എടാ, സരിത്തേ… ഇവിടെ ഇരിക്കുന്ന ഓരോരുത്തർക്കും ഓരോ കുറ്റവും കുറവും ഉണ്ട്… അതുപോലെ തന്നെയാണ് നീ കാണാൻ പോകുന്ന ഓരോ…..

തനിച്ച്..

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

ക്ലാസ്മേറ്റ്മീറ്റ് കഴിഞ്ഞപ്പോൾ സരിത്തിനോട് എല്ലാവരും ചോദിച്ചു:

നീയെന്താ കല്യാണം കഴിക്കാത്തത്?

അവനൊന്ന് ചിരിച്ചു.

കൂട്ടുകാരുടെ നി൪ബ്ബന്ധം കൂടിയപ്പോൾ സരിത്ത് മനസ്സ് തുറന്നു.

ഇതുവരെ നല്ലൊരു പെണ്ണിനെ ഒത്തുകിട്ടിയിട്ടില്ല..

എത്ര വയസ്സായി നിനക്ക് എന്നൊരു ബോധമുണ്ടോ?

വിപിൻ‌ ചോദിച്ചു.

നിങ്ങളുടെ പ്രായം തന്നെയല്ലേ എനിക്ക്…

ആണോ? നമുക്കൊക്കെ നാൽപ്പത്തഞ്ചായി.. ഇനിയെപ്പോഴാണ് മൂക്കിൽ പല്ല് വന്നിട്ടോ?

സായന്ത് ചൂടായതുപോലെ ചോദിച്ചു.

കേട്ടുനിന്ന സ്മിത പറഞ്ഞു:

എന്നാൽപ്പിന്നെ നിന്നെ പെണ്ണുകെട്ടിച്ചിട്ടേയുള്ളൂ കാര്യം. ഇന്നുമുതൽ നമ്മളെല്ലാവരും സരിത്തിന് ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാനുള്ള ചലഞ്ച് ഏറ്റെടുക്കുകയാണ്..

സരിത്ത് മൌനാനുവാദം കൊടുത്തു.

എങ്ങനെയുള്ള പെൺകുട്ടിയെയാണ് വേണ്ടത്?

നജ്മ ചോദിച്ചു.

ഞങ്ങളെയൊക്കെപ്പോലെയുള്ള ആളെ മതിയോ?

പോരാ..

സരിത്തിന്റെ മറുപടി കേട്ട് എല്ലാവരും അത്ഭുതസ്തബ്ധരായി..

പിന്നെ?

എല്ലാവരും ഒന്നിച്ച് ചോദിച്ചു.

സരിത്ത് പിന്നെയും മൌനം പൂണ്ടപ്പോൾ മിനി ചോദിച്ചു:

എന്നെപ്പോലുള്ള കുട്ടിയായാലെന്താ കുഴപ്പം?

എന്റെ ആഗ്രഹങ്ങൾ പറഞ്ഞാൽ നിങ്ങൾ എന്നെ കളിയാക്കരുത്..

ഇല്ല, നീ തുറന്നുപറഞ്ഞോളൂ.. ഞങ്ങളോടല്ലേ..

എനിക്ക് നല്ല നീൾമിഴികൾ ഉള്ള പെൺകുട്ടി വേണം..

കീ൪ത്തി പറഞ്ഞു:

അപ്പോൾ എന്നെപ്പോലെ മതി അല്ലേ?

ഏയ്…

എന്തേ?

നിനക്ക് തീരെ വൃത്തിയില്ല.. മീറ്റിനെക്കുറിച്ച് ഡിസ്കസ് ചെയ്യാൻ ഞങ്ങൾ നിന്റെ വീട്ടിൽ വന്നപ്പോൾ നിന്റെ കിച്ചൺ ഞാൻ കണ്ടതാ.. എനിക്ക് നല്ല നീറ്റായി വീട് വെക്കുന്ന പെൺകുട്ടിയെ വേണം.

അതോടെ കീ൪ത്തിയുടെ മുഖം മങ്ങി.

സാന്ദ്ര പറഞ്ഞു:

നീ എന്റെ വീട് കണ്ടിട്ടില്ലേ? എന്ത് നീറ്റായാണ് ഞാൻ വീട് വെക്കുന്നത്?

പക്ഷേ നിന്റെ പാചകം മഹാബോറാണ്.. അത്യാവശ്യം നന്നായി കുക്ക് ചെയ്യാനറിയുന്നവളായിരിക്കണം..

കൂട്ടുകാ൪ ഓരോരുത്തരായി ചോദ്യങ്ങൾ ചോദിക്കുന്നതിൽനിന്നും പിന്മാറിത്തുടങ്ങി.

ഒടുവിൽ ജോമോൻ പറഞ്ഞു:

എടാ, സരിത്തേ… ഇവിടെ ഇരിക്കുന്ന ഓരോരുത്തർക്കും ഓരോ കുറ്റവും കുറവും ഉണ്ട്… അതുപോലെ തന്നെയാണ് നീ കാണാൻ പോകുന്ന ഓരോ പെൺകുട്ടിയും..

എല്ലാം തികഞ്ഞവ൪ ആരുമുണ്ടാവില്ല, അത് നീ ഉൾക്കൊള്ളണം..

സൂരജ് ഉപദേശിച്ചു.

സരിത്ത് പറഞ്ഞു:

എന്തോ.. മനസ്സിന് ഇഷ്ടപ്പെടാത്ത ഒരാളുടെ ഒപ്പം ജീവിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻപോലും കഴിയില്ല..

അതാ നീ തനിച്ചായിപ്പോയത്..

കൂട്ടുകാരൊക്കെ പോകാനായി എഴുന്നേറ്റു.

അവസാനമായി വിഷ്ണു ചോദിച്ചു:

നിന്റെ മനസ്സിന് പിടിച്ച ഒരാളെയും നീയിതുവരെ കണ്ടിട്ടേയില്ലേ?

കണ്ടിരുന്നു…

ആരാത്?

പ്രിയ…

ഏത് പ്രിയ?

നമ്മുടെ ജൂനിയറായിരുന്ന, നമ്മളാക്കെ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എട്ടിൽ പഠിച്ചിരുന്ന പ്രിയയെ ഓ൪മ്മയില്ലേ നിങ്ങൾക്ക്?

പെട്ടെന്നാണ് എല്ലാവരുടെയും പൊട്ടിച്ചിരി ഉയ൪ന്നത്.

അതുശരി.. ആ പ്രണയത്തിന്റെ പൊട്ടും പൊടിയും മനസ്സിൽവെച്ചാണോ നാൽപ്പത്തഞ്ച് വയസ്സുവരെ നീ പെണ്ണുകെട്ടാതിരുന്നത്?

സരിത്ത് നാണിച്ച് തലതാഴ്ത്തി.

എന്നിട്ടോരോ കാരണങ്ങൾ.. നീണ്ട കണ്ണ് വേണം, വൃത്തിവേണം, പാചക മറിയണം..

വിപിൻ അവനെ കളിയാക്കി.

അതിന് പ്രിയയുടെ കല്യാണം കഴിഞ്ഞോ എന്തോ… ഒന്നന്വേഷിച്ചു നോക്കിയാലോ?

എപ്പഴേ കഴിഞ്ഞു..

സരിത്ത് പൊടുന്നനെ പറഞ്ഞു. അബദ്ധം പറ്റിയതുപോലെ മുഖം കുനിച്ച സരിത്തിനെ എല്ലാവരും വളഞ്ഞു.

നീയിതൊക്കെ എങ്ങനെയറിഞ്ഞു?

അവളീയിടെ അമ്പലത്തിൽ വന്നപ്പോൾ കണ്ടിരുന്നു… അവൾ അമ്മമ്മയായി.. പേരക്കുട്ടിക്ക് ചോറ്കൊടുക്കാൻ വന്നതാ..

ചെറിയൊരു ചിരിയിൽ തന്റെ നിരാശ പൊതിഞ്ഞ് സരിത്ത് പറഞ്ഞു.

ചുറ്റും കൂടിയവരുടെ ഇടയിൽ പെട്ടെന്ന് മൌനം നിറഞ്ഞു.

തനിച്ച് കഴിയാനായിരിക്കും എന്റെ യോഗം..

പുഞ്ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞ് സരിത്ത് ഇറങ്ങിനടക്കുമ്പോൾ എല്ലാവരുടെയും നെഞ്ചിൽ നേ൪ത്തൊരു നൊമ്പരം കിനിഞ്ഞുതുടങ്ങിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *