തേച്ചിട്ട് പോയവളാണ്.. കല്യാണം കഴിഞ്ഞു മാസമൊന്ന് കഴിയുന്നതിനു മുൻപേ മുൻകാമുകനെ വിളിച്ചിട്ട് കരയുന്നത്…

ബ്ലോക്ക്ഡ്…

എഴുത്ത് :- സൂര്യകാന്തി

“നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലെടാ..…”

ഫോണിലൂടെ വിസ്മയയുടെ കരച്ചിൽ ശിവരഞ്ചൻ കേൾക്കുന്നുണ്ടായിരുന്നു…

തേച്ചിട്ട് പോയവളാണ്.. കല്യാണം കഴിഞ്ഞു മാസമൊന്ന് കഴിയുന്നതിനു മുൻപേ മുൻകാമുകനെ വിളിച്ചിട്ട് കരയുന്നത്…

അതും, കല്യാണത്തിന് ഒരാഴ്ച മുൻപേ മാത്രമായിരുന്നു,അവൾ വാർക്കപ്പണി തുടങ്ങിയിട്ട് കുറച്ചായെന്നും തേപ്പ് മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും ശിവ അറിഞ്ഞതും…

ചങ്കു പൊട്ടിപ്പോയിരുന്നു.. ജീവനെ പോലെ കൊണ്ടു നടന്നവളാണ്,ഒരു ദിവസം വിളിച്ചു പറയുന്നത്…

“ശിവേട്ടാ .. എന്നോട് ക്ഷമിക്കണം.. എന്നെയിനി വിളിക്കരുത്.. വീട്ടിലൊക്കെ ആകെ സീനാണ്.. നമുക്ക് പിരിയാം..”

അതും പറഞ്ഞു കോൾ കട്ട്‌ ചെയ്തവളെ പിന്നെ വിളിച്ചിട്ട് കിട്ടിയില്ല..നമ്പർ സ്വിച്ഡ് ഓഫ്‌.. ശിവയ്ക്ക് ഭ്രാന്ത്‌ പിടിച്ചു..

പിറ്റേന്ന് വിശദമായ അന്വേഷണത്തിൽ അറിഞ്ഞു.. തങ്ങളുടെ ബന്ധം അവളുടെ വീട്ടിൽ അറിഞ്ഞിട്ട് പോലുമില്ല.. ഒരു അമേരിക്കക്കാരന്റെ ആലോചന വന്നപ്പോൾ അവൾ തന്നെ നൈസായിട്ട് തേച്ചതാണ്…

വല്ലാത്തൊരു അവസ്ഥയിലായിരുന്നു ശിവ.. മനസ്സറിഞ്ഞു സ്നേഹിച്ചവളാണ്…

രണ്ടു ദിവസം മുൻപ് വരെ ഫോണിൽ കൂടെ ശിവേട്ടായെന്ന് വിളിച്ചു കുറുകിയതാണ്..

ജീവൻ പോയാലും തന്നെ മറക്കാനാവില്ലെന്ന് പറഞ്ഞവളാണ്….

ആകെ തകർന്നു പോയിരുന്നു ശിവരഞ്ചൻ..

വിസ്മയയുടെ വീട്ടിലെത്തിയ ശിവയെ, ഫ്രണ്ട്‌ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി വിസ്മയ അച്ഛനും അമ്മയ്ക്കും…

“എന്റെ ജീവിതം നശിപ്പിക്കരുത്.. അച്ഛൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ എനിക്ക് വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. ഇത് മുടങ്ങിയാൽ ശിവേട്ടൻ പിന്നെ എന്നെ ജീവനോടെ കാണില്ല…”

തനിച്ചായപ്പോൾ അവൾ ശിവയുടെ മുൻപിൽ കൈകൾ കൂപ്പി…

പറയുന്നത് മുഴുവനും കള്ളമാണെന്ന് മനസ്സിലായെങ്കിലും ശിവ ചോദിച്ചു..

” നിനക്കിത് നേരത്തെ പറഞ്ഞൂടായിരുന്നോടി.. കല്യാണം ഉറപ്പിച്ചിട്ടും നീയെന്നെ പൊട്ടനാക്കിയില്ലേ…?”

ഉരുണ്ട് കളിക്കുന്ന അവളുടെ മുൻപിൽ നിന്നാൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ടു പോവുമോയെന്ന് പേടിച്ചാണ് ശിവ തിരിച്ചു പോയത്….

അത്ര മേൽ പരിശുദ്ധമെന്ന് കരുതി ഹൃദയത്തിൽ കൊണ്ടു നടന്ന പ്രണയം, വെറും കാപട്യമെന്ന് തിരിച്ചറിഞ്ഞതിന്റെ വേദന ചില്ലറയായിരുന്നില്ല…

ആ അവസ്ഥയിൽ നിന്നും കുറെയൊക്കെ മാറ്റം വരാൻ കാരണം അവളായിരുന്നു.. ആത്മിക..

അയല്പക്കത്തെ കുട്ടിയെന്നതിലുപരി ശിവരഞ്ചന്റെ ചങ്കായിരുന്നു ആത്മിക.. ആമി..

ഒരുമിച്ചു കളിച്ചു വളർന്നവർ.. പഠിത്തം കഴിഞ്ഞു, ശിവയ്ക്ക് താൻ ജോലി ചെയ്യുന്നിടത്ത് തന്നെ ഒരു ജോലി ശരിയാക്കിയെടുത്തതും ആമി തന്നെയായിരുന്നു…

അവളറിയാത്തതായി ഒന്നും തന്റെ ജീവിതത്തിൽ ഇല്ല…

വിസ്മയ, തന്റെ ജീവിതത്തിലേയ്ക്ക് വന്നതിൽ പിന്നെയാണ് തങ്ങളുടെ ബന്ധത്തിന് ചെറുതായി ഒരു ഉലച്ചിൽ വന്നത്…

വിസ്മയയ്ക്ക് താനും ആത്മികയും തമ്മിലുള്ള സുഹൃത് ബന്ധം ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല….

അതിനെ ചൊല്ലിയുള്ള വഴക്കും പരിഭവം പറച്ചിലും, തനിക്ക് അസഹ്യമായി തുടങ്ങിയപ്പോൾ,ആമി തന്നെയാണ് തന്നിൽ നിന്നും അകലാൻ തുടങ്ങിയത്…

ആദ്യമായി വിസ്മയയെ പരിചയപ്പെട്ടതും ആമിയുടെ വാക്കുകൾ ശിവ ഓർത്തു..

“എടാ.. ആ കൊച്ചു നമുക്ക് ശരിയാകത്തില്ല.. അതിനൊരു ക്യാരക്‌ടർ ഇല്ലാത്തത് പോലെ.. തേച്ചിട്ട് പോവാൻ സാധ്യത കൂടുതലാണ്..”

എന്തോ ഈ കാര്യത്തിൽ മാത്രം ആമിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ തോന്നിയില്ല…

വിച്ചുവിന്റെ ചിണുങ്ങിയുള്ള സംസാരവും കൊഞ്ചലുമെല്ലാം തന്റെ മനസ്സിനെ അത്ര മേൽ അവളിലേയ്ക്ക് ആകർഷിച്ചിരുന്നു…

പിന്നെ,പിന്നെ,തന്റെ ജീവിതം തീരുമാനിച്ചിരുന്നത് തന്നെ അവളായിരുന്നു.. അവൾ പറയുന്ന വസ്ത്രങ്ങൾ.. അവൾക്കിഷ്ടമുള്ള ഭക്ഷണം.. അങ്ങനെയങ്ങനെ…

പക്കപ്പിറന്നാളിന് വരെ വാങ്ങിക്കൊടുത്തിട്ടുള്ള സമ്മാനങ്ങൾ…

ഒടുവിൽ തലയ്ക്കു തീപ്പിടിച്ചു നടന്ന ദിവസങ്ങളിൽ, തന്നെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വന്നത് അവളായിരുന്നു.. തന്റെ ആമി…

മൂന്നാലു ദിവസം മുൻപാണ് അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു കോൾ വന്നത്…

“ഹലോ…?”

മറുപടി ഒരു കരച്ചിലായിരുന്നു.. ശിവയുടെ നെഞ്ചിടിപ്പ് ഒന്നുയർന്നു…

“വിച്ചൂ…”

“ശിവേട്ടാ …”

പിന്നെയും കരച്ചിൽ…

“വിച്ചൂ.. നീയെന്തിനാ കരയണത്.. എന്ത് പറ്റി.. എന്താണേലും കാര്യം പറ…”

“എനി.. എനിക്ക് പറ്റുന്നില്ല ശിവേട്ടാ .. നീയില്ലാണ്ട് എനിക്ക് ജീവിക്കാൻ പറ്റില്ല..”

അന്താളിച്ചു പോയ ശിവ,താൻ കേട്ടത് തെറ്റിപ്പോയോ എന്നാലോചിച്ചു…

“എന്നോട്.. എന്നോട് ക്ഷമിക്കണം…”

ശിവയ്ക്ക് മറുപടി പറയാൻ കഴിഞ്ഞില്ല…

വിച്ചു പിന്നെയും വിളിച്ചു.. അവളുടെ ഭർത്താവിന്റെ കുറ്റങ്ങളുമായി… തന്നിൽ നിന്നും കിട്ടിയ കെയറിങ്ങിനെ പറ്റി പറഞ്ഞു തേങ്ങിക്കരഞ്ഞു..

ശിവരഞ്ചൻ ത്രിശങ്കു സ്വർഗത്തിലായിരുന്നു …

ഒരിക്കൽ പ്രാണന് തുല്യം സ്നേഹിച്ചവളാണ്.. ആത്മഹത്യ ചെയ്യുമെന്നൊക്കെ പറയുമ്പോൾ… പെട്ടെന്നങ്ങിനെ അറുത്തു മുറിച്ചു പറയാൻ കഴിയുന്നില്ല…

പക്ഷെ വിവരം അറിഞ്ഞതും ആമി ഭദ്രകാളിയായി.. തന്നെ കൊന്നില്ലെ ന്നേയുള്ളൂ….

അല്പം ബലമായി തന്നെ തന്റെ ഫോണിൽ നിന്നും വിസ്മയയെ വിളിച്ചു കണ്ണു പൊട്ടുന്ന ചീ ത്ത വിളിച്ചവൾ..

“എടാ ഞാൻ അപ്പോഴേ പറഞ്ഞതല്ലേ.. സ്വന്തം കാര്യത്തിനപ്പുറം,ഇവൾക്കൊന്നും ആരെയും സ്നേഹിക്കാൻ കഴിയില്ല… തന്റെ കാര്യത്തിന് വേണ്ടി ആരെയും വേദനിപ്പിക്കാനും മടിയില്ല. മറ്റുള്ളവരുടെ ഫീലിംഗ്സിനെ പറ്റി ഇവർ ചിന്തിക്കില്ല…കാശുള്ള ഒരുത്തനെ കണ്ടപ്പോൾ നിന്നെ തേച്ചവൾ, കെട്ട്യോൻ, നിന്നെ പോലെ അവളുടെ താളത്തിനു തുള്ളാതായപ്പോൾ വീണ്ടും നിന്റെ പിറകെ വന്നു.. ഇതാണ് ആത്മാർത്ഥപ്രണയമെന്നും വിചാരിച്ചു.. ഇങ്ങനെയൊരു മണ്ണുണ്ണിയും..”

മൊബൈൽ ശക്തിയായി ശിവയുടെ കയ്യിലേയ്ക്ക് വെച്ചു അവനെ രൂക്ഷമായി ഒന്ന് നോക്കി ആത്മിക…

ശിവ അവളെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു…

വിസ്മയ പിന്നെയും വിളിച്ചു കൊണ്ടിരുന്നു… താനൊരു ഭാര്യയാണെന്ന ചിന്തയില്ലാതെ, വീണ്ടും പഴയത് പോലെയൊക്കെ അവൾ പെരുമാറാൻ തുടങ്ങിയതോടെ ശിവയും അസ്വസ്ഥനായി…പഴയത് പോലെ ശിവയെ വിളിക്കുമ്പോൾ അവന്റെ നമ്പർ എൻഗേജ്ഡ് ആണെങ്കിൽ, ചോദ്യം ചെയ്യലും കരച്ചിലുമൊക്കെയായി ഓവർ പോസ്സസീവ് നെസും…

‘നീ നിന്റെ ഭർത്താവിനെ വിട്ട് എന്നോടൊപ്പം വരാൻ തയ്യാറാണോ’യെന്ന ചോദ്യത്തിന് ആദ്യമൊന്ന് പതറിയെങ്കിലും..

“ശിവേട്ടൻ വിളിച്ചാൽ ഈ നിമിഷം ഞാൻ ഇറങ്ങി വരും.. പക്ഷെ ഡിവോഴ്സിനു കൊടുക്കാൻ ആറു മാസമെങ്കിലും കഴിയണ്ടേ ശിവേട്ടാ ..?”

അപ്പറഞ്ഞത് ന്യായം .. പിന്നെ ശിവയ്ക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..

മൂന്നാല് ദിവസമായി,ശിവ തിരക്കിലാണെന്ന് പറഞ്ഞു,അധികം സംസാരിക്കാതെ ഫോൺ വെച്ചപ്പോഴൊക്കെ വിസ്മയ ദേഷ്യം കൊണ്ടു പുകയുന്നുണ്ടായിരുന്നു…

അന്ന് വിളിച്ചപ്പോൾ,തന്നെ ഒഴിവാക്കുകയാണോയെന്ന് ചോദിക്കണമെന്ന് മനസ്സിലുറപ്പിച്ചാണ് വിസ്മയ ശിവയെ വിളിച്ചത്…

രണ്ടാമത്തെ തവണയാണ് കോൾ എടുത്തത്…

“ഹലോ…”

ആ പെണ്ണിന്റെ ശബ്ദം ആമിയുടേതാണെന്ന് മനസ്സിലായതും വിസ്മയയുടെ ബിപി കൂടി…

“നീയോ.. നീയെന്തിനാ ശിവയുടെ ഫോണെടുത്തത്..?”

“കെട്ട്യോന്റെ ഫോൺ എടുക്കാനുള്ള അവകാശം ഭാര്യയ്ക്കല്ല്യൊ കൊച്ചേ..?”

“ങേ…?”

“അതേന്ന്.. കല്യാണം കഴിഞ്ഞു, ഞങ്ങൾക്ക് ഒരു കൊച്ചും ആയ ശേഷം നിന്നെ അറിയിക്കാമെന്ന് കരുതിയതാ. പക്ഷെ, കല്യാണം കഴിഞ്ഞപ്പോൾ, കെട്ട്യോന്റെ ഫോണിലേയ്ക്ക് കണ്ടവളുമാർ വിളിച്ചു കൊഞ്ചുന്നത് സഹിക്കാൻ,തക്ക വിശാലമനസ്കതയൊന്നും ഇല്ലാത്ത ഭാര്യയായിപ്പോയി ഞാനും…”

“എന്തൊക്കെയാടി നീ ഈ പറയണേ…?”

“എടി പുല്ലേ. ശിവരഞ്ചനും ആത്മികയും വിവാഹിതരായി…. ഞങ്ങളിപ്പോൾ.. ഇങ്ങ് ദൂരെ,മലേഷ്യയിൽ,ഹണിമൂൺ ആഘോഷിക്കാൻ വന്നിരിക്കുവാ..”

ഇടി വെട്ടേറ്റത് പോലെ നിന്നിരുന്ന വിസ്മയയുടെ ചെവിയിലേയ്ക്ക്, ഫോണിലൂടെ വീണ്ടും ആത്മീകയുടെ നാണം പുരട്ടിയ ശബ്ദം വന്നു വീണു….

“ശിവേട്ടൻ കിടക്കുവാ.. ഞങ്ങളേയ് ഇത്തിരി ബിസിയാ വിസ്മയാ… കൊച്ച് വെച്ചിട്ട് പോ…”

നിരാശാകാമുകവേഷം അണിഞ്ഞു നടന്ന ശിവരഞ്ചനോട് അമ്മയാണ്…

“തേച്ചിട്ട് പോയവൾക്ക് വേണ്ടി കരഞ്ഞോണ്ട് നടക്കാൻ നാണമില്ലെടാ നിനക്ക് ..കണ്ണു ശരിക്കും തുറന്നു ചുറ്റുമൊന്നു നോക്കെടാ മണ്ണുണ്ണി…”

എന്ന് പറഞ്ഞത്..

അതാണ് ശിവയും ആമിയും തമ്മിലുള്ള വിവാഹത്തിൽ എത്തി നിന്നത്..

ഫോണും കയ്യിൽ പിടിച്ചു നിന്ന വിസ്മയ,നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ടപ്പോഴാണ് വാട്സ്ആപ്പ് തുറന്നു നോക്കിയത്…

ശിവയുടെ നമ്പർ…

കെട്ടിപ്പിടിച്ചു നിൽക്കുന്ന ശിവയും ആമിയും..

വിസ്മയ ദേഷ്യത്തോടെ കണ്ണുകൾ ഇറുക്കെ അടച്ചു…

അടുത്ത നിമിഷം അവൾ കണ്ണുകൾ തുറന്നപ്പോൾ കണ്ടു…

ബ്ലോക്ക്ഡ്….

💕

Related Posts

Leave a Reply

Your email address will not be published. Required fields are marked *