ട്രെയിൻ യാത്രയിൽ ഓരോന്ന് ഓർത്തു ഇരിക്കുന്നതിന് ഇടയിൽ ആയിരുന്നു ഒരു മൂന്നു വയസ്സ് പ്രായമുള്ള പെൺ കുട്ടി അരികിലേക് വന്നു എന്നെ തോണ്ടി കയ്യിൽ ഉണ്ടായിരുന്ന…..

എഴുത്ത്:-നൗഫു ചാലിയം

“മാമാ…”

“ട്രെയിൻ യാത്രയിൽ ഓരോന്ന് ഓർത്തു ഇരിക്കുന്നതിന് ഇടയിൽ ആയിരുന്നു ഒരു മൂന്നു വയസ്സ് പ്രായമുള്ള പെൺ കുട്ടി അരികിലേക് വന്നു എന്നെ തോണ്ടി കയ്യിൽ ഉണ്ടായിരുന്ന സ്വീറ്റ്സ് നീട്ടിയത്…

ജിലേബി ആയിരുന്നു അത്…”

“ആ കുട്ടിയും അവന്റെ അച്ഛനും അമ്മയും പിന്നെ രണ്ട് ഹിന്ദിക്കാരും ആയിരുന്നു ആ സമയം അവിടെ ഉണ്ടായിരുന്നത്..

ഹിന്ദിക്കാർ മുകളിലെ ബെർതിൽ ചെവിയിൽ ഇയർ ഫോൺ വെച്ചു പാട്ടു കേട്ടു കിടക്കുകയായിരുന്നു…”

“ഞാൻ അവളോട് ചിരിച്ചു കൊണ്ട് ആ സ്വീറ്റ്സ് വാങ്ങി അവളോട്‌ ചോദിച്ചു…

മോളേ പേരെന്താ…”

ഞാൻ ചോദിച്ചതും അവൾ വായ പൊത്തി ചിരിച്ചു…

“അയ്യേ…ഞാൻ മോളല്ല…

മോനാ…”

അവൾ അതും പറഞ്ഞു വീണ്ടും കുണുങ്ങി ചിരിക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു ഞാൻ അവളുടെ അച്ഛനെയും അമ്മയെയും നോക്കിയത്…

“മോനാ…

ഒരു നേർച്ച ഉണ്ടായിരുന്നു… മൂന്നാമത്തെ വയസിൽ പഴനിയിൽ പോയി മൊട്ടയടിക്കാമെന്ന്…

അതാ.. “

അവന്റെ അച്ഛൻ എന്നോട് പറഞ്ഞു.. അവന്റെ മുടിയിൽ കൈ വിരലുകൾ കോർത്തു എന്നെ നോക്കി..

“പെൺ കുട്ടികളുടെ മുഖഛായ ആയിരുന്നു അവന്..

അതും പോരാഞ്ഞു മുടി ചുമലിൽ നിന്നും ഇറങ്ങി താഴെ എത്തിയിരുന്നു…”

“അവർ കോഴിക്കോട് വടകരയിൽ നിന്നും കയറിയതാണ്…

മോന്റെ പേര് അപ്പു…അച്ഛൻ മനു.. അമ്മ സിന്ധു…

ഞാൻ ഫാറൂക്കിൽ നിന്നും…

എന്റെ പേര് നിയാസ്…”

“ഞാൻ ജോലി സംബന്ധമായി പാലക്കാട്ടേക്കുള്ള യാത്രയിൽ ആയിരുന്നു…

ഫാറൂക്കിൽ നിന്നും ആറര ക്കുള്ള ട്രെയിൻ ആയത് കൊണ്ട് തന്നെ രാവിലെ എടി പിടി എന്നും പറഞ്ഞു മണ്ടി പാഞ്ഞു വന്നിട്ടാണ് ട്രെയിൻ കിട്ടിയത് തന്നെ…”

“രാവിലെ ഒന്നും കഴിക്കാതെ വീട്ടിൽ നിന്നും ഇറങ്ങിയത് കൊണ്ടു തന്നെ വിശക്കാൻ തുടങ്ങിയിരുന്നു…

അല്ലെങ്കിൽ തന്നെ വിശപ് കുറച്ചധികം ഉള്ള കൂട്ടത്തിൽ ഉള്ള ആളാണെ”

“ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ട്രെയിൻ എത്തി പുറപ്പെടാൻ തുടങ്ങിയിരുന്നു…

അത് കൊണ്ട് അവിടെ നിന്നും ഒന്നും വാങ്ങിക്കാൻ കഴിഞ്ഞില്ല…”

“വള്ളികുന്ന് സ്റ്റേഷൻ കഴിഞ്ഞതും മുന്നിൽ ഇരുന്ന ഫാമിലി ഒരു കവറിൽ ഉണ്ടായിരുന്ന ഫുഡ്‌ ഫുഡ്‌ എടുത്തു അതിൽ നിന്നും ഡിസ്പോസിബിൾ പ്ളേറ്റും…

വെള്ളത്തിന്റെ രണ്ട് മൂന്നു കുപ്പികളും…”

അവർ ഭക്ഷണം കഴിക്കാൻ പോകുന്നത് കൊണ്ടു തന്നെ അവിടെ നിന്നും എഴുന്നേറ്റു പോകാൻ തുടങ്ങിയ സമയത്തായിരുന്നു…

മനുവേട്ടൻ ഒരു ഡിസ്പോസിബിൾ പ്ളേറ്റ് എന്റെ നേരെ നീട്ടി..”

“പരപ്പനങ്ങാടി സ്റ്റേഷനിൽ ഇറങ്ങി എന്തേലും കഴിക്കാമെന്ന് കരുതി ഇരിക്കുന്ന സമയത്താണ് പൂ പോലുള്ള ഇഡ്ഡലി യും ചട്ടിണിയും മുന്നിൽ കാണുന്നത്..

ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും അവർ നിർബന്ധിച്ചു കൊണ്ട് കഴിക്കാനായി പറഞ്ഞു..

ഒരാൾ അത്രക്ക് നിർബന്ധിച്ചാൽ പിന്നെ എങ്ങനെയാ കഴിക്കാതെ ഇരിക്ക…

അല്ലെങ്കിലും ഞാൻ കഴിക്കും…”

ആ സമയം ട്രെയിൻ പരപ്പനങ്ങാടി സ്റ്റേഷനിൽ എത്തിയിരുന്നു..

“തിങ്കളാഴ്ച ദിവസം ആയിരുന്നെങ്കിലും… ഒഴിവ് ദിവസം ആയിരുന്നത് കൊണ്ടായിരിക്കാം ട്രെയിനിൽ ആളുകൾ കുറവായിരുന്നു…

ഉള്ളതിൽ പകുതിയിൽ അധികം പേര് അതിഥികൾ..

ഞങ്ങളുടെ ബോഗിയിലും അവർ തന്നെ ആയിരുന്നു കൂടുതലും…”

“സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടാൻ നേരത്താണ് ഒരു തലേക്കെട്ട് കെട്ടിയ മനുഷ്യൻ ഞങ്ങൾ ഇരിക്കുന്ന സീറ്റിലേക് വന്നത്…

ഇവിടെ ആരേലും ഉണ്ടോ എന്ന് ചോദിച്ചു..

ഞാൻ ഇല്ലാ എന്ന് പറഞ്ഞതും അയാൾ എന്റെ അരികിലായി ഇരുന്നു…”

“ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ആയത് കൊണ്ടു തന്നെ മനുവേട്ടൻ അയാളോട് കഴിക്കുന്നോ എന്ന് ചോദിച്ചു..

അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

“വേണ്ട…

എനിക്ക് നോമ്പ് ആണെന്ന്…”

“ഇന്നെന്തു നോമ്പാണെന്ന് ചിന്തിച്ചു നിൽക്കുന്ന സമയത്താണ് എനിക്ക് ഓടിയത് ഇന്ന് തിങ്കളാഴ്ച നോമ്പ് ആണ് സുന്നത് നോമ്പ്..

തിങ്കളാഴ്ചയും വ്യാഴയ്ച്ചയും നോമ്പ് എടുക്കുന്ന ഒരുപാട് പേരുണ്ട്..

ഞാൻ പിന്നെ ഒൺലി നിർബന്ധം ആയത് മാത്രം എടുക്കുന്ന ആളാണെ…”

“സീറ്റിൽ ഇരുന്നതും അയാൾ കൈയിൽ ഉണ്ടായിരുന്ന ഒരു ബുക്ക്‌ എടുത്തു വായിച്ചു കൊണ്ടിരിക്കെ ആയിരുന്നു അപ്പു അയാൾക് നേരെ അവൻ കഴിച്ചു കൊണ്ടിരുന്ന പ്ളേറ്റ് നീട്ടിയത്…

മുത്തശ്ശാ …

ഇതാ നല്ല ഇഡ്ഡലിയാ…

ഇത് കഴിച്ചോ …

വിശക്കൂലേ…എന്ന് പറഞ്ഞത്…”

“അവൻ അങ്ങനെ ചെയ്യുമെന്ന് അറിയാത്തത് കൊണ്ട് തന്നെ മനുവേട്ടൻ പെട്ടന്ന് ഞെട്ടി…

അവനെ അയാളുടെ മുന്നിൽ നിന്നും അരികിലേക് വലിച്ചു..

“എന്തുവാ അപ്പു കാണിക്കുന്നേ…

അദ്ദേഹത്തിനു നോമ്പ് ആണ് വൈകുന്നേരം വരെ ഒന്നും കഴിക്കാൻ പാടില്ല എന്നും പറഞ്ഞു മോനേ ചീ ത്ത പറഞ്ഞു.. “

“മനുവേട്ടൻ ചീ ത്ത പറഞ്ഞതും അപ്പു കരയാൻ ആയിരുന്നു…

നിമിഷങ്ങൾക്കകം അവന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു വന്നു…
കണ്ണുകൾ രണ്ടും നിറഞ്ഞു തുളുമ്പി…

കയ്യിലെ പ്ളേറ്റ് വിറക്കാൻ തുടങ്ങി…

അതിൽ നിന്നും ഇഡ്ഡലി താഴെക്ക് ഉരുണ്ടു വീഴാൻ തുടങ്ങിയപ്പോൾ ആയിരുന്നു ആ പ്ളേറ്റിൽ ഒരു കൈ വന്നു പിടിച്ചത്…”

“അവന്റെ കയ്യിൽ നിന്നും ആ പ്ളേറ്റ് അയാൾ വാങ്ങി അരികിലേക് ചേർത്ത് പിടിച്ചു…

മുത്തശ്ശൻ ചേർത്തു പിടിക്കുന്നത് പോലെ…”

“എന്തിനാ കരയുന്നെ…”

അയാൾ അവനോട് ചോദിച്ചു…

അവൻ ആ സമയം മനുവേട്ടന്റെ മുഖത്തേക് നോക്കി…

“കരയണ്ടട്ടോ

അവന്റെ മുഖം അയാളിലേക്കു തന്നെ തിരിച്ചു..അവനോട് ചിരിച്ചു കൊണ്ട് അവന്റെ പ്ളേറ്റിൽ നിന്നും ഒരു കുഞ്ഞു കഷ്ണം ഇഡ്ഡലി എടുത്തു അവന്റെ മുന്നിൽ നിന്ന് തന്നെ കഴിച്ചു…”

“അത് കണ്ടപ്പോൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അവൻ ചിരിക്കാൻ തുടങ്ങി…

അവനെ ചേർത്തു നിർത്തി അയാളും…”

എന്തെ നോമ്പ് മുറിച്ചു എന്നുള്ള എന്റെ ചോദ്യത്തിനും അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നു…

“ഇനിയും ഒരു തിങ്കളാഴ്ച ദിവസത്തേക് പടച്ചോൻ ആയുസ്സ് ഇട്ട് തന്നാൽ എനിക്ക് നോമ്പ് നോൽക്കാൻ സാധിക്കും…

പക്ഷെ ഇന്നൊരു ദിവസത്തേക്ക് അവന്റെ കൊച്ചു സന്തോഷത്തിൽ അവന്റെ പുഞ്ചിരി കാണുവാൻ എനിക്ക് കഴിഞ്ഞില്ലേൽ അതിനി ഒരിക്കലും സാധിക്കില്ലല്ലോ…

എന്നതായിരുന്നു അയാളുടെ മറുപടി “…

ബൈ

…😘

Related Posts

Leave a Reply

Your email address will not be published. Required fields are marked *