കെട്യോൾക്ക് പെയ്ൻ കൂടുതലാ എന്ന് ഓൾടെ മാമൻ വിളിച്ചു പറഞ്ഞത് മുതൽ അത് വരെ അമർത്തിചവിട്ടിയ കാറിന്റെ ആക്സിലേറ്റൻ ഞാനൊന്ന് അയച്ചു…….

എഴുത്ത് :- മഹാ ദേവൻ

കെട്യോൾക്ക് പെയ്ൻ കൂടുതലാ എന്ന് ഓൾടെ മാമൻ വിളിച്ചു പറഞ്ഞത് മുതൽ അത് വരെ അമർത്തിചവിട്ടിയ കാറിന്റെ ആക്സിലേറ്റൻ ഞാനൊന്ന് അയച്ചു പിടിച്ചു. കാരണം മറ്റൊന്നുമല്ല, പെയ്ൻ കൂടിയ കാര്യം പറയാൻ വിളിച്ച മാമൻ നെഞ്ചിലൊരു കല്ലും കയറ്റിവെച്ചാ ഫോൺ കട്ടാക്കിയത് ” അതെ, ഇയ്യിനി ഓൾക്ക് വേദന കൂടിയതിന്റെ പേരിൽ ആധിപിടിച്ചു ആക്‌സിലേറ്ററിൽ നിന്ന് കാലെടുക്കാതെ ങ്ങോട്ട്‌ പാഞ്ഞിട്ട് അവസാനം…. അല്ല, ലോറീം ബസ്സുമൊക്ക ങ്ങനെ പോവല്ലേ… അതുകൊണ്ട് പറഞ്ഞതാ “

പെറാൻ കിടക്കണ പെണ്ണിനെ കാണാൻ വരുന്ന മരോനോട് മാമന്റെ ഒരു ഉ……. ഉപദേശം.. . അയാടെ നാക്ക് കരിനാക്ക് ആണെന്ന് കെട്യോൾ എപ്പഴോ പറഞ്ഞ ഒരോർമ്മയുണ്ട് . അതിന്റ കൂടെ ദേ, ഒരു കരിമ്പൂച്ച കുറുകെ ചാടിയതും കൂടി ആയപ്പോൾ ഇമ്മാതിരി അന്ധവിശ്വാസങ്ങൾക്കൊന്നും മുഖം കൊടുക്കാത്ത ന്റെ നെഞ്ചോന്നു പിടച്ചൂട്ടോ. പിന്നെ എങ്ങനൊക്കെ ചവിട്ടിപ്പിടിച്ചാലും കാർ ഇഴഞ്ഞെ പോകൂ .

അതിനിടയ്ക്ക് മാമന്റെ അടുത്ത വിളി ” ഓൾക്ക് ഓപ്പറേഷൻ തന്നെ ആവാന്ന് പറഞ്ഞ് അവർ. ഇജ്ജ് വേം വാ.. ഇവിടെ ഒപ്പിട്ട് കൊടുക്കണ്ടേ ” എന്നും പറഞ്ഞ്.

മനസ്സിൽ ഭയം കു ത്തിവെച്ചിട്ട് വേം വാ എന്ന് പറഞ്ഞാൽ വണ്ടി മുന്നോട്ട് നീങ്ങണ്ടെ മാമാ എന്ന് പറയണമെന്ന് ഉണ്ടായിരുന്നു. ( ആ മാമാ വിളിക്ക് ഇച്ചിരി ഊന്നൽ ഉണ്ട്ട്ടോ ) പക്ഷേ, ഇനി അതും പറഞ്ഞിട്ട് ആള് പിണങ്ങിപ്പോയാലോ.. ഒന്ന് പറഞ്ഞാൽ രണ്ടാമത്തേന് പിണങ്ങിപോണ മനുഷ്യനാ. ” ഒരു കാര്യം ചെയ്യ്. മാമൻ ഒപ്പിട്ട് കൊടുക്ക്, ഞാൻ എത്താന് ഇനീം സമയണ്ട്. ” എന്ന് പറയുമ്പോൾ മാമൻ ദേഷ്യത്തോടെ ഒരു ചാട്ടം ” നിന്റ കെട്യോൾ പ്രസവിക്കാന് കിടക്കുമ്പോൾ നീ ഇവിടെ വേണംന്ന് നിനക്ക് അറിയില്ലേ. ഇവിടെ ആണുങ്ങളൊപ്പിട്ടാലേ ശരിയാകൂ ” എന്ന്.

ഞാൻ കണ്ണ്മിഴിച്ചുപോയി. അപ്പൊ ങ്ങള് ആണല്ലേ എന്ന് ചോയ്ക്കാൻ പറ്റില്ലല്ലോ.. ആൾക്ക് ആ ബോധം വേണ്ടേ . ന്തായാലും പറഞ്ഞ് പറഞ്ഞ് മനസ്സിലാക്കി ആളു ഒപ്പിടാമെന്ന് പറഞ്ഞിട്ടാണ് ഫോൺ വെച്ചത്. ഹോ. കിട്ടിയ മാമനെ…. അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നെന്ന് ആരോ എവിടെയോ പറഞ്ഞത് ഓർത്തുകൊണ്ട് ഞാൻ കാർ ഹോസ്പിറ്റലിലേക്ക് വിട്ടു..

അങ്ങനെ പേടികൊണ്ട് സമരം തുടങ്ങിയ നെഞ്ച് കാലിനെ കൂട്ടുപിടിച്ചു സ്പീഡ് കൺട്രോൾ ചെയ്തത് കൊണ്ട് ഓള് പ്രസവിച്ചു എന്നറിഞ്ഞപ്പോഴും ഞാൻ പാതിവഴിക്ക് തന്നെ ആയിരുന്നു.

” ഓള് പ്രസവിച്ചു, പെണ്കുഞ്ഞാ “

കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ഞാനും ഒരു അച്ഛനായിരുന്നു. ആ വാക്കിൽ വലിയൊരു ഉത്തരവാദിത്തം കൂടി തന്നെ തേടി വന്നിരിക്കുന്നു.ന്തായാലും ഏങ്ങിവലിഞ്ഞൊരുവിധം കാറ് ഹോസ്പിറ്റലിലേക്ക് കയറി. ധൃതിയിൽ ഡോറെല്ലാം ലോക്ക് ചെയ്ത് ഓടി ഓപ്പറേഷൻതിയറ്ററിനു മുന്നിൽ എത്തുമ്പോൾ വെള്ളേം വെള്ളേം ഇട്ടു പെണ്ണ്കാണാൻ വന്ന പോലെ മാമനുണ്ട് മുന്നിൽ. കണ്ടപാടെ ആളൊരു ചാട്ടം.

” നിനക്കൊരു ഉത്തരവാദിത്തം ഇല്ലല്ലോ. പെറാൻ സമയത്തെങ്കിലും നീ കൂടെ വേണ്ടേ ” എന്നൊക്കെ. അമ്മായി പ്രസവിക്കാൻസമയത്തു വാറ്റടിച്ചു കാറ്റ് പോയപോലെ കിടന്ന ആളാണ്. അമ്മായി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പിറ്റേന്ന് എഴുനേറ്റ മാമൻ ” എടി ഹേമ പൂമുഖത്തേക്കൊരു ബ്ലാക്ക്ടീ ” എന്ന് പറഞ്ഞതിന് മാമന്റെ അച്ഛൻ കമ്പിചൂടാക്കി ചന്തിക്ക് വെച്ച പാട് ഇപ്പോഴും ഉണ്ടെന്നാണ് കരക്കമ്പി. ആ മാമനാണിയപ്പോൾ ഉത്തരവാദിത്ത ത്തിന്റെ ഭാണ്ഡം തുറക്കുന്നത്. ഞാൻ ഒരു ചിരി പാസാക്കി. പിന്നെ കെട്യോൾടെ അമ്മയുടെ അടുത്തേക്ക് നടന്നു. ” മോനെ.. ഞാൻ കുട്ടിയെ കണ്ട്ട്ടോ ” എന്ന് പറയുമ്പോൾ ആ മുഖത്തെ സന്തോഷംണ്ടല്ലോ… അത് കണ്ടപ്പോൾ കുട്ടിയെ കാണാൻ വല്ലാത്ത കൊതി. നേഴ്‌സ് ആണേൽ വാതിലോട്ടു തുറക്കുന്നതും ഇല്ല. അക്ഷമയോടെ കുറെ നിമിഷങ്ങൾ. അവസാനം കുട്ടിയെ കയ്യിലേക്ക് തരുമ്പോൾ , ന്താ പറയാ… വല്ലാത്തൊരു ആഹ്ലാദം. ഒരു കുളിര്. കുഞ്ഞിനെ രണ്ട് കയ്യിലും ങ്ങനെ ചേർത്തുപിടിക്കുമ്പോൾ അടുത്തിരുന്ന അമ്മ ” മുത്തേ, ദേ, നിന്റ അച്ഛ ” എന്നും പറഞ്ഞ് കൊഞ്ചിക്കുന്ന ആ നിമിഷമുണ്ടാലോ….പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം ആണ്.

അങ്ങനെ ഒരാഴ്ച ഹോസ്പിറ്റലിലെ കൊതുകടീംകൊണ്ട് കിടന്ന്. ഡിസ്ചാർജ് ആകുമ്പോൾ ഉണ്ട് ദേ, വരുന്നു വെള്ളേം വെള്ളേം ഇട്ട് മാമൻ. ഏതോ ഒരു കല്യാണത്തിന് ഇറങ്ങിയത് ആണത്രേ. പോകുന്ന വഴി കേറിപോകാമെന്ന് കരുതി എന്നൊക്കെ പറഞ്ഞ് കുഞ്ഞിനെ തോണ്ടി കരയിച്ചു. കുഞ്ഞ് കരയാൻ തുടങ്ങിയതും ന്റെ ഉടുപ്പിലൂടെ മുള്ളിയതും ഒരുമിച്ചായിരുന്നു. മാമനത് കണ്ടപ്പോൾ ഒരു ആക്കിയ ചിരി. ” ഉണ്ണിമൂത്രം പുണ്യേഹം ആണെടാ.. കുട്ടി അന്നേ ഒന്ന് ശുദ്ധി ആക്കിയതാ “

മാമന്റെ ആസ്ഥാനത്തെ ഒരു ഓഞ്ഞ തമാശ.

” ഞാൻ എടുക്കാം കുഞ്ഞിനെ, ആ ഷർട് തുടയ്ക്ക് ” എന്നും പറഞ്ഞ് അമ്മ കുഞ്ഞിന് വേണ്ടി കൈ നീട്ടിയപ്പോൾ ” ഇങ്ങു തന്നേര് ” എന്നും പറഞ്ഞ് കുഞ്ഞിനെ വാരിയെടുത്തു.

” ഈ കുഞ്ഞുങ്ങളെ എടുക്കാനൊക്കെ ഒരു വയമുണ്ട്. നീയതൊക്കെ ഇനി എന്നാ പഠിക്കാ.. ” എന്നൊരു ഡയലോഗും എന്നോട്.

അങ്ങനെ കുഞ്ഞിനെ നെഞ്ചിലേക്ക് ചേർത്ത് ഒന്ന് കൊഞ്ചികുമ്പോൾ ആയിരുന്നു മാമന്റെ വെള്ള ഷർട്ടിലൂടെ ഒരു മഞ്ഞവര മുണ്ട് ലക്ഷ്യമാക്കി ഒഴുകുന്നു. അമ്മയാണ് കണ്ടത്.

” ടാ, നിന്റ മെല് പെണ്ണ് അപ്പിയിട്ടു ” എന്ന് പറഞ്ഞതും മാമന്റെ മുഖമൊന്ന് ചുളിഞ്ഞു.

” പിടി പിടി ” എന്നും പറഞ്ഞ് വേഗം കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുക്കുമ്പോൾ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.

” ശോ.. ഇനി ഞാൻ എങ്ങനെ കല്യാണത്തിന് പോകും ” എന്നും ചോദിച്ചുകൊണ്ട് നാലുപാടും നോക്കുമ്പോൾ അവിടെ നിൽക്കുന്നവരിൽ ചിലർ ചിരിക്കുന്നുണ്ടായിരുന്നു. അതുകൂടി കണ്ടപ്പോൾ മാമനാകെ ഒരു വിമ്മിഷ്ടം.

ഞാൻ പതിയെ വാഷ്റൂമിലേക്ക് വിരൽചൂണ്ടി.

ന്നിട്ട് ചിരിയോടെ പറഞ്ഞ് ” സാരമില്ല മാമാ… ഉണ്ണി മൂത്രം പുണ്യേഹം അല്ലേ… അതുപോലെ ഉണ്ണിയപ്പി പുണ്യപ്പിയാ.. പിന്നെ ചെറിയ കുട്ടിയല്ലേ.. കുട്ടിക്കറി യില്ലല്ലോ മാമനെതാ കക്കൂസ് ഏതാന്ന്. ന്തായാലൂം കല്യാണം മുടക്കേണ്ട. ആരേലും ചോദിച്ചാൽ പറഞ്ഞാൽ മതി ഉണ്ണിയുടെ പുണ്യംകൊണ്ട് ഒന്ന് ശുദ്ധിയാക്കിയതാ എന്ന്. “

മാമൻ പല്ലിറുമ്മുന്നുണ്ട്… മനസ്സിൽ പറയുന്നുണ്ടാകണം ” ന്നാലും ഇത്‌ വല്ലാത്തൊരു ശുദ്ധിയാക്കൽ ആയി ” എന്ന്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *