ഒറ്റപ്പെട്ടുപോയ ഒരു പാവടക്കാരിക്ക് മുൻപിൽ ആട്ടിൻതോലണിഞ്ഞു വന്നുകയറിയ……

Story written by Saran Prakash

അന്നും ആ രാത്രിയിൽ, അകലെ മലമുകളിൽനിന്നും ജീവനുവേണ്ടി പിടയുന്ന കാട്ടുമുയലിന്റെ കരച്ചിലുയർന്നു…

ഉമ്മറപ്പടിയിൽ കുഞ്ഞൂട്ടന്റെ കണ്ണുകളിൽ ഭയമേറി… കയ്യിലേന്തിയ പുസ്തകവുമായവൻ അകത്തളത്തിലേറി കതകടച്ചു…

മുറത്തിൽ ഞാൻ നുള്ളിയിട്ടുകൊണ്ടിരുന്ന ഉണക്ക പയറുകൾ പോലും ആ നിമിഷം വെളുക്കനെ പുഞ്ചിരിച്ചു…

”വയറ് വിശന്ന ചെന്നായ് കൂട്ടങ്ങളായിരിക്കാം….!!”

ഞാനവനെ ആശ്വസിപ്പിച്ചു…

”വയറ് വിശക്കുമ്പോ നമ്മളാരേം വേദനിപ്പിക്കാറില്ലലോ…!!!”

ആ കുഞ്ഞുകണ്ണുകൾ സംശയത്തോടെ മിഴിച്ചു… കാതുകളപ്പോഴും അകലെ പ്രാണനുവേണ്ടി പിടയുന്ന ആ കരച്ചിലിലേക്കായിരുന്നു…

”അവിടെ പോലീസില്ലേ…??”

കുഞ്ഞിക്കണ്ണുകളിൽ വീണ്ടും സംശയമേറി…

അയലത്തെ ശാന്തേച്ചിയെ കള്ളുമോന്തിയെത്തി കുമാരേട്ടൻ ദ്രോഹിക്കുമ്പോഴൊക്കെയും പാഞ്ഞെത്തുന്ന പോലീസിനെ ഭയക്കുന്ന കുമാരേട്ടന്റെ കണ്ണുകൾ അവൻ വീക്ഷിച്ചിരിക്കാം….

അളവിൽ കവിഞ്ഞ നിഷ്കളങ്കതയും ചിലപ്പോഴൊക്കെ ചിരിയുളവാക്കും… എന്റെ ചുണ്ടിലുള്ളതുപോലെ…

ഞാൻ ചിരിച്ചു… മതിവരുവോളം…

”അത് കാടാണ്… തമ്മിലടിച്ചു ചോരകുടിക്കുന്നവരുടെയിടം… വിശപ്പാണവരുടെ ഒരേയൊരു നിയമം..!!”

ഞാൻ എഴുന്നേറ്റു… അടുപ്പിൽ അരി തിളച്ചു മറിഞ്ഞുകൊണ്ടിരുന്നു…

ദിവസത്തിൽ ഒരുനേരം മാത്രം പുകയുന്ന അടുപ്പിലേക്ക് നോക്കി ആ കുഞ്ഞിക്കണ്ണുകൾ നെടുവീർപ്പിട്ടു… തിരിച്ചറിവിന്റെ…

വിശപ്പിനേക്കാൾ വലുതായി മറ്റെന്തുണ്ട്..!!!

അകലങ്ങളിൽ ചെന്നായ്‌കൂട്ടങ്ങൾ ഓരിയിട്ടു.. വിശപ്പണഞ്ഞവന്റെ ആത്മനിർവൃതിയോടെ …!!!

”ആ കാട്ടുമുയലിനേം കാത്തിരിക്കുന്ന ഒരമ്മയുണ്ടാകില്ലേ..??”

അരികിലിരുത്തി കഞ്ഞി നൽകുമ്പോഴും ആ കുഞ്ഞിക്കണ്ണുകളിൽ സഹതാപം നിറഞ്ഞുതുളുമ്പിയിരുന്നു…

മറുപടി നല്കാൻ മാത്രം അറിവെനിക്കില്ലെന്ന ബോധ്യത്തിലാകാം തലതാഴ്ത്തി അവൻ കഞ്ഞി മോന്തി കുടിച്ചു…

നിലത്തെ പായയിൽ ചുരുണ്ടുകൂടി കിടക്കുമ്പോൾ ഞാനവനെ ചേർത്തുപിടിച്ചു…

അന്ന് ഞാനവന്റെ കാതിലൊരു മുത്തശ്ശി കഥയോതി…

തന്റെ പൊന്നോമനകളെ സുരക്ഷിതമാക്കാൻ, വിശന്നിരിക്കുന്ന ചെന്നായ്ക്കൾക്ക് ഇരയാകാൻ തുനിഞ്ഞിറങ്ങുന്ന അമ്മ മുയലുകളെ പറ്റി…

കടിച്ചുകീറുന്ന വേദനയിലും, സുഖമായുറങ്ങുന്ന കുഞ്ഞുങ്ങളെ ഓർത്തവർ ആത്മനിർവൃതിയടയുന്നതിനെപ്പറ്റി…

അവന്റെ കുഞ്ഞികൈകൾ എന്നെ ചേർത്തുപിടിച്ചു…

കഥയോടൊപ്പം ആ കുഞ്ഞിക്കണ്ണുകൾ ഉറക്കത്തിലേക്കാഴ്ന്നു…

അടുക്കളയോരം ചേർന്ന ചായ്പ്പിനു പുറത്തുനിന്നും പതിവുപോലെ കാല്പെരുമാറ്റമുയർന്നു…

വാതിൽ മെല്ലെ തുറക്കുമ്പോൾ, മുൻപിൽ കടിച്ചുകീറാൻ വെമ്പുന്ന കണ്ണുകളോടെ വിശപ്പേറിയ ഒരു ചെന്നായ…!!!

പണ്ട്, ഒറ്റപ്പെട്ടുപോയ ഒരു പാവടക്കാരിക്ക് മുൻപിൽ ആട്ടിൻതോലണിഞ്ഞു വന്നുകയറിയ ചെന്നായ്ക്കളെ ഞാൻ വെറുതെ ഓർത്തു…

അതിൽ ബന്ധങ്ങളുണ്ടായിരുന്നു… സൗഹൃദങ്ങളുണ്ടായിരുന്നു… അയൽപക്കമുണ്ടായിരുന്നു… എന്തിനേറെ നിയമം കാക്കുന്ന കാക്കിധാരികളുണ്ടായിരുന്നു…

അന്നും ഇന്നും വിശപ്പേറുമ്പോൾ അവറ്റകൾക്കെല്ലാം ഒരേ മുഖമാണ്…!!!

ചായ്പ്പിലെ ഒഴിഞ്ഞ മല്ലികുപ്പിയിലേക്ക് അയാൾ നോട്ടുകൾ തിരുകി.. നാളെ അടുപ്പ് പുകയാനുള്ളത്….!! കുഞ്ഞൂട്ടന്റെ വയർ ഒരുനേരമെങ്കിലും നിറക്കാനുള്ളത്….!!

തണുത്തുറഞ്ഞ ആ നിലത്ത് ഞാൻ പതിയെ കിടന്നു… ചെന്നായകൾക്ക് മുൻപിൽ ഇരയായി മാറുന്ന അമ്മമുയലുകളെ പോലെ…!!!

അന്നൊരിക്കൽ കൈക്കുഞ്ഞുമായി കടത്തിണ്ണയിൽ ചുരുണ്ടുകൂടിയപ്പോൾ, അലിവ് തോന്നി വിശപ്പടക്കാൻ മോഷ്ടിച്ചതിന്റെ പാതി പകുത്തു നൽകി കള്ളൻ ദാമോരേട്ടൻ മൊഴിഞ്ഞത് കാതിൽ മുഴങ്ങി…

“ഞങ്ങൾ കള്ളന്മാർ എത്രയേറെ നന്നാവാൻ തീരുമാനിച്ചാലും ഈ നാട് സമ്മതിക്കില്ല…!!! അവർ ഞങ്ങളെ വീണ്ടും വീണ്ടും കള്ളനാക്കികൊണ്ടേയിരിക്കും…”

പുഞ്ചിരിച്ചുകൊണ്ടാണെങ്കിലും, ആ ഉള്ളം വിങ്ങുന്നത് ഞാനറിഞ്ഞിരുന്നു…

”ആ കാഴ്ചപ്പാട് തന്നെയാണ് സമൂഹത്തിനെന്നും പിഴച്ചുപെറ്റവളോടും…!!”

മുഖം നോക്കാതെ അയാൾ നടന്നകന്നു…. ഒരുപക്ഷേ ചുട്ടുപൊള്ളിക്കുന്ന ആ വാക്കുകളിൽ നീറുന്ന എന്റെ കണ്ണുകളിലേക്ക് നോക്കാനുള്ള ത്രാണിയില്ലാത്തതുകൊണ്ടാകാം…

ആദ്യമായും അവസാനമായും ഞാനൊരു മനുഷ്യനെ കണ്ട നിമിഷം…!!

അകലങ്ങളിൽ വീണ്ടുമൊരു കാട്ടുമുയലിന്റെ കരച്ചിലുയർന്നു…

അകത്തളങ്ങളിൽ ഉറക്കത്തിനിടെ ആ കുഞ്ഞുശബ്ദം ഉയർന്നുകേട്ടു….

”കാടുകേറിച്ചെന്നാ ചെന്നായ് കൂട്ടങ്ങളെ കൊന്നടുക്കണം… അമ്മമുയലുകൾക്കിനിയുമവിടെ ജീവിക്കണം…!!”

പൊള്ളുന്ന നോവിലും ചോ ര പൊടിഞ്ഞ എന്റെ ചുണ്ടിലൊരു പുഞ്ചിരിവിടർന്നു… ആത്മനിർവൃതിയുടെ…!!

വഴിയോരത്ത് പെണ്ണുങ്ങൾ കാർക്കിച്ചുതുപ്പിയത് ഓർത്തെടുത്തു…

ഒരിക്കൽ നിന്റെ മകനും നിന്നെ തള്ളി പറയുമെന്ന്….!!!

വേട്ടയാടുംകാലംവരെ ഞാനടക്കമുള്ള ഇരകൾ അവനിനി അമ്മമുയലുകളായിരിക്കും….!!

ഇരുളിന്റെ മറവും, ഒറ്റപ്പെടലുകളും അവസരമായി കാണാതെ… അവന്റെ കൈകൾ അവർക്കായ് തണലൊരുക്കും…!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *