എല്ലാ നെഗറ്റീവും തരണം ചെയ്ത് നൂറ്റിരുപതു സ്പീഡിൽ വണ്ടി എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങുമ്പോളാണ് ട്രാവല്സുകരാൻ വിളിക്കുന്നത്…….

എഴുത്ത് :- സൽമാൻ സാലി

” ഇക്കാ എന്നാ ഞമ്മക്ക് ലുലുവിൽ കേറിയാലോ …?

കെട്യോളുടെ ശബ്ദം ഒരശരീരി പോലെ എന്റെ കാതിലാണോ വണ്ടീടെ കാതിലാണോ പതിഞ്ഞത് ന്ന് മനസിലാവും മുൻപ് സിഗ്നൽ ഇട്ട് വണ്ടി ലുലു പാർക്കിങ്ങിലേക് നീങ്ങി ..

ബാക്കി പറയും മുൻപ് ഫ്ലാഷ് ബാക് ….

” നമ്മൾ അനാവശ്യമായ നെഗറ്റീവ് ചിന്തകൾ കൊണ്ടാണ് നമുക്ക് സന്തോഷം ലഭിക്കാത്തത് എന്ന എതൊ മോട്ടിവേഷൻ സ്പീക്കറുടെ വീഡിയോ കണ്ടതിന് ശേഷം കൂടെ ജോലി ചെയ്യുന്നവൻ നാട്ടിൽ പോവാനുള്ള രണ്ട് ദിവസം മുൻപ് തന്നെ പെട്ടിയും കെട്ടി ഇരിപ്പാണ് .. കാരണം നെഗറ്റീവ്. ആയിട്ടുള്ള ഒരു ചിന്തയും തന്റെ സന്തോഷത്തെ ഇല്ലാതാക്കാൻ അനുവദിക്കില്ല എന്ന് ഉറച്ച ചിന്ത …

എയർപോർട്ടിൽ അവനെ കൊണ്ട് വിടാനുള്ള ജോലി എന്റേതായത്കൊണ്ടും തിരിച്ചു വരുമ്പോൾ ഒറ്റക്ക് വരേണ്ടല്ലോ എന്ന് കരുതിയാണ് കെട്യോളെയും മക്കളെയും കൂടെ കൂട്ടിയത് .. ഒൻപത് മണിക്ക്‌ വണ്ടിയുമായി അവന്റെ റൂമിന് മുന്നിലെത്തി വിളിച്ചപ്പോ ആ ബലാല് നല്ല ഉറക്കമാണ് .. നെഗറ്റീവ് ചിന്ത ഇല്ലാത്തവന്റെ പോസിറ്റീവ് ഉറക്കമാണെന്ന് കരുതി ഞാൻ ..

അവനെ വിളിച്ചുണർത്തി പോവണ്ടേ എന്ന് ചോതിച്ചതുമുതൽ സകല നെഗറ്റീവ് ചിന്തയും കൂടെ ഓന്റെ മണ്ടയിൽ വന്ന് കേറി ന്ന് തോന്നുന്നു പാസ്പ്പോർട്ടും ടിക്കറ്റും തോർത്തും എടുത്തോണ്ട് അവൻ ഓടി ബാത്റൂമിലേക്ക് കേറി .. ഓന്റെ ഓട്ടം കണ്ടാൽ തോന്നും ksrtc ബസ്സിലേക്ക് ആണ് കേറിയത് എന്ന് .. ഒരുമാതിരി പൈസ ഇല്ലാത്ത ATMൽ കാർഡ് ഇട്ടപോലെ അവൻ തിരിച്ചിറങ്ങി പാസ്സ്പോര്ട്ടും ടിക്കറ്റും കയ്യിൽ തന്ന് സോപ്പുമായി പിന്നേം കേറി ..

മറ്റൊരുത്തന്റെ സങ്കടം കാണുമ്പോ പൊതുവെ ഞമ്മക്ക് സന്തോഷം ആണല്ലോ .. അങ്ങനെ അവന് നെഗറ്റീവ് വൈബും എനിക്ക് പോസിറ്റീവ് വൈബും കൂടി കൂടി വന്നു ..

കുളിച്ചിറങ്ങി ഡ്രെസ്സും ഇട്ട് പ്രവാസത്തിന്റെ സമ്പാദ്യമായ കുടവയർ പകുതി ബെൽറ്റിനുള്ളിലും പകുതി പുറത്തുമായത് കണ്ടപ്പോ പണ്ട് ഇലയിൽ ഇറച്ചി പൊതിഞ്ഞു വരുന്നോണ്ട് വന്നതൊക്കെ ഓർത്തുപോയി ഞാൻ .. പിന്നെ ഒരുത്തൻ ഫുൾ പോസിറ്റീവ് വൈബിൽ നാട്ടിൽ പോവുന്നതല്ലേ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ അത് അവനോട് പറഞ്ഞില്ല ..

പെട്ടിയും തൂക്കി വണ്ടീടെ ഡിക്കിയിൽ വെച്ച് വണ്ടീൽ കേറാൻ നേരത്ത് അവന്റെ മുഖത്ത് ഞാൻ ആ പഴയ പോസിറ്റീവ് വൈബ് കണ്ടു .. ഹാവൂ സമാധാനം .. ഒൻപത് മണിക്ക്‌ പോവാൻ പറഞ്ഞതാണ് ഒൻപതരയ്ക്ക് എങ്കിലും ഇറങ്ങിയല്ലോ …

വണ്ടീൽ കേറിയതും അവൻ ഒന്ന് തുമ്മിയതും അരയിൽ നിന്നെന്തോ സാധനം താഴേക്ക് വീണ് .. ഒരു നിമിഷം ഞാൻ അവൻ മലധ്വർ വഴി ഇനി സ്വർണം കടത്താനുള്ള പരിപാടി ആണോ എന്ന് വരെ ചിന്തിച്ചു പോയി .. പിന്നെയാണ് മനസിലായത് ബെൽറ്റിന്റെ ബക്കിൾ പൊട്ടിയതാണ് .. അല്ലേലും ഇലയിൽ ഇറച്ചി പൊതിഞ്ഞപോലെ വയറു ബെൽറ്റിൽ കുടുക്കിയാൽ ഏത് ബെൽറ്റും പൊട്ടും ..

പോകുന്ന വഴിയിൽ ഒരു സൂപ്പർമാർക്കറ്റിന് മുന്നിൽ വണ്ടി നിർത്തിയപ്പോ ഓണത്തിന് സ്കൂളിൽ നിന്നും അരി വാങ്ങി വരുന്ന പിള്ളേരെ പോലെ പാന്റും തൂകി പിടിച്ചു അവൻ അകത്തോട്ട് കേറിപോകുന്നത് കണ്ട് ചിരിച്ചു ചിരിച്ചു ന്റെ പോസിറ്റീവ് വൈബ് പിന്നേം കൂടി ..

എല്ലാ നെഗറ്റീവും തരണം ചെയ്ത് നൂറ്റിരുപതു സ്പീഡിൽ വണ്ടി എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങുമ്പോളാണ് ട്രാവല്സുകരാൻ വിളിക്കുന്നത് .. എടാ ഉച്ചക്ക് രണ്ട് മണിക്ക്‌ പോവേണ്ട വിമാനം രാത്രി ഒൻപതരയ്ക്ക് ആണ് പുറപ്പെടുന്നത് അതുകൊണ്ട് വൈകിട്ട് എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് …

എന്നാ പിന്നെ ഒന്ന് കറങ്ങിയതിന് ശേഷം എയർപോർട്ടിൽ വിടാമെന്ന് പറഞ്ഞപ്പോ ഞങ്ങള്ക് രണ്ടാൾക്കും പോസിറ്റീവ് വൈബ് ആയി ..

എല്ലരും കൂടെ ആദ്യം കേറിയത് ഒരു മാളിലേക്ക് ആണ് .. കേറിയപാടേ കുറച്ചു ഫോട്ടോസൊക്കെ എടുത്ത് കഴിഞ്ഞപ്പോ അപ്പുറത്ത് പിള്ളേരുടെ നല്ല ഡ്രെസ്സുകൾ ഉള്ള കട കെട്യോളുടെ കണ്ണിൽ പെട്ടത് ..

അവളും പിള്ളേരും അങ്ങോട്ട് കേറിയേൽ പിന്നെ അവളിനി വിലകൂടിയത് വാങ്ങിക്കോ .. കൂടുതൽ ഡ്രസ്സ് വാങ്ങിക്കോ എന്നൊക്കെ എന്റെ ഉള്ളിൽ നെഗറ്റീവ് ചിന്തകൾ വരാൻ തുടങ്ങി .. അത് എന്റെ സന്തോഷം കുറച്ചുകൊണ്ടിരുന്നു ..

” ഇക്കാ ഇത് വാങ്ങിയാലോ .. ഒന്നിന് ഒരു റിയാലേ ഉള്ളൂ .. ! നോമ്പൊക്കെ അല്ലെ ..?

പിള്ളേരുടെ വീട്ടീന്ന് ഇടാൻ പറ്റിയ ടീഷർട് കയിൽ പിടിച്ചോണ്ടാണ് ഓൾടെ ചോദ്യം .. .. വാങ്ങിക്കോ എന്ന് തലയാട്ടിയതും ഓള് മൂന്നാൾക്കും മൂന്ന് ജോഡി വെച്ച് പതിനെട്ടെണ്ണം എടുത്തു .. പതിനെട്ട് റിയാൽ ഇന്നത്തെ റേറ്റ് വെച്ച് നോക്കുമ്പോ മൂവായിരത്തി എണ്ണൂറ് രൂപ .. എന്റെ ഉള്ളിൽ നെഗറ്റീവും ഓളുടെ മുഖത്ത് പോസിറ്റീവും നിറയാൻ തുടങ്ങി ..

നാട്ടിൽ പോവേണ്ടവൻ ഇതൊന്നും അറിയാതെ അനാഥപ്രേതം പോലെ അവിടെ കറങ്ങി നടക്കുന്നുണ്ട് ..

അവിടുന്നിറങ്ങി വന്നപ്പോ പഞ്ചാബി ഹൗസിലെ ദിലീപ് ചായക്കടയിലേക്ക് വലിച്ചോണ്ട് പോയപോലെ ഓള് എന്നേം കൂട്ടി അടുത്ത ചെരുപ്പ് കടയിലേക്ക് കേറി .. അവിടുന്ന് പിള്ളേർക്ക് മൂന്ന് ഷൂ വാങ്ങിച്ചു അവിടേം ആയി ഇരുപത് റിയൽ ബില്ല് ..

നെഗറ്റീവും പോസിറ്റീവും കൂടിക്കലർന്നു ഒരുമാതിരി ചക്കപ്പുഴുക്ക് പോലെ ആയി ന്റെ മനസ്സ് അപ്പഴാണ് ഓൾടെ ഒരു ചോദ്യം ” ഇക്കാ ഇങ്ങക്ക് രണ്ട് ഷർട്ട് വാങ്ങിക്കൂടെ എന്ന് ..

അങ്ങിനെ ഓൾടെ നിർബന്ധത്തിന് വഴങ്ങി അടുത്ത ഷോപ്പിൽ കേറിയപ്പോ ഒന്നെടുത്തൽ ഒന്ന് ഫ്രീ .. അവിടുന്ന് ഞാനും വാങ്ങിച്ചു രണ്ടെണ്ണം ഫ്രീ അടക്കം നാലെണ്ണം .. !!

കറങ്ങി നടന്നു സമയം പോയതറിഞ്ഞില്ല അവിടുന്നിറങ്ങി അവനേം കൂട്ടി എയർപോർട്ടിലേക്ക് വിട്ട് അവനേം ഇറക്കി തിരിച്ചു വരുമ്പോ ”ഹ്ഹ്മ്മ് ” കെട്യോൾടെ ഒരു നെടുവീർപ്പ് ..

” ഉം .. ന്താടി .. നിനക്ക് നാട്ടിൽ പോണോ ..?

” അതൊന്നുമല്ല നിങ്ങൾക്കെല്ലാവർക്കും ഡ്രസ്സ് വാങ്ങിച്ചു .. ഇൻക് ഒന്നും വാങ്ങിയില്ല ട്ടോ ..!!

” അയിനെന്താ മ്മച്ചിക്ക് ഉപ്പച്ചി വാങ്ങി തരൂലേ ..

കെട്യോളുടെ നെടുവീർപ്പിന് മൂത്തമോളുടെ ഡിഫൻസ് .. രണ്ടും കൊണ്ടത് ന്റെ നെഞ്ചത്ത് ..

” ഇക്കാ എന്നാ ഞമ്മക്ക് ലുലുവിൽ കേറിയാലോ …?

കെട്യോളുടെ ശബ്ദം ഒരശരീരി പോലെ എന്റെ കാതിലാണോ വണ്ടീടെ കാതിലാണോ പതിഞ്ഞത് ന്ന് മനസിലാവും മുൻപ് സിഗ്നൽ ഇട്ട് വണ്ടി ലുലു പാർക്കിങ്ങിലേക് നീങ്ങി ..

പാർക്കിങ്ങിൽ വണ്ടി നിർത്തിയതും മണ്ണെണ്ണ മണമടിച്ച പാമ്പിനെ പോലെ ഓള് വളഞ്ഞു പുളഞ്ഞു ലുലുവിലേക്ക് കേറിപോയി ..

പിള്ളേരേം കൊണ്ട് ഞാനും അകത്തേക്ക് കയറി വാവ സുരേഷ് അതിഥിയെ തപ്പിയെടുക്കും പോലെ ലേഡീസ് സെക്ഷനിലേക്ക് നടന്നു .. ഒരു മിന്നായം പോലെ മൂന്ന് നാല് ടോപ്പും കയ്യിൽ പൊടിച്ചോണ്ട് ഫിറ്റിങ് റൂമിലേക്ക് കേറിപോകുന്ന ഓൾടെ വാൽ കണ്ടതും ഞാനും പിള്ളേരും അങ്ങോട്ട് ചെന്നത് .. ഇട്ടു നോകിയതൊന്നും ഇഷ്ട്ടപെടാത്തതുകൊണ്ട് പിന്നേം അവിടെ മൊത്തം കറങ്ങി നടന്നു ഓൾക് ഇഷ്ട്ടപെട്ട രണ്ട് ടോപ്പ് എടുത്ത് കയ്യിൽ തന്ന് പിള്ളേരേം കൊണ്ട് ഓള് പുറത്തിറങ്ങി ..

കൗണ്ടറിൽ പോയി ബില്ലടച്ചപ്പോളാണ് ശരിക്കും കിളിപോയത് .. രണ്ട് ടോപിന് മുപ്പത്തി രണ്ട് റിയാൽ .. എനിക്കും പിള്ളേർക്കും കൂടെ എടുത്തിട്ട് ആയിട്ടില്ല അത്രേം പൈസ ..

എല്ലാം കഴിഞ്ഞു ചുമ്മാ എന്തിനാ ഇങ്ങനെ നെഗറ്റീവ് ആയിട്ട് ചിന്തിച്ചു സന്തോഷം നഷ്ടപ്പെടുത്തുന്നത് എന്നൊക്കെ ചിന്തിച്ചു സന്തോഷത്തോടെ വണ്ടീൽ കേറി ഇരുന്നപ്പോ ഓള് പറയുവാ ” നിങ്ങക്കൊക്കെ മൂന്നും നാലും എടുത്തിട്ട് ഞാൻ രണ്ടെണ്ണം മാത്രമാ എടുത്തത് എന്ന് …

പകച്ചു പണ്ടാരമടങ്ങി പോയി .. ഞാൻ ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *