ഈ വീട്ടിൽകിടന്ന് നിങ്ങൾ ഭാര്യഭർത്താക്കന്മാർ തമ്മിൽ അടിയുണ്ടാക്കാൻ പറ്റില്ല…. എന്തെങ്കിലുമുണ്ടെങ്കിൽ മുറിക്കുള്ളിൽവച്ച് തീർത്തേക്കണം…

വട വാഴാത്ത വീട്

എഴുത്ത് :- സ്നേഹപൂർവ്വം കാളിദാസൻ

നിനക്കെന്തിന്റെ അസുഖമായിരുന്നു… അവളുടെ സ്വഭാവം നിനക്കറിയാ വുന്നതല്ലേ… അമ്മയെങ്ങനെ പറഞ്ഞപ്പോൾ എനിക്കും ശരിയാണെന്ന് തോന്നി….

ഈ വീട്ടിൽകിടന്ന് നിങ്ങൾ ഭാര്യഭർത്താക്കന്മാർ തമ്മിൽ അടിയുണ്ടാക്കാൻ പറ്റില്ല…. എന്തെങ്കിലുമുണ്ടെങ്കിൽ മുറിക്കുള്ളിൽവച്ച് തീർത്തേക്കണം… ഇതിപ്പോൾ കുറെയായി രണ്ടാളും തമ്മിലുള്ള വഴക്ക്….

ഇല്ലമ്മേ…. ഇനിയുണ്ടാകില്ല…. അത്രയും പറഞ്ഞ് ഞാൻ മുറിക്കുള്ളിലേക്ക് നടന്നു….

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മു കട്ടിലിൽതന്നാണ് അപ്പോഴും…. ഞാൻ പതിയെ അവളുടെ അടുത്തുചെന്നിരുന്നു….

അമ്മു…. ഇനിയൊരിക്കലും ഞാൻ അങ്ങനൊന്നും ചെയ്യില്ല….

വേണ്ട…. ഇതിപ്പോൾ കുറെയായി…. എന്നോട് അല്പമെങ്കിലും സ്നേഹ മുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനൊന്നും ചെയ്യില്ലായിരുന്നു…..

മോളെ നീ ക്ഷമിക്ക്…. പറ്റിപ്പോയി….

അതേ നിങ്ങൾക്ക് പറ്റും…. ഞാൻ വെറുതേക്കാരിയല്ലേ…. എന്നോടെന്തും ആകാമല്ലോ….ഞാൻ നിങ്ങളുടെ ഭാര്യയായിപ്പോയി…. വെറും ഭാര്യ….നിങ്ങൾ കാമുകിയോട് ഇങ്ങനൊന്നും അല്ലായിരുന്നല്ലോ….

അവളുടെ കാര്യം എന്തിനാണിപ്പോൾ ഇവിടെ പറയുന്നത്…. ഞാനല്പം ദേഷ്യത്തിൽ ചോദിച്ചു….

അവളെ പറഞ്ഞപ്പോൾ കൊണ്ടു…. അല്ലേലും എനിക്കറിയാം എന്നോട് നിങ്ങൾക്കൊന്നുമില്ലെന്ന്… ഇപ്പോഴും അവളാണ് മനസ്സിൽ….

അത് കേട്ടതും കട്ടിലിൽ കിടന്ന ടീവിയുടെ റിമോട്ട് ഞാൻ വലിച്ചെറിഞ്ഞു….

അത് കണ്ട അവൾ ചാടി എഴുനേറ്റു….

ഇനി നീ അവളുടെ കാര്യം പറഞ്ഞാൽ നീ വാങ്ങും…. എന്റെ മുഖഭാവം കണ്ട അവൾ മുറിയിൽ നിന്നും ഓടി അമ്മയുടെ അടുക്കൽ ചെന്നു…..

ഡാ കാളി….. ഇനി നീ ഇവളുടെ ദേഹത്ത് കൈവച്ചാൽ നിന്നേ അടിച്‌ പുറത്താക്കും ഞാൻ…. പെണ്ണുങ്ങളുടെ ദേഹത്ത് കൈവച്ചല്ല ആണത്തം കാണിക്കേണ്ടത്…. ചൂലുംകെട്ട് കൈയ്യിൽ പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു….

കൈവക്കാനൊ…. ഞാനോ…. ഞാൻ അത്ഭുതത്തോടെ ചോദിച്ചു….

നീ തല്ലിയെന്ന് ഇവൾ പറഞ്ഞതോ….

അതുകേട്ടപ്പോൾ ഞാൻ അമ്മുവിനെ നോക്കി… അവൾ അമ്മയുടെ പിറകിലേക്ക് ഒളിച്ചു…..

രണ്ടിന്റെയും പ്രശ്നം ഇപ്പോൾ ഇവിടെവച്ചു തീർത്തേക്കണം…. ഇനിയിത് ഈ വീട്ടിൽ പറ്റില്ല….. അമ്മു…. നീയിനി അവനോടു വഴക്കിനു പോകരുത്…. കാളി… നീയും അവളോട്‌ വഴക്കുണ്ടാക്കരുത്…..

ഞാൻ വഴക്കിനു പോയില്ലമ്മേ…. ഏട്ടനാണ് പ്രശ്നമുണ്ടാക്കിയത്……

ശരിയാണമ്മേ….. ഞാനാണ് പ്രശ്നക്കാരൻ….. എന്റെ ഭാഗത്താണ് തെറ്റ്….. ഇനി ഈ വീട്ടിൽ ഞാൻ വട വാങ്ങി വരില്ല…… ഞാനല്പം വിഷമത്തിൽ പറഞ്ഞു…..

ആ… അതാണ്‌ നല്ലത്…. അമ്മയും പറഞ്ഞു…..

അത് കേട്ടതും അമ്മുവിന്റെ മുഖം വാടി….. ഇന്നലേം മിഞ്ഞിഞ്ഞാന്നുമൊക്കെ സമൂസയും, പഫ്സും വാങ്ങി വന്നപ്പോൾ എന്റേം കൂടെ ഏട്ടന് ഞാൻ കൊടുത്ത താണാമ്മേ…. എന്നിട്ട് ഇന്ന് എനിക്ക് വച്ചിരുന്ന വട ഞാൻ കാണാതെ എടുത്തു തിന്നു…. അമ്മ പറയ്… ആരുടെ ഭാഗത്താണ് തെറ്റ്…. അത്രയും പറഞ്ഞതും അവൾ കരഞ്ഞതും ഒരുമിച്ചായിരുന്നു….

ആ പോട്ടെ…. വിട്ടുകള അമ്മു നീ…. ഡാ നാളെ വാങ്ങി വരുമ്പോൾ നീ എന്റെ കയ്യിൽ കൊണ്ടുത്തരണം… അമ്മുന് ഞാൻ കൊടുത്തോളാം….. നിന്റെ വല്ലാത്ത സ്വഭാവമാണ് കാളി…. എന്റേതും പകുതി വാങ്ങിക്കൊണ്ടു പോകും എന്നിട്ട് അവളുടെ അടിച്ചും മാറ്റും…. പിന്നെന്തിനാണ് നീ ഇതൊക്കെ വാങ്ങിക്കൊണ്ടു വരുന്നത്…..

ഇല്ലമ്മേ.. ഇനിയുണ്ടാകില്ല….. അമ്മു… നീ ക്ഷമിക്ക്…..വാ… നാളെ ഇതിനും ചേർത്ത് ഞാൻ വാങ്ങിത്തരാം…..

അപ്പോഴാണ് അവിടേക്ക് അമ്മാവൻ കയറിവന്നത്…..

രാധേ….. ഇത്തിരി ചായ ഇങ്ങെടുത്തെ…..ആ ഷെൽഫിൽ രണ്ട് വടയും ഞാൻ മാറ്റിവച്ചിട്ടുണ്ട്… അതൂടി ഇങ്ങെടുത്തോളൂ….. നിങ്ങള് കഴിച്ചോ പിള്ളേരെ….. അമ്മാവൻ ചോദിച്ചു…..

ഒന്നും പറയേണ്ട ഏട്ടാ… വടയുടെ പേരിൽ ഇപ്പോ ഒരടി നടന്നതേയുള്ളു…. അമ്മ നടന്ന കാര്യങ്ങൾ അമ്മാവനോട് പറഞ്ഞു….

ചായയെടുക്കാൻ അമ്മ അടുക്കളയിലേക്ക് പോയി…. ഞാനും അവളും ഞങ്ങളുടെ മുറിയിലേക്കും….

അല്പസമയത്തിന് ശേഷം………

ഡാ…. കാളി……..

അമ്മയുടെ ഉച്ചത്തിലുള്ള വിളികേട്ടാണ് ഞാൻ ഓടി അടുക്കളയിൽ ചെന്നത് …..

ന്താ അമ്മേ…….

എവിടെടാ അമ്മാവനുള്ള വട….???നീ അതും…………. വടവച്ചിരുന്ന കാലിപാത്രം കമഴ്ത്തികൊണ്ട് അമ്മ ദേഷ്യത്തിൽ ചോദിച്ചു…..

ഞാനല്ല….. ഞാനല്ലമ്മേ…… ഞാൻ നിന്ന് പരുങ്ങി…..

അമ്മയുടെ നോട്ടം ചൂലിലേക്ക് നീളുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു…..

അമ്മേ………. അത് ഞാനാണ് എടുത്തത്……വളിച്ച ചിരിയുമായി എന്റെ പുറകിൽ നിൽക്കുന്ന അമ്മുവിനെ ഞാനും അമ്മയും നോക്കി……

ആ പഷ്ട്…… അമ്മ ഞങ്ങളെ നോക്കി പറഞ്ഞു….

അപ്പോൾ ഉമ്മറത്തു നിന്നും അമ്മാവൻ വിളിച്ച്പറഞ്ഞു…..

ഒരു വട ആ പിള്ളേർക്ക് കൊടുത്തേര് രാധേ……

ഒരു ഗ്ലാസ് ചായകൊണ്ടുപോയി അമ്മാവന്റെ നേർക്ക് നീട്ടിയിട്ട് അമ്മ പറഞ്ഞു

ഏട്ടാ……വട പോച്ച്‌…….

അല്ലേലും ഈ വീട്ടിൽ വട വാഴില്ല രാധേ…… അമ്മാവൻ ചായ കുടിച്ചുകൊണ്ട് പറഞ്ഞു…..

ശുഭം…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *