ഈ കല്ലൻകുന്നില്, എൻ്റെ ലൂസിമോൾടെ ചെക്കനേപ്പോലെ ഒരു മര്വോൻ ആർക്കെങ്കിലും കിട്ടീണ്ടാ? കിട്ടീണ്ട് ഡാ..? അവനൊരു അദ്ധ്വാനി…..

മരുമകൻ

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

കല്ലൻകുന്നു ഗ്രാമം അന്തിച്ചുവപ്പണിഞ്ഞു നിന്നു. നാട്ടുവഴിയോരത്ത്, അവർ ഒത്തുകൂടി. സന്ധ്യ, ഗ്രാമപാതയയെ ചുവപ്പിച്ചിരുന്നു. ഇടവഴി തിരിയുന്ന മൂലയിൽ, പൂട്ടിയ പീടികയുടെ മുറ്റത്ത്, ഇഷ്ടിക നിരത്തി തീർത്ത താൽക്കാലിക ഇരിപ്പിടങ്ങളിൽ, അങ്ങിങ്ങായാണ് അവരുടെ ഇരുപ്പ്.

പത്രോസേട്ടൻ, വാചകക്കസർത്തു തുടരുകയാണ്. ഇന്നായിരുന്നു പ്രത്രോസേട്ടൻ്റെ മോളുടെ കല്യാണം. ചാമക്കുഴി ഗ്രാമത്തിലെ, തെങ്ങു കയറ്റക്കാരൻ ജോർജ്ജായിരുന്നു വരൻ. ഇത്തിരി നിറം കുറവുള്ള ലൂസിക്ക്, ഒത്തിരി നിന്നു മൂത്തിട്ടായിരുന്നു കല്യാണം വന്നത്.

തെങ്ങേറ്റക്കാരൻ ജോർജ്, തെങ്ങുപോലെ ഒറ്റത്തടിയായിരുന്നു. ചാമക്കുഴിയാറിൻ്റെ തീരത്ത് ഒറ്റയാൻ ജീവിതം നയിച്ചിരുന്ന ജോർജ്ജിനെ, നേരമ്മായിമാർ പിടിച്ച പിടിയാലെ കൊണ്ടുനടന്നു പലേടത്തും പെണ്ണുകാണിച്ചു.
കല്ലൻകുന്നു ഗ്രാമത്തിലെ ലൂസിപ്പെണ്ണിനെ വിളഞ്ഞൊരു ചമ്പത്തെങ്ങു കണക്കേ ജോർജ്ജിനിഷ്ട്ടപ്പെട്ടു. കല്യാണോം നടന്നു. കെട്ടുകഴിഞ്ഞ്, ചെറുക്കൻ പെണ്ണിനേം കൊണ്ട് ചാമക്കുഴിക്കു പോയി.

“ഡാ, ബാബു,രാജാ, മാത്താ, ശിവാ, ചന്ദ്രാ, വേലായ്ധാ…. ഈ കല്ലൻകുന്നില്, എൻ്റെ ലൂസിമോൾടെ ചെക്കനേപ്പോലെ ഒരു മര്വോൻ ആർക്കെങ്കിലും കിട്ടീണ്ടാ? കിട്ടീണ്ട് ഡാ..? അവനൊരു അദ്ധ്വാനി… ടൗണിലൊക്കെ നാള്യേരിടാൻ പോയാ കാശെത്ര്യാന്നാ വിചാരം? പറേണതാ കൊടുക്കണം. എൻ്റെ മര്വോൻ ജോർജ്, അസ്സലൊരു ചെറുപ്പക്കാരൻ. അവന്, കു ടീല്ല്യാ, വ ലീല്ല്യാ, പുറത്തുന്നൊരു ചായ പോലും കുടിക്കില്ല്യാ ക്ടാവ്. എൻ്റെ മോൾടെ ഭാഗ്യണ്ടാ; അവനവളേം നോക്കി, അവളവനേം നോക്കി അങ്ങ്ട് ജീവിക്കും. കല്ലൻകുന്നിലേ,പെഴച്ച മര്വക്കൾടെ പോലെല്ലാ എൻ്റെ ജോർജ്ജ്”

കാജാബീ ഡി ആഞ്ഞുവ ലിച്ച്, പത്രേട്ടൻ മുണ്ട് കേറ്റി വളച്ചുത്തി. നീല വരവരയൻ ഡ്രോയറിൻ്റെ പകുതിയിൽ മടക്കിക്കുത്തു നിന്നു. കണ്ട വേലായ്തൻ പിറുപിറുത്തു.

“ഓ, ഇന്ന് ട്രൗസറൊക്കെയുണ്ടല്ലോ?”

കല്ല്യാണം കഴിഞ്ഞേൻ്റെ പിറ്റേ ഞായറാഴ്ച്ച. ലൂസി, കല്ലൻകുന്നിലേ വീട്ടിലുണ്ട്. ജോർജ്ജിന് തെങ്ങേറ്റം ഉള്ള കാരണം, ഉച്ചതിരിഞ്ഞേ വരൂന്ന് പറഞ്ഞിട്ടുണ്ട്. പത്രേട്ടൻ, വൈന്നേരത്തക്കു മീനും താറാവും സംഘടിപ്പിച്ചു. മീൻ കറിവച്ചു, പൊരിച്ചു. താറാവ് ഉലത്തി. സന്ധ്യയാകാറായി, ലൂസിയും വീട്ടുകാരും, ജോർജ്ജിനേ കാത്തിരുന്നു. ലൂസി, കുളിച്ചു സുന്ദരിയായി നിന്നു. ഇടയ്ക്കിടക്ക് അവൾ സമയം നോക്കുന്നുണ്ടായിരുന്നു. കല്യാണത്തിനു വന്നിട്ടു ഇതുവരേ തിരിച്ചുപോകാത്ത, അവളുടെ വലിയമ്മായി പിറുപിറുത്തു.

” പെണ്ണ് പാതിരായാവാൻ കാക്ക്വാ, കിട്ടാത്തതു കിട്ടീപ്പോ പെണ്ണിന് ജ്വരായി “

സന്ധ്യവരേ ജോർജ്ജിനേ കാത്തുനിന്നു ബോറടിച്ച പത്രേട്ടൻ, കുന്നിറങ്ങി താഴോട്ട് വീട്ടിലേക്കു പോയി. പോകും വഴി പിറുപിറുത്തു.

“എന്തോരാ കാക്ക്വാ, ആ PWD മോൻ വരുമ്പോ വരട്ടേ”

രാത്രി എട്ടുമണിയായി. ജോർജ്ജ് എത്തീട്ടില്ല്യാ, ലൂസിക്ക് ദേഷ്യോം സങ്കടോം വന്നു. അവൾ ഇടയ്ക്കിടെ മുറ്റത്തേക്കും, മുറിയകത്തു വന്നു കണ്ണാടീലേക്കും നോക്കിക്കൊണ്ടിരുന്നു. സ്വയം, കക്ഷമൊന്നു മണത്തു നോക്കി. ആരൊടിന്നില്ലാതെ പറഞ്ഞു.

“അങ്ങാടീലേ, സെൻ്റാക്കെ വെറും പറ്റിക്കലാന്നേ, ഇനി വൈന്നേരം വീണ്ടും കുളിക്കണ്ട വരും, വിയർപ്പു നാറണൂ”

മര്വോനേ കാണാണ്ട് വീണ്ടും പത്രേട്ടൻ, വീട്ടിൽ നിന്നും റോഡിലേക്കു വന്നു. ഇത്തവണ റോഡിൽ ഒരാൾക്കൂട്ടമുണ്ടായിരുന്നു. ആൾക്കൂട്ടത്തിനു നടുവിലായി, ഒരാൾ റോഡിൽ കമിഴ്ന്നടിച്ചു കിടപ്പുണ്ടായിരുന്നു. പത്രേട്ടൻ എത്തി നോക്കി. ആരാന്നു മനസ്സിലാവണില്ല്യാ. ചർദ്ദീടേം മ ദ്യത്തിൻ്റേയും ചൂര്, മൂക്കു തുളയ്ക്കുന്നു.

“ആരാണ്ടാ ചന്ദ്രാ ഇത്? നിൻ്റെ കുരുത്തം കെട്ട പരിഷ്കാരിമോൻ കോയമ്പത്തൂർന്ന് വന്നതാണോ? പിള്ളാരെ മര്യാദയ്ക്കു വളർത്തണം. എൻ്റെ ജോർജ്ജുട്ടൻ വരണേനു മുൻപ്, ഈ ചെ കുത്താനെ എടുത്തു മാറ്റ്. അല്ലെങ്ങേ, ഈ നാടിനാ നാണക്കേട്. ഇവൻ പരാമറാണോ കഴിച്ചേക്ക്ണ്? അത്ര നാറ്റം”

ചന്ദ്രൻ, മറുപടി വളരെ പതുക്കേയാണ് പറഞ്ഞത്.

“എൻ്റെ ചെക്കനല്ല പത്രേട്ടാ, ആരാന്നു മനസ്സിലാവണൂല്ല്യാ, പത്രേട്ടൻ ഒന്നു നോക്ക്യേ; അറിവൊള്ള മുഖാണോന്ന്”

എല്ലാവരും കൂടി ആ രൂപത്തെ മറിച്ചു കിടത്തി. തെരുവുവിളക്കിൻ്റെ വെളിച്ചത്തിൽ പത്രേട്ടൻ ആ ചർദ്ദിൽ പൊതിഞ്ഞ മുഖം വ്യക്തമായി കണ്ടു. ‘ജോർജ്ജ്’

“ഈശ്വരാ, എൻ്റെ മര്വോൻ ജോർജ്ജല്ലേയിത്? മോനേ ജോർജ്ജേ, എന്തു പറ്റീടാ?”

ജോർജ്ജിൻ്റെ നാവിൽ നിന്നും, ഒരു പുളിച്ച തെ റി പറന്നു. കേട്ടവരുടെ മനസ്സിൽ ബയോളജി ക്ലാസിലെ ‘പ്രത്യുല്പാദനം’ അദ്ധ്യായം ഓർമ്മയിൽ വരുത്തിയ തെ റി. തരിപ്പിറങ്ങാൻ തുടങ്ങിയ ജോർജ്ജ്, കൂടുതൽ അപകടകാരിയായി.

വല്ല വിധേനയും, പത്രേട്ടനും നാട്ടുകാരും കുന്നിറങ്ങി ജോർജ്ജിനേ വീട്ടിലെത്തിച്ചു. അലകൾ പോലെ, ജോർജ്ജിൻ്റെ തിരുനാവിൽ നിന്നും തെ റികൾ ഒഴുകുന്നുണ്ടായിരുന്നു.

അതിരാവിലേ, പത്രേട്ടൻ്റെ വീടിനു മുന്നിലുടെ പത്രമിടാൻ പോയ ചെറുക്കാനാണ് ആദ്യമായി ആ കാഴ്ച്ച കണ്ടത്. ചളുങ്ങിക്കിടക്കുന്ന അലുമിനിയം ചോറ്റുകലവും, ചിതറിക്കിടക്കുന്ന ചോറും. തെങ്ങിലടിച്ചു തകർന്ന അരിപ്പക്കലം ഉപയോഗിക്കാൻ കൊള്ളാത്ത വിധം ഞളുങ്ങിയിരിക്കുന്നു. തെല്ലുമാറി ഒരു ചീനച്ചട്ടിയും, അതിൽ നിന്നും, ചിതറിയ താറാവു കറിയും.

തെങ്ങിൻ കടയിൽ നിന്നും, തെറിപ്പദങ്ങൾ അലയടിച്ചുയരുന്നുണ്ടായിരുന്നു. ന്യൂസ് പേപ്പർ ബോയ് സൂക്ഷിച്ചു നോക്കി. അതേ, അതു തന്നേ, പത്രേട്ടൻ്റെ മര്വോൻ ജോർജ്ജ്.

നോക്കി, ആളെയുറപ്പിച്ച ശേഷം പത്രക്കാരൻ ചെക്കൻ പാഞ്ഞുപോയി. ആരെങ്കിലും, ഈ വിശേഷം അറിയാത്തതുണ്ടെങ്കിൽ അറിയിക്കാൻ.

മുറിയകത്ത്, ലൂസി തനിച്ചിരുന്നു കരഞ്ഞു. അവളുടെ ശരീരത്തിലെ സെൻ്റു മണം എങ്ങോ പോയ് മറഞ്ഞിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *