നന്നായി തന്നെ പൂരിപ്പിച്ചുന്നു ബോദ്ധ്യം വന്നപ്പോൾ, ഞാൻ അതു അയാൾക്ക്….

രണ്ടക്ഷരം

Story written by Murali Ramachandran

“എനിക്ക് ഈ പെണ്ണുങ്ങളുടെ മുൻപിലൊന്നും പോയി അപേക്ഷിച്ചു നിൽക്കാൻ വയ്യാ.. അതാ നിന്റെ അടുക്കലേക്ക് വന്നത്. ” വൈകുന്നേരത്തെ എന്റെ പത്ര വായനക്കിടെ രമേശൻ എന്നോട് അതു പറഞ്ഞത്. എന്താണെന്നു എനിക്ക് മനസിലാവാതെ ഞാൻ നോക്കുമ്പോൾ കൈയിൽ കരുതിയ പ്ലാസ്റ്റിക് കവറിലെ കുറച്ചു പേപ്പറുകൾ എനിക്ക് നേരെ നീട്ടി. ഞാൻ അതിലേക്ക് കണ്ണോടിച്ചതും..

“ഇത് ഇന്നലെ ബാങ്കിന്നു തന്നതാ.. ഇതിലെന്താ എഴുതിയേക്കുന്നേന്നു ഒരു പിടുത്തവും കിട്ടുന്നില്ല. നീ ഒന്നു വായിച്ചു എന്താന്നു വെച്ചാ എഴുതിതാ.. മൊത്തം ഇംഗ്ലീഷിലാന്നേ.. വേണ്ടതെല്ലാം ഈ കവറിലുണ്ട്.”

ഞാൻ അതു മൊത്തത്തിൽ വായിച്ചു നോക്കുന്നതിന്റെ ഇടയിൽ അവൻ വീണ്ടും തുടർന്നു.

“അല്ലേലും ആ ബാങ്കിൽ ഇരിക്കുന്നവൾമാർക്ക് എന്നെ കാണുമ്പോ പുച്ഛത്തോടെ ഒരു നോട്ടമുണ്ട്. നാലക്ഷരം പഠിച്ചതിന്റെ ആവും.. എനിക്കതു ഒട്ടും പിടിക്കില്ല, അതാ..”

“അല്ല, നിന്റെ ഭാര്യക്ക് അറിയില്ലെ ഇത് പൂരിപ്പിക്കാനൊക്കെ..?”

“അതുകൊള്ളാം, ഒരു കൊല്ലം പത്തിൽ തോറ്റവളെയാ ഞാൻ കെട്ടിയത്. കല്യാണം കഴിഞ്ഞേ പിന്നെ അവളെ ഒട്ടു പഠിക്കാനും വിട്ടിട്ടില്ല. രണ്ടക്ഷരം പഠിച്ചാൽ എനിക്ക് വിലകാണുവോടെ..? ഒരു മോളുണ്ട്, അവൾടെ കാര്യം പിന്നെ കണക്കാ.. തള്ളയെപ്പോലെ തന്നേ..”

രമേശൻ അതു പറഞ്ഞിട്ട് ഒരു പരിഹാസ ചിരി ചിരിച്ചു. എനിക്ക് അവനോട് എന്താണ്‌ പറയേണ്ടത് എന്ന് സമയം കൊടുക്കാതെ ആമിമോൾ അകത്തു നിന്നും വന്നു.

“അച്ഛാ.. ഞാൻ ഇത് ഫിൽ ചെയ്യട്ടെ..?”

അതുവരെ ഞങ്ങൾ പറഞ്ഞിരുന്നത് ആമി കേട്ടിട്ടുണ്ടാവണം. ഉടനെ ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

“എങ്കിൽ മോളു എഴുതിക്കോ.. എന്നിട്ട് എന്നെ കാണിക്കണേ..”

രമേശന്റെ കൈയിൽ നിന്നും ആ കവറിലെ രേഖകൾ കൂടി ഞാൻ വാങ്ങി.. ആമിക്ക് കൊടുത്തതും ഉടനെ രമേശന്റെ ഒരു ചോദ്യം ഉയർന്നു.

“അല്ല, ഇതെന്താ മുകുന്ദാ.. മോൾക്ക് ഇത് പൂരിപ്പിക്കാനോക്കെ അറിയുവോ..?”

“പിന്നല്ലാതെ.. ആമി അതു നോക്കി ചെയ്തോളും. അവൾക്ക് അതൊക്കെ യറിയാം, എട്ടാം ക്ലാസ്സിൽ ആണെങ്കിലും അതിന്റെ ഇരട്ടി അവൾക്ക് പഠിക്കാനുണ്ട്.”

ഞാൻ അതു പറഞ്ഞിട്ട് പത്ര വായനയിലേക്ക് തിരിഞ്ഞു. രമേശൻ മുറ്റത്തൂടെ അങ്ങുമിങ്ങും നടന്നു. അൽപം കഴിഞ്ഞതും ആമി അകത്തു നിന്നും വീണ്ടും വന്നിട്ട് പറഞ്ഞു..

“അങ്കിളേ.. ഞാനെല്ലാം എഴുതി. ദേ.. ഇവിടൊക്കെ സൈൻ ഇടണേ.. ബാക്കി യൊക്കെ അവര് ചെയ്തോളും.”

“സൈനോ.. അതെന്താ മോളെ..?”

“എന്റെ രമേശാ.. നീ ഒപ്പ് ഇടണം.”

ആമിയുടെ കൈയിലെ പേന വാങ്ങി വേണ്ട ഇടത്തൊക്കെ രമേശൻ പതിയെ ഒപ്പ് കുറിച്ചു. പിന്നീട് ആ ഫോം മൊത്തത്തിൽ ഞാനൊന്നു നോക്കി. ആമി നന്നായി തന്നെ പൂരിപ്പിച്ചുന്നു ബോദ്ധ്യം വന്നപ്പോൾ, ഞാൻ അതു അയാൾക്ക് നേരെ നീട്ടി. ഒരു ചെറു പുഞ്ചിരിയോടെ ആമി ഞങ്ങൾക്ക് മുന്നിൽ നിന്നു. ഉടനെ.. മുറ്റത്തെ തുരുമ്പെടുത്ത ആ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ടു. ഞങ്ങൾ തിരിഞ്ഞു നോക്കിയതും.. രാധിക..! അവൾ ഞങ്ങൾക്ക് അരികിലേക്ക് വന്നതും രമേശൻ ഉടനെ ചോദിച്ചു.

“ജോലിക്ക് പോയിട്ട് വരുന്ന വഴിയാവും, അല്ലെ..?”

“അല്ലല്ലൊ.. ഞാൻ പഠിക്കാൻ പോയിട്ട് വരുവാ..”

“പഠിക്കാനോ..? ഈ പ്രായത്തിലോ..”

രമേശന്റെ ആ ചോദ്യം അതിശയത്തോടെ ആയിരുന്നു. ഉടനെ ഞാൻ അയാളോട് പറഞ്ഞു.

“അതുപിന്നെ, രമേശാ.. എന്റെ ഭാര്യയും, മോളും പഠിക്കുവാ.. അവര് പഠിക്കട്ടെ, ആശ തീരുന്ന വരെ പഠിക്കട്ടെ.. ഞാൻ അവരെ പഠിപ്പിക്കും. പഠിപ്പിന് ആണെന്നോ പെണ്ണെന്നോ ഇല്ലടോ.. എന്നെ കൊണ്ടു അതൊക്കെയല്ലേ പറ്റു. തന്നോട് അതൊന്നും പറഞ്ഞാൽ മനസിലാവില്ല. എങ്കിൽ താൻ ചെല്ല്, നമുക്ക് പിന്നീട് കാണാം.”

രമേശന് ഇതിൽ കുറഞ്ഞൊരു മറുപടി എനിക്ക് അപ്പോൾ കൊടുക്കാൻ ഉണ്ടായിരുന്നില്ല. മാറേണ്ടത് ഞാനല്ല എന്ന് എനിക്ക് ബോദ്ധ്യം ഉള്ളത് കൊണ്ടു അയാൾ ഇടക്കിടെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. ആ നോട്ടം അയാളിലേക്ക് തന്നെ ആയിരുന്നിരിക്കണം. പോകുമ്പോൾ ഞങ്ങൾക്കിടയിലെ ആ തുരുമ്പെടുത്ത ഗെയ്റ്റും അയാൾ അടച്ചിട്ടിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *