ഇല്ല നിന്നെ ഞാൻ ഇങ്ങോട്ടു കടത്തില്ല. എന്റെ അമ്മയെ നീ കൊണ്ടുപോയി. ഇനി എന്റെ കെട്ടിയവളെയും കുട്ടിയെയും കൊണ്ടു പോവാൻ……..

ഒടിയൻ..

Story written by Ajeesh Kavungal

വിറങ്ങലിച്ചു കിടക്കുന്ന ഗോവിന്ദേട്ടന്റെ മുഖത്തേക്ക് ഞാൻ ഒന്നുകൂടി സൂക്ഷിച്ച് നോക്കി. ശാന്തമായുറങ്ങുന്ന ഭാവം. വിടർന്നു നിൽക്കുന്ന ചുണ്ടുകൾക്കിടയിലൂടെ ബീ ഡിക്കറ പുരണ്ട പല്ലുകൾ തെളിഞ്ഞ് കാണാം.ഞങ്ങൾ അവസാനമായി കണ്ട ദിവസംഎന്റെ ഓർമയിൽ തെളിഞ്ഞു. വഴിയരികിലുള്ള ആൽത്തറയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന എന്റെ പുറകിൽ വന്ന് ഒരു ചോദ്യം

“ടാ, അജിയേ, ഗോവിന്ദേട്ടന് ചായയ്ക്ക് ഉള്ളത് കിട്ടിയില്ല”.

സാധാരണ അത് പതിവുള്ളതാണ്, നാട്ടിൽ വരുമ്പോൾ ഗോവിന്ദേട്ടന് ഒരു പത്തു രൂപ. അത് ഞാൻ മാത്രമല്ല എന്റെ നാട്ടിലെ എന്നെ പോലുള്ള നിറയെ പേർ ഗോവിന്ദേട്ടന് പത്തു രൂപാ വെച്ച് കൊടുക്കാറുണ്ട്. ഞാൻ പോക്കറ്റിൽ ഉള്ള പൈസ പുറത്തെടുത്തു. ഒരു നൂറിന്റെ നോട്ടും, ഒരു അമ്പതിന്റെ നോട്ടും. ഞാൻ ഗോവിന്ദേട്ടനെ നോക്കി ചിരിച്ചു.അതിനു കാരണമുണ്ട്. ഒരിക്കൽ അമ്പതു രൂപ കൊടുത്തപ്പോൾ അതുപോലെ തന്നെതിരിച്ചു തന്ന ആളാണ്. ആൾക്ക് ആവശ്യം കുറച്ച് ബീ ഡിയും ദിവസം രണ്ടു ചായയും മാത്രമാണ്. അത് രണ്ടു പേർ 10 രൂപ വച്ചു കൊടുത്തിട്ട് ഉണ്ടെങ്കിൽ അന്നത്തെ ദിവസം അതു മതി “എന്നാ ഇന്നു വേണ്ട ഇനി വരുമ്പോ തന്നാൽ മതി “എന്നു പറഞ്ഞു ഗോവിന്ദേട്ടൻ നടന്നകന്നു.

ഞാൻ മരണ വീട്ടിൽ നിന്നിറങ്ങി പുറത്തേക്കു നടന്നു. ആരോ പറയുന്നത് കേട്ടു

” ഭാര്യയും മകനെയും ആറിയിച്ചിട്ടു കുറെ നേരം ആയി. എന്തായാലും ഒരു 4 മണി വരെ നോക്കാം ഇല്ലെങ്കിൽ എടുക്കാം.വെറുതെ വച്ചു കൊണ്ടിയിരുന്നിട്ട് കാര്യമില്ലല്ലോ.”

ആൾക്കുട്ടത്തിൽ നിന്ന് അകന്ന് ഞാൻ ഒറ്റയ്ക്കു കിടക്കുന്നഒരു കസേരയിൽ ഇരുന്നു.ഗോവിന്ദേട്ടനെആദ്യമായ് കണ്ടത് എവിടെ ആണെന്നു ഞാൻ ഓർമ്മകളിൽ പരതി നോക്കി.ആദ്യം തെളിഞ്ഞത് ദൂരേ സ്ഥലത്ത് നിന്നും ജോലി കഴിഞ്ഞു വരുന്ന ഗോവിന്ദേട്ടനേ തന്നെ ആണ്.. വെള്ള മുണ്ടുടുത്തു കൈകളിൽ അമ്മയ്ക്കും പെങ്ങൾക്കുമുള്ള സാധനങ്ങൾ ആയി വരുന്ന ഗോവിന്ദേട്ടൻ. ഗോവിന്ദേട്ടന്റെ അച്ഛനെ ഞാൻ കണ്ടിട്ടില്ല. ഞാൻ ജനിക്കുന്നതിനും മുമ്പുതന്നെ ആൾ മരിച്ചിരുന്നു. നാട്ടിലെ അറിയപ്പെടുന്ന ഒരു മന്ത്രവാദി ആയിരുന്നു അയാളെന്ന് അച്ഛമ്മ പറഞ്ഞ് ഞാൻ ഒരിക്കൽ കേട്ടിട്ടുണ്ട്. ഒടിയനും, ചാത്തനും മറുതയും, അങ്ങനെയുള്ള സകല ദുർദേവതകളേയും പൂജിച്ചിരുന്നു അയാളത്രേ.

പിന്നെ എന്റെ ഓർമയിൽ തെളിഞ്ഞത് പെങ്ങളുടെ കല്യാണക്കാര്യങ്ങൾക്കായി ഓടി നടക്കുന്ന ഗോവിന്ദേട്ടനെയാണ്. കാണാൻ ഭംഗിയുണ്ടെങ്കിലും, ജാതകദോഷം കാരണം വളരെ വൈകിയാണ് അവരുടെ കല്യാണം കഴിഞ്ഞത്.അതും ഒരു തമിഴനെ .അതിനു ശേഷം ഗോവിന്ദേട്ടന്റെ കല്യാണത്തിനാണ് അവരെ ഞാൻ അവസാനമായി കാണുന്നത്. ഞാൻ മാത്രമല്ല, നാട്ടുകാരെല്ലാവരും. പിന്നീട് വരവും പോക്കും ഒന്നും ഉണ്ടായില്ല.ഗോവിന്ദേട്ടന്റെ അമ്മ മരിച്ചിട്ടു കൂടി അവർ വന്നില്ല.ഗോവിന്ദേട്ടന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴാണ് അമ്മ മരിച്ചത്. അമ്മ മരിച്ച് കഴിഞ്ഞ് ഗോവിന്ദേട്ടന്റെ ഭാര്യ ഗർഭിണിയായപ്പോൾ മുതലാണ് പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത്.

ഗർഭിണികളെ കൊ ന്ന് അവരുടെ ഭ്രൂണത്തിൽ നിന്നാണത്രേ ഒടിയനായ് മാറാനുള്ള മരുന്ന് ഉണ്ടാക്കുന്നത്.ആ മരുന്ന് ചെവിയിൽ വെച്ച് കഴിഞ്ഞാൽ പിന്നെ ഇഷ്ടമുള്ള രൂപം സ്വീകരിക്കാം എന്നാണ് പറയപ്പെടുന്നത്.അങ്ങനെ ഒടിയനായ് മാറുന്നത് കറുത്തവാവ് ദിവസം എന്നാണ് വിശ്വാസം. കറുത്തവാവിനെ അങ്ങനെ ഗോവിന്ദേട്ടൻ ചെറുപ്പം മുതൽ ഭയപ്പെട്ടിരുന്നു.എല്ലാ മലയാള മാസവും അമ്മ കൈയിൽ ഊതി കെട്ടി കൊടുത്തിരുന്ന ചരടായിരുന്നു ഗോവിന്ദേട്ടന്റെ ആകെയുള്ള ആശ്വാസവും വിശ്വാസവും.

അമ്മ മരിച്ചു തോടെ ആ വിശ്വാസങ്ങൾക്ക് താളം തെറ്റുകയായിരുന്നു. വീട്ടിൽ ഗർഭിണിയായ ഭാര്യ മാത്രം. കറുത്തവാവ് ദിവസങ്ങളിൽ ഉറക്കം നഷ്ടപ്പെട്ടു.ഗോവിന്ദേട്ടന്റെ മാനസികനില പതുക്കെ തെറ്റുകയായിരുന്നു. ഒരു ദിവസം രാത്രി ഗോവിന്ദേട്ടൻ കൊടുവാളുമായി പുറത്തേക്ക് പാഞ്ഞു.പുറകെ നിലവിളിച്ച് കൊണ്ട് ഭാര്യയും. അന്നു രാത്രി എന്റെ അച്ഛനടക്കം പത്തോളം പേർ ചേർന്ന് പിടിച്ചിട്ടും ഗോവിന്ദേട്ടനെ തടയാനായില്ല. രണ്ട് കിലോമീറ്റർ അകലെയുള്ള പേരാലിന്റെ ചുവട്ടിൽ നിന്ന് കൊടുവാൾ വീശി ..

” ഇല്ല നിന്നെ ഞാൻ ഇങ്ങോട്ടു കടത്തില്ല. എന്റെ അമ്മയെ നീ കൊണ്ടുപോയി. ഇനി എന്റെ കെട്ടിയവളെയും കുട്ടിയെയും കൊണ്ടു പോവാൻ നിന്നെ ഞാൻ സമ്മതിക്കില്ല” എന്ന് വലിയ വായിൽ വിളിച്ചു പറയുന്നുണ്ടായിരുന്നത്രെ..

പിറ്റേന്ന് ബന്ധുക്കളെല്ലാം ഒത്തുചേർന്ന് ഏതോ ഒരു മാന്ത്രികനെ വിളിച്ച് ഹോമം നടത്തി.ഗോവിന്ദേട്ടന്റെ കൈ ചരടുകൾ കൊണ്ട് നിറഞ്ഞു. അതിനു ശേഷം ഒരു വർഷത്തോളം പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.മകന് ഒന്നര വയസ്സായപ്പോൾ ഭാര്യ വീണ്ടും ഗർഭിണി ആയി. ഒരു ദിവസം പണി കഴിഞ്ഞു വരുമ്പോൾ ഗോവിന്ദേട്ടൻ കണ്ടത് ഉമ്മറപ്പടിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭാര്യയെയാണ്. എല്ലാവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.കാല് തെറ്റി വീണതു കൊണ്ടാണെന്ന് ഡോക്ടർ പറഞ്ഞു. ഭാര്യക്ക് കുഴപ്പമൊന്നുമുണ്ടായില്ല. പക്ഷേ ഗർഭം അലസിപ്പോയി.

അന്നത്തെ ദിവസം രാത്രി വീട്ടിൽ ഉണ്ടായിരുന്ന കല്ലിൽ ആവാഹിച്ചിരുത്തിയ താണെന്ന് പറയപ്പെടുന്ന മുഴുവൻ കൽ ദൈവങ്ങളെയും സമീപത്തുള്ള പുഴയിൽ കൊണ്ട് കളഞ്ഞു. അതിനു ശേഷം വീണ്ടും ആള് പഴയ പോലെ ആയി. പഴയതിലും അൽപം കൂടുതലായി എന്നു വേണമെങ്കിൽ പറയാം. നട്ടുച്ചക്കു വരെ കൊടുവാൾ കൈയിൽ പിടിച്ചു നടക്കാൻ തുടങ്ങി. ആളുകൾ ആരും ഗോവിന്ദേട്ടന് ശത്രുക്കൾ ആയിരുന്നില്ല. ഒടിയൻ മാത്രമായിരുന്നു ശത്രു.വീടു മുതൽ ആ പേരാൽ വരെ നടക്കും തിരിച്ചു വരും.മന്ത്രങ്ങൾ പോലെ തോന്നിക്കുന്ന എന്തൊക്കെയോ മനസ്സിലാവാത്ത ഭാഷയിൽ സംസാരിക്കുകയും ചെയ്യും.

സ്വന്തം കുഞ്ഞിന്റെ ഭാവി ഓർത്തോ, സ്വയരക്ഷക്കു വേണ്ടിയോ അതോ ഗോവിന്ദേട്ടനോടുള്ള ഭയം കൊണ്ടാണോ എന്നറിയില്ല. ഒരു ദിവസം ഭാര്യ കുഞ്ഞിനെയുമെടുത്തു സ്വന്തം വീട്ടിലേക്ക് പോയി.പിന്നീടൊരിക്കലും അവർ തിരിച്ചു വന്നില്ല.ഗോവിന്ദേട്ടൻ തീർത്തും ഒരു മനോരോഗിയായ് മാറി.ബന്ധുക്കളും പതുക്കെ പതുക്കെ കയ്യൊഴിഞ്ഞു. വിശക്കുന്നുണ്ടെങ്കിൽ ആരുടെയെങ്കിലും വീട്ടിൽ ചെന്നെന്തെങ്കിലും കഴിക്കും. ബാക്കി സമയങ്ങളിൽ എന്നും ആ നടത്തം മാത്രം. എല്ലാവർക്കും ആ കാഴ്ചശീലമായി. ശരിക്കും ഒടിയനെ ഗോവിന്ദേട്ടൻ ഓടിച്ചു വിടുകയാണെന്നു തന്നെ ചില ആളുകൾ വിശ്വസിച്ചു.

ഞാൻ എഴുന്നേറ്റു വീട്ടിലേക്ക് നടന്നു.ഭാര്യയും മകനും വരില്ലാന്ന് ആരോ പറയുന്നത് കേട്ടു. വീട്ടിലും സംസാരവിഷയം ഗോവിന്ദൻ തന്നെ.ആളുടെ മനസ്സിലുള്ള മന്ത്രവാദത്തെക്കുറിച്ചുള്ള പേടി അത് മന്ത്രവാദം കൊണ്ടു തന്നെ മാറ്റാനാണ് എല്ലാവരും ശ്രമിച്ചത്. ഫലമോ ആളുടെ മനസ്സ് കൂടുതൽ ആ പേടിയിൽ ആഴ്ന്നിറങ്ങുകയായിരുന്നു.

ചിന്തിച്ച് നേരം പോയതറിഞ്ഞില്ല. ചിന്തയിൽ നിന്നുണർന്നപ്പോൾ ജനലിലൂടെ ഞാൻ കണ്ടു ഇരുട്ടിന്റെ തീവ്രത.തല തിരിച്ച് സമീപത്തു കിടക്കുന്ന കലണ്ടറിലേക്ക് ഒന്നു നോക്കി. ഇന്നത്തെ തീയ്യതിക്ക് സമീപം ചെറുതാണെങ്കിലും എനിക്ക് വ്യക്തമായ് കാണാമായിരുന്നു ആ കറുത്ത കുത്ത്.അതെ ഇന്നു കറുത്ത വാവാണ്.ഗോവിന്ദേട്ടൻ എന്നും ഭയപ്പെട്ടിരുന്ന കറുത്തവാവ്. ഇനി കറുത്തവാവ് ദിവസങ്ങളിൽ ചെവിയിൽ മരുന്നു വെച്ച് ഇഷ്ട രൂപം പ്രാപിച്ച്‌ മായങ്ങൾ കാട്ടുന്ന ഒടിയനെ തടയാൻ ഞങ്ങളുടെ നാട്ടിൽ ഗോവിന്ദേട്ടൻ ഇല്ല.എന്നും ജനലുകൾ തുറന്നിട്ടിരിക്കാറുള്ള ഞാൻ ഏതോ ഒരു ഉൾപ്രേ രണയോടെ ജനലുകൾ വലിച്ചടച്ചു.പോക്കറ്റിലുള്ള പൈസ എടുത്തു മേശയിൽ വെക്കുമ്പോൾ എന്റെ കൈയിലിരുന്ന ഒരു പത്തു രൂപ നോട്ട് ഒന്നു വിറച്ചു. എന്റെ ഉള്ളിൽ അപ്പോൾ തെളിയുന്നുണ്ടായിരുന്നു. പുഴക്കരയിൽ ഗോവിന്ദേട്ടന്റെ ചിത കത്തുമ്പോൾ കൈതക്കാടിനിടയിൽ മറഞ്ഞിരുന്നു ചിരിക്കുന്ന ഒടിയൻറ മുഖം …

(അന്ധവിശ്വാസങ്ങളെ ഒരിക്കലും അന്ധമായി വിശ്വസിക്കാതിരിക്കുക.അതിൽ കൂടുതലും പണ്ടുകാലത്തെ ആൾക്കാർ അവരുടെ സുഖത്തിനും സൗകര്യത്തിനും കാര്യലാഭത്തിനും വേണ്ടി ഉണ്ടാക്കിയെടുത്ത വെറും കെട്ടുകഥകൾ മാത്രമാണ്.)

Related Posts

Leave a Reply

Your email address will not be published. Required fields are marked *