ഇവർക്കിത് എന്തിന്റെ കുറവുണ്ടായിട്ടാ ഇങ്ങനെ ഒരു കടുംകൈ ചെയ്തെ……

എഴുത്ത്:- മഹാ ദേവൻ

” ഞാൻ വേറെ ആരോടു പറയാനാ അമ്മേ.. ഈ ഒരു വർഷം ഇവിടെ കിടന്നത് എങ്ങനെ എന്ന് എനിക്കെ അറിയൂ.. ഏട്ടനുണ്ടായിരുന്നേൽ കുറച്ചെങ്കിലും ആശ്വാസം ഉണ്ടാകുമായിരുന്നു. ഇതിപ്പോ ഇവിടുത്തെ അമ്മ പറയുന്നതിനപ്പുറം ഒരു കരിയില എടുക്കാൻ പോലും പാടില്ല. എന്തിനേറെ, ഒന്ന് മുള്ളാൻ പോകാൻ പോലും അനുവാദം ചോദിക്കേണ്ട അവസ്ഥ. ചോദിച്ചില്ലെങ്കിൽ അപ്പോൾ തുടങ്ങും ഞാൻ കണ്ടവന്മാരോട് കൊഞ്ചാൻ വേണ്ടി ഫോണുമായി ബാത്‌റൂമിൽ കേറി ഇരിപ്പാന്ന്. ഞാൻ അന്നേ പറഞ്ഞതല്ലേ അമ്മേ എനിക്ക് ഗള്ഫുകാരനെ വേണ്ട വേണ്ട എന്ന്. “

അവളുടെ കരച്ചിൽ ഫോണിലൂടെ കേൾക്കുമ്പോൾ സങ്കടം തോന്നിയെങ്കിലും ഇങ്ങനെ ഒരു അവസ്ഥയും പറഞ്ഞ് ഇവിടെ വന്നിരുന്നാൽ നാട്ടുകാർ എന്ത് പറയും എന്ന ചിന്തയായിരുന്നു ആ അമ്മയ്ക്ക്.

” എന്റെ മോളെ.. ഇതൊക്കെ എല്ലാ വീട്ടിലും സർവ്വസാധാരണമല്ലേ… പണ്ട് അമ്മയൊക്കെ എത്ര അനുഭവിച്ചതെന്നോ, ഇതൊക്കെ കുറെ കഴിയുമ്പോൾ മാറും. അതുവരെ നമ്മളൊന്നു പിടിച്ച്നിന്നാൽ മതി. “

അമ്മ അനുനയിപ്പിക്കാനെന്നോണം പറയുന്ന വാക്കുകൾ കേട്ടപ്പോൾ അവൾക്ക് സ്വന്തം അമ്മയോട് പുച്ഛമാണ് തോന്നിയത്.

” കൊള്ളാം.. പണ്ട് നിങ്ങളൊക്കെ അങ്ങനെ അനുഭവിച്ചിട്ടുണ്ടെന്ന് വെച്ച് നിങ്ങടെ തലമുറയും അങ്ങനെ തന്നെ അനുഭവിച്ചു ജീവിക്കട്ടെ എന്നാണോ? നല്ല അമ്മയും നല്ല ഉപദേശവും.

അവൾ ഈർഷ്യത്തോടെ ഫോൺ വെക്കാൻ ഒരുങ്ങുമ്പോൾ അമ്മ ” നിൽക്ക് മോളെ, അമ്മ പറയട്ടെ ” എന്നും പറഞ്ഞവളെ തടഞ്ഞു.

” മോൾക്ക് അമ്മയോട് ദേഷ്യം തോന്നാം.. പക്ഷേ, നീയൊന്ന് ആലോചിച്ചുനോക്ക് നിനക്ക് താഴെ ഒരു അനിയനും അനിയത്തിയും ഉണ്ട്. നീ ഇവിടെ വന്നു നിന്നാൽ അവർക്ക് നാളെ നല്ലൊരു ആലോചന കിട്ടുമോ? നാലാളെ അറിയിച്ച് നടത്തിയ കല്യാണമാ നിന്റ, എല്ലാവർക്കും അസൂയതോന്നും പോലെ…

എന്നിട്ടിപ്പോ നീ പെട്ടീം കിടക്കേം ആയി തിരികെ പോന്നൂ എന്ന് നാട്ടുകാർ അറിഞ്ഞാൽ പിന്നെ അമ്മയ്ക്കും അച്ഛനും ആളുകളുടെ മുഖത്തു നോക്കാൻ പറ്റോ. നിന്നെ നല്ല രീതിയിൽ തന്നെ ആണ് കെട്ടിച്ചുവിട്ടത്. അതുപോലെ നിന്റ അനിയത്തിയേയും വിടണ്ടേ.. നിന്റ കാര്യം മാത്രം നോക്കിയാൽ മതിയോ? ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ വെറുതെ വലുതാക്കി മനസ്സ് വിഷമിപ്പിക്കാതെ അവർ പറയുന്നത് അനുസരിച്ചു നിന്ന് നോക്ക്, എല്ലാം ശരിയാകും. “

പെറ്റ വയറാണ് ഈ പറയുന്നത് എന്നോർത്തപ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

” അപ്പൊ എന്നെ വിറ്റതാണോ അമ്മേ? മ രണത്തിത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി സ്വന്തം വീട്ടിൽ അഭയം പ്രാപിക്കുന്ന ഒരു പെണ്ണ് അമ്മയ്ക്കും അച്ഛനും നാണക്കേട് ആണോ? നാട്ടുകാർ എന്ത് കരുതും? നല്ല ചോദ്യം.. കൊള്ളാം.. നാട്ടുകാർക്ക് മുന്നിൽ ഞെളിഞ്ഞ് നിൽക്കാൻ മകളുടെ സമ്മതം പോലുമില്ലാതെ പണം നോക്കി കെട്ടിച്ചു വിട്ടതും പോരാ, ആ മകളുടെ ജീവിതം നശിക്കുമ്പോഴും നാട്ടുകാർക്ക് മുന്നിൽ നാണം കേടാൻ വയ്യാത്തോണ്ട് സ്വന്തം മോളെ കുരുതി കൊടുക്കുന്ന ഒരമ്മ…

അവൾ പുച്ഛത്തോടെ ഫോൺ വച്ചു. ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്. തന്റെ അവസ്ഥ കേക്കാൻ ഇനി ആരുമില്ലെന്ന് അറിയാം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരു പെണ്ണാണ് താനെന്ന തിരിച്ചറിവ് അവളെ വലിഞ്ഞുമുറുക്കി.

വന്നു കേറിയ വീട്ടിൽ സഹിക്കാവുന്നതിലപ്പുറം സഹിച്ചു. ഗൾഫിൽ കിടക്കുന്ന ഭർത്താവിനോട് പറയുമ്പോഴെല്ലാം ആയാളും പറയും ” അമ്മയല്ലേ, നിനക്ക് ഒന്ന് ക്ഷമിച്ചൂടെ.. “

സഹിക്കുന്നതിലും ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ… അവസാനം സ്വന്തം വീട്ടിൽ ഒരു അഭയാർത്ഥി ആയെങ്കിലും സ്വീകരിക്കുമെന്ന് കരുതി. അവിടെ അഭിമാനം വ്രണപ്പെടുമെന്ന്.

കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവൾ ഒരു ഉറച്ച തീരുമാനത്തിൽ എത്തിയിരുന്നു.

” ആ ത്മഹത്യ… “

ഒരു ഗുണവുമില്ലാതെ ഭൂമിക്ക് ഭാരമായി ജീവിക്കുന്നതിലും നല്ലത്‌ അതാണ്… ആ ത്മഹത്യ കൊണ്ട് ആർക്കെങ്കിലും കുറച്ചു മനസ്സമാധാനം കിട്ടുമെങ്കിൽ…..

ആ രാത്രി അവൾ ഉറങ്ങിയില്ല…..

എല്ലാം തീരുമാനിച്ചുറപ്പിച്ചവളെ പോലെ കാത്തിരുന്നു , അവസാന മിനുട്ടിന്റെ ആരംഭത്തിന് വേണ്ടി.

പിന്നെ പതിയെ അമ്മയുടെ മുറിയിലേക്ക് നടന്നു.

മരുമകളുടെ പതനം സ്വപ്നം കണ്ടുറങ്ങുന്ന ആ അമ്മായമ്മയെ അവൾ സഹതാപത്തോടെ ഒന്ന് നോക്കി. പിന്നെ ആ കാലുകൾ ചേർത്തുപിടിച്ചു.

ഇത് രണ്ടാംവട്ടമാണ്… ആദ്യം കല്യാണദിവസം അനുഗ്രഹത്തിനായിരുന്നു. പിന്നെ ഇപ്പോൾ, ഇന്നും…..

പകൽ കടിച്ചുകീറാൻ വരുന്ന ആ മുഖം ഇപ്പോൾ ഉറങ്ങുമ്പോൾ എത്ര നിഷ്ക്കളങ്കമാണെന്ന് ഓർത്തു അവൾ. ഞാൻ വന്നത് മുതൽ അല്ലെ എല്ലാ പ്രശ്നവും.. ഇനി എന്റെ മുഖം അമ്മ കാണില്ല… അത് ഒരിക്കൽ കൂടി ആ കാലിൽ തോട്ടുകൊണ്ട് വാതിൽക്കലേക്ക് നടന്നു.

പിറ്റേ ദിവസം ആ മുറ്റം ആളുകളാൽ നിറഞ്ഞു. ബോഡി വെട്ടിയിറക്കി ഉമ്മറത്തേക്ക് കടത്തുമ്പോൾ പലരും പറയുന്നുണ്ടായിരുന്നു

” ഇവർക്കിത് എന്തിന്റെ കുറവുണ്ടായിട്ടാ ഇങ്ങനെ ഒരു കടുംകൈ ചെയ്തെ “എന്ന്.

പോലീസ് ആ ത്മഹത്യ എന്ന് എഴുതുമ്പോൾ പലരുടെയും കണ്ണുകൾ ആ മുഖത്തായിരുന്നു.

അത്രയൊക്കെ ക്രൂരത ചെയ്തിട്ടും ആ അമ്മായിഅമ്മയ്ക്ക് വേണ്ടി കരയുന്ന അവളുടെ മുഖത്ത്‌. കരഞ്ഞു കൊണ്ട് അവൾ ആ മുഖത്തേക്ക് നോക്കി…

ഇപ്പോഴും ആ മുഖത്തു ശാന്തതയാണ്.. “ഞാൻ കാരണമല്ലേ എല്ലാം, ഇനി എന്റെ മുഖം കാണണ്ടല്ലോ “

അവൾ ഒന്നുകൂടി ഉറക്കെ കരഞ്ഞു

” ന്റെ അമ്മ ന്നേ വിട്ട് പോയല്ലോ ” എന്ന് വിലപിച്ചുകൊണ്ട്… അതുകേട്ട് അവിടെ കൂടിയ എല്ലാവരുടെയും കണ്ണുകൾ നിറയുമ്പോൾ അവൾക്കത് അവസാന കണ്ണീർ ആയിരുന്നു. കാറൊഴിഞ്ഞ ആകാശം പഞ്ഞിമേഘങ്ങളാൽ സുന്ദരമാകാൻ പോകുന്ന പോലെ….

ഒരു തെറ്റ് കൊണ്ട് ഒരു ശരിയെ കണ്ടെത്താൻ ശ്രമിച്ച പതിനെട്ടു തികഞ്ഞ ഒരു പെണ്ണിന്റെ ഭാവവും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *