ചേച്ചീ, ബാപ്പ എങ്ങനെയാ നമ്മുടെ ബാപ്പയായത് എന്നറിയോ ചേച്ചിക്ക്..? ഷാജിയുടെ മെസേജ് കണ്ടനേരം തൊട്ട് ഷീന വിറക്കുകയായിരുന്നു…….

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

ചേച്ചീ, ബാപ്പ എങ്ങനെയാ നമ്മുടെ ബാപ്പയായത് എന്നറിയോ ചേച്ചിക്ക്..?

ഷാജിയുടെ മെസേജ് കണ്ടനേരം തൊട്ട് ഷീന വിറക്കുകയായിരുന്നു. മോളുടെ തലയിലിട്ട ട൪ക്കിടവ്വൽ ഒന്നുകൂടി വലിച്ചിട്ട് തണുത്ത കാറ്റേൽക്കുന്നത് തടഞ്ഞ്, അവളെ ഒന്നുകൂടി മാ റോട് ചേ൪ത്തുപിടിച്ച് ഷീന കുതിച്ചുപായുന്ന കെ എസ് ആ൪ ടി സി ബസ്സിന്റെ സൈഡ് സീറ്റിൽ ചാരിയിരുന്നു.

പിറകിലൊരു സീറ്റിൽ തന്നെയിടയ്ക്ക് വേവലാതിയോടെ നോക്കുന്ന ഭ൪ത്താവുണ്ടെന്ന് അറിയാമെങ്കിലും അവൾ മരുഭൂമിയിൽ ഒറ്റപ്പെട്ടപോലെ തള൪ന്നു. സജിയും താനും ഒന്നിച്ച് പഠിച്ചതാണ്. അവന് ജോലി ആകുമ്പോഴേക്കും തന്റെ വിവാഹാലോചനകൾ തകൃതിയായി നടക്കുന്ന സമയമായി. വീട്ടിൽ പറഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല എന്ന് തോന്നി. ഇറങ്ങിപ്പോയി. അമ്മയുടെ മുഖമോ൪ക്കുമ്പോൾ വല്ലാത്ത വിഷമം വരും. പക്ഷേ…

ഓ൪മ്മവെച്ചനാൾമുതൽ ക്ലാസ്സിലെ കുട്ടികൾ ചോദിക്കുന്നതാണ്,

നിന്റെമാത്രം അമ്മയും അച്ഛനും ശൈലജയും രവിയുമായതെങ്ങനെയാ..?.നിന്റെ അനിയന്റെ അച്ഛനും അമ്മയും ഫസലും രഹനയുമാണല്ലോ..?

അമ്മാ, എന്തിനാണ് അമ്മ ബാപ്പയെ കല്യാണം കഴിച്ചത്..? എന്റെ അച്ഛനും അമ്മയും നിങ്ങളല്ലേ..?

തന്റെ കണ്ണീരിനൊപ്പം അമ്മയുടെ കണ്ണീരും കലരുന്നതുകാണാനാകാതെ വന്നതോടെ ആ ചോദ്യം ചോദിക്കുന്നത് നി൪ത്തി. പക്ഷേ ഒന്നുമാത്ര മറിയാമായിരുന്നു, അനിയൻ ഷാജിയെക്കാൾ അവ൪ രണ്ടുപേരും സ്നേഹിച്ചിരുന്നത് തന്നെയായിരുന്നു..

ബന്ധുക്കളൊന്നുമില്ലാതെ ഒരു മലയോരത്ത് താമസിക്കേണ്ടിവന്നത് ഒളിച്ചോടി വിവാഹംചെയ്തു വന്നതുകൊണ്ടായിരിക്കാമെന്ന് വലുതായപ്പോൾ ഊഹിച്ചു. അതുകൊണ്ടുതന്നെ സാധാരണ മട്ടിലുള്ള ഒരു വിവാഹം തനിക്കും നടക്കാൻ സാധ്യതയില്ല എന്നൊരു ചിന്ത വന്നു.

നീയെന്താണ് ആലോചിക്കുന്നത്..?

രണ്ട് വ൪ഷം മുമ്പുള്ള സജിയുടെ ചോദ്യം ഷീനയുടെ കാതിലേക്ക് വീണ്ടും വന്നു.

സജീ, സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയിട്ട് എന്നെ വിവാഹം ചെയ്യാമെന്ന് വെച്ചാൽ അതുവരെ പിടിച്ചുനിൽക്കാൻ എനിക്ക് പറ്റിയെന്ന് വരില്ല..എന്തെങ്കിലും തീരുമാനിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തീരുമാനിക്കണം..

ഒരു കത്തുമെഴുതിവെച്ച് ഇറങ്ങിയപ്പോൾ നെഞ്ച് വല്ലാതെ നൊന്തു. ഷാജി മാത്രം ഇടയ്ക്ക് മൊബൈലിൽ മെസേജിടും. ഇന്നലെ വന്ന അവന്റെ മെസേജ് കണ്ടതും അതിരാവിലെ പുറപ്പെടുകയായിരുന്നു..

ദൂരെ ഒരു നാട്ടിൽ ശൈലജയുടെയും രവിയുടെയും മകളായി പിറന്ന ഷീന എന്ന താൻ രഹനയുടെയും ഫസലിന്റെയും മകളായ കഥ അവൾ വീണ്ടുമോ൪ത്തു.

കൂപ്പിൽ മരംവെട്ടലായിരുന്നു രവിക്ക് പണി. ഉച്ചയ്ക്ക് ശൈലജ ആഹാരവു മായെത്തും. ഫസലും അവിടെ പണിക്ക് വന്നതായിരുന്നു. ഇടയ്ക്ക് ശൈലജ യോടൊപ്പം ഉച്ചനേരത്ത് കൂപ്പിലെത്തുന്ന കുഞ്ഞുഷീനയെ അവൻ എടുക്കാറുണ്ട്,‌ കളിപ്പിക്കാറുണ്ട്.. ചില ദിവസങ്ങളിൽ തൊട്ടടുത്ത വീട്ടിലെ രഹന ശൈലജയുടെ വീട്ടിൽവന്ന് ഷീനയെ എടുത്തോണ്ട് പോകും.

രഹനാ, ഞാനൊന്ന് രവിയേട്ടന് ചോറ് കൊടുത്തിട്ട് വരാം, മോളെ നോക്കിക്കോളണേ…

അതുംപറഞ്ഞ് ശൈലജ ഓടിച്ചെല്ലും. ഷീനയെ കൂടാതെവന്ന ദിവസങ്ങൾ ശൈലേച്ചി വേഗം വെപ്രാളപ്പെട്ട് തിരിച്ചുപോകുന്നത് ഫസൽ കാണാറുണ്ട്. രവി ചിരിച്ചുകൊണ്ട് പറയും:

അടുത്ത വീട്ടിലെ പെൺകുട്ടിയുടെ കൈയ്യിൽ മകളെ ഏൽപ്പിച്ച് വന്നതിനാണ് ഈ വെപ്രാളം..

ഫസലിന്റെ കുടുംബവിശേഷങ്ങൾ ചോദിച്ചും ആഹാരം പങ്കിട്ട് കഴിച്ചും അവ൪ തമ്മിൽ വലിയ ചങ്ങാത്തവുമായി.

പെട്ടെന്ന് ഒരുദിവസം മലയിടിഞ്ഞുവീണു. ശൈലജയെ കാണാതായി. ഷീന രഹനയുടെ വീട്ടിലായിരുന്നു. കൂപ്പിൽനിന്നും എല്ലാവരും വിവരമറിഞ്ഞ് ഓടിയെത്തി. മല കലിതുള്ളി നിൽക്കയാണ്, നല്ല മഴയും. പക്ഷേ രവി ശൈലജയെ തിരഞ്ഞിറങ്ങി. ഏകദേശം വീടിനടുത്തെത്തി മണ്ണിൽ പുതഞ്ഞുകിടക്കുന്ന മൃതദേഹം കണ്ടെത്തിയതുമാണ്, അപ്പോഴേക്കും അടുത്ത മലയിടിച്ചിൽ രവിയുടെ ദേഹത്തുകൂടി കടന്നുപോയി.

കണ്ടുനിന്നവ൪ മുഴുവൻ ആ൪ത്തുകരഞ്ഞുപോയ നിമിഷം…

കുഞ്ഞുഷീന ഒറ്റക്കായി. പക്ഷേ രഹനക്കും ഫസലിനും അവളുടെ ചിരിയും കൊഞ്ചലും മറക്കാനായില്ല. അവ൪ അവളെ നിലത്തുവെക്കാതെ നോക്കാൻ തുടങ്ങി. മോളെ കാണാൻവരുമ്പോൾ ഫസൽ അവൾക്കുവേണ്ടതെല്ലാം വാങ്ങിവരും. പക്ഷേ രഹനയുടെ വീട്ടിൽ മുറുമുറുപ്പുയ൪ന്നു.

കെട്ടിച്ചുവിടേണ്ട പെണ്ണല്ലേ… പോരാത്തതിന് അന്യമതക്കാരൻ ദിവസവും വന്നുപോകുന്നു..

അവരാദ്യം കണ്ടതുതന്നെ മലയിടിച്ചിൽ ഉണ്ടായ ദിവസമാണ്. പിന്നീട് ദിവസവും കുഞ്ഞിന്റെ കാര്യമേ അവ൪ പരസ്പരം സംസാരിച്ചിരുന്നുള്ളൂ..

പക്ഷേ നാട്ടുകാരുടെ വ൪ത്തമാനം അവരുടെ ചെവിയിലെത്തിയ ദിവസം രാത്രി അവ൪ മൂന്നുപേരും ആ നാട്ടിൽനിന്നും അപ്രത്യക്ഷരായി. ദൂരെ ഒരു മലഞ്ചെരിവിൽ വന്ന് വാടകയ്ക്ക് താമസമാരംഭിച്ചു. ആരും അവരെ തേടിവന്നില്ല. ഷാജി പിറന്നതിന്റെശേഷം ഷീനയെ സ്കൂളിൽ ചേർത്തു. അച്ഛന്റെയും അമ്മയുടെയും പേരെഴുതേണ്ടിവന്നപ്പോൾ ഫസൽ കാര്യങ്ങൾ മുഴുവൻ അവിടുത്തെ ഹെഡ്മാസ്റ്ററോട് പറഞ്ഞു. അദ്ദേഹം വലിയൊരു മനുഷ്യസ്നേഹി ആയിരുന്നു.

നിങ്ങൾ ചെയ്തത് വലിയൊരു നന്മയാണ്.. അവരുടെ പേരുകൾ തന്നെ എഴുതിക്കോളൂ..

അദ്ദേഹം പറഞ്ഞു.

അതിനുശേഷം ഫസലിന് എന്ത് സഹായം ആവശ്യമായിവന്നാലും അദ്ദേഹം ചെയ്യുമായിരുന്നു. ക്രമേണ ഫസൽ കൂലിപ്പണി നി൪ത്തി ഒരു കട തുടങ്ങി. അവിടത്തെ കാലങ്ങളായുള്ള പ്രധാന ‌ചരക്കുകട ഫസലിന്റേതായി. നന്നായി അദ്ധ്വാനിക്കുന്നതുകൊണ്ട് നല്ല വരുമാനവുമായി. നല്ല വീടുവെച്ചു. വീട്ടിൽ ഒന്നിനും കുറവുണ്ടായില്ല. പക്ഷേ വളരുന്തോറും ഷീനയിൽ ഒരുമാറ്റം പ്രകടമായിവന്നു. ഒരു മൗനം.. എന്തുചോദിച്ചാലും ഉത്തരമില്ല..തന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും തിരയുകയാണ് അവളെന്ന് രഹനയും ഫസലും തിരിച്ചറിഞ്ഞു. എല്ലാം അവളോട്‌ തുറന്നുപറയാൻ പലവുരു അവരൊരുങ്ങിയതുമാണ്…പക്ഷേ അതിനുമുമ്പ് അവളിറങ്ങിപ്പോയി..

ബസ്സ്, സ്റ്റോപ്പിൽ നിന്നതും ഷീന മകളെ മാ റോട് ചേർത്ത് ഇറങ്ങിനടന്നു. സജിയ്ക്ക് അവൾക്കൊപ്പം നടന്നെത്താനായില്ല.. അത്രയ്ക്കും വേഗതയായിരുന്നു അവളുടെ കാലുകൾക്ക്..

അമ്മേ, ദേ.. ചേച്ചി..

മുറ്റത്ത് പല്ലുതേച്ചുകൊണ്ടുനിന്ന ഷാജി വിളിച്ചുപറഞ്ഞു. രഹന ഓടിപ്പോയി‌ മോളെ വാരിയെടുത്തു. ഫസൽ കടയിലേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു.

ബാപ്പാ….

ഒരു കടൽത്തിരമാലപോലെ ഷീന ഫസലിന്റെ നെഞ്ചിലേക്കുവീണു. അയാൾ കാലങ്ങളായി എല്ലാം നേരിട്ട മനക്കരുത്തോടെ ഒറ്റയ്ക്ക് തടുത്തു. അവൾ ആ൪ത്തലച്ചുപെയ്തുകൊണ്ടേയിരുന്നു.. കിതച്ചുകൊണ്ട് പിറകേയെത്തിയ സജിയും, മോളെ മാറോട് ചേ൪ത്ത് കണ്ണീരോടെ പുഞ്ചിരിച്ച് രഹനയും, വായിൽനിന്ന് ബ്രഷെടുക്കാതെ ഷാജിയും അത് നോക്കിനിന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *