബിൽ ഒരു വീഡിയോ കണ്ടത്.

പ്രസരിപ്പോടെ ഓടി നടന്ന ഭാര്യ പെട്ടന്ന് ഒരു നിമിഷം കൊണ്ട് വീഴ്ചയിൽ അബോധാവസ്ഥയിൽ ആയി പോയൊരു കഥ ഒരു ചേട്ടൻ പറയുന്നു.

കണ്ണ് നിറഞ്ഞു ആ കഥ കണ്ടു.

രണ്ടുമാസം ഗർഭിണി ആയ ആ സ്ത്രീയുടെ വയറ്റിലെ കുഞ്ഞിനെ അ ബോർട്ട് ചെയ്യാൻ ഡോക്ടർസും, കൂട്ടുകാരും വീട്ടുകാരും ഒക്കെ നിർബന്ധിച്ചപ്പോഴും അതിനു സമ്മതിക്കാതെ പിടിച്ചു നിന്ന അവരുടെ ഭർത്താവ്.

തളർന്നുകിടക്കുന്ന ഭാര്യയോടൊപ്പം വൈകല്യമുള്ള ഒരു കുഞ്ഞു കൂടി ഉണ്ടായാൽ ജീവിതം പൂർണമായും ഇരുട്ടിലാകും എന്നറിഞ്ഞിട്ടും ഞാൻ നോക്കിക്കൊള്ളാം എന്ന് ഉറപ്പിച്ച ആ കരളിലെ സ്നേഹത്തിന്റെ കടൽ.

അവസാനം ഈശ്വരൻ ഒരു കുഴപ്പവുമില്ലാതെ കൊടുത്ത പൊന്നുമോനെയും ഇപ്പോഴും നോർമൽ ആവാത്ത ഭാര്യയെയും പൊന്നുപോലെ നോക്കുന്ന ആ വല്യ മനസ്സ്…

അതൊക്കെ കണ്ടപ്പോൾ ചിന്തകൾക്ക് ഒരു മാറ്റം.

നമ്മൾ ഒന്ന് വീണാൽ തഴയും എന്നതിനപ്പുറം താങ്ങും എന്നൊരു വിശ്വാസം കൂടി വേണം ദാമ്പത്യത്തിൽ.

എന്നിട്ട് അങ്ങ് കണ്ണുമടച്ചു സ്നേഹിക്കണം എന്നെങ്കിലും കാൽ ഇടറിയാൽ ആ കൈകൾ വാരിയെടുത്തോളും.

ഫോൺ ഓഫ്‌ ആക്കി നമ്മുടെ പറുദീസ ആയ ആ നെഞ്ചിൽ മുഖം പൂഴ്ത്തുമ്പോൾ അങ്ങേര് പല്ല് കടിച്ചു. പണ്ടാരം പിണങ്ങിയപ്പോൾ സുഖായി ഉറങ്ങാരുന്നു ഇതിപ്പോ ഉറക്കില്ല.

എന്നാ നിങ്ങൾ എന്നെ ഡിവോഴ്സ് ചെയ്യുമോ?

കോ പ്പ് ചെയ്യും കിടന്നുറങ്ങടി പിശാചേ

ആ കലിപ്പന്റെ കലിപ്പിൽ നിദ്രയിലേക്ക് പോകുമ്പോൾ മനസ്സ് ശാന്തമായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *