തട്ടി വിളിച്ചിട്ടും കരഞ്ഞു വിളിച്ചിട്ടും ആരും കേട്ടില്ല. ടീച്ചറെ വിളിച്ചിട്ടും സിസ്റ്ററെ വിളിച്ചിട്ടും അമ്മയെ വിളിച്ചിട്ടും ആരും വിളികേട്ടില്ല. അടുത്ത ബിൽഡിംഗ്‌ ലെ ഓരോ വാതിലുകളും അടയുന്ന….

Story written by Sowmya Sahadevan

നൈറ്റ്‌ ഡ്യൂട്ടിക്കായി ചെന്നപ്പോളാണ് ഐ സി യുവിലെ തണുപ്പിൽ,ഒരു നാലാം ക്ലാസ്സ്‌ കാരി സ്കൂളിൽ വച്ചു വീണു ബോധം നഷ്ട്ടപെട്ടു ഒബ്സെർവഷന് വേണ്ടി കിടത്തിയിരിക്കുന്നു. സ്കാനിംഗ് റിപ്പോട്ടുകളെല്ലാം നോർമൽ. പേടിച്ചരണ്ടുപോയ ആ കുഞ്ഞു ഇടയ്ക്കിടയ്ക്ക് ഞെട്ടികരഞ്ഞുകൊണ്ടിരിക്കുന്നു.ഇരു വശത്തായി കെട്ടി വച്ച വെള്ള റിബ്ബനുകൾ അഴിച്ചുകൊടുത്തു ഞാൻ അവൾക് കൂട്ടിരുന്നു. അമ്മയെയും ടീച്ചറെ യും മാറി മാറി വിളിക്കുന്നു ഇടയ്ക്കിടെ.അപ്പോളെല്ലാം ആ കൈകൾ എന്റെ വിരലുകളെ അമർത്തി പിടിച്ചു.

നഴ്സിംഗ് സ്റ്റേഷൻ ലെ ടേബിൾ മേൽ തല വച്ചുകിടന്നപ്പോൾ മറ്റൊരു നാലാം ക്ലാസുകാരി വെള്ള റിബൺ കൊണ്ട് ഇരു വശത്തും കൊമ്പ് കെട്ടി വെള്ള ഷർട്ടും നീല പാവാട യും ഇട്ടുകൊണ്ട് ക്ലാസ്സിലെ ബോർഡിൽ പേരെഴുതികൊണ്ടിരിക്കുകയായിരുന്നു.പതിയെ അവളുടെ ടീച്ചർ ഒരു പൊതി കൊടുത്തിട്ടു പറഞ്ഞു മോളിതൊന്നു എന്റെ വീട്ടിൽ കൊടുക്കാമോ എന്ന്, ടീച്ചർ ഇന്നു എങ്ങോട്ടോ പോവുകയാണ് വീട്ടിൽ പോവുന്നില്ല എന്നും ടീച്ചർ പറഞ്ഞു.അവസാനത്തെ പീരിയഡ് ആണ് അതെന്നും തിരിച്ചു വരുമ്പോളേക്കും സ്കൂൾ വിടും എന്നോ ആലോചിക്കാതെ, ആ പൊതിയും കൊണ്ട് ക്ലാസ്സ്‌ ലീഡർ ടെ ജാഡയോടെ അവൾ പോയി.

അടുത്താണ് വീട് ഒരു പത്തു മിനിറ്റ് നടക്കാവുന്ന ദൂരം. സ്കൂളിൽ നിന്നും ഇറങ്ങി ഇത്തിരി നടന്നപ്പോളേക്കും സ്കൂളിലെ മണിയൊച്ച കാതിൽ മുഴങ്ങി. പൊതി കളയാനും വയ്യ, പേടി യായി തുടങ്ങി. പൊതി വേഗം കൊടുത്തു, തിരിച്ചു ഓടികൊണ്ടാണ് വന്നത്. വരുന്ന വഴിയിൽ എല്ലാം സ്കൂൾ വിട്ടു വീട്ടിൽ പോവുന്ന കുട്ടികളായിരുന്നു. സ്കൂൾ അടുക്കും തോറും കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു.ടീച്ചർ എന്നെയും കാത്തു നിൽപുണ്ടായിരുന്നു. വൈകിയോ മോളെ ചോദിച്ചു കൊണ്ട് ടീച്ചർ പെട്ടെന്ന് പോവാനും പറഞ്ഞു.

ബാഗ് എടുക്കാനായി ഞാൻ മുകളിലെഎന്റെ ക്ലാസ്സ്‌ ലേക്ക് ഓടി, മരത്തിന്റെ കോണിപടികൾ ഇരുവശത്തുകൂടെ വന്നു പിന്നെ വീഥിയുള്ള ഒറ്റ കോണി. കോണി കയറി വലതു വശത്തെ രണ്ടാമത്തെ ക്ലാസ്സ്‌ റൂം.ആദ്യമായിട്ടാണ് ഈ ക്ലാസും സ്കൂളും അവൾക് ഇങ്ങനെ നിശബ്ദമായി അനുഭവപ്പെടുന്നത് , പേടിയായി തുടങ്ങി അവളുടെ പേടിയിലും വെപ്രാളത്തിലും പുസ്തകങ്ങൾ ബാഗിൽ നിന്നും താഴെ വീണു. ഒരുകണക്കിന് പുസ്തകങ്ങൾ പറക്കികൂട്ടി ബാഗിൽ ഇട്ടു, സിബ് അടക്കാൻ നിൽകുമ്പോളാണ് വലിയൊരു ശബ്ദത്തോടെ കോണിയ്ക്ക് താഴെ യുള്ള വാതിലുകൾ അടഞ്ഞത് അടക്കാത്ത ബാഗും കൊണ്ട് പുറത്തേക്കു വന്നപ്പോൾ കട്ടിള പടിയിൽ തട്ടി ചെറുതായൊന്നു വീണു മുട്ട് പൊട്ടി, ചോ ര വന്നു തുടങ്ങി കാവി ഇട്ട പരുക്കൻ നിലത്തെ മണതരികൾ, നീറുന്നു. കരഞ്ഞും കൊണ്ടാണ് പടികലിറങ്ങിയത്, ഇരുട്ടിലേക്ക്.

തട്ടി വിളിച്ചിട്ടും കരഞ്ഞു വിളിച്ചിട്ടും ആരും കേട്ടില്ല. ടീച്ചറെ വിളിച്ചിട്ടും സിസ്റ്ററെ വിളിച്ചിട്ടും അമ്മയെ വിളിച്ചിട്ടും ആരും വിളികേട്ടില്ല. അടുത്ത ബിൽഡിംഗ്‌ ലെ ഓരോ വാതിലുകളും അടയുന്ന ശബ്‍ദം ഒരു തേങ്ങാലോടെ അവൾ കേട്ടുകൊണ്ടിരുന്നു….. ഇരുട്ടിൽ,അടക്കാത്ത ബാഗും കെട്ടിപിടിച്, ഒരു വശത്തെ അഴിഞ്ഞ റിബണുംമായി മുട്ടിൽ നിന്നും ഇറ്റി വീഴുന്ന ചോരയുമായി ഒരു നാലാംക്ലാസുകാരി ആ കോണിമുറിയുടെ വാതിലിൽ ചാരി തേങ്ങിക്കൊണ്ടിരുന്നു.

പെട്ടെന്നാണ് ബെഡിലെ കുഞ്ഞു വീണ്ടും കരഞ്ഞത്.ഞാൻ നെട്ടിയുണർന്നു. എന്റെ ശരീരമാകെ വിയർത്തിരുന്നു. നാവെല്ലാം വരണ്ടുപോയിരുന്നു. മെല്ലെ ഒന്നു തട്ടി കൊടുത്തപ്പോൾ ആ കുഞ്ഞു വീണ്ടും ഉറങ്ങിപ്പോയി. എന്റെ ഉറക്കത്തിൽ പോലും മറന്നു പോവാത്ത ആ പേടിപ്പിക്കുന്ന ആ ദിവസത്തിന്റെ ഓർമ്മകൾ ഈ കുഞ്ഞാണല്ലോ വീണ്ടും ഉണർത്തിയത്. പിന്നെ കണ്ണുകൾ അടയാതെ തന്നെ അത് ഓർത്തു. സ്കൂൾ അടച്ചു പുറതിറങ്ങ്യ ടീച്ചറും പിയുണും സിസ്റ്ററും പുറത്തു കരഞ്ഞു കൊണ്ട് അവളെ കാത്തു നിന്ന അവളുടെ ചേച്ചീനെ കണ്ടതും എല്ലാരും കൂടെ അവളെ തിരഞ്ഞു കണ്ടുപിടിച്ചതും ഓട്ടോയിൽ വീട്ടിൽ പോയതും എല്ലാം ഇപ്പോളും കണ്ണ് നിറക്കുന്ന ഒരു ഓർമയായി തന്നെ നില്കുന്നു.

ഒരു അഞ്ചാം ക്ലാസ്സ്‌കാരിക് ഇപ്പോൾ വരാം ന്നു പറഞ്ഞ അനിയത്തിയെ കാണാഞ്ഞപ്പോൾ നേരം വൈകിയതിനു അമ്മയുടെ കൈയിൽ നിന്നും കിട്ടാൻ പോവുന്ന അടിയെ കുറിച്ച് മാത്രമായിരുന്നു ഓർമ, എന്നിട്ടും അവൾ കാത്തുനിന്നു. എന്നും ആ കാത്തുനിൽപ് തുടർന്നു കൊണ്ടേയിരിക്കും ഒരു ഫോൺ കാളിനപ്പുറത്തു അവൾ വീട്ടിലെത്താത്ത വൈകുന്നേരങ്ങളിൽ അത് തുടർന്നുകൊണ്ടേയിരിക്കുന്നു.

ഒരേഒരു മണിക്കൂർ വെറും 60 മിനിറ്റുകൾ മറക്കാനാവാത്ത ആ ഒരു മണിക്കൂർ.മുകളിലെ നിലയിൽ നിന്നും താഴേക്കുള്ള തനിച്ചുള്ള യാത്രകളിൽ ഞാൻ ഇന്നുമൊരു നാലാംക്ലാസുകാരിയായി മാറും, അടഞ്ഞുപോവാൻ സാധ്യതയുള്ളൊരു കോണിമുറിയുടെ വാതിലുകൾ എപ്പോളും മുന്നിൽ തെളിഞ്ഞുകൊണ്ടേയിരുന്നു……

Related Posts

Leave a Reply

Your email address will not be published. Required fields are marked *