ഞാൻ ഒന്നും മിണ്ടിയില്ല…എന്നെ ഹണി റോസിനോട് ഉപമിച്ചില്ലേ, അത് പോരെ എനിക്ക്, ഇനിപ്പോ ന്തിനാ ഒരു ടൂറ്…..

സുന്നത്ത് കല്യാണം..

Story written by Shabna Shamsu

വിട്ട് മാറാത്ത നടുവേദനയും കൊണ്ട് നട്ടം തിരിയുന്ന ഞാൻ എന്റെ സ്വന്തം വീട്ടിലെ പടിക്കട്ടിലിൽ വെറും അച്ചിപ്പായ മാത്രം വിരിച്ച് ഒരു വട്ടക്കൂറയെ പോലെ കിടക്കാൻ തുടങ്ങിയിട്ട് മാസം രണ്ടായി…

അഞ്ചാറ് ദിവസം മുമ്പ് എന്റെ മണിമാരൻ എന്നെ കാണാൻ വന്നു,.ഞങ്ങള് കൊറേ വർത്താനം പറഞ്ഞു. ഞാൻ കൂടെല്ലാത്തതിന്റെ സന്തോഷം കൊണ്ടാണോ എന്തോ പ്രസവിച്ച പെണ്ണുങ്ങളെ പോലെ മുഖം നല്ലോണം തെളിച്ചം വച്ചിട്ടുണ്ട്..

“യെന്റെ മോളേ… എന്താ റോട്ടിലെ തെരക്ക്… പെരുന്നാള് കയിഞ്ഞപ്പം നാട്ടിലെ മൻഷൻമാര് മുയുവനും വയനാട്ട്ക്കാ ചുരം കയറിയത്… ബ്ലോക്കും ചൂടും വെയിലും ഒന്നും ആർക്കും ഒരു പ്രശ്നോം ഇല്ലാ തോന്നുന്നു… ആൾക്കാർ ക്കൊക്കെ ടൂറടിച്ചാ മതി….”

തക്കാരത്തിന് പോയാൽ വീട്ടുകാർക്ക് കവറിലും കുറച്ച് കിട്ട്ണ പോലെ, ഈ തിരക്ക് കൊണ്ട് മെഡിക്കൽ ഷോപ്പില് കച്ചോടം കൂടിയതിന്റെ സന്തോഷത്തിലാണ് മൂപ്പർ..

ടൂറെന്ന് കേട്ടപ്പോ ഞാനൊന്ന് ചെരിഞ്ഞ് കിടന്നു,.കണ്ണ് വിടർത്തി, കൈ കുത്തി നിവർന്ന് വടി പോലെ നിന്നു..

“ഇദോക്കി… നമ്മള് ഇക്കൊല്ലം സ്ക്കൂള് പൂട്ടിയിട്ട് എവിടേം പോയില്ലല്ലോ… നമ്മൾക്കും ടൂറ് പോവായ്നു.. താജ് മഹല് കാണാൻ പോയാലോ..”

മൂപ്പരെന്നെ വന്ദേ ഭാരത് കണ്ട വയനാട്ട്കാരന പോലെ അന്തം വിട്ട് നോക്കി… ഇടത്തേയറ്റത്തെ മീശ മേലോട്ട് വിറപ്പിച്ചു… ചുണ്ട് കോട്ടി… കൈ മലർത്തി… എന്നിട്ട് പറഞ്ഞു…

“ഹണി റോസ് ഉൽഘാടത്തിന് പോവുന്ന പോലെയുള്ള ഈ നിൽപ്പൊന്ന് ആദ്യം മാറ്റാൻ നോക്ക്… നേരെ ചൊവ്വേ നടക്കാൻ പഠിക്ക്… കുമ്പിട്ട് കാലിലെ നഖം തൊടാൻ കയ്യൂല ..ന്നാലും പൂതിക്കൊരു കുറവും ല്ല…”

ഞാൻ ഒന്നും മിണ്ടിയില്ല…എന്നെ ഹണി റോസിനോട് ഉപമിച്ചില്ലേ, അത് പോരെ എനിക്ക്, ഇനിപ്പോ ന്തിനാ ഒരു ടൂറ്..

കൈ കുത്തി പടിക്കട്ടിലിൽ പഴയ പൊസിഷനിലേക്ക് തന്നെ പോയി..അല്ലെങ്കി തന്നെ പുയ്യാപ്ല വന്നൂ ന്ന് കരുതി നമ്മളിപ്പോ അങ്ങനെ ചാടിത്തുള്ളേണ്ട ആവശ്യോന്നും ഇല്ലല്ലോ..

മെല്ലെ ചെരിഞ്ഞ്, പിന്നെ മലർന്ന്, നീളത്തിൽ കിടന്നു.. ലാ ഹൗല വലാ എന്ന് മന്ത്രിച്ചു… മൂപ്പര് കൊണ്ടോന്ന ബദാമും അത്തിപ്പഴവും കഴിച്ചു. ചൂടുള്ള കാപ്പി കുടിച്ചു…ടൂറ് പോയാ ഇങ്ങനെ മലർന്ന് കിടന്ന് തിന്നാൻ പറ്റോ, ഞാൻ ആ പൂതി കുഴി കുത്തി പൂഴി മണ്ണ് നിറച്ച് കുഴിച്ചിട്ടു…

അടുത്ത ആഴ്ച്ച വരാന്നും പറഞ്ഞ് വൈകിട്ടോടെ ഇക്ക തിരിച്ച് പോയി, ഇനി വരുമ്പോ ബദാമും അത്തിപ്പഴവും കുറച്ചധികം കൊണ്ടരാൻ മറക്കണ്ടാന്ന് ഞാൻ പ്രത്യേകം ഓർമിപ്പിച്ചു..

മൂപ്പര് പോയിക്കഴിഞ്ഞപ്പോ ആങ്ങളയുടെ അംഗൻവാടിയിൽ പോവുന്ന മകൻ അടുത്ത് വന്നു, അവനിപ്പോ ലീവാണ്, അത് കൊണ്ട് എന്റെ കട്ടിലിന് ചുറ്റും എപ്പോഴും അവൻ ഉണ്ടാവും ..

“അമ്മായി… അമ്മായിനെ ഞാൻ ടൂറ് കൊണ്ടോവും… താജ് മഹല് കാണിക്കും.. അമ്മായിന്റെ കൂടെ കട്ടക്ക് ഞാനുണ്ടാവും… “

എൻ തങ്ക മകനേ…ഞാനവനെ കെട്ടിപ്പിടിച്ചു…മൂർദ്ധാവില് ഉമ്മ കൊടുത്തു..

പുത്യാപ്ല പോയാൽ വേറൊന്നിനെ കിട്ടും, അമ്മായീം മോനും അങ്ങനെ ആണോ..

പിറ്റേ ദിവസം രാവിലെ പത്ത് മണിക്കായിരുന്നു ഓന്റെ സുന്നത്ത് കല്യാണം…

സലാം പറഞ്ഞ് ചിരിച്ച് റ്റാറ്റ പറഞ്ഞ് സു ന്നത്തിന് പോയവൻ അലറി വിളിച്ച് കാറിക്കൂവി തിരിച്ച് വന്നു… ഒരു രൂപ നാണയം കൊണ്ട് വെള്ള കോട്ടൺ തുണി കുട പോലെയാക്കി മേലോട്ട് പൊക്കി കെട്ടി എന്റെ പടിക്കട്ടിലിൽ തൊട്ടടുത്ത് അവൻ മലർന്ന് കിടന്നു…

രണ്ട് കിലോ വീതം മണല് കാലിൽ താഴേക്ക് കെട്ടി തൂക്കി കൂടെ ഞാനും കിടന്നു….

അപ്പളാണ് എനിക്കവൻ പറഞ്ഞ കാര്യം ഓർമ വന്നത്.. അമ്മായിന്റെ കൂടെ കട്ടക്ക് ഞാനുണ്ടാവും… അത് ഇങ്ങനെ കട്ടപ്പുറത്ത് ആവുംന്ന് ഞാൻ കിനാവ് പോലും കണ്ടില്ല.

ഞങ്ങള് രണ്ടാളും കിടക്കുന്നത് ഒരു റൂമിലാണ്. അതിന്റെ നടുക്കാണ് അവന്റെ കാശുകുഞ്ചി ഉള്ളത്,വാട്ടർ ടാങ്കിന്റെ ഷേപ്പിൽ ഉള്ള മുകളിൽ ഒരു തുളയുള്ളത്‌..

എന്നോട് ഡോക്ടർ വെയിറ്റ് കുറക്കാൻ പറഞ്ഞിട്ടുണ്ട്… വേദന വലത്തേ കാലിലോട്ടും നന്നായി ഉള്ളതോണ്ട് ശരീരത്തിനെ താങ്ങി നിർത്താൻ ബുദ്ധിമുട്ടാവുമത്രെ…

രാവിലെ സുന്നത്ത്കാരന് പുഴുങ്ങിയ മുട്ടയും നെയ്യില് വാട്ടിയ നേന്ത്രപ്പഴോം ബൂസ്റ്റും കൊടുക്കും…

കാല് രണ്ടും കൂട്ടിമുട്ടാണ്ട് കഷ്ടപ്പെട്ട് ഓൻ എണീച്ചിരിക്കും… വളരെ മെല്ലെ സൈഡില് കുത്തിപിടിച്ച് ഊര വളയാണ്ട് ഞാനും എണീക്കും…

ഒരു ചെറിയേ കണ്ടം പഴം ഇനിക്കും താടാ എന്ന ഭാവത്തില് ഓനെ നോക്കുമ്പോ ഇമ്മാ ഇനിക്ക് മതിയായിന്നും പറഞ്ഞ് ഓൻ പാത്രം എന്റെ നേരെ നീട്ടും..

ഇനി വാട്ടുമ്പോ പഴത്തില് ലേശം പഞ്ചാര കൂടെ ഇടണംന്നും പറഞ്ഞ് കാലിപാത്രം ഞാൻ ഉമ്മാക്ക് കൊടുക്കും..

ഓരോരുത്തര് കാണാൻ വരുമ്പോ ഓന്ക്ക് പൈസ കൊടുക്കും.. ഖജാൻജി ഞാനാണ്… പൈസ ചുരുട്ടി ഞാൻ കുഞ്ചിടാങ്കിലിടും… ചോക്ലേറ്റും മിഠായിയും ഓൻ ഓന്റെ തലയണന്റെ ചോട്ടില് വെക്കും….

രാത്രിയാവുമ്പോ ഞങ്ങള് ചോക്ലേറ്റ് എടുത്ത് കഴിക്കും… വാട്ടർ ടാങ്കിലെ പൈസ കുലുക്കി താജ്മഹൽ കാണാൻ ഇത്രേം പൈസ പോരേ അമ്മായി എന്ന് ചോദിക്കും…

നമുക്കെന്തേ ദാസാ ഈ ബുദ്ധി ആദ്യമേ തോന്നാത്തതെന്ന് ഞാനവനോട് പരിഭവം പറയും…

അയിന് ഇപ്പഴല്ലേ സുന്നത് കഴിഞ്ഞതെന്ന് അവൻ തിരിച്ചു ചോദിക്കും,

എനിക്ക് മൂന്ന് പെങ്കുട്ട്യോളായിപ്പോയി, അല്ലേൽ ഞാൻ താജ്മഹൽ അല്ല.. ബുർജ് ഖലീഫ വരെ കണ്ടേനെ എന്ന് വീമ്പ് പറയും…

പിറ്റേന്ന് രാത്രി ഇക്ക വിളിച്ചപ്പോ എടീ.. അടുത്ത വെക്കേഷന് ഞമ്മക്ക് മലമ്പുഴ കാണാൻ പോയാലോ ന്ന്..

ഞാനപ്പോ അവൻ തിന്നതിന്റെ ബാക്കി പുഴുങ്ങിയ മുട്ടയും പഴവും തിന്ന് ബൂസ്‌റ്റ് കുടിച്ചോണ്ടിരിക്കായിരുന്നു…

“ഞാനില്ല… ഇങ്ങള് പൊയ്ക്കോളി…”

“അങ്ങനെ പറയല്ലാ… നീയില്ലാതെ പിന്നെങ്ങനാ..”

“വെള്ളം ഇല്ലാത്ത വരണ്ടുണങ്ങിയ മലമ്പുഴ കാണാനല്ല,.താജ് മഹലാ ഞങ്ങള് കാണാൻ പോക്ണത് ..”

ഒരു നാലഞ്ചാളൂടി കാണാൻ വന്നാ ഞങ്ങളെ കുറ്റി നിറയും… അപ്പോ ആരേയും കൂട്ടാണ്ട് ഞങ്ങള് ഒരു പോക്ക് പോവും… എന്നിട്ട് അതീന്റെ മുമ്പിന്ന് ഒരു സെൽഫി എടുത്ത് ഇങ്ങക്ക് അയച്ച് തരും… അത് കണ്ടിട്ട് ഇങ്ങള് പറയണം… ഹണി റോസാണോ ഷബ്ന ഷംസു ആണോ താജ് മഹല് കണ്ടതെന്ന്… “

പടച്ചോനേ, പൈസക്കാരായ കുറച്ച് ആൾകാരേം കൂടി ഇയ്യ് ഇങ്ങട്ട് പറഞ്ഞയക്കണേ.. എന്നിട്ട് വേണം അമ്മായിക്കും മോനും ഒന്ന് കറങ്ങി നിവർന്ന് വരാൻ..

❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *