എന്നെ കളിയാക്കാനുള്ള പുതിയ നമ്പർ ആണെന്ന് കരുതിയെങ്കിലും വീണ്ടും വീണ്ടും എന്നെ കാണുമ്പോൾ അവൻ അത് തന്നെ ആവർത്തിക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു അവൻ……

എഴുത്ത്:-നൗഫു ചാലിയം

“എടി…

എനിക്ക് നിന്നെ ഇഷ്ട്ടമാണ്…”

“എന്നും തമ്മിൽ കണ്ടാൽ വഴക്ക് ഉണ്ടാകുന്നവന്റെ നാവിൽ നിന്നും വന്ന വാക്കുകൾ എനിക്കൊരു തമാശപോലെ ആയിരുന്നു തോന്നിയിരുന്നത്…

എന്നെ കണ്ടാൽ അവനിട്ട ഇരട്ട പേരല്ലാതെ ആദ്യമായിട്ടായിരുന്നു സമീറ എന്ന് വിളിച്ചത് തന്നെ അന്നായിരുന്നു ആദ്യമായി..”

“അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നേലും എനിക്ക് അവനും അവന് ഞാനും ശത്രുക്കൾ ആയിരുന്നു..

അഞ്ചിലും ആറിലും ഏഴിലും ഞാൻ ആയിരുന്നു ക്ലാസ് ലീഡർ..ടീച്ചേർസ് ഇല്ലാത്ത നേരം ക്ലാസിൽ വർത്തമാനം പറഞ്ഞിരിക്കുന്ന കുട്ടികളുടെ പേര് എഴുതി വെക്കുന്നത് കൊണ്ടു തന്നെ…എന്നും ബോർഡിൽ ആദ്യത്തെ പേര് അവന്റെ ആയിരുന്നു…

“ഇസ്ഹാഖ്…”

അത് തന്നെ ആയിരുന്നു ഞാനും അവനും തമ്മിലുള്ള ശത്രുതക്ക്‌ കാരണവും

എന്നെ കളിയാക്കാൻ എന്ന പോലെ അവൻ സ്കൂളിൽ വെച്ച് എനിക്കൊരു ഇരട്ട പേരും ഇട്ടു…

“ഉണ്ടക്കണ്ണി…”

“ഹൈസ്കൂളിൽ എത്തിയപ്പോൾ രണ്ട് കൊല്ലം ഞാനും അവനും വേറെ വേറെ ക്ലാസിൽ ആയിരുന്നു..

പത്താം ക്ലാസിൽ വീണ്ടും ഒരുമിച്ചു..

കുറച്ചു കൂടേ പക്വത വന്നത് കൊണ്ടു തന്നെ അവൻ എന്നോട് നല്ലത് പോലെ സംസാരിക്കാൻ വരാൻ തുടങ്ങി…

വീട്ടിലെ കാര്യവും ഉമ്മയും പെങ്ങന്മാർ ഉള്ളതും…അവൻ എന്നോട് ഏറെ പ്രിയപ്പെട്ടത് എന്ന പോലെ പറയാറുണ്ടായിരുന്നു…”

മാത്‍സ് ഗ്രൂപ്പ്‌ ആയി ചെയ്യുന്ന ഒരു ദിവസം… അന്നായിരുന്നു അവൻ ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്…

“സമീറ…എനിക്ക് നിന്നെ ഇഷ്ട്ടമാണ്… സത്യമായിട്ടും ഇഷ്ട്ടമാണ്..”

“എന്നെ കളിയാക്കാനുള്ള പുതിയ നമ്പർ ആണെന്ന് കരുതിയെങ്കിലും വീണ്ടും വീണ്ടും എന്നെ കാണുമ്പോൾ അവൻ അത് തന്നെ ആവർത്തിക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു അവൻ കാണാതെ മാറി നടക്കാൻ ഞാൻ തുടങ്ങിയത്..

ക്ലാസിൽ ഒറ്റക് ഇരിക്കാതെ… കൂടുതൽ സമയവും കൂട്ടുകാരികളുടെ കൂടേ കൂടി അവൻ എന്നോട് സംസാരിക്കാൻ വരുന്നതിനെ തടഞ്ഞു..

കാര്യം അവനോട് എനിക്ക് ദേഷ്യം ഒന്നും ഇല്ലായിരുന്നു… പക്ഷെ വീട്ടിൽ പേടിയായിരുന്നു..

