കല്യാണത്തിന് മുന്നേ കെട്ടിപ്പിടിച്ചും, ഉമ്മ കൊടുത്തുമൊക്കെ ഫോട്ടോടുത്ത്‌ ഫേസൂക്കിലും…..

Story written by Irshad KT

“എടീ നീയറിഞ്ഞോ. തെക്കേലെ രമയുടെ മോളില്ലേ?ആ ജ്യോതി… അവളെ കെട്ട്യോൻ കാര്യം തീർത്തു .” കുളിക്കടവിൽ അലക്കിക്കൊണ്ടിരിക്കുന്ന ധാക്ഷായണി അത് കേട്ടതും തലയുയർത്തി നോക്കി.

അലക്കാനുള്ള വസ്ത്രങ്ങളെല്ലാം പാറക്കല്ലിൽ അതേ പടി വെച്ച് സൈനബയുടെ അടുത്തേക്ക് ജാനു നീങ്ങിയിരുന്നു.

“എനിക്കപ്പഴേ തോന്നിയതാ. അവരുടെ ഒരു പ്രേമവും, ചുറ്റിനടപ്പും, ഫോട്ടോ യെടുപ്പും എന്തൊക്കെയായിരുന്നു.. എന്നിട്ടിപ്പോ ന്തായി?”

ജാനുവിന്റെ സംസാരത്തിന് പക്ഷെ മറുപടി പറഞ്ഞത് ധാക്ഷായണിയായിരുന്നു.

“അവളുടെ തള്ളേനെ പറഞ്ഞാൽ മതീലോ. പെൺകുട്ട്യോളെ ഇങ്ങനെ അ ഴിഞ്ഞാടാൻ വിട്ടാൽ അവസാനം ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരും. കല്യാണം കഴിഞ്ഞു ആകെ മൂന്നര വർഷമല്ലേയായുള്ളു. ഒരു കൊച്ചുമുണ്ട്. അനുഭവിക്കുമ്പോൾ പഠിച്ചോളും “

വാർത്ത കുളിക്കടവിൽ ആദ്യമെത്തിച്ച സൈനബ അഭിമാനത്തോടെ തലയുയർത്തി നിന്നു.

“കല്യാണത്തിന് മുന്നേ കെട്ടിപ്പിടിച്ചും, ഉമ്മ കൊടുത്തുമൊക്കെ ഫോട്ടോടുത്ത്‌ ഫേസൂക്കിലും വാട്സ്അപ്പിലും ഇട്ട ആൾക്കാരല്ലേ. അന്നേ ഞാൻ പറഞ്ഞതാ.ഓരോരോ പുത്തൻ പരിഷ്കാരങ്ങള്. ചോയ്ച്ചപ്പോ പറയാ . സേവ് ദി ഡേറ്റാണത്രേ .”

കുളിക്കടവിൽ നിന്ന് വാർത്ത കവലയിലെത്താൻ അധികം സമയമെടുത്തില്ല. നിമിഷ നേരം കൊണ്ട് നാടാകെ വാർത്ത പരന്നു.

ഞാനാണ് ആദ്യമറിഞ്ഞത് എന്ന ധാരണയിൽ ചായക്കടയിൽ ഓടിയെത്തിയ വിനു കടയിൽ ചർച്ച ചെയ്യുന്നത് ഈ കാര്യമാണെന്നറിഞ്ഞതും നിരാശയോടെ പലകപ്പടിയിലിരുന്നു.

“ന്നാലും ന്താപ്പോ ആ കുട്ട്യോൾക്ക് പറ്റിറ്റ്ണ്ടാവാ? ന്നലെ വരെ അടിച്ചുപൊളിച്ചു നടന്നോരാ.”

മത്തായിച്ചേട്ടന്റെ ചോദ്യത്തിന് കിട്ടിയ അവസരം മുതലെടുത്തു അഭിപ്രായം പറയാൻ വിനു മറന്നില്ല.

“അവൾ പോ ക്ക് കേസാണ് മത്തായിച്ചേട്ടാ. ഇന്നലെ രാത്രി ആരോ ഒരാൾ അവരുടെ മതില് ചാടിക്കടക്കുന്നത് ഞാൻ കണ്ടതാ.കയ്യോടെ പിടിച്ചിട്ടുണ്ടാവും .കിഷോറല്ലേ അവളുടെ കെട്ട്യോൻ. അവൻ ആൺകുട്ടിയാ.”

പറഞ്ഞു തീർന്നതും വിനു ഇടം കണ്ണിട്ട് എല്ലാവരെയും ഒന്ന് നോക്കി. ഏറ്റിട്ടുണ്ട്. തല്ക്കാലം വാർത്ത ആദ്യം ചായക്കടയിലെത്തിച്ച ബഹുമതി കിട്ടാത്തതിന്റെ നിരാശ മാറിക്കിട്ടി.

“ഓ. അതാണല്ലേ കാരണം. ഇതിനെയൊക്കെ വെച്ചോണ്ടിരിക്കാതെ ഒഴിവാക്കുന്നതെന്നാ നല്ലത്. “

ചിലർ അടക്കം പറഞ്ഞു.

“അല്ല വാസൂട്ടാ.നമുക്കൊന്ന് അവിടം വരെ ഒന്ന് പോയി നോക്ക്യാലോ. പിള്ളേരെ ഒന്ന് പറഞ്ഞു ഉപദേശിച്ചാ ചെലപ്പോ ശരിയാകുമായിരിക്കും “

പഞ്ചായത്ത്‌ മെമ്പർ വാസൂട്ടനെ നോക്കി മത്തായിച്ചേട്ടൻ ചോദിച്ചു.

വാസൂട്ടൻ ഉടനെ കയ്യിലുള്ള ഡയറി കക്ഷത്തിൽ തിരുകി മെല്ലെ എഴുന്നേറ്റു.

“എങ്കിൽ വാ. പഞ്ചായത്ത്‌ മെമ്പറായിപ്പോയില്ലേ ഇടപെടാതിരിക്കാൻ പറ്റില്ലല്ലോ.”

അങ്ങനെ പഞ്ചായത്ത്‌ മെമ്പർ വാസൂട്ടന്റെ നേതൃത്വത്തിൽ എല്ലാവരും കൂടി കിഷോറിന്റെ വീട്ടിലേക്ക് വെച്ച് പിടിപ്പിച്ചു.

വീടിന്റെ ഉമ്മറത്തു തന്നെ പത്രം വായിച്ചു കൊണ്ട് കിഷോർ ഇരിക്കുന്നുണ്ട്. ഗേറ്റ് കടന്നു വരുന്ന മെമ്പർ വാസൂട്ടനേയും സംഘത്തെയും കണ്ടതോടെ ചെറിയൊരു പരിഭ്രമത്തോടെ കിഷോർ തലയുയർത്തി നോക്കി.

“എന്ത് പറ്റി മെമ്പറെ? “

എന്ന് ചോദിച്ചതും മെമ്പർ കിഷോറിനെതിർവശത്തു വന്നിരുന്നു സംസാരം തുടങ്ങി. സകല വേദങ്ങളിലെയും ഭാര്യാ ഭർതൃ ബന്ധത്തിന്റെ പവിത്രതയെ കുറിച്ച് പറയുന്ന ശ്ലോകങ്ങളും അതിന്റെ വിശദീകരണങ്ങളുമായി അര മണിക്കൂർ ഉജ്ജ്വല പ്രസംഗം കാഴ്ച്ച വെച്ച മെമ്പർ അവസാനം തൊണ്ട വരണ്ട് ഒരു കപ്പ്‌ വെള്ളം ചോദിച്ചു.

ഒന്നും മനസിലാവാതെ കിഷോർ അകത്തേക്ക് നോക്കിയിട്ട് ഉറക്കെപ്പറഞ്ഞു.

“എടീ. ജ്യോത്യേ. ഞമ്മടെ മെമ്പർക്ക് ഒരു ഗ്ലാസ്‌ വെള്ളമെടുത്തേ “

കയ്യിലൊരു ഗ്ലാസ്‌ വെള്ളവുമായി വരുന്ന ജ്യോതിയെ കണ്ട മെമ്പർ വാസൂട്ടനും മത്തായിച്ചേട്ടനും ബാക്കിയുള്ളവരും അന്തം വിട്ട് കുന്തം പോയ പോലെ ഒരേ നിൽപ്പാണ്. കുറച്ചു നേരം തൽസ്ഥിതി ആവർത്തിച്ചു.ജ്യോതിയെ കണ്ട പാടെ അവിഹിത കഥയുണ്ടാക്കിയ വിനു അപ്രത്യക്ഷനായി.

സംഭവിച്ചതൊന്നും മനസ്സിലാവാതെ കിഷോർ എല്ലാവരെയും മാറി മാറി നോക്കി..മെമ്പർ ദാമ്പത്യ ജീവിതത്തെ കുറിച്ച് തന്നോട് പറയാനും, തന്റെ ഭാര്യ ജ്യോതിയെ കണ്ടപ്പോൾ ഞെട്ടാനുമുള്ള കാരണമെന്തായിരിക്കും????കിഷോർ ആലോചിച്ചു തലപ്പുകച്ചു.

വെള്ളം ഒറ്റ വലിക്ക് കുടിച്ചു തീർത്ത മെമ്പർ വാസൂട്ടന്റെ കയ്യിൽ നിന്ന് ഗ്ലാസ്‌ വാങ്ങി അടുക്കളയിലേക്ക് പോകുന്നതിനിടയിൽ ഫോണെടുത്ത് ഫേസ്ബുക് തുറന്നു നോക്കിയ ജ്യോതിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി.നോട്ടിഫിക്കേഷൻ വന്നു കൊണ്ടേയിരിക്കുന്നു. സന്തോഷം കൊണ്ട് ജ്യോതി തുള്ളിച്ചാടി.

രാവിലെ ഫേസ്ബുക് തുറന്നപ്പോൾ ഇന്നത്തെ ട്രെൻഡ് സിംഗിൾ പാരന്റ് ചാലഞ്ചാണെന്നറിഞ്ഞതും മറ്റൊന്നും നോക്കിയില്ല. കഴിഞ്ഞയാഴ്ച്ച വാങ്ങിയ പുതിയ സാരിയുടുത്തു കൊച്ചിന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന ഒരു കിടിലൻ ഫോട്ടോ കിഷോറിനെക്കൊണ്ട് എടുപ്പിച്ചു എഡിറ്റ് ചെയ്തു നേരെ സിംഗിൾ പേരെന്റ് ചലഞ്ച് ഹാഷ് ടാഗും വെച്ച് ഒരൊറ്റ പോസ്റ്റ്‌.

ഗ്രൂപ്പിലെ പ്രധാന നിരീക്ഷകൻ ഫോട്ടോ കണ്ടയുടനെ ചാടിക്കയറി പ്രൊഫൈലിലോട്ട് ഒന്നെത്തി നോക്കി..

“ടാ മോനെ… അത് ലോക്കാ… ഇങ്ങ് പോര് “

നിരീക്ഷകൻ നിരാശയോടെ അടുത്ത പോസ്റ്റിലേക്ക്..

ജ്യോതിയുടെ ഫോണിൽ നോട്ടിഫിക്കേഷന്റെ ബഹളം.ലൈകsingleparentchalleng്ടിരിക്കുന്നു. 20 k കടന്നിരിക്കുന്നു. മിക്കവാറും ഈ ചലഞ്ചിൽ ഞാൻ 50 k അടിക്കും.രാവിലെ നാളെയിനി ഏത് ചലഞ്ചാണാവോ? അതുമാലോചിച്ചു അടുക്കളയിലേക്ക് പോയതും കിഷോറിന്റെ ഉച്ചത്തിലുള്ള വിളി കേട്ട് ഞെട്ടിയ ജ്യോതി തലയുയർത്തി നോക്കി.

മെമ്പറും സംഘവും പോയയുടനെ ഫേസ്ബുക് തുറന്നു നോക്കിയപ്പോഴാണ് കിഷോർ രാവിലെ ജ്യോതിയിട്ട സിംഗിൾ പേരെന്റ് ചാലഞ്ച് ഹാഷ്ടാഗ് വെച്ച പോസ്റ്റ്‌ കാണുന്നത്.

അത് കണ്ടതും ദേഷ്യത്തോടെ കിഷോർ അടുക്കളയിലേക്കോടി.ഫോണിൽ ജ്യോതിയുടെ പോസ്റ്റ്‌ കാണിച്ചു കൊണ്ട് ചോദിച്ചു.

“ടീ നീയെന്ത് പണിയാണീ കാണിച്ചത്?.ഈ സിംഗിൾ പേരെന്റ് ചലഞ്ച് എന്താണെന്ന് നിനക്കറിയോ?!

“അറിയാം. പേരെന്റ്സിൽ ഒരാൾ മാത്രം കുട്ടിയുടെ കൂടെ നിന്ന് ഫോട്ടോയെടുക്കുന്ന ചലഞ്ചല്ലേ ?. അതിനെന്തിനാ ഇത്രക്ക് ദേഷ്യം “

ജ്യോതിയുടെ മറുപടി കേട്ടതും കിഷോറുടനെ പറഞ്ഞു .

“അപ്പൊ അറിയാം ല്ലേ. ഞാനിന്നിടാൻ വെച്ച ചലഞ്ചായിരുന്നു. എല്ലാം നശിപ്പിച്ചില്ലേ. ഇനിയെങ്ങാനും എന്നോട് ചോദിക്കാതെ ഏതെങ്കിലും ചലഞ്ച് പോസ്റ്റിട്ടാൽ ആ നിമിഷം നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യും. “

പേടിച്ചിരിക്കുന്ന ജ്യോതിയുടെ അടുത്തേക്ക് ചേർന്നു നിന്ന കിഷോർ അവളുടെ ഫോണിലേക്ക് നോക്കി .

“എത്ര ലൈക്കായി?”

“30K”

“വാ നമുക്കിനി വേറെ വല്ല ചലഞ്ചുമുണ്ടോന്നു നോക്കാം “

Related Posts

Leave a Reply

Your email address will not be published. Required fields are marked *