കീഴടക്കിയ പെണ്ണിന്റെ ന ഗ്നത ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കുമ്പോൾ എന്തായിരിക്കും അവരുടെ മനസ്സിൽ ? എന്റയും എന്റെ സാമ്രാജ്യത്തിന്റെ………

Story written by Jainy Tiju

ഞാൻ ആതിര മഹേന്ദ്രൻ …..

ഞാൻ ആതിര മഹേന്ദ്രൻ. മഹേന്ദ്ര ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൽസിന്റെ അമരക്കാരി. കഴിഞ്ഞ വർഷത്തെ വനിത വുമൺ ഓഫ് ദ ഇയർ അവാർഡ് ജേതാവ്.  പക്ഷേ, ഇതൊന്നുമല്ലാതെ എന്നെ നിങ്ങളറിയും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചയിലും നിറഞ്ഞു നിൽക്കുന്ന പേരും മുഖവും എൻറതാണ്. എനിക്ക് യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് ആരും തിരക്കിയില്ല, എല്ലാവർക്കും സ്വന്തം ഭാവനക്കനുസരിച്ച് കഥ മെനയാനായിരുന്നു താൽപര്യം. എന്റെ വ്യക്തിത്വം എന്തെന്ന് ആരും അന്വേഷിച്ചില്ല, എന്നെ ഒരു ”ഇര”യായി കാണാനായിരുന്നു വ്യഗ്രത്ര. ജീവിതവും അതിന്റെ പ്രതീക്ഷകളും അസ്തമിച്ച , മുഖം മൂടിയണിഞ്ഞു കൊണ്ട് മാത്രം ഇനി സമൂഹത്തിൽ ഇറങ്ങേണ്ട വെറും ഒരു ഇര’ . അതെ,  നിങ്ങളെനിക്ക് ചാർത്തിത്തന്ന പേര് , കവടിയാർ പെൺകുട്ടി.

ഒരു സാധാരണ തയ്യൽ തൊഴിലാളിയായിരുന്നു എന്റെ അച്ഛൻ മഹേന്ദ്രൻ. കുടുംബം പുലർത്താൻ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടിട്ടും എവിടെയും എത്താൻ കഴിയാതെ പോയ ഒരു പാവം. ഒൻപത് വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽ അച്ഛൻ നഷ്ടപ്പെടുമ്പോൾ തകർന്നു പോയൊരമ്മയോടൊപ്പം പകച്ചു നിന്നൊരു ഇരുപത്തി ഒന്നുകാരി, അതായിരുന്നു ഞാൻ. ഞങ്ങളെയും അച്ഛൻ ബാക്കി വെച്ചിട്ട് പോയ ബാധ്യതകളും ഏറ്റെടുക്കാൻ ആരുമില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ജിവിച്ചു കാണിക്കണം എന്ന ഉറച്ച തീരുമാനത്തിൽ ഞാനെത്തിയത്. അയൽവാസികളായ നാല് സഹോദരിമാരെയും കൂടെക്കൂട്ടി ജിവിക്കാൻ ഇറങ്ങി പുറപെട്ടപ്പോൾ അച്ഛന്റെ തയ്യൽ മെഷ്യനും പെണ്ണിന്റെ ചങ്കുറപ്പും മാത്രമായിരുന്നു മൂലധനം.

സ്ത്രീകളുടെ നിശാവസ്ത്രങ്ങൾ തയച്ച് കടയിൽ കൊണ്ടുചെന്ന് കൊടുത്തായിരുന്നു തുടക്കം . പതുക്കെ പതുക്കെ അത് വളർന്നു.എല്ലാത്തരം വസ്ത്രങ്ങളും തയച്ചു തുടങ്ങി. സ്വന്തമായി ഒരു കടയിട്ടു. നാല് തൊഴിലാളികൾ എന്നത് നാൽപതായി, നാനൂറായി .ആ യിരമായി.. ഇപ്പോൾ സ്വന്തമായി കേരളത്തിൽ നാല്  ഷോപ്പുകളും നൂറിലേറെ ചെറുകിട നിർമ്മാണ ശാലകളും ഉണ്ട്. ഇതൊന്നും പെട്ടെന്നൊരു ദിവസം പൊട്ടിക്കിളിർത്തതല്ല. ഇതിനു പുറകിൽ എന്റെ ഒൻപത് വർഷത്തെ അധ്വാനമുണ്ട്, ഞാൻ സഹിച്ച വേദനകളും അപമാനങ്ങളുമുണ്ട്, ഒഴുക്കിയ കണ്ണുനീരുണ്ട്.

സംഭവ ദിവസം, ബോർഡ് മീറ്റിങ്ങ് ഉണ്ടായിരുന്നതു കൊണ്ട് ഓഫിസിൽ നിന്നിറങ്ങാൻ വൈകി. വഴിയിൽ വച്ച് വണ്ടിക്കെന്തോ പറ്റി, വരാൻ വൈകുമെന്ന് ഡ്രൈവർ അരുൺ വിളിച്ചു പറഞ്ഞു. വണ്ടിക്കായി കാത്തിരിക്കുമ്പോൾ മാനേജർ സുധീഷ് കൂട്ടിരിക്കാമെന്ന് നിർബന്ധിച്ചു പറഞ്ഞു. ആ ധൈര്യത്തിലാണ് സെക്യൂരിറ്റി ധർമ്മനോട് ഭക്ഷണം കഴിക്കാൻ പൊയ്ക്കോളാൻ പറഞ്ഞത്. വണ്ടി മനപ്പൂർവ്വം വൈകിച്ചതാണെന്നും സുധീഷ് വലയൊരുക്കുകയായിരുന്നെന്നും തിരിച്ചറിയാൻ വൈകി. നാലു വർഷം , കൂടപ്പിറപ്പുകളെക്കാൾ സ്നേഹിച്ച്,എന്റെ ഇടതും വലതുമായി ഞാൻ കൊണ്ടു നടന്ന എന്റെ വിശ്വസ്തർ , അരുണും സുധീഷും , ഏതോ ശത്രുക്കൾ വച്ചുനീട്ടിയ അപ്പം നുറുക്കുകൾക്ക് വേണ്ടി നപുംസകങ്ങളായി മാറുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല. ഇത്രയും വർഷങ്ങൾക്കിടയിൽ സ്നേഹവും ബഹുമാനവും കരുതലും മാത്രം തെളിഞ്ഞു നിന്നിരുന്ന ആ മിഴികളിൽ ആദ്യമായി ഒരു ഹിംസ മൃഗത്തിന്റെ ധാർഷ്ട്യം കണ്ടു. സ്ഥാപനത്തിന്റെ എല്ലാമെല്ലാമായ മാനേജർക്ക് cc TV നിശ്ചലമാക്കാൻ ആരുടെയും സഹായം വേണ്ടല്ലോ? കീഴടക്കിയ പെണ്ണിന്റെ ന ഗ്നത ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കുമ്പോൾ എന്തായിരിക്കും അവരുടെ മനസ്സിൽ ? എന്റയും എന്റെ സാമ്രാജ്യത്തിന്റെയും അന്ത്യമോ അതോ ?

സമയമെടുത്തു ആ ഷോക്കിൽ നിന്നുണരാൻ . അപ്പോഴേക്കും  വ്യവസായ പ്രമുഖ യുടെ ശരീ ര സൗന്ദര്യം കാട്ടുതീ പോലെ ഒന്നിൽ നിന്നും ഒന്നിലേക്ക് പടർന്നു കഴിഞ്ഞിരുന്നു. കണ്ടവർ കണ്ടവർ പല അഭിപ്രായങ്ങളും വിലയിരുത്തലുകളും നടത്തി. പണക്കൊഴുപ്പിന്റെ അ ഴിഞ്ഞാട്ടം എന്നു മുതൽ പല തരം അഭിപ്രായങ്ങൾ.. സ്വന്തം തെറ്റുകൊണ്ടല്ലെങ്കിൽ പോലും മാ നം നഷ്ടപ്പെട്ട പെണ്ണിന് മരണമാണ് ഏക മാർഗ്ഗമെന്ന് കപട സദാചാര കുതുകികൾ പറയാതെ പറഞ്ഞു. പക്ഷേ, മരിക്കാൻ ഞാനോ എന്റെ കുടുംബമോ തയ്യാറല്ല. ഏതോ തെരുവുനായ്ക്കളുടെ നഖത്തിന്റെ കോറലേറ്റാൽ അസ്തമിക്കുന്നതല്ല മുപ്പത് വർഷത്തെ ജിവിതം കൊണ്ട് ഞാനുണ്ടാക്കിയെടുത്ത എന്റെ വ്യക്തിത്വം. ഒരു ചെറിയ വെയിലേറ്റാൽ വാടാൻ ഞാൻ വളർന്നത് ഒരു വട വൃക്ഷത്തിന്റെയും തണലിലല്ല. ഒരു ചെറിയ  കാറ്റടിച്ചാൽ വീണുപോകാൻ മണൽതിട്ടയിലല്ല ഞാനെന്റെ സാമ്രാജ്യത്തിന്റെ വിത്തിട്ടതും.

ബിസിനസ്  രംഗത്ത് ശത്രുക്കളുണ്ടായിരുന്നു. യാതൊരു വ്യാവസായിക പാരമ്പര്യവുമില്ലാത്ത ഒരാൾ പെട്ടെന്ന് ഉയർന്നുവരുന്നത് പലർക്കും സഹിക്കാനായില്ല. തകർക്കാൻ പല വഴികളും നോക്കിയിരുന്നു. എല്ലാം നിഷ്ഫലമായപ്പോഴായിരുന്നു ഈ അവസാന ശ്രമം. അതിനവർ തെരഞ്ഞെടുത്തത് എന്റെ വിശ്വസ്തരെ തന്നെ. ഒരു പക്ഷേ, ഇതിനൊന്നിനും തെളിവില്ലാതെ പോയേക്കാം.. കൊടി കെട്ടിയ വക്കീലുമാർ അവർക്ക് വേണ്ടി പറന്നിറങ്ങിയേക്കാം, കോടതി മുറിയിൽ എന്നെ വീണ്ടും വീണ്ടും ബലാ ൽസംഗം ചെയതേക്കാം. എങ്കിലും, ഈ രാജ്യത്തെ നീതി നിയമങ്ങളിൽ ഇനിയും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരുവളന്ന നിലയിൽ , എന്റെ അവസാന ശ്വാസം വരെ ഞാൻ പോരാടും.

ഇത്രയൊക്കെ സംഭവിച്ചെങ്കിലും പുരുഷ സമൂഹത്തെ ഒന്നടങ്കം ഞാൻ വെറുത്തിട്ടില്ല. കാരണം, എനിക്ക് സംഭവിച്ച അപകടത്തിൽ ഏറ്റവും ആദ്യം ഓടി വന്നവർ പുരുഷൻ മാരാണ്. സഹോദരി, ഞങ്ങളിവിടെ ഉണർന്നിരിക്കുമ്പോൾ നീ ഇത്രയധികം വേദനിക്കേണ്ടി വന്നതിൽ ഞാൻ ലജ്ജിക്കുന്നു  എന്ന് എന്നോടു പറഞ്ഞ പോലിസ് ഉദ്യോഗസ്ഥനും പുരുഷനാണ്. എല്ലാത്തിലും ഉപരി, തളർന്നു പോകരുത് മാഡം, നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ജിവൻ പോലും തരും എന്ന് പറഞ്ഞ് ഓടി വന്ന എന്റെ തൊഴിലാളികളും പുരുഷൻമാരാണ്. പിന്നീട് ഒരിക്കൽ നട്ടെല്ലിന് ഉറപ്പുള്ള ആണൊരുത്തൻ കൂടെ പൊറുക്കാൻ തയ്യാറായാൽ , അവനോടൊപ്പം ഞാൻ ജീവിക്കുകയും ചെയ്യും…

ദിവസങ്ങളായി നടന്നു വരുന്ന , എവിടെയുമെത്താത്ത ചാനൽ ചർച്ചത്തൊഴിലാളികളുടെ പ്രഹസനത്തിന് ഉപകരണമാവാൻ ഞാനാഗ്രഹിക്കുന്നില്ല. രഹസ്യമായി സത്രീയുടെ ന ഗ്നത ആസ്വദിക്കുകയും പരസ്യമായി സത്രീകളുടെ അച്ചടക്ക മില്ലായ്മയെ പറ്റി വാചാലരാകുകയും ചെയ്യുന്ന അഭിനവ ആങ്ങളമാരെയും  മണിമാളികയിലെ സപ്രമഞ്ചത്തിലിരുന്ന് , ബ്ലാക് ക്യാറ്റ് പ്രൊട്ടക്ഷനിൽ സത്രീ സുരക്ഷയെപ്പറ്റി ഗർജിക്കുന്ന കൊച്ചമ്മമാരെയും എനിക്ക് കേൾക്കണ്ട. എനിക്ക് വേണ്ടത് വില കുറഞ്ഞ സഹതാപ പ്രകടനങ്ങളല്ല, സാധാരണക്കാരായ നിങ്ങളുടെ ഓരോരുത്തരുടെയും മനസു നിറഞ്ഞ പിന്തുണയാണ്.

എനിക്ക് ഉയർത്തെഴുന്നേറ്റേ പറ്റൂ. കാരണം, എനിക്കൊരു പാഠമാകണം, ഒരു പെണ്ണിനെ പരാജയപ്പെടുത്താൻ ഏറ്റവും എളുപ്പവഴി അവളുടെ ശ രീരമാണെന്ന് കരുതുന്നവർക്കൊരു പാഠം. എനിക്കൊരു മാതൃകയാകണം, പ്രതിസന്ധികളിൽ തളർന്നു പോയിട്ടും ഉയർന്നു പറക്കാൻ മനസ്സുള്ള പെൺകുട്ടികൾക്കൊരു മാതൃക.. അതിനായി നിങ്ങൾ ഔദാര്യപൂർവ്വം എനിക്ക് ചാർത്തിത്തന്ന ഈ മൂടുപടം ഞാനിവിടെ ഉപേക്ഷിക്കുന്നു.

അതെ , ഞാൻ ആതിര മഹേന്ദ്രൻ…..

Leave a Reply

Your email address will not be published. Required fields are marked *