എല്ലാ കമന്റ്സും രമ്യ നോക്കിയതായി ഇൻബോക്സിൽ നീലമഷി കല൪ന്ന ശരികൾ തെളിഞ്ഞു. പക്ഷേ മറുപടി മാത്രം വന്നില്ല……

ഇരുവ൪

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

അവളുടെ പ്രൊഫൈൽ കാണുന്നതിന് മുമ്പേ അവളുടെ പോസ്റ്റ് വായിച്ച് രസം പിടിച്ചിരുന്നു. വേഗം തന്നെ ഒരു ഫ്രന്റ് റിക്വസ്റ്റ് കാച്ചി. എടുക്കുമെന്ന് കരുതിയില്ല.

അടുത്തദിവസം രാവിലെ അവൾ തന്റെ റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തതുകണ്ട് വ൪ദ്ധിച്ച സന്തോഷത്തോടെയാണ് രൂപേഷ് അവളുടെ പ്രൊഫൈൽ പോയി നോക്കിയത്.

ഒരേമുഖമുള്ള രണ്ടുപേ൪.. ഇരട്ടകളാണോ… ഏയ് അതല്ല… ഒരാൾക്ക് ഇത്തിരി പ്രായവ്യത്യാസമുണ്ട്. ചേച്ചിയും അനിയത്തിയുമാകാനിടയുണ്ട്.. ഇനി സുഹൃത്തുക്കളാണോ.. ഒരേ പോലുള്ള രണ്ട് പേർക്ക് സുഹൃത്തുക്കളായിക്കൂടെ..

കൂടുതൽ ഫോട്ടോസില്ല. ആകെയുള്ള നാലഞ്ച് ഫോട്ടോസ് അവ൪ രണ്ടു പേരു മായാണ്. അടിപൊളി ഫാഷനിൽ കടലോരത്തും മാളിലും വീട്ടിലെ ബാൽക്കണിയിലും ക്ഷേത്രത്തിലും വെച്ച് എടുത്ത ഫോട്ടോസ്.

പോസ്റ്റുകളൊക്കെ വളരെ പോസിറ്റീവായിട്ടുള്ളതും പ്രസരിപ്പാ൪ന്നതുമാണ്. ഇങ്ങനെ യൊരാളെ എത്ര നാളായി അന്വേഷിക്കുന്നു… തന്റെ ജീവിതത്തിന് നിറം കൂടിയതായി രൂപേഷിന് തോന്നി.

ഇതിലാരാണ് രമ്യ എന്ന് എങ്ങനെയറിയും.. ഇൻബോക്സിൽ കടക്കാറായിട്ടില്ല.. പതിയെ പോസ്റ്റുകളിലൂടെ പരിചയം മുന്നോട്ടു കൊണ്ടുപോകാം.

കമന്റ്സ് ധാരാളം ഇടുമ്പോൾ രമ്യ മറുപടിയായി ഒരു പുഞ്ചിരിയോ തൊഴുകൈയോ തന്നാലായി. ആഴ്ച രണ്ട് കഴിഞ്ഞിട്ടും പരിചയം കൂടിയിട്ടില്ല. ഇന്നൊരു ഹായ് അയക്കാമെന്ന് തീരുമാനിച്ചു രൂപേഷ്.

അടുത്ത ദിവസം ‘ഹലോ’, പിന്നെ ‘ഗുഡ് മോണിംഗ്’, അതിനടുത്ത ദിവസം ‘എഴുത്തുകൾ നന്നാവുന്നുണ്ട്’, അതിനടുത്ത ദിവസം ‘സുന്ദരിയാണ് ട്ടോ…’

എല്ലാ കമന്റ്സും രമ്യ നോക്കിയതായി ഇൻബോക്സിൽ നീലമഷി കല൪ന്ന ശരികൾ തെളിഞ്ഞു. പക്ഷേ മറുപടി മാത്രം വന്നില്ല. രൂപേഷ് നിരാശനാകാൻ തുടങ്ങി.

എന്തോ ജോലി ചെയ്യുന്നതായി പോസ്റ്റിൽ വ്യക്തമായിട്ടുണ്ട്. പക്ഷേ എവിടെയാണെന്നറിയില്ല. നല്ല വിദ്യാഭ്യാസമുണ്ട് എന്ന് വരികൾക്കിടയിൽ വായിക്കാം. പക്ഷേ വ്യക്തിപരമായ കാര്യങ്ങൾ പ്രൊഫൈലിൽ കൂടുതൽ കൊടുത്തിട്ടില്ല.

അടുത്ത മാസം നാട്ടിൽ പോകുമ്പോൾ ആ സ്ഥലത്ത് പോയി ഒന്ന് അന്വേഷിക്കണം. മുടിയൊക്കെ കൊഴിഞ്ഞുതുടങ്ങി. വയസ്സ് മുപ്പത്തഞ്ചാകാറായി. വീട്ടിൽ നിന്നും വിവാഹം ശരിയാകാത്തതിന്റെ ടെൻഷനിൽ അമ്മ വിളിക്കും.

നീയും നോക്കണം, അമ്മ നോക്കിത്തള൪ന്നു..

കഴിഞ്ഞ പ്രാവശ്യം അമ്മ അങ്ങനെ പറഞ്ഞപ്പോൾ നിരാശ ഉള്ളിലൊതുക്കി പുറമേ ചിരിച്ചു.

ഞാനും നോക്കുന്നുണ്ടമ്മേ.. അമ്മ വിഷമിക്കാതെ.. എല്ലാം ശരിയാകും.

ലീവ് ദിവസമടുക്കുന്തോറും രൂപേഷിന് വെപ്രാളമായി. ഇൻബോക്സിൽ കാര്യങ്ങൾ വ്യക്തമാക്കി എഴുതിയാലോ… അവളുടെ മറുപടി അറിഞ്ഞിട്ട് നേരിൽ കാണുന്നതല്ലേ നല്ലത്..

എല്ലാം പറയുന്ന സഹമുറിയനോട് തന്റെ ആകുലതകൾ പങ്കുവെച്ചപ്പോൾ അവനും അതാണ് നല്ലതെന്ന് പറഞ്ഞു. അങ്ങനെ തീരുമാനിച്ചുറച്ചു.

ഫേസ്ബുക്ക് എടുത്ത് ഇൻബോക്സിലേക്ക് നീങ്ങുന്നതിന് മുമ്പ് രമ്യ പുതിയ പ്രൊഫൈൽ പിക്ചർ ഇട്ടതുകണ്ട് ഒന്നുനോക്കി. നരവീണ മുടി ചീകിയൊതുക്കി നിൽക്കുന്ന ഒരാളോടൊപ്പം അവരിരുവരും.

ആരാണയാൾ… രൂപേഷിന് സംശയമായി.

രൂപേഷ് മറ്റുള്ളവരുടെ കമന്റുകൾ നോക്കി. നന്നായിട്ടുണ്ട് എന്നും പതിവുപോലെ സ്റ്റണ്ണിങ് എന്നും മറ്റും കമന്റിയിട്ടുണ്ട് പലരും. ഇതാരാ എന്ന് കൂട്ടത്തിലാരോ ചോദിച്ചിരിക്കുന്നു.

രൂപേഷിന്റെ ഹൃദയം കുതിച്ചു. അതാരാണ്…

ഇത് നമ്മുടെ കിച്ചു..

രമ്യയുടെ ഉത്തരം രൂപേഷിനെ ആകെ കൺഫ്യൂഷനിലാക്കി. അച്ഛനാണോ.. അച്ഛനെ ആരെങ്കിലും പേര് വിളിക്കുമോ..

ചോദിക്കുക തന്നെ..

രൂപേഷ് ഇൻബോക്സിൽ കയറി.

അച്ഛനെയാണോ കിച്ചു എന്ന് പേര് വിളിക്കുന്നത്?

എഴുതിക്കഴിഞ്ഞപ്പോൾ രൂപേഷിന് വേണ്ടായിരുന്നു എന്ന് തോന്നി. ഉടനെ ഡിലീറ്റ് ചെയ്തേക്കാമെന്ന തോന്നലിൽ മടങ്ങിവന്നതും മെസേജിൽ നീലവര വീണിരുന്നു. കണ്ടു കഴിഞ്ഞിരിക്കുന്നു.. ഇനിയെന്താ ചെയ്യുക…

മറുപടി എഴുതുന്നുണ്ട്.. രൂപേഷ് വിയ൪ത്ത് കാത്തിരുന്നു. ദാ.. മറുപടി വരുന്നു ..

കിച്ചു അച്ഛനാണ്, എന്റെ മകളുടെ അച്ഛൻ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *