കല്യാണത്തിന് മുൻപ് ദീപാവലിയ്ക്ക് നമ്മുടെ വീട്ടിൽ പടക്കമൊന്നും വാങ്ങിക്കത്തില്ലാരുന്നു.. എനിക്ക് നേരെ മൂത്ത ചെർക്കൻ തീപ്പെട്ടിക്കൂടിന്റെ ……..

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

പേടികൾ പലവിധമുണ്ട്..

അതിലെ ഒന്നാമത്തേത് പടക്കപ്പേടിയാ…

കല്യാണം കഴിഞ്ഞ ശേഷമാണ് ആഘോഷങ്ങളിലൊക്കെ ആത്മാർത്ഥമായി പങ്കെടുത്തിട്ടുള്ളതെന്ന് മുൻപ് നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്നാണ് എന്റെയോർമ്മ..

കല്യാണത്തിന് മുൻപ് ദീപാവലിയ്ക്ക് നമ്മുടെ വീട്ടിൽ പടക്കമൊന്നും വാങ്ങിക്കത്തില്ലാരുന്നു.. എനിക്ക് നേരെ മൂത്ത ചെർക്കൻ തീപ്പെട്ടിക്കൂടിന്റെ സൈഡിൽ കാണുന്ന പേപ്പറിൽ തീപ്പെട്ടിക്കമ്പിലെ മരുന്ന് പൊതിഞ്ഞു വെച്ച് പാറക്കല്ലിൽ വെച്ച് ചെറിയ കല്ല് വെച്ച് ഒറ്റയടിയടിയ്ക്കും.. “ട്ടോ ” ന്ന് കൊച്ചൊരു ശബ്ദം,, അത്രേയുള്ളൂ,, ന്നാലും അത് കേൾക്കുമ്പോ എനിക്ക് പേടിയാരുന്നു.. വൈകുന്നേരം അമ്മ വരുമ്പോ തീപ്പെട്ടി മൊത്തം കല്ലേൽ വെച്ച് പൊട്ടിച്ചതിന് അതിലും വലിയ പടക്കം അമ്മ ലവനിട്ട് പൊട്ടിക്കും.. അതോടെ അത്തവണത്തെ ദീപാവലി കൊടിയിറങ്ങും..

കല്യാണശേഷമുള്ള ആദ്യത്തെ ദീപാവലിയ്ക്ക് എന്റേട്ടൻ ഈൗൗൗഷ്ടം പോലെ പടക്കം വാങ്ങിച്ചോണ്ട് വന്നു.. എന്റെ പടക്കപ്പേടിയെക്കുറിച്ച് ഇവർക്കാർക്കും അറിയത്തുമില്ല.. എല്ലാരും കൂടെ മുറ്റത്തോട്ടിറങ്ങി നിന്ന് പൂത്തിരിയൊക്കെ കത്തിയ്ക്കുവാ.. തീപ്പൊരി ചിതറി തലേലെങ്ങാനും വീണാലോന്ന് എനിക്കാധി..

പൂത്തിരി കത്തിച്ച് തീർന്നതും തറയിലോട്ട് ഒരു സൈസ് പടക്കം വെച്ച് ഇങ്ങേര് തീ കത്തിച്ച്.. അത് കത്തിയതും കറങ്ങിതിരിഞ്ഞ് ഞാൻ നിക്കുന്നിടത്തോട്ട് വരുന്ന്.. ജീവനും കൊണ്ടോടിയ എന്റെ പുറകെ അതും കത്തിച്ച് വിട്ട് വരുവാണെന്ന് തോന്നി.. അന്ന് ഞാനോടിയതിന് കണക്കില്ല..എല്ലാർക്കും അത് തമാശ യാരുന്നെങ്കിലും എനിക്കങ്ങനെയാരുന്നില്ല.. അന്നത്തോടെ പൂത്തിരി ഒഴികെ ബാക്കിയൊരു പടക്കവും ഈ വീട്ടിൽ കൊണ്ടരാൻ ഞാൻ സമ്മതിച്ചിട്ടില്ല..

രണ്ടാമത്തേത് പട്ടിപ്പേടിയാ..

കുഞ്ഞിലേ അയലോക്കക്കാരുടെ വീട്ടിലെ കെട്ടിയിട്ട പട്ടിയുടെ മുന്നിൽ ചെന്ന് നിന്ന് കോക്രി കാണിച്ചപ്പോൾ പട്ടി തൊടലും പൊട്ടിച്ച് ഓടിവന്ന് എന്നെ തള്ളിയിട്ട്.. കു ണ്ടി മുഴുവൻ പല തരത്തിലുള്ള എംബ്രോയ്‌ഡറി വർക്ക് ചെയ്തോണ്ടിരുന്ന പട്ടിയെ ആ വീട്ടുകാർ ഓടിവന്നു അടിച്ചോടിക്കുവാരുന്നു..അതുകൊണ്ട് ഉയിര് തിരിച്ചു കിട്ടി..

കല്യാണം ഉറപ്പിച്ച ശേഷം ഒൻപത് മാസങ്ങൾക്കിപ്പുറമാരുന്നു ഞങ്ങളുടെ കല്യാണം.. ഫോൺ വിളിക്കുമ്പോളൊന്നും ഇവിടെ പ ട്ടിയുണ്ടെന്ന് ഇങ്ങേര് പറഞ്ഞിട്ടില്ല.. അല്ലെങ്കിൽ തന്നെ ആ സമയത്തൊക്കെ പ ട്ടീടെ കാര്യം ആരോർക്കുന്നു,,ആര് ചോയ്ക്കുന്നു,,ഞാനും ഇങ്ങേരും മാത്രവൊള്ളൊരു ലോകം… അങ്ങേരെ കുറ്റം പറയാനൊക്കത്തില്ല…

ഈ വീട്ടിൽ വന്ന് കേറുമ്പോളാ എന്നേക്കാൾ മുട്ടനൊരു പ ട്ടി ഇവിടുള്ള കാര്യം ഞാനറിയുന്നത്.. ദേഹത്തൊന്നും രോമമില്ലാത്ത വാല് മുറിച്ചു കളഞ്ഞ ( അതോ വാലില്ലാത്തതാണോ ) ഒരു വെറുവായ്ക്കല് പിടിച്ച പട്ടി.. പട്ടിയുടെ ഒരു കാലിന് മുടന്തൊണ്ട്..വിളക്കും കൊണ്ട് വലത് കാല്‌ വെച്ച് അകത്തോട്ടു കേറാൻ തുടങ്ങിയ എന്നെ നോക്കി ആ പ ട്ടി അലറുന്ന പോലൊന്ന് കുരച്ചു.. ആ വെപ്രാളത്തിൽ അകത്തേയ്ക്ക് ചാടിക്കേറിയ എനിക്ക് വെയ്ക്കേണ്ട കാല്‌ മാറിപ്പോയി..

വലത് കാലിന് പകരം ഇടത് കാലാരുന്നു ഐശ്വര്യത്തോടെ അകത്തേയ്ക്ക് വെച്ചത്..

കല്യാണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പ ട്ടിയും ഞാനും തമ്മിലുള്ള ബന്ധം അലുവയും മത്തിക്കറിയും പോലെ ചേരാതെ കിടന്നു.. അതിനെന്നെ ദൃഷ്ടിയ്ക്ക് കണ്ടൂടാ..പുല്ലിനെ കുളിപ്പിക്കാനൊക്കെ കൂട്ടിൽ നിന്ന് വെളീലിറക്കുമ്പോ ഞാനങ്ങോട്ട് നോക്കീലെങ്കിലും ചുമ്മാ എന്നെ നോക്കിയങ്ങു കൊരയാ..

കാലിന് മൊടന്തൊണ്ടായിട്ട് ഈ പാട്.. ചൊവ്വേ നേരെ നടക്കാൻ പറ്റുവാരുന്നെങ്കി ഈ പ ട്ടി ആരായേനെ.. ലോകം വെച്ചേക്കത്തില്ലാരുന്നു..

പ ട്ടിക്കൂടിനടുത്താണ് ചാമ്പ മരം നിക്കുന്നത്.. എനിക്കാണെങ്കിൽ ചാമ്പങ്ങയോട് വല്ലാത്ത ആക്രാന്തവും..ഒരൂസം ചാമ്പങ്ങ പറിച്ചോണ്ട് നിക്കുമ്പോ ഈ പന്ന പ ട്ടി കൂടും പൊളിച്ചു വെളിയിൽ ചാടി.. ചാമ്പങ്ങയും കയ്യിൽ പിടിച്ചോണ്ട് ഓടിയ എന്റെ പൊറകെ കൊരച്ചോണ്ട് പ ട്ടിയും..കാല്‌ വയ്യാഞ്ഞോണ്ട് എന്റൊപ്പം ഓടിയെത്താൻ പുള്ളിക്ക് പറ്റുന്നില്ല.. ആ കലിക്ക് എന്തൊക്കെയോ ചീ ത്ത എന്നെ പറയുന്നുണ്ട്..

ഓടിപ്പാഞ്ഞു കനാൽ റോഡിൽ കേറിയപ്പോ അവിടൊരു ഓട്ടോ കിടക്കുന്നു.. പറന്നു ചെന്ന് അതിൽ കേറി.. ഞാൻ നേരെ എന്റെ വീട്ടിൽ പോയി.. ഉച്ചക്ക് അങ്ങേര് വീട്ടിൽ വന്നപ്പോ എന്നെ കാണാഞ്ഞ് ലോകം മൊത്തം അന്വേഷിച്ചു നടന്നു.. ഫോണും വീട്ടിൽ വെച്ച് കതകും തുറന്നിട്ടിട്ട് ഞാനെവിടെപ്പോയെന്ന് പാവം ആധി പിടിച്ചു..ഞാൻ വീട്ടിൽ ചെന്നെന്ന് എന്റെ അണ്ണൻ വിളിച്ചു പറഞ്ഞപ്പോളാ അങ്ങേർക്ക് സമാധാനമായത്..

പ ട്ടിയും ഞാനും കൂടെ ഒരു വീട്ടിൽ പൊറുക്കില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു.. പ ട്ടി വേണോ ഞാൻ വേണോ എന്ന് ചോയ്ച്ചപ്പോ അങ്ങേര് പറയുവാ രണ്ടും വേണോന്ന്.. ഞാൻ അങ്ങേരെ വിളിച്ച് മുറിയിൽ കേറ്റി കതകടച്ച് പ ട്ടിയെക്കൊണ്ടുള്ള പ്രയോജനവും എന്നെക്കൊണ്ടുള്ള പ്രയോജനവും എണ്ണിയെണ്ണി പറഞ്ഞപ്പോ പുള്ളിക്കാരന് പ ട്ടിയെ വേണ്ട എന്നെ മതിയെന്ന് പറഞ്ഞു..

ആ പ ട്ടിയെ കൊച്ചച്ചൻ കൊണ്ടോയി.. ആ പേടി അങ്ങനെ തീർന്നു..

എല്ലാത്തിനും മീതെ നിക്കുന്നത് പാമ്പിനോടുള്ള പേടിയാ..

സ്കൂളിലൊക്കെ പഠിയ്ക്കുമ്പോ ഭയങ്കര പഠിപ്പിയാരുന്നു ഞാൻ.. ( പണ്ട് കൂടെപ്പഠിച്ച പടകളൊന്നും ഫ്രണ്ട് ലിസ്റ്റിൽ കാണല്ലേ തമ്പുരാനേ,, അഥവാ കണ്ടാലും ഈ പോസ്റ്റ്‌ വായിക്കാൻ ഇട വരല്ലേ )..

റോഡിൽ നിന്നും വീട്ടിലോട്ടിറങ്ങാൻ കുറെ പടികൾ കെട്ടിയിട്ടുണ്ട്.. അവിടെ ചെന്നിരുന്ന് പഠിയ്ക്കുന്നതാരുന്നു അക്കാലത്തെ മെയിൻ ഹോബി.. അതാവുമ്പോ റോഡിൽ കൂടെ പോകുന്നവരൊക്കെ നമ്മള് ബുക്കും തുറന്ന് വെച്ചോണ്ടിരിയ്ക്കുന്നത് കാണുവല്ലോ.. പഠിയ്ക്കുന്നുണ്ടോ ഇല്ലിയോന്ന് നമ്മള് മാത്രം അറിഞ്ഞാ മതി..

അങ്ങനെ പഠിച്ചോണ്ടിരിക്കുന്നതിന്റെ ഊക്ക് കൂടിക്കൂടി വന്നപ്പോ കാലിന്റെ കുഞ്ഞ് വിരലിൽ ചെറുതായി ഒരു വേദന.. കുനിഞ്ഞു നോക്കിയതും ഞെട്ടിപ്പോയി..

പാമ്പ്…!!!

ഒറ്റയലർച്ചയിൽ വീട് കിടുങ്ങി… പടിയിൽ കിടന്ന പാമ്പും ഞെട്ടിപ്പോയി.. എല്ലാരും കൂടെ ഓടിവന്നു..എന്നെ പാമ്പ് കടിച്ചെന്ന് പറയുന്ന കേട്ട് അച്ഛൻ താഴത്തെ പടിയിലോട്ട് ടോർച്ചടിച്ചു..താഴോട്ട് ഇഴഞ്ഞിറങ്ങുന്ന പാമ്പിനെ കണ്ടപ്പോ…

“ഓ,, അത്രേം പേടിക്കാനൊന്നുമില്ല.. ഇത് ചുരുട്ടയാ,, വെഷമില്ല…

ഇത്രേം വല്യ പാമ്പ് കടിച്ചിട്ടും അച്ഛൻ എത്ര നിസ്സാരമായിട്ടാ പറഞ്ഞത്..സങ്കടം കൊണ്ടെന്റെ നെഞ്ച് വിങ്ങി..

എന്റെ കാറിക്കൂവൽ കേട്ട് സഹികെട്ട് അന്ന് ആശൂത്രീൽ കൊണ്ടോയി.. ഏതാണ്ടോ ഗുളിക തന്നു..അന്ന് മുതൽ പാമ്പെന്ന് കേട്ടാലേ പേടിയാ..

പത്തിലെ പരീക്ഷ നടക്കുന്ന സമയം ..അമ്മാമ്മച്ചിയും അപ്പച്ചിയുമൊക്കെ വീട്ടിലുണ്ട്..ഞാൻ മുറിയ്ക്കുള്ളിലിരുന്ന് പഠിച്ചോണ്ടിരിക്കുമ്പോ മേൽക്കൂരയിൽ കൂടെ എലി കൂവിക്കൊണ്ട് ഓടുന്നു.. എലി ശല്യം കൂടുതലാരുന്നു വീട്ടിൽ.. എലിയെപ്പിടിയ്ക്കാൻ ചേ ര കേറുന്നത് പതിവും.. വെപ്രാളത്തോടെ മേലോട്ട് നോക്കിയ എന്റെ മേലേയ്ക്ക് എലിയെ പിടിക്കാൻ പോയ ചേ ര തെന്നി വീണു..മുഖത്ത് ഉരസി തോളു വഴി ചേര താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നു.. അമ്മാമ്മച്ചിയും അപ്പച്ചിയും അമ്മയും ഉറക്കെ നിലവിളിച്ചു..

ഞാൻ അനങ്ങിയതേയില്ല.. ചേരയല്ലേ,, പാവം,, ഓരോ ജീവിയെയും ഈശ്വരൻ സൃഷ്ടിച്ചേക്കുന്നത് ഓരോ ഉദ്ദേശത്തിലായിരിക്കുമല്ലോ.. നമ്മൾ ഊദ്രിക്കാതെ ഇതൊന്നും നമ്മളെയും ഊദ്രിക്കത്തില്ല.. എത്ര നേരം വേണേലും തോളിൽ കിടന്നോട്ടെ.. മടുക്കുമ്പോ എറങ്ങി പൊയ്ക്കോളുവല്ലോ..

തോളിൽ വീണ ചേര വെപ്രാളത്തിൽ കസേരയിൽ കൂടെ താഴോട്ട് ഇഴഞ്ഞിറങ്ങി.. വീട്ടുകാരൊക്കെ അന്തംവിട്ട് എന്നെ നോക്കുവാ.. ഞാൻ ആരേം മൈൻഡ് ചെയ്തില്ല..കുറെ നേരം അങ്ങനിരുന്നിട്ട് സോപ്പും തോർത്തുമെടുത്ത് പോയി കുളിച്ചു..അതിൽ പിന്നെ വീട്ടുകാർക്ക് എന്നോട് പ്രത്യേകിച്ചൊരു ബഹുമാനമൊക്കെ വന്നു തുടങ്ങി.. അയലോക്കക്കാരുടെ വീട്ടിൽ ചേര കേറുമ്പോ ഓടിച്ചു വിടാനൊക്കെ എന്നെ വിളിക്കാൻ തുടങ്ങി..

കഴുത്തിൽ ചേര വേണേൽ പിന്നെ അമ്മാമ്മച്ചി മരിക്കുന്ന കാലം വരെ സകലരോടും പറയുന്നൊരു ഡയലോഗുണ്ടാരുന്നു…

“കുരുത്തക്കേടൊക്കെ ഒപ്പിച്ച് അടി മേടിച്ചു കൂട്ടുവെങ്കിലും എന്റെ കുഞ്ഞിനെപ്പോലെ ധൈര്യമുള്ളൊരു പെങ്കൊച്ചിനെ ഈ ഭൂമിയിൽ ഞാൻ വേറെ കണ്ടിട്ടില്ല.. പെരുമ്പാമ്പിന്റത്രേമുള്ള മുട്ടക്കാട്ടൻ ഒരു ചേര വന്നു കഴുത്തിൽ വീണിട്ട് ഒന്ന് പേടിക്ക്യാട്ടെ,, ഒന്ന് കരയുവാട്ടെ ഏഹേ അവള് ചെയ്തില്ല.. അവടെ അപ്പൂപ്പന്റെ ധൈര്യവാ ആ കൊച്ചിന് കിട്ടിയേക്കുന്നെ…

ചേര ദേഹത്ത് വന്ന് വീണപ്പോ ആധി കേറി കയ്യും കാലും സ്തംഭിച്ചു പോയോണ്ടാ ഞാനെണീറ്റ് ഓടാഞ്ഞതെന്നും പേടിച്ച് നാക്കിറങ്ങിപ്പോയോണ്ടാ വിളിച്ചു കൂവാഞ്ഞതെന്നും,, ആ ഇരുപ്പിൽ മൂത്രം പോയതുകൊണ്ടാ ചലനശേഷി തിരിച്ചു കിട്ടിയപ്പോ പെട്ടെന്നെഴുന്നേറ്റ് പോയി കുളിച്ചതെന്നും ഞാൻ പറയാൻ പോയില്ല കേട്ടോ..

അപ്രിയ സത്യങ്ങൾ പറയാതിരിയ്ക്കുന്നതല്ലേ നല്ലത്..

ല്ലേ…??

Related Posts

Leave a Reply

Your email address will not be published. Required fields are marked *