ഉപ്പ എങ്ങാനും അറിഞ്ഞാൽ അന്ന് എന്റെ മയ്യത്ത് ആയിരിക്കും…അത് ഉറപ്പുള്ള കാര്യമായിരുന്നു…”

“വീണ്ടും കാലം മുന്നോട്ട് പോയി…

ഞങ്ങൾ പ്ലസ് 2 വിന് രണ്ടും രണ്ട് സ്കൂളിൽ ആയിരുന്നു…

പക്ഷെ സ്കൂൾ വിട്ട് വരുമ്പോ ഒരു ബസിൽ തന്നെ ആയിരിക്കും യാത്ര..

അന്നെല്ലാം അവൻ എന്നോട് സംസാരിക്കാനായി വരും…

പക്ഷെ പേടി കൊണ്ടോ എന്തോ… അവന് പറയാനുള്ളത് കേൾക്കാനോ…അവനോട് സംസാരിക്കാനോ ഞാൻ നിന്നില്ല…

പിന്നെ പിന്നെ കുറച്ചു കാലം അവൻ എന്നിൽ നിന്നും അകൽച്ച കാണിച്ചു..

എനിക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടാണെന്നു കരുതി ആയിരിക്കാം…”

എനിക്കതൊരു ആശ്വാസം തന്നെ ആയിരുന്നു…

ഇനി ശല്യം ഉണ്ടാവില്ലല്ലോ എന്നായിരുന്നു മനസ് നിറയെ..

അങ്ങനെ ഒരു ബലി പെരുന്നാള് കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം..

സ്കൂൾ ഇല്ലാത്തത് കൊണ്ട് തന്നെ ഞാനും അനിയത്തിയും പേപ്പർ വായിച്ച് ഇരിക്കെയാണ് പത്താം ക്ലാസിൽ പഠിക്കുന്നവൾ കയ്യിലെ പേപ്പർ എനിക്ക് കാണിച്ചു കൊണ്ടു ചോദിക്കുന്നത്..

“ഇത്താത്ത..

ഇത് ഇത്താത്തന്റെ കൂടേ പഠിച്ച ആളല്ലേ ന്ന്..”

അവളും ഞാൻ പഠിച്ച സ്കൂളിൽ തന്നെ ആയിരുന്നു പഠിച്ചിരുന്നത് അത് കൊണ്ട് തന്നെ എന്റെ ക്ലാസിൽ ഉള്ള കുട്ടികളിൽ ഏറെ കുറേ അവൾക്കും അറിയാമായിരുന്നു…

“ആ ഫോട്ടോയിൽ നോക്കിയതിനു കൂടേ ആ വാർത്ത കൂടേ ഞാൻ വായിച്ചു പോയി..

പെരുന്നാളിന് ടൂർ പോയ കൂട്ടുകാരിൽ ഒരാൾ ഒഴുകിൽ പെട്ടു മരിച്ചു”..

“നെഞ്ചിലൂടെ ഒരു തീ ആയിരുന്നു ആ സമയം പാഞ്ഞു പോയത്…

എന്റെ കണ്ണുകൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത വാർത്തയായിരുന്നു അത്..”

“ഇസ്ഹാഖ്…

18 വയസ്സ്…”

കയ്യിലുള്ള പേപ്പർ വിറക്കാൻ തുടങ്ങി…

“നെഞ്ചിലും വയറ്റിലും ശരീരം മുഴുക്കെയും വേദന നിറയുന്നത് പോലെ പുകച്ചിൽ…

ഒന്ന് കരയാൻ പോലും കഴിയാത്ത അവസ്ഥ…

പുറത്ത് പോയിരുന്ന ഉമ്മയും ഉപ്പയും വീട്ടിലേക് വന്നപ്പോൾ ഞാൻ കിടക്കുകയായിരുന്നു..

ഉമ്മ എന്നെ വിളിച്ചപ്പോൾ ഞാൻ വയറു വേദനയാണെന്ന് പറഞ്ഞു വീണ്ടും കിടന്നു..”

“അത് കേട്ടു ഉപ്പ ഹോസ്പിറ്റൽ പോകാമെന്നു പറഞ്ഞു..ഞാൻ വേണ്ടന്ന് പറഞ്ഞെങ്കിലും ഉപ്പ വേഗം മാറ്റാൻ പറഞ്ഞു നിർബന്ധിച്ചു കൊണ്ടേ ഇരുന്നു..

ഇനി ഒരു കള്ളം കൂടേ പറയാൻ ഇല്ലാത്തത് കൊണ്ടു തന്നെ ഉപ്പ പറഞ്ഞത് പോലെ മാറ്റി ഉപ്പയുടെയും ഉമ്മയുടെയും കൂടേ ഹോസ്പിറ്റലിലേക് പോയി..”

“ബസ് ഇറങ്ങി ടോക്കൺ എടുത്തു ഇരിക്കുമ്പോൾ ആയിരുന്നു…

ലാ ഇലാഹ ഇല്ലാല്ലഹ്…

ലാ ഇലാഹ ഇല്ലാല്ലഹ്…

എന്നുള്ള ദിക്‌ർ എന്റെ ചെവിയിലേക് തുളഞ്ഞു കയറാൻ തുടങ്ങി…”

“ഹോസ്പിറ്റലിന് മുന്നിൽ തന്നെ ആയിരുന്നു നാട്ടിലെ പള്ളിക്കാട്…

കുറച്ചു ദൂരെ നിന്നെ ആരുടെയോ മയ്യത്ത് കൊണ്ടു കുറച്ചു ആളുകൾ വരുന്നത് ഞാൻ കണ്ടു..

മുന്നിൽ തന്നെ ഉണ്ടായിരുന്ന മയ്യത്ത് കട്ടിലിൽ പിടിച്ചിരുന്നത് എനിക്ക് പരിചയമുള്ളവർ തന്നെ ആയിരുന്നു..

ഇസ്ഹാഖിന്റെ കുറച്ചു കൂട്ടുകാർ..

അവരെ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി അതിനുള്ളിൽ എന്റെ ഇസ്ഹാഖ് ആണെന്ന്..

അവന്റെ അവസാനത്തെ യാത്രയാണെന്ന്…

കണ്ണുകൾ എന്തിനാണെന്ന് പോലും അറിയാതെ നിറഞ്ഞൊഴുകി…

തൊട്ടടുത്തുള്ള ഉപ്പ വയറ് വേദന കൊണ്ടായിരിക്കുമോ എന്ന് കരുതി എന്റെ വയറ്റിലും പുറത്തും തലോടി തരുന്നുണ്ടായിരുന്നു…”

“എന്റെ മുന്നിൽ അപ്പോഴും അവൻ എന്നോട് ഒന്ന് സംസാരിക്കാൻ ശ്രമിക്കുന്നതാണ് ഞാൻ കാണുന്നത്..

ഒരു വട്ടം അവനോടു ഒന്ന് സംസാരിച്ചിരുന്നേൽ എന്ന് മനസ് വല്ലാതെ കൊതിക്കുന്നത് പോലെ…”

“കുറച്ചു കഴിഞ്ഞു ടോക്കൺ നമ്പർ ആയപ്പോൾ ഡോക്കറ്ററെ കണ്ടു…

ഉപ്പ മരുന്ന് വാങ്ങിക്കാൻ പോയ സമയത്തായിരുന്നു പള്ളി കാട്ടിൽ നിന്നും അവസാനമായി ഒരാൾ ഇറങ്ങി വരുന്നത് ഞാൻ കണ്ടത്..

ഞാൻ അവനെ കണ്ടത് പോലെ അവനും എന്നെ കണ്ടു…

ഇസ്ഹാഖിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ ആയിരുന്നു അത്…

“എന്റെ അരികിലേക് നടന്നു വന്നു..

ഉമ്മ കൂടേ ഉണ്ടായിരുന്നെകിലും അവൻ എന്നോട് സംസാരിച്ചു..

എന്താ വന്നതെന്ന് ചോദിച്ചു..

ഞാൻ അസുഖം ആണെന്ന് പറഞ്ഞു..

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അവൻ പറഞ്ഞു..”

“സമീറ…

നിന്നോട് അവനുള്ള ഇഷ്ടം കാര്യത്തിൽ ഉള്ളതായിരുന്നു..

അവന് നിന്നെ അത്രക്ക് ഇഷ്ടമായിരുന്നു.. അതായിരുന്നു നിന്നോട് ഇടക്കിടെ സംസാരിക്കാൻ വന്നിരുന്നത്..

പക്ഷെ നീ അവനെ അവോയ്ഡ് ചെയ്തു.. അവന് അതിൽ വിഷമവും ഉണ്ടായിരുന്നു..

എന്നാലും വിവാഹ പ്രായം ആകുമ്പോൾ നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ ഉമ്മയെയും പെങ്ങന്മാരെയും സമ്മതിപ്പിക്കണമെന്ന് എന്നും പറയുമായിരുന്നു…

എന്താ ചെയ്യ…

അവന് പടച്ചോൻ ഇത്രയെ ആയുസ്സ് കൊടുത്തുള്ളൂ…”

“ഉമ്മാക്ക് അത് പുതിയ അറിവ് ആയിരുന്നെങ്കിലും ഉമ്മ അവനെയും എന്നെയും സമാധാനിപ്പിച്ചു…

അവൻ പറയുന്നത് കൂടേ കേട്ടപ്പോൾ മനസ് വിങ്ങി പൊട്ടുമെന്ന് പോലും എനിക്ക് തോന്നി..

സഹിക്കാൻ കഴിയാത്തത് പോലെ… കണ്ണുകൾ നിറഞ്ഞു തുളുമ്പി…

അവനോടുള്ള ഇഷ്ടം പറയാത്തതിലും ഉപരി അവനോടൊന്നു സംസാരിക്കാൻ കഴിയാത്തതിന്റെ ഇടങ്ങേറ് ആയിരുന്നു മനസ് നിറയെ..

തൊട്ടടുത്തു തന്നെ അവൻ ഉണ്ടായിട്ടും…

വിങ്ങി വിങ്ങി മനസ് പൊട്ടുന്നത് പോലെ…

കണ്ണുനീർ ഉപ്പ കാണാതെ ഇരിക്കാൻ ഞാൻ പെടാപാട് തന്നെ പെട്ടു…”

ഉപ്പ കാര്യം അറിയാതെ അടുത്തുള്ള കടയിൽ നിന്നും ഇച്ചിരി വെള്ളം വാങ്ങി തന്നു വയറ് വേദനയുടെ ഗുളിക കുടിപ്പിക്കുക പോലും ചെയ്തു…”

“ഇനി ഒരിക്കലും മിണ്ടാൻ കഴിയാത്ത ദൂരത്തിലേക് അവൻ പോവുക കൂടി ചെയ്തപ്പോൾ എന്റെ മനസിന്റെ താളം പോലും തെറ്റുമോ എന്ന് എനിക്ക് പേടിയായി..

എല്ലാത്തിൽ നിന്നും ഉമ്മ ഒരു മാലാഖയെ പോലെ എന്നെ രക്ഷപ്പെടുത്തി…

എന്റെ കൂടേ എപ്പോഴും ഇരുന്നു എന്നിൽ നിന്നും ആ ഓർമ്മകളെ മായിച്ചു കളഞ്ഞു.. എന്നെ വീണ്ടും പഴയ പോലെ തന്നെ ആക്കിയെടുത്തു..

എന്നാലും ഇടക്ക് ആ ഓർമ്മ എന്നിൽ വീണ്ടും വരും…

അപ്രതീക്ഷിതമായി ഒരിക്കൽ വീണ്ടും അവനെന്റെ മുന്നിൽ വന്നു..

ഒരു നോമ്പിനു തറവാട്ടിലെ നോമ്പ് തുറ പരിപാടിയുടെ അന്ന്..

വിഭവങ്ങൾ നിരത്തി വെക്കുന്നതിനു വേണ്ടി പത്രം വിരിക്കുന്നതിനു ഇടയിലാണ് ഒരു ഫോട്ടോ എന്റെ കണ്ണിൽ പെട്ടത്..

കൃത്യം പത്തു മാസങ്ങൾക് മുമ്പുള്ള അതേ ഫോട്ടോ..

ഫോട്ടോ കണ്ടതും… അന്നത്തെ അതേ മാനസികാവസ്ഥയായിരുന്നു എനിക്ക് അപ്പോഴും..

നെഞ്ചിലൂടെ ഒരു മിന്നൽ പോയത് പോലെ..

ഉടനെ ആ പേപ്പർ കയ്യിൽ എടുത്തു മടക്കി വെച്ചു..

അവനെ മാത്രം വെട്ടി യെടുത്തു…

ഒരു വാക് പോലും ഇത് വരെ എഴുതാത്ത ഡയറിയിൽ…

എനിക്ക് കാണാൻ പറ്റുന്ന ദൂരത്ത് എന്റെ അരികിൽ എന്ന പോലെ ഞാൻ ചേർത്തു വെച്ചു…

എന്റെ ഇഷ്ടം അവനെ അറിയിക്കാൻ എന്ന പോലെ…

ഇന്നും ഞാൻ ആ ഡയറി നിധി പോലെ സൂക്ഷിക്കുന്നുണ്ട്…”

ബൈ

…🥲

Related Posts

Leave a Reply

Your email address will not be published. Required fields are marked *