എത്ര നാളാണ് പ്രശോഭ്, എൻ്റെയീ പിൻവാതിൽ ഗമനം.നഗരമായതിനാൽ, ശ്രദ്ധിക്കപ്പെടാൻ വൈകുന്നു എന്നു മാത്രം. പല നാളുകൾ തുടരുമ്പോൾ, ഏതു ബന്ധവും ജനങ്ങളിലേക്കെത്തും…..

നിശ്ചയം

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

നഗരവാരിധിയുടെ തീരത്തെ വീടുകളിലൊന്നിൻ്റെ മുൻവാതിൽ താഴിട്ടു പൂട്ടിയിരുന്നു.

വിരിയോടു പാകിയ മുറ്റത്ത്, അന്നത്തേ വർത്തമാനപ്പത്രം അലസമായിക്കിടന്നു.
രാവിലെ പത്തുമണിക്കു തന്നേയെത്തിയ, ഏതോ പ്രസ്ഥാനത്തിലെ പിരിവുകാർ, കാളിംഗ് ബെല്ലിൽ വിരലമർത്തി നിരാശരായി.

“പ്രശോഭിൻ്റെ കാറിവിടെ പോർച്ചില് കിടക്കണുണ്ടല്ലോ? ഇവൻ, രാവിലെത്തന്നേ എങ്ങോട്ടു പോയി?.നല്ലൊരു തുക കിട്ടേണ്ടതായിരുന്നു”

രാഷ്ട്രീയ സംഘത്തിലെ മറ്റൊരാളാണ്, അതിനു മറുപടി നൽകിയത്.

“ഭാര്യ മരിച്ചതിൽ പിന്നേ, പ്രശോഭിൻ്റെ വീട്ടിലെ ജോലികൾ ചെയ്യാൻ ഒരു സത്രീ വരാറുണ്ട്. അവര് ജോലിയെല്ലാം കഴിച്ച്, രണ്ടു മക്കളേയും ഏതോ സമ്മർ ക്ലാസിൽ കൊണ്ടാക്കും..

ഇനി ഉച്ചയ്ക്ക്, കുട്ടികളേയും കൂട്ടി മടങ്ങി വരും. മൂത്ത മോന്, പത്തോ പന്ത്രണ്ടോ വയസ്സു കാണും. പ്രശോഭ്, സാഹിത്യമൊക്കെയായി നടക്കുന്ന ആളല്ലേ, എങ്ങോട്ടെങ്കിലും പോയിക്കാണും..

സോഷ്യൽ മീഡിയായിൽ, അവന് എന്തോരം ആരാധകരാണ്. ഭാര്യ മരിച്ചിട്ട്, രണ്ടുവർഷമായി. ബന്ധുക്കളാരുമായും അടുപ്പവുമില്ല. നാൽപ്പത്തിയഞ്ചിൽ താഴെയാണു പ്രായം. അവന്, വേറൊരു കല്യാണം കഴിക്കാമായിരുന്നു.”

ഖദർധാരികൾ, ഗേറ്റു തുറന്നു പുറത്തേക്കിറങ്ങി. പോകും വഴി, ഗേറ്റടയ്ക്കാൻ മറന്നില്ല.

അടഞ്ഞ വീടിൻ്റെ അകമുറികളിലൊന്നിൽ, അവർ തളർന്നു കിടന്നു. ഒരു സഫലസുരതത്തിൻ്റെ ആലസ്യം മിഴികളിൽ പേറി, സ്മിത, പ്രശോഭിനോടു മന്ത്രിച്ചു.

“എത്ര നാളാണ് പ്രശോഭ്, എൻ്റെയീ പിൻവാതിൽ ഗമനം?

നഗരമായതിനാൽ, ശ്രദ്ധിക്കപ്പെടാൻ വൈകുന്നു എന്നു മാത്രം. പല നാളുകൾ തുടരുമ്പോൾ, ഏതു ബന്ധവും ജനങ്ങളിലേക്കെത്തും..

എന്നേയും നിന്നേയും പരിചയപ്പെടുത്തിയത് അക്ഷരങ്ങളാണല്ലോ,.രണ്ടു രീതിയിൽ ആണെങ്കിലും, നമുക്കിരുവർക്കും ഇണയേ നഷ്ട്ടപ്പെട്ടിരിക്കുന്നു. എൻ്റെ, വിവാഹമോചനത്തിൻ്റെ കഥ നിനക്കറിയാമല്ലോ,.

മ ദ്യത്തെ ആദ്യഭാര്യയാക്കിയ ഒരാളിൽ നിന്നും, ഞാൻ വിടുതൽ നേടിയതു കുറ്റമായിത്തോന്നുന്നില്ല..

നിൻ്റെ ശ്യാമയ്ക്കു വന്ന കാൻസർ, നിൻ്റെ അപരാധമല്ല. തീർച്ചയായും, നിന്നേക്കാൾ ഇളപ്പമാണു ഞാൻ. നമുക്കും മക്കളുണ്ടാകാം. നിൻ്റെ കുട്ടികളേ പരിപാലിക്കാൻ ഞാനെന്നുമുണ്ടാകും.

നമുക്കീ, പകൽവേഴ്ച്ചകൾ അവസാനിപ്പിച്ചു കൂടെ?”

അയാളതിനു മറുപടി നൽകിയില്ല. ചില്ലുജാലകത്തിനപ്പുറത്ത്, നിരത്തിലൂടെ പലതരം വാഹനങ്ങൾ പാഞ്ഞുപോകുന്നതും നോക്കി, ജനലഴികളിൽ പിടിമുറുക്കി വെറുതേയങ്ങനേ നിന്നു.

ശുചിമുറിയിൽ നിന്നിറങ്ങി, പുടവകൾ ഓരോന്നായി എടുത്തണിഞ്ഞ്, ചമയങ്ങൾ പൂർത്തിയാക്കി, അവൾ മുറിയിൽ നിന്നിറങ്ങി. അടുക്കള വരേ, അയാളും അനുയാത്ര ചെയ്തു.

അടുക്കള വാതിൽ ശബ്ദമില്ലാതെ അവൾ തുറക്കുന്നതിനിടയിൽ, അയാളവളേ ചേർത്തു പിടിച്ചു ചും ബിച്ചു. കാതിൽ മന്ത്രിച്ചു.

“നീ പറഞ്ഞ കാര്യം, വാസ്തവമാണ്. എൻ്റെ മക്കൾക്ക്, ഒരു തണൽ വേണം. അതിലേറെ, എനിക്കും. നമുക്കത് നടപ്പിലാക്കാം. ഒരു റജിസ്റ്റർ വിവാഹത്തിലൂടെ. എനിക്കും, എൻ്റെ ബന്ധുക്കൾക്കുമിടയിൽ ചോദ്യങ്ങളും ഉത്തരങ്ങളും തീരെ കുറവാണ്. നിനക്കും, അങ്ങനേത്തന്നെയല്ലേ?”

അവൾ, അയാളെ നോക്കി പുഞ്ചിരിച്ചു. വേഗം, മുറ്റത്തു വന്ന്, ഗേറ്റു തുറന്ന് പുറത്തേക്കു നടന്നകന്നു. കുതിച്ചുപായുന്ന നഗരത്തിൻ്റെ പുഴയൊഴുക്കിൽ അവളലിഞ്ഞു. പ്രശോഭ്, നേരത്തേ മനപ്പൂർവ്വം നിക്ഷേപിച്ച പത്രവുമെടുത്ത്, പടികൾ കയറി പൂമുഖത്തെത്തി. ഉമ്മറവാതിൽ തുറന്നു, അകത്തേക്കു കയറി. തട്ടിത്തടഞ്ഞു നിന്ന സൂര്യവെളിച്ചം, അകത്തേക്കു പ്രസരിച്ചു.

നല്ലൊരു നിശ്ചയത്തിൻ്റെ നിറനിലാവ്, അയാളുടെ ഉള്ളിലും വെട്ടം വിതറി ത്തെളിഞ്ഞു.. നഗരം, തിരക്കുകളിൽ പൂണ്ടു പോയിരുന്നു..ഒന്നിനും മുഖം കൊടുക്കാതെ. യാതൊന്നിനും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *