എന്നടാ …എന്നാ കാര്യം ?” മിഥുന്റെ മുഖഭാവത്തിൽ നിന്ന് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ ലത്തീഫ് വേവലാതിയോടെ ചോദിച്ചു….

ജീവിതങ്ങൾ

Story written by Sebin Boss J

“‘ ലത്തീ…”

ചായക്കടയുടെ പുറത്തു നിന്നൊരു വിളി കേട്ടപ്പോഴാണ് ലത്തീഫ് പത്രത്തിൽ നിന്ന് മുഖമുയർത്തിയത് . പുറത്തേക്ക് വരാൻ കണ്ണ് കാണിച്ചിട്ട് മിഥുൻ നടന്നപ്പോൾ ആവിപറക്കുന്ന ചായ ഒറ്റവലിക്ക് കുടിച്ച ശേഷം ലത്തീഫ് എണീറ്റു. .

ഡാ …ലത്തീ എങ്ങോട്ടാ? പടത്തിന് പോകണ്ടേ ? എല്ലാം സെറ്റാട്ടോ ”

” പോകാടാ ..ഒരു മിനുട്ട് ” തന്റെ കൂടെ ഉണ്ടായിരുന്ന അഷ്‌റഫിനെ സമാധാനിപ്പിച്ച ശേഷം ലത്തീഫ് ധൃതിയിൽ മിഥുന്റെ അടുത്തെത്തി.

” എന്നടാ …എന്നാ കാര്യം ?” മിഥുന്റെ മുഖഭാവത്തിൽ നിന്ന് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ ലത്തീഫ് വേവലാതിയോടെ ചോദിച്ചു

” ഡാ .. നമ്മുടെ ഇബ്രാഹിം സാഹിബ് മരിച്ചെന്ന് ”

” പടച്ചോനെ … എപ്പോ ? ആരാ പറഞ്ഞേ ? നീ സാഹിബിന്റെ വീട്ടിലറിയിച്ചോ ? അഷ്‌റഫ് ?”’

ലത്തീഫ് ചായക്കടയിലിരുന്ന് പൊറോട്ടയും ബീഫ് റോസ്റ്റും കഴിച്ചു കൊണ്ടിരിക്കുന്ന അഷ്‌റഫിനെ എത്തിനോക്കിയിട്ട് മിഥുന്റെ കൈ പിടിച്ചു മാറി നിന്നു .

” അവനെയിപ്പോ അറിയിക്കണ്ട . എന്തേലും പറഞ്ഞു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാം .എന്നിട്ട് സമാധാനമായിട്ട് അറിയിക്കാം . പാവം സാഹിബ് . മയ്യത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള ഏർപ്പാടൊക്കെ ചെയ്യണ്ടേ ? അതിന് വഴി നോക്ക്. ആ .. സാഹിബ് കൊണ്ട് പോയ ആൾക്കാരൊക്കെ ഉണ്ടല്ലോ അവിടെ. ആർക്കുമൊരു ദ്രോഹവും ചെയ്തിട്ടില്ലാത്ത മനുഷ്യൻ.. ഹമ്.. എന്നോട് പാസ്‌പോർട്ടും ഡീറ്റയിലുമൊക്കെ അയച്ചു കൊടുക്കാൻ പറഞ്ഞതായിരുന്നു കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ ”’

” എന്ത് പാവം . ഒരു മനുഷ്യനും സഹായത്തിന് കാണില്ല . നാട്ടില് പൊങ്ങച്ചം കാണിക്കാൻ വേണ്ടി ഓരോരുത്തരെ കൊണ്ട് പോകും .എന്നിട്ട് ആ മരുഭൂമിയിൽ കൊണ്ട് ചെന്നിട്ട് കഷ്ടപ്പെടുത്തും . മയ്യത്തോന്നും ആരുമിങ്ങോട്ട് കൊണ്ട് വരുന്നില്ല . അവിടെങ്ങാനും കബറടക്കട്ടെ ” മിഥുൻ അനിഷ്ടത്തോടെ മുഖം തിരിച്ചു.

” ഭ്ഭാ… നന്ദിയില്ലാത്തവനെ . നാട്ടിലൂടെ തേരാപാരാ നടന്ന നിന്നെ ഒരു കരക്കത്തിച്ചത് ആ മനുഷ്യൻ അല്ലേടാ . അങ്ങേര് തരപ്പെടുത്തി തന്ന ജോലിയിൽ തന്നെ ലീവിന് വന്നതല്ലേ ഇപ്പൊ .എന്നിട്ടും നീയിങ്ങനെ പറയണം ”.ലത്തീഫ് മിഥുന് നേരെ ചാടിക്കയറി

” ആ ഉമ്മയും മക്കളും എന്ത് ചെയ്യുമിനി ? സക്കീറിന് ഒരു കമ്പ്യൂട്ടർ ഷോപ്പുണ്ട് . അഷറഫിന് ഒരു മൊബൈൽ ഷോപ്പ് ഇടാനുള്ള പ്ലാനിൽ ആയിരുന്നു . ”.ലത്തീഫ് ആരോടെന്നില്ലാതെ പറഞ്ഞു .

അപ്പോഴക്കും ജലീലും രാജേഷും തോമാച്ചായനും അങ്ങോട്ട് വന്നു .

” അഷറഫിനെ അവൻ അങ്ങോട്ട് കൊണ്ടുപോയതല്ലേ ?ചൂട് ആണെന്നും കഷ്ടപ്പാട് ആണെന്നുമൊക്കെ പറഞ്ഞു മൂന്ന് മാസം പോലും തികക്കാതെ തിരികെ പോന്നതല്ലേ അവൻ. അവന്റെ അപ്പനും ഞാനുമൊക്കെ ആ ചൂടത്ത് തന്നെ വിയർപ്പൊഴുക്കി പണിയെടുത്തു തന്നെയാ അവനെയൊക്കെ തീറ്റിപ്പോറ്റിയെ . അവന്റെ തടിയിൽ ആ വിയർപ്പിന്റെ ഉപ്പ് രസം ഇപ്പോഴുമുണ്ടാകും . അവന് കട ഇട്ട് കൊടുക്കണോന്ന് ! അവനു വേണോങ്കിൽ അവൻ സ്വന്തമായി അധ്വാനിച്ചു കടയിടട്ടെ ” തോമാച്ചായൻ ആണത് പറഞ്ഞത് .

ഇബ്രാഹിം സാഹിബിന്റെ അടുത്ത സുഹൃത്താണ് തോമാച്ചായൻ . പണ്ട് പേർഷ്യയിലേക്ക് ജോലിതേടി പോയതാണ് സുഹൃത്തുക്കളായ തോമാച്ചായനും ഇബ്രാഹിം സാഹിബും . അന്ന് മുതലിന്ന് വരെ ആ കൂട്ടുകെട്ടിനൊരു കോട്ടവും സംഭവിച്ചിട്ടില്ല.

അഞ്ചുവർഷം മുൻപ് തോമാച്ചായൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി . ഇതുവരെയുള്ള സമ്പാദ്യം കൊണ്ട് സ്വന്തമായി രണ്ട് വീടും നാലഞ്ച് കടമുറികളും ഉണ്ടാക്കി, അതിൽ നിന്നുള്ള വാടകകൊണ്ട് ജീവിക്കുന്നു .

ഇബ്രാഹിം സാഹിബിന് ആറ്‌ മക്കളാണുള്ളത് . രണ്ടാണും നാല് പെണ്ണും . അത്യാവശ്യം നല്ലൊരു വീട് ഉണ്ടാക്കിയതല്ലാതെ മറ്റൊന്നും സമ്പാദ്യമായിട്ടില്ല . പെണ്മക്കളെ എല്ലാം കെട്ടിച്ചുവിട്ടു , അവരുടെ പേറും പേരിടീലുമൊക്കെ നടത്തിക്കഴിഞ്ഞപ്പോൾ ബാക്കിയൊന്നും ഉണ്ടായില്ല എന്ന് വേണമെങ്കിൽ പറയാം . ആൺമക്കൾ രണ്ടുപേരും പഠിക്കാൻ അത്ര മിടുക്കരൊന്നുമല്ലായിരുന്നു . മൂത്തവന് തോമാച്ചായന്റെ കെട്ടിടത്തിൽ ചെറിയൊരു കമ്പ്യൂട്ടർ ഷോപ് ഇട്ടു കൊടുത്തു . ഇളയ മകനെ ഗൾഫിലേക്ക് കൊണ്ട് പോയെങ്കിലും കഷ്ടപ്പാട് എന്തെന്നറിയാതെ ജനിച്ചുവളർന്ന അവന് ഗൾഫിൽ കിട്ടിയ ചെറിയ ജോലിയിൽ ഒതുങ്ങിക്കൂടാൻ ഇഷ്ടമില്ലായിരുന്നു . ഗൾഫിൽ തന്നെ ഒരു മൊബൈൽ ഷോപ് ഇട്ട് കൊടുക്കുവാൻ നിർബന്ധം പിടിച്ചപ്പോൾ ഇബ്രാഹിം സാഹിബ് തന്റെ കഴിവിന്റെ പരമാവധി നോക്കിയെങ്കിലും സാധിക്കാതെ വന്നപ്പോൾ നാട്ടിൽ ഒരു മൊബൈൽ ഷോപ് ഇട്ടുതരാമെന്ന ഉറപ്പിന്മേൽ അവൻ തിരികെ പോന്നതാണവൻ

” അതൊക്കെ എന്തുമാവട്ടെ തോമാച്ചായാ . നമുക്ക് സാഹിബിന്റെ മയ്യത്ത് ഇങ്ങോട്ട് കൊണ്ട് വരണം . നിങ്ങൾക്കുമുണ്ടല്ലോ ബന്ധങ്ങൾ ഇവനെ പോലുള്ളവരല്ലാതെ ” മിഥുന്റെ നേരെ രൂക്ഷമായി നോക്കിക്കൊണ്ടാണ് ലത്തീഫ് പറഞ്ഞത് .

” നീയിങ്ങുവന്നെ ലത്തീ ” ജലീൽ അവന്റെ തോളിൽ കയ്യിട്ട് കൊണ്ട് അൽപം മാറ്റി നിർത്തി .

” എടാ ജലീ …വേണ്ട ” തോമാച്ചായൻ പുറകിൽ നിന്ന് വിലക്കിയപ്പോൾ അത് കൂട്ടാക്കാതെ ജലീൽ ലത്തീഫിനെയും കൊണ്ട് മാറി നിന്നു .

” എടാ … ചെറിയൊരു പ്രശ്നമുണ്ട് . ” ജലീൽ ചുറ്റും നോക്കിയ ശേഷം പറഞ്ഞു.

”ഏഹ് ..എന്നതാ ..എന്നതാടാ കാര്യം ” ലത്തീഫിന് അത് കേട്ടപ്പോൾ വേവലാതി കൂടി.

”സാഹിബ് ആക്സിഡന്റിലാണ് മരിച്ചത് . മൂപ്പരോടിച്ച വണ്ടിയിൽ ഉണ്ടയിരുന്ന ഒരാളും മരിച്ചു . സംഭവം എന്നതാന്നുവെച്ചാൽ മൂപ്പർടെ ലൈസൻസ് തലേന്ന് കാലാവധി തീർന്നിരുന്നു . ഇപ്പൊ ഇൻഷുറൻസും മറ്റും കൂടി അങ്ങോട്ട് ആറേഴ് ലക്ഷം രൂപ കെട്ടിവെച്ചാലേ ബോഡി വിട്ട് കിട്ടൂ ”

” പടച്ചോനെ ..ഈ പൈസക്ക് എന്ത് ചെയ്യും . എന്റെ കയ്യിൽ കുറച്ചുണ്ട്. സാഹിബ് ജോലി റെഡി ആക്കുമ്പോൾ ടിക്കറ്റിനും മറ്റും ഉണ്ടാക്കി വെച്ചതാ. തോമാച്ചായനും തരുമായിരിക്കും കുറച്ചൊക്കെ…. ബാക്കി എങ്ങനെ? ആ നന്ദി കെട്ട ചെ റ്റ മിഥുൻ തരില്ല.. അവൻ ഇതറിഞ്ഞപ്പോഴേ കയ്യൊഴിഞ്ഞു… പൈസ പോകുന്നു കരുതിയാണ്…ആഹ്… സാഹിബിന്റെ വീട്ടിൽ പറയാം .പെണ്മക്കളൊക്കെ നല്ല നിലയിൽ അല്ലെ… വീട്ടിലും എന്തെലും കാണാതിരിക്കില്ല ”

ലത്തീഫ് പണമടക്കാനുള്ള പോംവഴി ആലോചിച്ചു.

” ഡാ…പൈസയല്ല വിഷയം ” രാജേഷ് ഇടക്ക് കയറി .

” പിന്നെ .. ” ലത്തീഫ് ജലീലിനെയും രാജേഷിനെയും മാറിമാറി നോക്കി.

”സാഹിബിന് മറ്റൊരു ബീവി കൂടി ഉണ്ടായിരുന്നു .അതിൽ രണ്ട് മക്കളും . തോമാച്ചായന്‌ മാത്രമേ ഇക്കാര്യം അറിയത്തുണ്ടായിരുന്നുള്ളൂ. അവസാന മായിട്ടൊന്ന് കണ്ടോട്ടെ എന്ന് കരുതി തോമാച്ചായൻ മരണം അവരെ അറിയിച്ചു . അവര് പൈസ റെഡിയാക്കി വെച്ചേക്കുവാ ഇൻഷുറൻസ് പൈസ കെട്ടാൻ ”

” ഹേയ് ..അതെങ്ങനെ ശെരിയാകും . അങ്ങനെ പൈസ കെട്ടിയാൽ മയ്യത്ത് അങ്ങോട്ടല്ലേ കൊണ്ട് പോകൂ . ഇവിടെ ഭാര്യക്കും മക്കൾക്കുമല്ലേ അവകാശം… അവരല്ലേ കാണേണ്ടത്… ഇവിടല്ലേ കബറടക്കേണ്ടത് . അതൊന്നും ശെരിയാവത്തില്ല ” ലത്തീഫ് തലകുടഞ്ഞു.

. ഇപ്പൊ എവിടുന്നാ പുതിയൊരവതാരം പൊട്ടി മുളച്ചത്. ” ലത്തീഫ് ചായക്കടക്കുള്ളിലേക്ക് കയറി

“ഡാ.. അഷ്‌റഫിനോട് പറയണ്ട””

തടയാൻ തുനിഞ്ഞ തോമാച്ചായന്റെയും ജലീലിന്റെയും കൈ തട്ടി മാറ്റിയിട്ടവൻ അഷ്‌റഫിന്റെ അടുത്തേക്ക് പോയപ്പോൾ മിഥുൻ തന്റെ ബൈക്ക് സ്റ്റാർട്ടാക്കി . അവൻ പോയ ഉടനെ മറ്റുള്ളവരും സ്ഥലം വിട്ടു .പെട്ടന്ന് തന്നെ ഇബ്രാഹിം സാഹിബിന്റെ മരണവാർത്ത കാട്ടുതീ പോലെ നാട്ടിൽ പടർന്നു .അദ്ദേഹത്തിന് മറ്റൊരു ബീവിയും മക്കളുമുള്ള വിവരം എന്ത്കൊണ്ടോ ആരും പുറത്ത് പറഞ്ഞില്ല .

മൂന്നാം ദിവസം മയ്യത്ത് നാട്ടിൽ എത്തി. കബറടക്കം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞപ്പോൾ സന്ധ്യ ആയിരുന്നു.

“ചിലരുടെ ഒക്കെ സഹായം ഇല്ലങ്കിലും പടച്ചോൻ സഹായിച്ചു സാഹിബിന്റെ മയ്യത്ത് ഒരു കുഴപ്പവും കൂടാതെ നാട്ടിൽ എത്തിച്ചു കബറടക്കി.. അല്ലെടാ ജലീ.. ” ചായക്കടയുടെ മുന്നിലെ നീളൻ ബെഞ്ചിൽ ഇരിക്കുന്ന ജലീലിന്റെ അടുത്തെത്തിയ ലത്തീഫ് പറഞ്ഞു. ജലീലിന്റെ കൂടെ രാജേഷും മിഥുനും ഇരിപ്പുണ്ടായിരുന്നു.

“നീയിതൊന്ന് നോക്കിക്കേ ലത്തീ”

കയ്യിലിരുന്ന മൊബൈൽ നീട്ടിയിട്ടാണ് ജലീൽ പറഞ്ഞത്. പ്രശസ്ത പത്രത്തിന്റെ ഓണ്ലൈൻ പേജിൽ വന്ന വാർത്ത ലത്തീഫ് ഉറക്കെ വായിച്ചു.

” ആയുഷ്കാലം പ്രവാസിയായിരുന്ന ആളുടെ മൃതദേഹം വീട്ടുകാർ തിരസ്കരിച്ചു.. “” “” നന്ദികെട്ട നായ്ക്കൾ” ഹെഡിംഗ് വായിച്ചതേ ലത്തീഫ് പിറുപിറുത്തു.

“”നീ ആ വാർത്തക്ക് അടിയിൽ ഉള്ള കമന്റുകളും കൂടി ഒന്ന് വായിച്ചു നോക്ക്”” രാജേഷ് ലത്തീഫിന് ആ വാർത്തയുടെ കമന്റ്സ് എടുത്തു കൊടുത്തു.

“എന്ത് നന്ദി കെട്ട നാ യ്ക്കളെന്ന്. കല്യാണം കഴിച്ചു വയറ്റിലും ഉണ്ടാക്കിയിട്ടു ചിലരങ്ങു പോകും ഗൾഫിലേക്ക്.. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ പത്തോ ഇരുപതോ ദിവസം ലീവിന് വരും. അപ്പോഴും ഓരോ കുട്ടികൾ. ആ മക്കൾക്ക് എന്ത് അപ്പനോട് സ്നേഹം?. ഇവിടെ തനിച്ച്‌ നരകിച്ചു കിടന്ന് പിള്ളേരേം വളർത്തി വലുതാക്കിയ ആ സ്ത്രീയെ കുറ്റം പറയാൻ എന്താണ് അർഹത? “

മിഥുൻ പറഞ്ഞപ്പോൾ വാർത്തക്ക് കീഴിലെ കമന്റ്സ് വായന നിർത്തി ലത്തീഫ് കൈ ചൂണ്ടി അവന്റെ നേരെ തിരിഞ്ഞു.

“”ഈ പര *********യെ ഇവിടുന്ന് പറഞ്ഞു വിട്ടോണം . ഇബ്രാഹിം സാഹിബിന്റെ മയ്യത്ത് കൊണ്ട് വരണോന്ന് പറഞ്ഞപ്പോ തുടങ്ങിയ തുള്ളലാ””

“”ലത്തീ.. നീയൊന്ന് അടങ്ങു”” ജലീൽ അവനെ വട്ടം പിടിച്ചു.

“ഞാൻ പറഞ്ഞതിൽ എന്താടാ തെറ്റ്? മാസം മാസം കുറച്ചു പൈസ അയച്ചു കൊടുത്താൽ തീർന്നോ?.ഭാര്യമാരെ സ്നേഹിക്കണം. മക്കളെ സ്നേഹിച്ചും അത് പോലെ തന്നെ ശാസിച്ചും വളർത്തണം. അവരെ നേർവഴിക്ക് നടത്താനും നല്ല പഠിപ്പ് കൊടുക്കാനും ഒക്കെ ഭാര്യമാരെ പഠിപ്പിക്കണം.”

“”അതൊക്കെ ശെരിയാ…പക്ഷെ ഈ ഇബ്രാഹിം സാഹിബ് ഉണ്ടല്ലോ… ഡാ..ഡാ… മിഥുനെ.. നിന്റെ അച്ഛന് വയ്യാതെ കിടന്നപ്പോ ഓപ്പറേഷനുള്ള പണം തന്നത് അദേഹമാ. നീ അത് മറന്നാലും എനിക്ക് വേണ്ടി അദ്ദേഹം ചെയ്തതൊന്നും ഞാൻ മറക്കില്ല. എന്റെ പെങ്ങടെ കല്യാണത്തിന് തന്ന സഹായം ഒന്നും ആരും അറിഞ്ഞിട്ടില്ല.. ഞങ്ങക്ക് മാത്രമല്ല… സ്വന്തം കാര്യങ്ങൾ മാറ്റി വെച്ചു ഈ നാട്ടിലെ പാവപ്പെട്ടവർക്ക് വേണ്ടി ചെയ്യാവുന്നതൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്.ഇല്ലന്ന് നിനക്കൊക്കെ പറയാൻ പറ്റുമോ?”

“” സാഹിബിന്റെ മക്കളും ഭാര്യയും ഒക്കെ ആ വലിയ വീട്ടിൽ കഴിയുന്നത് അദ്ദേഹം മരുഭൂമിയിൽ വിയർത്തൊഴുകി പണിയെടുത്തിട്ടാ. മക്കളെ ഒരു നോക്ക് കാണാനുള്ള കൊതി പോലും മാറ്റി വെച്ചു ആ ലീവും കൂടെ പണിയെടുത്തു നാട്ടിലേക്ക് കാശ് അയക്കുവാ അദ്ദേഹം എന്ന് നീ തന്നെ അല്ലെ മിഥുനേ അവിടെ ചെന്നിട്ട് ഞങ്ങളോട് പറഞ്ഞേ… ആര് ചെയ്താലും നീ അദ്ദേഹത്തിന്റെ കാര്യത്തിൽ ഇങ്ങനെ പെരു മാറരുതായിരുന്നു..ഡാ..ഇത് നോക്ക്..ഈ വാർത്തയ്ക്ക് കീഴിലെ കമന്റ്സ്… ആ വീട്ടുകാരെ എല്ലാരും എന്ത് ചീ ത്തയാ പറയുന്നേ !!. മനുഷ്യ പറ്റുള്ളവർ പറഞ്ഞു പോകും. ഓരോ പ്രവാസിയുടെയും ജീവിതം എന്തെന്ന് അറിയുന്നവർ പറയും. നീ അനുഭവിച്ചത് അല്ലെ…എന്നിട്ടും നീ ഇങ്ങനെ പറഞ്ഞല്ലോ മിഥുനേ”’

ലത്തീഫിന്റെ കണ്ണുകൾ നിറഞ്ഞു.

“ആണോ..നീ ഇപ്പറഞ്ഞതൊക്കെ സത്യമല്ലേ… എന്നിട്ട് ആ മനുഷ്യന്റെ… നമ്മുടെ സാഹിബിന്റെ മൃതദേഹം ആണ് നാട്ടിലെത്തിക്കണ്ട എന്ന് പോലീസ് സ്റ്റേഷനിൽ അവർ എഴുതി കൊടുത്തത്.മിഥുന്റെ കൂട്ടുകാർ അവനെ വിളിച്ചു ബോഡി വേണ്ടന്ന് പറഞ്ഞതെന്തെന്ന് ചോദിച്ചപ്പോഴാണ് ഞങ്ങൾ മരണവാർത്ത അറിഞ്ഞത് തന്നെ , തോമാച്ചായൻ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ സംഭവം ശെരിയാണ്. അവർ മയ്യത്ത് നാട്ടിൽ എത്തിക്കണ്ട എന്നെഴുതി കൊടുത്തെന്ന്””

“എഹ്…റബ്ബേ..നിങ്ങളെന്താ ഇപ്പറയുന്നെ”” ലത്തീഫ് അമ്പരപ്പോടെ ഭിത്തിയിലേക്ക് ചാരി.

“ലത്തീ…. സാഹിബ് മരിച്ചത് നേരത്തെ വീട്ടുകാർ അറിഞ്ഞതാണ്. വീട്ടിലേക്ക് അല്ലെ മരണവിവരം അറിയിക്കൂ.അവരെന്തു കൊണ്ടോ ആരോടും പറഞ്ഞില്ല. അത്രയും പൈസ കെട്ടി വെക്കണം എന്ന് അറിഞ്ഞത് കൊണ്ടായിരിക്കാം . കയ്യിൽ ഇല്ലങ്കിലും മക്കൾ എല്ലാരും കൂടി നോക്കിയാൽ പണം ഉണ്ടാകില്ലേ.. എന്നിട്ടും”” ജലീൽ ലത്തീഫിന്റെ തോളിൽ കൈകൾ അമർത്തി.

“തോമച്ചായനും മിഥുനും കൂടി പറഞ്ഞത് ആണ് പണം അവർ മുടക്കിക്കോളാം , മയ്യത്ത് എങ്ങനേയും നാട്ടിൽ എത്തിക്കണം എന്ന്. പക്ഷേ , നമ്മൾ നാട്ടുകാർ അല്ലല്ലോ അക്കാര്യം അവശ്യപ്പെടേണ്ടത്? വീട്ടുകാർ അല്ലെ…? അത് കൊണ്ടാണ് ഞങ്ങൾ ആലോചിച്ചു ഈവഴി തിരഞ്ഞെടുത്തത്””

“”അപ്പോൾ അദ്ദേഹത്തിന്റെ മറ്റേ ഭാര്യയും കുട്ടികളും” ലത്തീഫ് അവരെ തുറിച്ചു നോക്കി.

“മക്കളും ഭാര്യയും ആയിരുന്നു സാഹിബിന്റെ ലോകം. അങ്ങനെയുള്ള ഒരാൾക്ക് മറ്റൊരു ബീവിയോ?” രാജേഷ് പറഞ്ഞു.

“പടച്ചോനെ… ആ നല്ല മനുഷ്യന് പൊറുത്തു നൽകണമേ. ആ മനുഷ്യനെ പറ്റി ആണൊടാ മഹാപാപികളേ നിങ്ങൾ ഇല്ലാവചനം പറഞ്ഞുണ്ടാക്കിയത് .അവരുടെ കുടുംബക്കാരുടെ നാണക്കേട് നിങ്ങളോർത്തു നോക്കിയോ “

“ആ വീട്ടുകാർ തന്നെയല്ലേ അദ്ദേഹത്തിന്റെ മൃതദേഹം വേണ്ടന്ന് പറഞ്ഞത്. മറ്റൊരു വൈഫും മക്കളും ഉണ്ടെന്ന് നീ വഴി അഷ്റഫ് അറിഞ്ഞപ്പോൾ ഉള്ള സ്വത്തിന്റെ വിഹിതം അവർക്കും കൊടുക്കേണ്ടി വരുമെന്ന ചിന്തയിൽ ആണ് അവർ തലേന്ന് വരെ ഇല്ലാതിരുന്ന പണം ഉണ്ടാക്കി സാഹിബിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചത്. മക്കൾക്കും കുടുംബത്തിനും വേണ്ടി ജീവിച്ചു മരിച്ച അദ്ദേഹത്തിന് വേണ്ടി അത്രയെങ്കിലും ചെയ്യണ്ടേടാ ലത്തീ “” മിഥുൻ പറഞ്ഞു.

“” എന്റെ റബ്ബേ… വാപ്പ മരിച്ച വിവരം മറച്ചു വെച്ചോണ്ടാണോ ആ ******മോൻ സിനിമക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് ” ലത്തീഫ് തലയിൽ കൈ വെച്ചിരുന്നു പോയി.

“സ്വന്തം രക്തം വിയർപ്പാക്കി വളർത്തി വലുതാക്കിയ മകൻ അച്ഛൻ ചെയ്യുന്ന അതേ ജോലി കഷ്ടപ്പാട് ആണെന്ന് പറഞ്ഞു തിരിച്ചു പോരണമെങ്കിൽ അത്രയൊക്കെ സ്നേഹം പ്രതീക്ഷിച്ചാൽ മതി. അവർക്കൊക്കെ വെറുമൊരു എ റ്റി എം മെഷീൻ മാത്രമാണ് ഞങ്ങൾ പ്രവാസികൾ “” മിഥുൻ പറഞ്ഞിട്ട് നടന്നകലുമ്പോഴും ലത്തീഫ് ചായക്കടയുടെ തിണ്ണയിൽ നിശ്ചലനായി ഇരിക്കുന്നുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *