എട്ടന്റെ മുന്നിൽ ഇനി രണ്ടു വഴികളെയുള്ളു ഒന്നുകിൽ എല്ലാവരേയും എതിർത്തു കൊണ്ട് ആ ചേച്ചിയെ രജിസ്റ്റർ മാര്യേജ് ചെയ്തു വേറേ താമസിക്കുക, അല്ലെങ്കിൽ എല്ലാം മറക്കാൻ തയ്യാറാവുക…….

Story written by Pratheesh

അമ്മ അന്നു നല്ല ദേഷ്യത്തിലായിരുന്നു ധനുസ്സ് പറഞ്ഞതും പറയാൻ ശ്രമിച്ചതും ഒന്നും കേൾക്കാൻ അവന്റെമ്മ തയ്യാറല്ലായിരുന്നു,

അമ്മക്ക് അവനോടു പറയാൻ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ പരദൈവങ്ങൾ കുടിയിരിക്കുന്ന തറവാടാണിത് ഈ വീട്ടിലെക്ക് ഒരു ക്രിസ്ത്യാനി പെണ്ണിനെയും കൈ പിടിച്ചു കൊണ്ടു കയറി വരാൻ കഴിയുമെന്ന് നീ ഒരിക്കലും ദിവാസ്വപ്നം കാണേണ്ട എന്ന് !

സന്ധ്യദീപം തെളിയിക്കാനും പ്രാർത്ഥന ചൊല്ലി പരദേവതകളെ പ്രീതിപ്പെടുത്താനും ഒക്കെ സാധിക്കുന്ന സ്വജാതിയിൽ പെട്ട നമ്മുടെ കുലത്തിൽ പിറന്ന ഒരു പെണ്ണിനെ മാത്രമേ ഞാനീ വീട്ടിൽ കാലെടുത്തു വെക്കാൻ അനുവദിക്കു അതു മറന്ന് ഇവിടെ മറ്റൊരത്ഭുതവും സംഭവിക്കുമെന്ന് നീ വെറുതെ പ്രതീക്ഷിക്കണ്ട !

അതിനു വെച്ച വെള്ളം മോനങ്ങു വാങ്ങി വെച്ചേര്, ഇതിൽ കൂടുതൽ എനിക്കീ കാര്യത്തിൽ മറ്റൊന്നും പറയാനില്ല !

അമ്മ പറയുന്നതു കേട്ട് ധനുസ്സ് അച്ഛനെ നോക്കിയതും അതു കണ്ട് അമ്മ പറഞ്ഞു, “നീ ആരേ നോക്കിയിട്ടും ഒരു കാര്യവുമില്ല ഇന്നു വരെ എന്റെ തീരുമാനങ്ങൾ തന്നെയാണ് നിന്റെ അച്ഛന്റെയും, ആ മുഖത്തു നിന്നും നാവിൽ നിന്നും അനുകൂലമായതൊന്നും നീ പ്രതീക്ഷിക്കണ്ട,”

അതും പറഞ്ഞ് അമ്മ അകത്തു കയറി പോയതോടെ അച്ഛനും അകത്തേക്കു കയറി പോയി !

അതോടെ അവൻ ശരിക്കും അവിടെ ഒറ്റപ്പെട്ടവനെ പോലെ ആയി, ആ സമയം അനിയത്തി ഇന്ദ്ര വന്ന് അവനോടു പറഞ്ഞു ചേട്ടനല്ലാതെ അമ്മയോടീ കാര്യമെല്ലാം പറയോ ? പ്രേമോം പ്രണയോം ഒന്നും അമ്മക്കു പിടിക്കില്ലാന്ന് ഏട്ടനറിയില്ലെ ? അമ്മ ജീവൻ പോയാലും ഇതൊന്നും സമ്മതിക്കില്ല,

ഇന്ദ്ര കൂടി അങ്ങിനെ പറഞ്ഞതോടെ അവന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി, ഇനിയെന്താണൊരു വഴി എന്നാലോചിച്ചു നിൽക്കവേ അവൾ തന്നെ ഏട്ടനോടു പറഞ്ഞു,

എട്ടന്റെ മുന്നിൽ ഇനി രണ്ടു വഴികളെയുള്ളു ഒന്നുകിൽ എല്ലാവരേയും എതിർത്തു കൊണ്ട് ആ ചേച്ചിയെ രജിസ്റ്റർ മാര്യേജ് ചെയ്തു വേറേ താമസിക്കുക, അല്ലെങ്കിൽ എല്ലാം മറക്കാൻ തയ്യാറാവുക !

അതു കേട്ട് അവന്റെ മുഖമൊന്നു കൂടി മങ്ങിയ പോലെ തോന്നിയപ്പോൾ ഇന്ദ്ര പറഞ്ഞു,

അതിനപ്പുറം മൂന്നാമതൊരു വഴി കൂടിയുണ്ട്, അത്ഭുതങ്ങൾക്കായി കാത്തിരിക്കുക എന്നത് ! എന്നാലത് സംഭവിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല എന്നു കൂടി നമ്മൾ മനസിലാക്കണം, കൂടാതെ അതിന് നല്ല ഭാഗ്യവും വേണം !

അവൾ പറഞ്ഞതൊക്കെ ശരിയായിരുന്നു. എന്നാൽ ഇനിയയെ മറക്കാനോ മാറ്റി നിർത്താനോ അവനാവില്ലായിരുന്നു അതു കൊണ്ടു തന്നെ അവൻ അനിയത്തി ഇന്ദ്രയോടു പറഞ്ഞു,

നീ പറഞ്ഞ ആദ്യത്തെ വഴി എന്നെ സംബന്ധിച്ച് അത് അവസാനത്തെ മാർഗ്ഗം മാത്രമാണ് ! രണ്ടാമതു പറഞ്ഞ അവളെ മറക്കുകയെന്നത് എന്റെ ചിന്തയിൽ പോലും ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല,

മൂന്നാമത്തെ വഴി ആയിരത്തിൽ ഒരു ശതമാനം പോലും ഉറപ്പില്ലാത്തതാണ്, എന്നാൽ ഉള്ളിലെ പ്രതീക്ഷകളെ നില നിർത്താൻ ആ ഒരു ശതമാനത്തോള്ളം പിൻബലം ആ ആയിരം ശതമാനത്തിനു പോലുമില്ല !

അതു കേട്ട് ഇന്ദ്ര ഒന്നു ചിരിക്കുക മാത്രം ചെയ്തു ആ ചിരിയുടെ അർത്ഥം വളരെ എളുപ്പത്തിൽ തന്നെ അവനു മനസിലായി,

“ഒന്നും നടക്കാൻ പോകുന്നില്ല ” എന്നതു തന്നെയായിരുന്നു ഇന്ദ്രയുടെ ആ ചിരിയുടെ അർത്ഥം !

അവളും പതിയെ അവിടം വിട്ടു പോയതോടെ അവനവിടെ ഒറ്റക്കായി തുടർന്നവൻ അടുത്തു കണ്ട കസേരയിലിരുന്നു കൊണ്ട് ആലോചിച്ചു,

ഇനിയയെ നഷ്ടപ്പെടുക എന്നത് അവനെ സംബന്ധിച്ച് മരണത്തിനു തുല്യമായിരുന്നു, അതു കൊണ്ടു തന്നെ അവളെ മാറ്റി നിർത്തി എന്തെങ്കിലും ചിന്തിക്കുക എന്ന ഒരു കാര്യത്തിതിനും അവൻ താൽപ്പര്യപ്പെട്ടില്ല ,

അതിന്റെ കാരണം സ്ക്കൂളിൽ പഠിക്കുമ്പോൾ തൊട്ടുള്ള ഇഷ്ടമാണ് അവനവളോട് ഉള്ളത്, ഏഴാം ക്ലാസ്സിൽ പുതിയ സ്ക്കൂളിൽ പഠിക്കാൻ എത്തിയപ്പോൾ അവിടെ അവൻ കണ്ട അത്ഭുതമായിരുന്നു അവൾ !

അവളെ കാണ്ടു തുടങ്ങിയതു മുതൽ പത്താം ക്ലാസ്സു വരെയുള്ള മൂന്നു വർഷവും അവളെ കാണാമല്ലോ എന്ന ഒറ്റ ചിന്തയിൽ മാത്രം സ്ക്കൂളിൽ പോയവനാണവൻ,

ആ മൂന്നു വർഷവും അവളെ എന്നും കാണാറുണ്ടായിരുന്നു എന്നതല്ലാതെ മറ്റൊന്നും സംഭവിച്ചതുമില്ല, അവളോടുള്ള അവന്റെ താൽപ്പര്യം കണ്ട് ആ സ്ക്കൂളിലെ അവന്റെ കൂട്ടുകാർക്കിടയിൽ “ധനുസ്സിന്റെ ഇനിയ” എന്നൊരു പട്ടം അവൾക്ക് കിട്ടിയിട്ടുണ്ടായിരുന്നെങ്കിലും അതൊന്നും അവൾ അറിഞ്ഞിട്ടു പോലും ഉണ്ടായിരുന്നില്ല,

പത്താം ക്ലാസ്സ് പരീക്ഷയൊക്കെ ആയപ്പോൾ അവളെ പിരിയേണ്ടി വരുമല്ലോ എന്ന വേദനയിൽ നീറി നീറികൊണ്ടായിരുന്നു അവന്റെ ഒരോ ദിവസവും കടന്നു പോയി കൊണ്ടിരുന്നത്, കഴിഞ്ഞ മൂന്നു വർഷം കടന്നു പോയത് അവനറിഞ്ഞിട്ടു പോലുമില്ലായിരുന്നു,Nആ സ്ക്കൂൾ ജീവിതം അവസാനിച്ചാൽ പിന്നെ തമ്മിൽ ഇതുപോലെ കാണാൻ കഴിയുമോ എന്നു പോലും നിശ്ചയമില്ലാതെ അവനാകേ അസ്വസ്ഥതയുടെ കൊടുമുടി കയറിയിരിക്കുന്ന സമയം, പരീക്ഷ തുടങ്ങാൻ വെറും മൂന്നു ദിവസം മാത്രം ഉള്ളപ്പോൾ അവൾ അവന്റടുത്തു വന്ന്

” നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിപ്പോൾ പറയണം !”

എന്നവനോടു പറഞ്ഞു കൊണ്ട് അവനവളോടു പറയാനുള്ളതു പറയാ നൊരവസരം അവൾ ഉണ്ടാക്കി കൊടുത്തിട്ടും അവളുടെ ആ വാക്കുകൾ കേട്ടിട്ടും പെട്ടന്നവളോടെന്തു മറുപടി പറയണം എന്നു പോലുമറിയാതെ അവൻ നിന്നപ്പോൾ വീണ്ടും അവൾ തന്നെ പറഞ്ഞു

” പരീക്ഷ നല്ല പോലെ എഴുതി പാസായാൽ ഞാൻ നിന്റെതാണെന്ന് !”

അതു പറഞ്ഞു അവളവനെ നോക്കി ചിരിച്ചപ്പോൾ ആ നിമിഷം തീരുമാനിച്ചതാണ് ദൈവം താഴേ ഇറങ്ങി വന്നു പറഞ്ഞാലും ഇനിയവളെ ആർക്കും വിട്ടു കൊടുക്കില്ലാന്ന് !

പരീക്ഷയെല്ലാം കഷ്ടിച്ചു പാസായെങ്കിലും ഒരു ദിവസം അവനവളോടു ചോദിച്ചു, ഞാൻ പരീക്ഷ പാസായില്ലായിരുന്നെങ്കിൽ നീ എന്നെ സ്നേഹിക്കില്ലായിരുന്നോ എന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞു,

നിന്നെ എനിക്കിഷ്ടമാണെന്നു പറയാൻ അന്നതൊരു കാരണം മാത്രമായിരുന്നു എന്ന് !

അങ്ങിനെയുള്ള അവളെ പിരിയുക എന്നു വെച്ചാൽ അതു സാധ്യമായ ഒന്നല്ല എന്നവനറിയാം !

പക്ഷേ അമ്മ അതും അത്രത്തോള്ളം തന്നെ വലിപ്പമുള്ള ഒരു സ്നേഹമാണ്, സ്വന്തം സന്തോഷങ്ങളെ മാത്രം കണ്ട് അമ്മയേ വേദനിപ്പിക്കുക എന്നതും വലിയ പ്രയാസമായി അവനനുഭവപ്പെട്ടു,

അതോടെ ചെകുത്താനും കടലിനും നടുക്ക് എന്നൊക്കെ പറയാറുള്ള അവസ്ഥയിലായി അവൻ, ഒരു തീരുമാനം കൈകൊള്ളാൻ ആവാതെ അവൻ നിന്നു കുഴങ്ങി,

തുടർന്നു കുറച്ചു ദിവസം ഒന്നിലും ശ്രദ്ധിക്കാതെ അവളെ പോലും കാണാതെ അവളുടെ ഫോൺ കോളുകൾ പോലും എടുക്കാനാവാതെ അവനും ഇരുന്നു,

കാര്യങ്ങളെല്ലാം അവൾക്കും അറിയാവുന്നതു കൊണ്ടാവാം അവളും അവനെ അധികം വിളിച്ചു ശല്യപ്പെടുത്തിയില്ല,

എന്നാൽ വളരെ പെട്ടന്നു തന്നെ അവന് അവനപ്പോൾ ചെയ്യുന്നതൊന്നും ആ പ്രശ്നത്തിനുള്ള യഥാർത്ഥ പോംവഴിയല്ലെന്നു തിരിച്ചറിഞ്ഞതോടെ അവനവളെ കാണാൻ തന്നെ തീരുമാനിച്ചു,

അവന്റെ അവസ്ഥകളും മുഖഭാവങ്ങളും കണ്ടതോടെ അവളുടെ പ്രശ്നത്തിൽ അവനൊരു തീരുമാനം എടുക്കാനാവുന്നില്ലെന്നും മനസിലായതോടെ,

അവൾ തന്നെ അവനോട്അ വളെ വിട്ടു പോയി കൊള്ളാൻ ആവശ്യപ്പെട്ടു ! അവൾ ചിരിച്ചു കൊണ്ടാണത് പറഞ്ഞത് എന്നാലത് ഒരു ഞെട്ടലോടെയാണ് അവൻ കേട്ടത് !

അതു കേട്ടതും അതു ശരിയാവില്ലെന്ന് മുഖഭാവങ്ങളോടെ അവനവളെ ബോധ്യപ്പെടുത്തിയെങ്കിലും അവൾ അവനോടു പറഞ്ഞു,

നിന്റെ വിഷമം കണ്ട് നിന്റമ്മ ഇതിനു സമ്മതിച്ചാൽ പോലും അതൊരിക്കലും പൂർണ്ണമായ ഒരു താൽപ്പര്യം കൊണ്ടായിരിക്കില്ല, ഒട്ടും താൽപ്പര്യമില്ലാത്തതിനെ സ്വീകരിക്കേണ്ടി വരുന്നതിലെ നീരസം അതൊരു കാലത്തും അവരെ വിട്ടു പോവുകയുമില്ല പിന്നെ നമ്മളെന്തിനു അറിഞ്ഞു കൊണ്ട് ഒരു സാഹസത്തിനു മുതിരണം ?

എന്നാലവളുടെ വാക്കുകളെ ഒന്നും അവൻ ഉൾക്കൊണ്ടില്ല പകരം അവനവളോടു പറഞ്ഞു,

എനിക്കു നിന്നോടുള്ള സ്നേഹത്തിൽ എനിക്കു വിശ്വാസമുണ്ട് ആ വിശ്വാസം ഒരിക്കലും ചതിക്കപ്പെടാൻ ഞാൻ സമ്മതിക്കില്ല ദൈവം എന്തെങ്കിലും ഒരു വഴി കാണിച്ചു തരും എന്നും പറഞ്ഞവൻ അവളെ വിട്ടു പോന്നു,

അവൻ പോയതോടെ അവളിലും കൂടുതൽ അസ്വസ്ഥത നിറയുന്നു, തമ്മിൽ പിരിയാമെന്ന് അവനോടു പറഞ്ഞെങ്കിലും അങ്ങിനെ സംഭവിക്കുന്നത് അവൾക്കോർക്കാൻ പോലും സാധ്യമായ ഒന്നായിരുന്നില്ല,

എന്നാലും അങ്ങിനെ സംഭവിച്ചേക്കുമോ എന്നോർത്ത് അവളുടെ ഉള്ളും പിടയാൻ തുടങ്ങി, അവനെ പിരിയുകയെന്നത് അവളിലെ ഒരോ അണുവിൽ നിന്നും അവനെ വെ ട്ടിയടർത്തി മാറ്റിക്കൊണ്ടേ സാധ്യമാകു എന്നവർക്കറിയാമായിരുന്നു,

എന്നാൽ ചില കാര്യങ്ങൾ സംഭവിക്കുമ്പോൾ വളരെ അവിചാരിതമായാണ് സംഭവിക്കുക അവൻ പോയി രണ്ടു മണിക്കൂറിനു ശേഷം അവൾ കേട്ട വാർത്ത അവളെ വിട്ടു പോരും വഴി അവന് ആക്സിഡന്റായി സീരിയസായി ഹോസ്പ്പിറ്റലിലായി എന്നതായിരുന്നു, ആ വാർത്ത കേട്ടതും അവളുടെ ഉള്ള് ആളിക്കത്താൻ തുടങ്ങി,

ഒാടി ഹോസ്പ്പിറ്റലിൽ എത്തിയതും അവന്റെ ബന്ധുക്കളെ കൊണ്ട് അവിടം നിറഞ്ഞിരുന്നു അതു കൊണ്ടു അവൻ കിടക്കുന്ന ICU വിനു അതിനടുത്തക്ക് കടന്നു ചെല്ലാൻ പോലും അവൾക്കായില്ല,

അല്ലെങ്കിലും അവന്റെ കാര്യത്തിൽ അവൾക്കപ്പോൾ എന്തവകാശം ? അവൾ വെറുമൊരു കാമുകി മാത്രമല്ലെ ?

അവനെയൊന്നു കാണണം എന്നു വല്ലാത്ത ആഗ്രഹമുണ്ടായിട്ടും അതിനു കഴിയുന്നതായിരുന്നില്ല അവിടുത്തെ സാഹചര്യം,,

എന്നാൽ അവന്റെ അച്ഛനും അമ്മക്കും പെങ്ങൾക്കും ഉള്ള വേദനയോളം തന്നെ അവളിലും ഉണ്ടായിരുന്നു, അവനു വേണ്ടി ഒന്നു പൊട്ടിക്കരയാൻ പോലും കഴുത്തിൽ ഒരു താലി വേണമെന്ന യാഥാർത്ഥ്യമാണ് അപ്പോഴവളെ ഏറെ വേദനിപ്പിച്ചത് !

അവനെന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു പോലും അറിയാതെ തന്റെ പ്രിയപ്പെട്ടവനു വേണ്ടി ആ ഹോസ്പ്പിറ്റൽ വരാന്തയിൽ ഉള്ളം നീറിപുകഞ്ഞവൾ നിന്നു,

അവളോള്ളം വേദന ആ സമയം മറ്റുള്ളവരിൽ പോലും അപ്പോഴുണ്ടോയെന്നതു പോലും സംശയമായിരുന്നു, ഏറേ നേരത്തെ നിൽപ്പിനു ശേഷം അപകടനല തരണം ചെയ്തിട്ടുണ്ട് എന്ന ആരുടേയോ വാക്കു കാതിൽ വീഴും വരെ അവളാ നിൽപ്പു തുടർന്നു,

ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു, ദിനവും അവളും അവിടെ വന്നു പോയി കൊണ്ടിരുന്നു,

അഞ്ചാം ദിവസം ആയപ്പോഴേക്കും അവരിൽ പലർക്കും അവനെ കാണാൻ കഴിഞ്ഞതോടെ അവർക്കുള്ളിലെ വിഷമങ്ങൾ കുറഞ്ഞു തുടങ്ങി,

എന്നാൽ കൈയ്യെത്തും ദൂരത്തുണ്ടായിട്ടും തന്റെ പ്രിയതമനെ ഒരു നോക്കു കാണാൻ പോലും സാധിക്കാതെ അവളിലെ വേദനകൾ പതിൻ മടങ്ങ് വർദ്ധിക്കുകയാണുണ്ടായത് !

അവിടെ പക്ഷേ മറ്റൊരത്ഭുതം സംഭവിച്ചു അഞ്ചു നാളായി അവൻ കിടക്കുന്ന ICU വിനു ചുറ്റുവട്ടത്തു നിന്നു വിട്ടുമാറാതെ നിൽക്കുകയും വൈകുന്നേരം മാത്രം അവിടെ നിന്നു തിരിച്ചു പോകുകയും ചെയ്തു കൊണ്ടിരുന്ന അവളെ അവന്റെ അനിയത്തി ഇന്ദ്ര മാത്രം ശ്രദ്ധിച്ചു,

അവളെ കണ്ട് ഇന്ദ്ര വന്ന് “ഇനിയ ചേച്ചിയല്ലെ ? ” എന്നു ചോദിച്ചതും നിറഞ്ഞ കണ്ണുകളോടെ അവളും തലയാട്ടി, തുടർന്നവളോടു പേടിക്കേണ്ടെന്നും ഏട്ടനു കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു ഇന്ദ്രയവളെ ആശ്വസിപ്പിച്ച സമയത്തായിരുന്നു ഡോക്ടർ ICU വിന്റെ ഡോർ തുറന്നു പുറത്തേക്കു വന്നത്, അതു കണ്ട ഇന്ദ്ര വേഗം തന്നെ ഇനിയയേ വിട്ട് ഡോക്ടറുടെ അടുത്തേക്ക് ചെന്നു,

കുഴപ്പമൊന്നുമില്ലെന്നും എന്നാൽ പൂർവ്വ സ്ഥിതിയിലാവാൻ ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ വേണ്ടി വരുമെന്നും കുറച്ചധികം കാലത്തേക്ക് വീൽ ചെയറിൽ തന്നെ കഴിയേണ്ടി വരുമെന്നും ഡോക്ടർ പറഞ്ഞവസാനിപ്പിച്ച് ആർക്കെങ്കിലും ഒരാൾക്കു അകത്തു കയറി കാണാമെന്നു പറഞ്ഞതും അച്ഛനകത്തേക്കു കയറാൻ തയ്യാറായി ഡോറിൽ കൈ വെച്ചതും അച്ഛന്റെ കൈ പിടിച്ചു കൊണ്ട് ഇന്ദ്ര പറഞ്ഞു,

അച്ഛാ, ഏട്ടനിപ്പോ ജീവിതത്തിലേക്കു തിരിച്ചു വരാൻ പ്രേരിപ്പിക്കുന്ന ഒരു മുഖമാണു കാണേണ്ടത് ആ മുഖം പക്ഷേ നമ്മൾക്കാർക്കുമില്ല !

തുടർന്നവൾ ഇനിയയേ കൈകാട്ടി അടുത്തേക്ക് വിളിച്ചു, ഇനിയ അടുത്തെത്തിയതും ഇന്ദ്ര പറഞ്ഞു അത് ഈ മുഖമാണ് !

തുടർന്നവൾ ഇനിയയേ നോക്കി തലയാട്ടി കൊണ്ട് അകത്തു കയറാൻ ആംഗ്യം കാണിച്ചതും ഇനിയ വേഗം തന്നെ ഡോർ തുറന്നു അകത്തു കയറി.

ഇനിയ അകത്തു കയറിയതും ഇന്ദ്ര അച്ഛനോടും അമ്മയോടുമായി പറഞ്ഞു, ഏഴാം ക്ലാസ്സു തൊട്ട് ഏട്ടൻ നെഞ്ചിൽ കൊണ്ടു നടക്കുന്നതാണ് ആ ചേച്ചിയേ,

കഴിഞ്ഞ അഞ്ചു ദിവസമായി ആ ചേച്ചി നമ്മളേ പോലെ ഏട്ടന്റെ ജീവനു വേണ്ടി പ്രാർത്ഥിച്ച് ഈ വരാന്തയിൽ ഉരുകിയുരുകി നിൽക്കുന്നു,

ഏട്ടനെ ഒരു നോക്കു കാണണമെന്നുണ്ടായിട്ടും നമുക്കിടയിലേക്ക് കയറി വരാൻ അവകാശമില്ലന്നറിയാവുന്നതു കൊണ്ട് വരാന്തയുടെ ചുമരും ചാരി നിൽക്കുകയായിരുന്നു അവർ !

ഏട്ടനു ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആയിരത്തിൽ ഒരു ശതമാനം മാത്രമേ സാധ്യതയുള്ളു എങ്കിൽ പോലും ആ ഒരു ശതമാനം സാധ്യതയേ ആയിരമാക്കി മാറ്റാൻ കഴിയുന്ന സ്നേഹമാണ് ആ ചേച്ചി,

ഞാൻ അകത്തേക്കു കയറി കണ്ടോളാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ മുന്നിലുണ്ടായിട്ടും ഇടം വലം ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി പോയത് ചേച്ചിക്കറിയാം നോക്കിയാൽ നിങ്ങൾ സമ്മതഭാവം കാണിച്ചില്ലെങ്കിൽ ഏട്ടനെ കാണാനുള്ള അവസരം അവർക്ക് നഷ്ടപ്പെട്ടാലോ എന്ന ഭയം കൊണ്ടാണ്, ചേച്ചിയുടെ ഉള്ളിൽ ഏട്ടനെ ഒന്നു കാണാനുള്ള ത്വര അത്രക്കും അധികമായുണ്ടായിരുന്നു,

ഇപ്പോൾ ഈ നിമിഷം ആ മുറിക്കകത്ത് അവർ തമ്മിൽ കാണുമ്പോൾ അവർക്കിടയിൽ സംഭവിക്കാൻ പോകുന്ന ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആഴം നമുക്ക് ഊഹിക്കാൻ പോലും സാധ്യമല്ല,

ഇന്ദ്ര അത്രയൊക്കെ പറഞ്ഞിട്ടും അമ്മയുടെ ഉള്ളിൽ പിന്നെയും ചില കനലുകളെരിയുന്നുണ്ടായിരുന്നു, അതു മനസിലാക്കിയ ഇന്ദ്ര അമ്മയേയും ഒപ്പം അച്ഛനേയും കൂട്ടി അടുത്തുള്ള കസേരയിൽ പോയിരുന്നു കൊണ്ട് അവൾ അവരോടു പറഞ്ഞു,

അമ്മ ഏട്ടനെ പ്രസവിച്ചപ്പോൾ ഏട്ടന്റെ അവസ്ഥ എന്തായിരുന്നുവോ അതെ അവസ്ഥയിലാണ് ഇപ്പോൾ ഏട്ടനുള്ളത് !

അന്ന് ഒന്നും തിരിച്ചറിയാത്ത പ്രായമാണെങ്കിൽ ഇന്നു എല്ലാം അറിയുന്ന പ്രായമാണ് !

ആ അവസ്ഥയിൽ നിന്ന് ഇന്നത്തെ ഈ അവസ്ഥയിലേക്ക് ഏട്ടനെ തിരിച്ചു കൊണ്ടു വരാൻ നമ്മളെക്കാൾ എളുപ്പത്തിൽ സാധിക്കുക അവർക്കാണ് !
കാരണം എഴുന്നേൽക്കേണ്ടത് ചാരത്തിൽ നിന്നാണ് അതിന് മുറുക്കി പിടിക്കാൻ ഏട്ടനു സ്വയം വിശ്വാസവും ഉറപ്പുമുള്ള ഒരു കൈ വേണം അത് അവരിലാണുള്ളത് !

നമ്മൾ വിചാരിച്ചാലും ഏട്ടൻ എഴുന്നേൽക്കും പക്ഷേ അതിന് ഒരുപാടു കാലത്താമസമെടുക്കും !

ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെ നല്ലതു തന്നെ പക്ഷേ അതിനിടയിൽ നമ്മൾ കാണുകയും, അറിയുകയും, ആഗ്രഹിക്കുകയും, ഇഷ്ടപ്പെടുകയും, മുഖം പോലും നോക്കാതെ നമ്മളെ സഹായിക്കുകയും ചെയ്യുന്നവരുടെ മനസും നമ്മൾ കാണാതെ പോകരുത് ! പലരും ആരോ ഒരാൾ എന്നതിനേക്കാൾ ഇപ്പോൾ അവർ നമ്മുക്കാരാണ് എന്നതാണ് മുഖ്യം !

കാരണം ഏട്ടനെ ഈ ഹോസ്പ്പിറ്റലിൽ കൊണ്ടു വന്നപ്പോൾ അടിയന്തിര ശസ്ത്രക്രിയക്കു മേൽനോട്ടം വഹിച്ച് അതു നടത്തി ഏട്ടന്റെ ജീവൻ രക്ഷപ്പെടുത്തിയത് സാമുവൽ തോമസ്, എഡ്വിൻ ഫെലിക്സ്, താരാ മേരി കുര്യൻ എന്നീ മൂന്നു ക്രിസ്റ്റ്യൻ ഡോക്ടറുമാർ ചേർന്നാണ് ! അവളതു പറഞ്ഞു നിർത്തിയതും

അവർ ഇരുവരും അവളെ തന്നെ നോക്കി നിന്നു, മനസിൽ സ്വന്തം മകളെ കുറിച്ച് അഭിമാനം ഉയർത്തിയ നിമിഷം കൂടിയായിരുന്നു അവർക്കത്,

തങ്ങൾ ചെറിയ കുട്ടിയായി മാത്രം കണ്ട അവളുടെ വാക്കുകളിലെ കാര്യ പ്രാപ്ത്തിയേ അവഗണിക്കാൻ അവർക്കായില്ല, ഇന്ദ്രയുടെ ആ വാക്കുകൾ അമ്മയുടെ മനസിൽ അവശേഷിച്ച കനലുകളെയും കെടുത്തി കളഞ്ഞു,

ഹോസ്പ്പിറ്റൽ വിട്ട് വീടെത്തിയിട്ടും ഇനിയ ദിനവും അവനെ കാണാനും അവനെ പരിചരിക്കാനും വന്നു പോയി കൊണ്ടെയിരുന്നു,

ഇന്ദ്ര പറഞ്ഞ പോലെ ഒരു കൈകുഞ്ഞിനെ നോക്കും പോലെ അവൾ അവനെ പരിചരിച്ചു, അവളോടെത്തു ജീവിക്കാനുള്ള ആശ അവനും വേഗത്തിൽ മുക്തി നേടി കൊണ്ടിരുന്നു,

ഇനിയക്ക് ധനുസ്സിനോടുള്ള ഇഷ്ടവും താൽപ്പര്യങ്ങളും തിരിച്ചറിഞ്ഞ അവന്റമ്മ ഒരു ദിവസം അവളോടു ചോദിച്ചു അവനെ നിനക്ക് അത്രക്കിഷ്ടമാണോയെന്ന് ?

അതിനവൾ പറഞ്ഞു,

കണ്ട അന്നു തൊട്ട് ഇന്നു ഈ നിമിഷം വരെ അവനെന്റെ ഹൃദയത്തിന്റെ ഹൃദയത്തിനകത്താണ് ഉള്ളത് !

അതു കേട്ടതും അമ്മ പിന്നെ ഒന്നും പറഞ്ഞില്ല,

അത്ഭുതങ്ങൾ വിശ്വാസത്തെ പിന്തുടർന്നെത്തുക തന്നെ ചെയ്യും, ഒരൽപ്പം ക്ഷമയോടെ കാത്തിരിക്കാൻ നമ്മൾ തയ്യാറാവണമെന്നു മാത്രം..!

Related Posts

Leave a Reply

Your email address will not be published. Required fields are marked *