ചേച്ചീ.. ഞാൻ കല്യാണം കഴിക്കട്ടെ.. എന്റെ ഭാഗത്ത്‌ നിന്ന് ഇത്തിരി ക്ഷമയുണ്ടെങ്കിൽ വേറെ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലല്ലോ.. അമ്മയോട് ഞാൻ……

എഴുത്ത്:- അബ്രാമിൻ്റെ പെണ്ണ്

അടുത്തിടെ എഫ് ബിയിൽ വന്നൊരു ചെർക്കൻ…

“ചേച്ചിയുടെ എഴുത്തൊക്കെ കിടുവാണ് ” കേട്ടോ എന്നൊരു കമന്റുമായി വന്നു..

അങ്ങനെ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോ ഞാനങ്ങു ചഞ്ചല ചിത്ത യായിപ്പോകാറുണ്ട്..

വല്ലാത്തൊരു കുളിരും..

“സ്നേഹം കുഞ്ഞാ “… എന്നൊരു റിപ്ലൈ ഈ ചേച്ചിയങ്ങു കീച്ചി..

പിന്നെ വന്നത് അവന്റെ കുടുംബക്കാരെക്കുറിച്ചുള്ള വലിയൊരു വിശദീകരണമായിരുന്നു..

ഞാനതിനൊരു ലവ് ഇട്ടു..

നമ്മുടെ കുടുംബക്കാരെ പിന്നെ നാട്ടാർക്ക് മൊത്തം അറിയാവുന്നത് കൊണ്ട് ഞാൻ അതിനെക്കുറിച്ച് വിശദീകരിക്കാൻ നിന്നില്ല..

എന്റെ റിപ്ലൈ കാണാഞ്ഞത് കൊണ്ടാവും അവന്റെ അടുത്ത മെസേജ്..

“ചേച്ചിയെ കണ്ടാൽ എന്റെ അമ്മയുടെ അതേ ഛായ…

ഫ്രണ്ട് ലിസ്റ്റിലുള്ള ഒട്ടു മിക്ക ആൾക്കാരുടെയും അമ്മയ്ക്ക് എന്റെ ഛായയാണെന്ന് കേട്ട് ശീലിച്ചത് കൊണ്ട് എനിക്കതിൽ വലിയ പ്രയാസമൊന്നും തോന്നിയില്ല..

ഞാൻ വീണ്ടും ലവ് പതിപ്പിച്ചപ്പോ അവന്റെ അടുത്ത മെസേജ്…!!!

“എനിക്ക് വലിയൊരു വിഷമം ഉണ്ട്‌ ചേച്ചീ…ഞാനൊരു പെണ്ണുമായി പ്രണയത്തിലായിരുന്നു…

പഷ്ട്ട്..

അവന് ഒരു വിഷമമേ ഒള്ള് പോലും.. ലവന്റെ പ്രായത്തിൽ എനിക്കൊക്കെ കയ്യിലെയും കാലിലെയും വിരല് കൂട്ടിപ്പിടിച്ചിട്ട് അടുത്തിരിക്കുന്നവരുടെ വിരല് കൂടി ചേർത്ത് എണ്ണിയാലും തീരാത്തത്ര വിഷമങ്ങളാരുന്നു…. എങ്ങനെയെങ്കിലും ഒരു ലൈൻ സെറ്റാക്കിക്കൊണ്ട് വരുമ്പോ കുടുംബത്തിലുള്ള പണിക്കൊന്നും പോകാത്ത ഏതെങ്കിലുമൊരു വേട്ടാവളിയൻ അത് കണ്ടുപിടിക്കും.. എന്നിട്ടത് അമ്മയോട് പറയും… അമ്മ താറുമാറ് നമ്മളേ അടിയ്ക്കും… കുറേക്കാലം അടിയുടെ ഓർമ്മയിൽ നമ്മൾ റെസ്റ്റെടുക്കും… സമയവും കാലവുമൊക്കെ മുന്നോട്ട് കുതിയ്ക്കുമ്പോ “ഇങ്ങനിരുന്നാ ഒക്കത്തില്ലല്ലോ.. എന്തേലുമൊരു തീരുമാനമുണ്ടാക്കണ്ടേ എന്ന് ” ഉള്ളിലിരുന്നാരോ പറയും… വീണ്ടും അടുത്തതിനെ സെറ്റാക്കും.. അമ്മ അറിയും.. അടി നടക്കും… അത് പൊട്ടും…

അങ്ങനെ എത്രയെത്ര വെഷമങ്ങൾ.. വേദനകൾ.. ഒന്ന് തീരുമ്പോ അടുത്തത്.. അത് തീരുമ്പോ അടുത്തത് എന്ന മട്ടിൽ അവസാനമില്ലാത്ത പെരുമഴ പോലെ പെയ്യുവല്ലായിരുന്നോ…

ങ്ഹാ.. അതൊക്കെ ഒരു കാലം…നമ്മുടെ ഉള്ള് നൊന്ത് പിടയുവാണെന്ന് ഇവനറിയാവോ..പത്തു പതിനഞ്ചു കളറുള്ളൊരു വർണ്ണപ്പട്ടമായിരുന്നു ഈ ഞാനും…!!!

“ചേച്ചീ.. ഞാൻ സ്നേഹിക്കുന്ന പെണ്ണിന് വീട്ട് ജോലിയൊന്നും അറിയില്ല.. അവൾക്കിപ്പോഴും കുട്ടിക്കളി മാറീട്ടില്ല.. അവളെ കല്യാണം കഴിച്ചോണ്ട് വരുമ്പോ അമ്മയുമായി ചേർന്ന് പോകുവോന്ന് എനിക്ക് സംശയം.. ഞാനെന്ത് ചെയ്യും ചേച്ചീ.. ഞാൻ കല്യാണം കഴിക്കട്ടെ..ചേച്ചി പറഞ്ഞാൽ പിന്നെ എനിക്ക് പ്രശ്നമില്ല…

ദോ വീണ്ടും ലവൻ…

ഇത് നല്ല കൂ ത്ത്..😏😏😏

എവന് കല്യാണം കഴിക്കാൻ മുട്ടി നിക്കുവാണെങ്കിൽ കഴിച്ചാ പോരായോ.. എങ്ങാണ്ട് കെടക്കുന്ന എന്നോട് ചോദിക്കുന്നയെന്തിനാ..ഞാൻ പറഞ്ഞാലേ കെട്ടത്തൊള്ളൂ പോലും..

“എനിക്ക് കാര്യങ്ങളുടെ കെടപ്പ് വശമൊന്നും അറിയാൻ വയ്യ.. മക്കള് ആലോചിച്ച് വേണ്ടത് ചെയ്യ്..

ഹല്ല പിന്നെ..

“ചേച്ചി.. ഒരുപാട് ജീവിതാനുഭവമുള്ള ആളല്ലേ… ചേച്ചി പറ.. ഞാൻ കല്യാണം കഴിക്കട്ടെ.. ഒരു പ്രശ്നവുമുണ്ടാകാതെ ഞാൻ നോക്കിക്കോളാം.. ചേച്ചി പറ ചേച്ചീ..

ഇവന്റെ പറച്ചില് കേട്ടാൽ ഞാനേതാണ്ട് ഉപ്പു സത്യാഗ്രഹത്തിന്റെ അന്നുണ്ടായ പോലാണല്ലോ…😳😳😳😳

എനിക്കതിനും വേണ്ടി പ്രായമൊന്നുമില്ലെന്ന് ഈ വേട്ടാവളിയനോട് ആരൊന്നു പറഞ്ഞ് കൊടുക്കും..

“മോനേ.. കൊച്ചിനെ വിളിക്കാൻ പോകാറായി.. ചേച്ചി പിന്നെ വരാം..

മറുപടിയ്ക്ക് കാക്കാതെ ഞാൻ നെറ്റ് ഓഫ്‌ ചെയ്തു..

പിന്നീട് പല ദിവസങ്ങളിലും അവൻ മെസേജ് ചെയ്യും..

“ചേച്ചീ.. ഞാൻ കല്യാണം കഴിക്കട്ടെ.. എന്റെ ഭാഗത്ത്‌ നിന്ന് ഇത്തിരി ക്ഷമയുണ്ടെങ്കിൽ വേറെ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലല്ലോ.. അമ്മയോട് ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം…

ഈ പഴകിയവന് വേറൊരു ജോലിയുമില്ലേ.. ഇങ്ങനെയുമുണ്ടോ മനുഷ്യര്…

പിന്നെപ്പിന്നെ ഞാനാ മെസേജ് വന്നാലുടൻ ഡിലീറ്റ് ചെയ്ത് കളയാൻ തുടങ്ങി…

അങ്ങനിരിക്കെ ഒരൂസം…

അന്ന് ഈ ചേച്ചിയ്ക്ക് പനിയാർന്ന്… പനിയെന്ന് പറഞ്ഞാൽ കൊല്ലുന്ന പനി.. തല പൊക്കിപ്പിടിക്കാൻ വയ്യ…

ഫേസ്ബുക്കിൽ പനിയാണെന്ന് പറഞ്ഞിട്ട പോസ്റ്റിന്റെ കീഴെ വന്ന കമന്റ്സിനൊക്കെ ലവ് പതിപ്പിച്ച് ആശ്വാസം കൊണ്ട് കിടക്കുമ്പോ കെട്ടിയോൻ വന്നു.. ഞാൻ അവശതയോടെ എണീറ്റിരുന്നു.. ഫോണിലാണേൽ ചാർജ്ജുമില്ല…

“ഏട്ടാ.. ഈ ഫോണൊന്ന് കുത്തിയിടാവോ..

ആ പാവം എന്റെ നെറ്റിയിൽ തടവിയിട്ട് ഫോണുമായി ചാർജ് ചെയ്യാൻ പോയതും..

“ക്ണും…

ന്നൊരു ശബ്ദം… മെസേജ് വന്നയാ.. അങ്ങേരത് വായിച്ചു നോക്കിയിട്ട് എന്റെ കയ്യിലോട്ട് തന്നു..

“കല്യാണം കഴിക്കുന്നതൊക്കെ കൊള്ളാം.. കൊച്ചുങ്ങളെ ഇങ്ങു തന്നിട്ട് പൊയ്ക്കോണം..ഇത് പനിയൊന്നുമല്ല…അസുഖം വേറെയാ..

അങ്ങേര് ഫോണെനിക്ക് നേരെ നീട്ടി..

ഇങ്ങേരെന്തുവാ പറയുന്നേ.. പനി പിടിച്ചു ചാവാറായിക്കിടക്കുമ്പോ കോമഡി പറയുന്നോ….. 🙄 ഞാൻ കല്യാണം കഴിക്കാനോ…??

ഞാൻ ഫോൺ കയ്യിൽ വാങ്ങി..

“ചേച്ചീ.. എന്താ മറുപടി പറയാത്തെ.. ഞാൻ അമ്മയോട് പറഞ്ഞു.. അമ്മയ്ക്ക് പ്രശ്നമില്ല..അമ്മ അഡ്ജസ്റ്റ് ചെയ്തോളും ഞാൻ കല്യാണം കഴിക്കട്ടെ..

എന്റെ പൊന്നീശ്വരോ….!!!

മെസ്സേജ് വായിച്ചെന്റെ തല കറങ്ങി.. മുൻപുള്ള മെസേജൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞോണ്ട് തെറ്റിദ്ധാരണ മാറ്റാൻ വേറെ തെളിവുമില്ല..

ഞാനെന്റെ അങ്ങേരെ നോക്കി..

അങ്ങേരെന്നെ നോക്കുന്നത് കണ്ടാൽ, അങ്ങേരോട് ചോദിക്കാതെ ഞാൻ യുക്രൈയ്നിൽ നിന്നും പട്ടിയെയും കൊണ്ട് ടിക്കറ്റെടുക്കാതെ വിമാനത്തിൽ കേറി വീട്ടിൽ വന്ന പോലെയാ…

അവന് കല്യാണം കഴിക്കാൻ മുട്ടി നിക്കുന്നത് എന്നെയല്ലെന്ന് മനസിലാക്കിക്കാൻ ഞാൻ പെട്ട പാട്..കുറേക്കാലം ആ കെറുവ് അതിയാൻ എന്നോട് കാണിച്ചു… ഞാനും അങ്ങേരും കൂടെ വഴക്കുണ്ടായി ആൾ തോറ്റു പോകുമെന്ന് ഉറപ്പാകുമ്പോ അങ്ങേര് ഈ കല്യാണക്കഥ എടുത്തിടും…

ഞാൻ പിന്നെ മിണ്ടാതെ ഉരിയാടാതെ ഒരേ നിൽപ്പങ്ങു നിൽക്കും.. തെറ്റ് നമ്മുടെ ഭാഗത്താണല്ലോ..

ഇന്നലെ അവന്റെ മെസേജ് വീണ്ടും വന്ന് കേട്ടോ..

“ചേച്ചീ..ഞാൻ വിളിച്ചിട്ട് അവള് ഫോണെടുക്കുന്നില്ല… അവളെന്നെ തേച്ചു ചേച്ചീ..എനിക്കിവിടെ നിന്നാൽ വട്ട് പിടിക്കും… ഞാൻ അങ്ങോട്ട് വരുന്നുണ്ട്, അളിയനെയും ചേച്ചിയെയും കാണാൻ….

ഭഗവാനേ… ഈ വെന എന്നെ കുഴിയിലെടുത്ത് വെച്ചേ പോകത്തൊള്ളോ..

ഞാനിത്തിരി നേരം ആ മെസേജിലോട്ട് നോക്കി നിന്നു.. ശേഷം ബ്ലോക്ക് ബട്ടണിൽ ചെറുതായൊന്നു തൊട്ടു..

സ്വസ്ഥം.. സമാധാനം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *