എവിടായിരുന്നു വിഷ്ണു? ഞാൻ എത്ര മെസ്സേജ് അയച്ചു? നീ ഒന്നിനും മറുപടി തന്നില്ല, വിളിച്ചില്ല.. നിനക്കെന്താ പറ്റിയെ…….

പറയാൻ മറന്നത്

എഴുത്ത് :- ലൈന മാർട്ടിൻ

“നിനക്ക് എന്താ ഭ്രാന്തുണ്ടോ അഭി

അനാഥ ആയ ഒരുവളെയെ നിനക്ക് ഭാര്യ ആയി കിട്ടുള്ളു.. വിവാഹം എന്നത് കുട്ടിക്കളി ആണെന്നാണോ നീ വിചാരിച്ചു വയ്ച്ചേക്കുന്നത്, ആരോരു മില്ലാത്ത ഒരുത്തി ആണോ നിന്റെ ഭാര്യ ആയി ഈ പടി കടന്നു വരേണ്ടത്, ഇല്ല സമ്മതിക്കില്ല ഞാൻ, ഈ അമ്മയുടെ വാക്കിനപ്പുറം ഇന്നോളം പോയിട്ടില്ലാത്തോനാണ് നീ, ഇനിയും അങ്ങനെ തന്നെ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്,”

അഭയ് നിസ്സഹായതയോടെ അമ്മയെ നോക്കി, അമ്മ പറഞ്ഞത് ശരിയാണ്, താൻ ഒരിക്കലും അമ്മയെ അനുസരിക്കാതിരുന്നിട്ടില്ല, പക്ഷെ ഇവിടെ തനിക്ക് അമ്മയെ ധിക്കരിക്കേണ്ടി വരുമെന്ന് അഭയ് ഓർത്തു, പ്രതീക്ഷയോടെ തന്നെ നോക്കി നിന്ന ദയയുടെ മുഖം മനസ്സിൽ നിറഞ്ഞു,.ആഗ്രഹങ്ങളും പ്രതീക്ഷകളും ഒന്നുമില്ലാതെ ജീവിച്ച അവളെ എത്ര അകന്നു മാറിയിട്ടും തന്നിലേക്ക്വ ലിച്ചടുപ്പിച്ചു സ്വപ്‌നങ്ങൾ നൽകി.. വാക്ക് കൊടുത്തു.. ഇല്ല അവളെ ചതിക്കാൻ തനിക്ക് കഴിയില്ല! അമ്മക്ക് ഒരിക്കലും തന്നോട് ക്ഷമിക്കാൻ കഴിയില്ലായിരിക്കും, എന്നാലും അവളെ ചതിക്കാൻ വയ്യ,

അമ്മയുടെ വാക്കിനെ ധിക്കരിച്ചു.. പ്രതീക്ഷകളെ തകർത്തു കൊണ്ട് …അമ്പലത്തിൽ വച്ചു ദയയെ താലി കെട്ടി വാടക വീട്ടിലേക്കു താമസം മാറുമ്പോൾ ഹൃദയം നിറയെ പുതിയ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആയിരുന്നു,
ദയക്ക്‌ അഭിയോടുള്ള സ്നേഹവും, അഭിക്ക് അവളോടുള്ള കരുതലും.. മനോഹരമായൊരു കുടുംബാന്ത രീക്ഷമൊരുക്കാൻ അവർക്ക് കഴിഞ്ഞു.. എങ്കിലും താൻ ഒരു അനാഥ ആണെന്നുള്ള ഓർപ്പെടുത്തൽ എന്ന പോലെ അഭിയുടെ അമ്മയുടെ നിസ്സഹകരണം അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു… മാസങ്ങൾ കടന്നു പോയി.. ഇതിനിടയിൽ അഭിയുടെ ബിസിനസ്‌ കുറച്ചു മെച്ചപ്പെട്ടു ,

അവരുടെ പ്രതീക്ഷകൾക്ക് പുതു നാമ്പ് മുളച്ചിട്ടെന്ന പോലെ ഒരു കുഞ്ഞ് ജീവൻ ദയയിൽ തുടിക്കുന്നുണ്ടെന്ന അറിവിൽ രണ്ടാളും ആഹ്ലാദിച്ചു,! അമ്മയോട് ഈ സന്തോഷ വാർത്ത അറിയിക്കാൻ ഓടിയെത്തിയ അഭിയുടെ മുൻപിൽ അപ്പോഴും ആ വാതിൽ കൊട്ടിയടക്കപ്പെട്ടു,…Nപ്രസവത്തിനായി ദയയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തത് മുതൽ ഒരു നിഴൽ പോലെ അഭി അവൾക്കൊപ്പം നിന്നു, സ്ത്രീകൾ കൂടെയില്ലാത്ത അഭാവം അറിയാതിരിക്കാൻ ഒരു സ്ത്രീയെ പണം കൊടുത്തു കൂടെ നിർത്തി..

അടുത്ത ദിവസം തന്നെ മാലാഖ പോലൊരു പെൺ കുഞ്ഞിന് അവൾ ജന്മം നൽകി.. വീട്ടിൽ എത്തിയും ദയക്ക്‌ ഒരു കുറവും വരാതെ കൂടെ നിന്നവൻ പരിചരിച്ചു,… ബിസിനസിലുള്ള ശ്രദ്ധ മാറിയതിന്റെ ഫലമായി അത് തകർച്ചയുടെ വക്കിൽ എത്തി.. ഇനിയും ബിസിനസ്‌ ശ്രദ്ധിച്ചില്ലെങ്കിൽ താനും കുടുംബവും വഴിയാധാരം ആകുമെന്ന് മനസിലായ അഭി വീണ്ടും ബിസിനസ്‌ലേക്ക് ശ്രദ്ധ തിരിച്ചു അപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ ദയ അറിയാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു.. അതിന്റെ ഫലമായി ദയയിൽ തെറ്റിദ്ധാരണ ഉടലെടുത്തു,

അഭി തന്നെയും കുഞ്ഞിനേയും മനഃപൂർവം ഒഴിവാക്കുന്നത് പോലെ അവൾക്ക് തോന്നി, ആദ്യമൊക്കെ അഭിയുടെ പുറകെ നടന്നു അവൾ കെഞ്ചി..കുറച്ചു സമയം മുൻപത്തെ പോലെ തനിക്കൊപ്പം ഇരിക്കാൻ..! എത്രയൊക്കെ ശ്രമിച്ചിട്ടും അഭിയുടെ തിരക്കുകൾ കൂടി വരുന്നതേയുള്ളു എന്ന് കണ്ടവൾ ആ ശ്രമം ഉപേക്ഷിച്ചു.. തന്റെ ഒഴിവ് സമയങ്ങൾ സോഷ്യൽ മീഡിയയിൽ ചിലവഴിച്ചു… ഒന്ന് രണ്ട് സാഹിത്യ ഗ്രൂപ്പുകളിൽ അംഗമായതിനെ തുടർന്ന് മനസ്സിൽ തോന്നുന്ന വരികൾ കുറിച്ചിടാൻ തുടങ്ങി… പലയിടത്തു നിന്നും പ്രോത്സാഹനം കിട്ടി തുടങ്ങിയതോടെ ഒഴിവ് സമയങ്ങൾ സമൂഹ മാധ്യമത്തിൽ ചിലവഴിച്ചു കൊണ്ടിരുന്ന ദയ ദിവസത്തിന്റെ മുക്കാൽ സമയവും അതിലേക്ക് ശ്രദ്ധ പതിപ്പിച്ചു

തന്നെ ശ്രദ്ധിക്കാനും അഭിനന്ദിക്കാനും ആരൊക്കെയോ ഉണ്ടെന്നുള്ള അറിവ് അവളിൽ ഒരു നവോന്മേഷം നിറച്ചു… അതിനിടയിലാണ് അവൾക്ക്‌ മുഖപുസ്തകത്തിൽ നിന്നുമൊരു മെസ്സേജ് വരുന്നത്,

” ഹായ്…!” അവൾ മെസേജ് അയച്ചിരിക്കുന്നത് ആരെന്നു നോക്കി, വിഷ്ണു , എന്ന പേരിനൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന ടോവിനോയുടെ മുഖചിത്രം “ദയ താൻ എന്താ മിണ്ടാത്തത് താൻ എഴുതുന്നതൊക്കെ നല്ല വരികൾ ആണ്.. നല്ല കഴിവുണ്ട് തനിക്ക്..” “ഇനിയുമെഴുതണം, തന്റെ എഴുത്തിലെ അക്ഷരങ്ങൾക്കായി ഞാനിവിടെ കാത്തിരിപ്പുണ്ട്, “

അവൾക്ക് അഭിമാനം തോന്നി ഒപ്പം സങ്കടവും അഭി ഇങ്ങനെ ഒന്ന് പറഞ്ഞിരു ന്നെങ്കിൽ!

“നന്ദി ” അയാൾക്ക് ഒറ്റ വാക്കിൽ മറുപടി പറഞ്ഞു കൊണ്ടവൾ പെട്ടെന്ന് തന്നെ മുഖ പുസ്തകം അടച്ചു.. എങ്കിലും അതിൽ കയറി അയാളുടെ മെസ്സേജ് വായിക്കാൻ വീണ്ടും വീണ്ടും മനസ് തുടിച്ചു കൊണ്ടേയിരുന്നു… കുഞ്ഞിനെ ഉറക്കി കിടത്തി വീണ്ടുമവൾ ആ മെസ്സേജ് തുറന്നു നോക്കി… ഒന്നിലധികം തവണ തന്റെ എഴുത്തിനെ വീണ്ടും പ്രകീർത്തിച്ചു കൊണ്ടുള്ള അയാളുടെ മെസ്സേജുകൾ വന്നു കിടപ്പുണ്ടായിരുന്നു, അവളാ മെസ്സേജുകൾ വീണ്ടും വീണ്ടും വായിച്ചു… നന്ദി പറഞ്ഞു കൊണ്ട് മറുപടി അയച്ചു..

അതൊരു തുടക്കം മാത്രം ആയിരുന്നു… പിന്നെ അങ്ങോട്ടുള്ള അവളുടെ ജീവിതം അയാളുടെ മെസ്സേജ്കൾക്കുള്ള കാത്തിരിപ്പായി… മെസ്സേജുകൾ പിന്നെ കാളും, വീഡിയോ കാളും ആയി മാറി.. ഓരോ തവണയും അവളുടെ എഴുത്തിനെയും, സൗന്ദര്യത്തെയും പുകഴ്ത്തി കൊണ്ട് അയാൾ അവളോട്‌ കൂടുതൽ അടുത്തു കൊണ്ടിരുന്നു.. പ്രസവത്തോടെ തന്നിൽ ഉള്ള ഇഷ്ടം ഭർത്താവിന് ഇല്ലാതായതു പറഞ്ഞു അവൾ നൊമ്പരപ്പെട്ടപ്പോൾ അയാൾ അവളെ ആശ്വസിപ്പിച്ചു.. അഭി ഒരിക്കലും തന്നെ ഇങ്ങനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല എന്നത് വിഷ്ണുവിൽ അവൾക്കുള്ള സ്നേഹവും ആദിയിൽ ഉള്ള വെറുപ്പുമായി മാറി.. തന്നെ കേൾക്കാൻ… അറിയാൻ… ഒരാൾ കാത്തിരിപ്പുണ്ടെന്നുള്ള തോന്നലിൽ അവൾ അയാൾ പറയുന്നതെല്ലാം ചെയ്തു കൊടുത്തു.. ആ കൂടെ അവളുടെ ന ഗ്ന ചിത്രങ്ങളും അയാളുടെ ഇൻബോക്സിൽ എത്തി… അതിന് ശേഷം ഉള്ള ദിവസങ്ങളിൽ അയാളുടെ മെസ്സേജ്ന്റെ ഇടവേളകൾ കൂടി വന്നു.. ഫോൺ കാൾ പൂർണമായും ഒഴിവാക്കിയത് പോലെ ആയി… അവൾ തുടരെ തുടരെ അയാൾക്ക്‌ മെസ്സേജ് അയച്ചു കൊണ്ടിരുന്നു… ഒടുവിൽ ഒരു ഫോൺ കാൾ അവളെ തേടിയെത്തി….

“എവിടായിരുന്നു വിഷ്ണു? ഞാൻ എത്ര മെസ്സേജ് അയച്ചു? നീ ഒന്നിനും മറുപടി തന്നില്ല, വിളിച്ചില്ല.. നിനക്കെന്താ പറ്റിയെ….?” ഫോൺ എടുത്ത പാടെ അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു,

“എനിക്കെന്തു പറ്റാൻ? അവൻ ചിരിച്ചു കൊണ്ട് അവളോട്‌ തിരികേ ചോദിച്ചു… “ഞാൻ നിന്റെ വാട്സ്ആപ്പ് ലേക്ക് കുറച്ചു ഫോട്ടോ അയച്ചിട്ടുണ്ട് ഒന്ന് നോക്കിയേ.. ഞാൻ കാത്തിരിക്കാം നീ അത് നോക്കിയിട്ട് വാ…”

അവൾ പെട്ടെന്ന് തന്നെ വാട്സ്ആപ്പ് തുറന്നു അവൻ അയച്ചിട്ടിരിക്കുന്ന ഫോട്ടോകൾ നോക്കി… ആ ചിത്രങ്ങൾ കണ്ടു തന്റെ ശരീരം കുഴഞ്ഞു വീഴും പോലെ അവൾക്ക് തോന്നി.. താൻ അവന് അയച്ചു കൊടുത്ത തന്റെ ചിത്രങ്ങളിൽ തന്റെ കൂടെ മുഖം വ്യക്തമല്ലാത്ത ഏതോ ഒരു പുരുഷന്റെ നഗ്ന ശരീരം… “വിഷ്ണു.. ഇത്?എന്താ…ഇങ്ങനെയൊക്കെ?

“എന്താണ്ന്ന് നീ കണ്ടില്ലേ? ഇനിയിത് നിന്റെ ഭർത്താവിന്റെ ഫോണിൽ വരാതിരിക്കണ മെങ്കിൽ നീ ഞാൻ പറയുന്നത് പോലെ കേൾക്കണം…”

“വിഷ്ണു!നീ എന്നെ ചതിക്കുവായിരുന്നോ”?

വിശ്വസിക്കാനാകാതെ അവളുടെ സ്വരം ചിലമ്പി…

“പിന്നെ നീയെന്താ വിചാരിച്ചേ? നിന്നോട് എനിക്ക് പ്രേമം ആണെന്നോ? അതിനീ നാട്ടിൽ കെട്ട് കഴിയാത്ത കൊച്ചു പെൺപിള്ളേർ ഒണ്ട്, നിന്നെയൊക്കെ പോലെ കല്യാണം കഴിഞ്ഞ ഏതൊരുത്തിയുടെ എങ്കിലും പുറകെ ഏതെങ്കിലും ഒരു ആണ് വരണമെങ്കിൽ അതിന് കാരണം നിഷ്കളങ്ക പ്രണയം ഒന്നുമല്ല.. എന്തെങ്കിലും ഗുണം ഉണ്ടാകുമെന്നു ഓർത്തു തന്നെയാ “

അവന്റെ വാക്കുകൾക്കിടയിലൂടെ ഒരു വർണ പൂമ്പാറ്റ പോലെ പാറിപറന്നു നടന്ന താൻ ഇപ്പോൾ ചിറകുകൾ അടർന്നു കത്തുന്ന അഗ്നിക്കുള്ളിൽ വീണത് ദയ അറിഞ്ഞു,

“അപ്പോൾ ഞാൻ പറഞ്ഞു വന്നത് എന്തെന്ന് വച്ചാൽ ഒരു ലക്ഷം രൂപ ഞാൻ തരുന്ന അക്കൗണ്ട്ലേക്ക് നീ ഇടണം.. ഇന്നൊരു ദിവസത്തെ സമയം നിനക്കുണ്ട്.. നാളെ ഞാൻ വിളിക്കും.. അതിനുള്ളിൽ ക്യാഷ് ഇട്ടില്ലെങ്കിൽ നിന്റെ ഭർത്താവിന്റെ ഇൻബോക്സിൽ ഈ ഫോട്ടോസ് എത്തും.. ഇതിലും ചൂടേറിയതും എത്താൻ സാധ്യത ഉണ്ട്….”

“ഞാൻ എവിടുന്നാ ഇത്രയും പൈസ? എന്റെ കൈയിൽ പൈസ ഒന്നുല്ല… പൈസ യുടെ ഒരു കാര്യവും എനിക്കറിയില്ല., ഒക്കെ നോക്കുന്നത് അഭി ആണ്…. എനിക്ക് അറിയില്ല.. ഒന്നും!”

തേങ്ങി കരഞ്ഞു കൊണ്ട് ദയ അവളുടെ നിസ്സഹായാവസ്ഥ അവന് മുൻപിൽ പറഞ്ഞു…

“ശരി… നീ പൈസ തരണ്ട.. ഞാൻ പറയുന്നിടത്തു വന്നാൽ മതി… പൈസ ഉണ്ടാക്കേണ്ട വഴി എനിക്ക് അറിയാം… ഞെട്ടലോടെ താൻ അകപ്പെട്ടിരിക്കുന്ന കുഴിയുടെ വ്യാപ്തി അവളറിഞ്ഞു… അതുവരെ ഉണ്ടായിരുന്ന ഒറ്റപ്പെടലും, സങ്കടവും, സ്നേഹത്തിനായുള്ള ദാഹവും ഒക്കെ മാറി പകരം തന്റെ കുഞ്ഞിനും ആദിക്കും ഒപ്പം ജീവിക്കാൻ കൊതിച്ചു കൊണ്ട് ഒരു മനസ് അവളിൽ ഉടലെടുത്തു അതവളെ ഒരു പൊട്ടികരച്ചിലിന്റെ വക്കിൽ കൊണ്ടെത്തിച്ചു…

“നീ കരഞ്ഞു കാണിച്ചിട്ടൊന്നും ഒരു കാര്യോമില്ല, ഞാൻ വന്നു രണ്ട് മധുര വാക്ക്‌ പറഞ്ഞപ്പോൾ സ്വന്തം അമ്മയെ പോലും വേണ്ടെന്നു വച്ചു അനാഥ ആയ നിന്നെ ജീവിതത്തിലേക്ക് കൂട്ടിയ ഭർത്താവിനെ മറന്നവൾ അല്ലേ നീ.. ആ നിനക്ക് എന്തിനുള്ള യോഗ്യത ഉണ്ട്?” ആ ചോദ്യത്തിന് മുന്നിൽ ഉത്തരം പറയാനാകാതെ ദയ സ്വയം തിരിച്ചറിയുക ആയിരുന്നു താൻ ചെയ്ത തെറ്റിന്റെ ആഴം!ചതിയുടെ പത്തി നീട്ടി താൻ ആഞ്ഞു കൊത്തിയത് ഒരു ജന്മം തനിക്കായ് സമ്മാനിച്ചു ജീവിതം നെയ്തു പോറ്റിയവനെ ആയിരുന്നു… അഭിയുടെ ഓർമയിൽ അവൾ നീറിപിടഞ്ഞു..

“അപ്പൊ എല്ലാം പറഞ്ഞത് പോലെ നാളെ ഞാൻ വിളിക്കും.. അപ്പൊൾ തീരുമാനം പറയണം, ക്യാഷ് ആണെങ്കിൽ അങ്ങനെ.. അല്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞത് പോലെ ഞാൻ പറയുന്നിടത്ത് വന്നാൽ മതി.. അപ്പൊ ശരി….”

അയാൾ സംസാരം അവസാനിപ്പിച്ചു ഫോൺ വയ്ച്ചത് പോലും അറിയാതെ ദയ ആ ഫോണും പിടിച്ച് ഏറെ നേരം നിന്നു!

വളരെ വൈകിയാണ് അഭി അന്ന് വീട്ടിൽ എത്തിയത്കാ ളിങ് ബെൽ അടിച്ചു ഏറെ നേരം കാത്തു നിന്നിട്ടും ദയ വാതിൽ തുറക്കാത്തത്‌ കൊണ്ട് വാതിലിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചപ്പോഴാണ് അത് പൂട്ടിയിട്ടില്ല എന്നയാൾക്ക് മനസിലായത്.. വാതിൽ തുറന്നു അഭി അകത്തേക്ക് കയറി… കിടപ്പു മുറിയിൽ കുഞ്ഞിനൊപ്പം ചരിഞ്ഞു കിടന്ന് ഉറങ്ങുന്ന ദയയെ നോക്കി അഭി ഏറെ നിന്നു… പതിയെ അവളുടെ തലയിൽ തലോടി നെറുകയിൽ ഉമ്മ വച്ചു പിന്തിരി യുമ്പോഴാണ് അടക്കി പിടിച്ച കരച്ചിലിന്റെ ചീളുകൾ പുറത്തേക്കു ഒഴുകും പോലെ ദയ അയാളുടെ കൈകൾ ചേർത്ത് പിടിച്ച് കരഞ്ഞത്.. പതിയെ അതൊരു പൊട്ടികരച്ചിലായി അയാളുടെ കൈകളിലൂടെ ഊർന്നു അവൾ ആ കാൽക്ക ലേക്ക് ഇരുന്നു…

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഒരു നിമിഷം പകച്ചു നിന്ന അഭി ദയയെ പിടിച്ചുയർത്തി തന്റെ നെഞ്ചോട് ചേർത്തു…

“എന്താ പറ്റിയെ? പറ… എന്തിനാ നീ ഇങ്ങനെ കരയുന്നത്.. നോക്ക് മോളുണർന്നു കരയുന്നത് കണ്ടോ… കരച്ചിൽ മതിയാക്കി കാര്യം പറയ് ദയാ…” കരച്ചിലിന്റെ ശബ്ദത്തിനൊപ്പം വിറയാർന്ന സ്വരത്തിൽ അവൾ ഓരോന്നായി പറഞ്ഞു തുടങ്ങി… ആ ശപിക്കപ്പെട്ട ദിവസം..ഒരു മെസ്സേജ്ലൂടെ വിഷ്ണു തന്റെ ജീവിതത്തിൽ വന്നത് മുതൽ അവന്റെ ഇന്നത്തെ ഭീഷണി വരെ….മിഴിഞ്ഞ കണ്ണുകളോടെ കൊട്ടിയടച്ച കാതുകളോടെ കേട്ടിരിക്കാനേ അഭിക്ക് കഴിഞ്ഞുള്ളു…

“ദയ തന്റെ സ്ഥാനത്തു മറ്റൊരാളെ മനസ്സിൽ സങ്കൽപ്പിച്ചു എന്നോ? അവൾക്കും കുഞ്ഞിനും വേണ്ടി ആയിരുന്നില്ലേ രാവ് പകലാക്കി താൻ ഓടി നടന്നത്!വിശ്വസിക്കാനാകാതെ അയാൾ തല ഇരു വശത്തേക്കും ചലിപ്പിച്ചു…

തന്നെ ചേർത്തു പിടിച്ചിരുന്ന കൈകളുടെ ശക്തി കുറയുന്നത് അറിഞ്ഞ ദയ കണ്ണീരോടെ അവന്റെ മുഖത്തേക് നോക്കി…

“മരിക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്.. പക്ഷെ എനിക്ക് കഴിയുന്നില്ല.. അഭിക്ക് എന്നോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല എന്നെനിക്ക് അറിയാം.. എന്നെ കൂടെ കൂട്ടിയിടത്ത് തന്നെ ഉപേക്ഷിച്ചോളു.. നമ്മുടെ മോളെ കൈ വിടാതിരുന്നാൽ മതി…”

തൊഴുകയ്യോടെ തന്നെ നോക്കി നിൽക്കുന്ന ദയയെ ആദ്യം കാണും പോലെ അഭി നോക്കി… ശേഷം തല താഴ്ത്തി മുറിയിൽ നിന്നിറങ്ങി പുറത്തേക്കു പോയി… ഇനി യെന്ത് എന്നറിയാതെ..പതറി പതറി അങ്ങിങ് നോക്കി കൊണ്ട് തന്റെ കുഞ്ഞിനെയും ചേർത്ത് പിടിച്ച് ദയ നിന്നു.. അടുത്ത ദിവസം എന്തോ ആലോചിച്ചു ഉറപ്പിച്ചിട്ടെന്ന പോലെ അഭി ഇട്ടു കൊടുത്ത ആഭരണങ്ങൾ ഒന്നൊന്നായി മേശമേൽ അഴിച്ചു വച്ചു… നിറകണ്ണുകളോടെ താലിയിൽ പിടിച്ചു കുറച്ച് നേരം ആലോചിച്ചു നിന്നു.. അത് അഴിച്ചെടുക്കാൻ ശ്രമിക്കവേ അവളുടെ ഫോൺ അടിക്കാൻ തുടങ്ങി… ഡിസ്പ്ലേയിൽ തെളിഞ്ഞത് വിഷ്ണുവിന്റെ നമ്പർ ആയിരുന്നു… എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അവൾ പകച്ചു നിന്നു.. ശേഷം ആൻസർ ബട്ടൺ ഓൺ ആക്കി കാതുകളിലേക്ക് വച്ചതും ഒരു കൈ വന്നു അത് പിടിച്ചെടുത്തു… തന്റെ ചെവിയിലേക്ക് ഫോൺ വച്ചതിനു ശേഷം മറു വശത്തെ വാക്കുകൾക്ക് കാതോർക്കുന്ന അഭിയെ നോക്കി ദയ നിന്നു..

“ഹലോ.. ദയാ! എന്ത് തീരുമാനിച്ചു? പൈസ ഇന്ന് എപ്പോ അക്കൗണ്ട്ൽ ഇടും?അതോ ഞാൻ പറയുന്നിടത്ത് വരുമോ? നീയെന്താ ഒന്നും മിണ്ടാത്തത്? നിന്റെ ഭർത്താവിന്റെ ഇൻബോക്സിൽ എത്തണോ നിന്റെ ഈ ചൂടുള്ള ചിത്രങ്ങൾ?”

“അയക്കെടാ, എന്റെ ഇൻബോക്സിൽ മാത്രം ആക്കണ്ട.. ഞാൻ ഞങ്ങളുടെ ബന്ധുക്കളുടെയും, കൂട്ടുകാരും ഒക്കെ ഉള്ള ഗ്രൂപ്പ്‌ന്റെ ലിങ്ക് അയച്ചു തരാം നീ അതിലേക്കു ഇട്ടോ.. പോരാത്തതിന് ബാക്കി ഉളളത് തെരുവിൽ പോസ്റ്റർ അടിച്ചു ഒട്ടിച്ചോ… ഇവിടെ ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല.. പക്ഷെ ഒളിച്ചിരുന്ന് ഈ കളി കളിക്കുന്ന നിനക്ക് സംഭവിക്കും കേട്ടോടാ.. തുടർന്നുള്ള അഭിയുടെ തെ റി വിളികൾക്ക് ഉത്തരമില്ലാതെ മറു വശത്ത് കാൾ കട്ട്‌ ആയി….

നിറ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന ദയയുടെ അരികിലെത്തി അഭി അവളെ നോക്കി നിന്നു.. ഒരു നിമിഷം! അവളുടെ കവിളിൽ വീണ അടിയുടെ വേദന ദയ അറിയും മുൻപേ അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു, അവളുടെ താടിയിൽ പിടിച്ചുയർത്തി ആ കണ്ണുകളിൽ ചുംബിച്ചു കൊണ്ടവൻ അവളോട്‌ ചോദിച്ചു..

“എന്നാലും എന്തിന് വേണ്ടി ആയിരുന്നു നീ നമ്മുടെ ഈ സ്വർഗം മറന്നു പോയത്?” ഞാൻ നൽകാതെ പോയ എന്താണ് നീ അവനെ പോലെ ഒരു ഫ്രോഡിൽ കണ്ടത്?

അതിനുള്ള ഉത്തരമെന്നോണം മറ്റൊരു ഇൻബോക്സിൽ ചാറ്റ് നടക്കുന്നു ണ്ടായിരുന്നു.. “ഇത്രയും നന്നായി പാടുന്ന ഒത്തിരി കഴിവുകൾ ഉള്ള തന്നെ തന്റെ ഭർത്താവ് ശ്രദ്ധിക്കാറില്ലന്നോ.. കഷ്ടം തന്നെ”..

അത് കേട്ട് സ്നേഹവും കരുതലും കൊതിക്കുന്ന മറ്റൊരു പെണ്മനസ് അവനി ലേക്ക് ചായുന്നുണ്ടായിരുന്നു…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *